Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Wednesday, April 7, 2010

സോഷ്യല്‍ ഷെയറിംഗ് ബട്ടണുകള്‍ (Social Sharing Buttons)

Social Share Buttons. Post by Haree for Sankethikam Blog.
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെ ഒരുപിടി സോഷ്യല്‍ നെറ്റ്‌‌വര്‍ക്കിംഗ് സേവനങ്ങളാണ് ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്. സൌഹൃദങ്ങള്‍ പുതുക്കുവാനും പുതിയവ തേടുവാനും എന്നതിനൊപ്പം തന്നെ ആശയങ്ങളും ചിത്രങ്ങളും ലിങ്കുകളുമൊക്കെ പ്രചരിപ്പിക്കുന്നതിനും ഈ സൈറ്റുകള്‍ ഉപകരിക്കും. ഒരു ബ്ലോഗുടമയെ സംബന്ധിച്ചിടത്തോളം ബ്ലോഗ് പോസ്റ്റുകള്‍ കൂടുതല്‍ വായനക്കാരിലെത്തിക്കുന്നതിനാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ സഹായകമാവുക. ഒരു വായനക്കാരന് ഇഷ്ടമായ ഒരു പോസ്റ്റ് ഇത്തരം സൈറ്റുകളില്‍ ഷെയര്‍ ചെയ്യുവാന്‍ സഹായിക്കുന്ന സോഷ്യല്‍ ഷെയറിംഗ് ബട്ടണുകള്‍ ബ്ലോഗില്‍ ചേര്‍ക്കുന്നത് ഈ ലക്ഷ്യം സാധിച്ചെടുക്കുവാന്‍ സഹായകരമാണ്.


Wednesday, September 23, 2009

ട്വിറ്റര്‍ (Twitter)

Twitter - An article on this micro blogging service by Haree for Sankethikam blog.
കിളികളുണ്ടാക്കുന്ന കുറുകലുകളെയാണ് ‘ട്വിറ്റര്‍’ എന്ന ഇംഗ്ലീഷ് പദം ധ്വനിപ്പിക്കുന്നത്. ബ്ലോഗിംഗിന്റെ ലോകത്ത് മറ്റൊരു വിസ്മയമായിരിക്കുകയാണ് ഇന്ന് ഈ പദം. ‘ട്വിറ്റര്‍’ എന്ന മൈക്രോ ബ്ലോഗിംഗ് സംവിധാനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 2006 ഒക്ടോബറില്‍ ജാക്ക് ഡോസേ എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍ ഈ സംരംഭത്തിനു തുടക്കം കുറിച്ചതില്‍ പിന്നെ, ട്വിറ്ററിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ട്വിറ്ററിന്റെ കാര്യത്തിലെന്ന പോലെ, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധാകേന്ദ്രമാവുകയും ജനപ്രിയത ആര്‍ജ്ജിക്കുകയും ചെയ്ത ഇതരസംരംഭങ്ങള്‍ അധികമില്ല.

 എന്താണ് ട്വിറ്റര്‍?

കേവലം 140 അക്ഷരങ്ങളിലൊതുങ്ങുന്ന ചെറു സന്ദേശങ്ങളാണ് ട്വീറ്റുകള്‍, അഥവാ ട്വിറ്റര്‍ മെസേജുകള്‍. ചാറ്റു ചെയ്യുമ്പോഴും, ഓര്‍ക്കുട്ടില്‍ വ്യാപരിക്കുമ്പോഴും മറ്റും നിങ്ങള്‍ നല്‍കുന്ന സ്റ്റാറ്റസുകളോടാണ് ഓരോ ട്വീറ്റിനും സാമ്യം. സ്റ്റാറ്റസ് മെസേജുകള്‍ എവിടെയും സൂക്ഷിക്കപ്പെടുന്നില്ല. അവ കാണുന്നത് ചാറ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരുപിടി സുഹൃത്തുക്കള്‍ മാത്രവുമാണ്. എന്നാല്‍ ഈ സ്റ്റാറ്റസ് നിങ്ങളുടേതായ ഒരു പ്രൊഫൈല്‍ പേജില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശേഖരിച്ച് സൂക്ഷിക്കപ്പെടുകയുമാണ് ട്വിറ്ററില്‍. (കുറച്ചു പേരോടു മാത്രം ട്വീറ്റ് ചെയ്യുവാനാണ് താത്പര്യമെങ്കില്‍ അതിനുള്ള സാധ്യതയും ട്വിറ്ററില്‍ ലഭ്യമാണ്.) ചെറുസന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം സുഹൃത്തുക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുവാനും ട്വിറ്റര്‍ വഴിയൊരുക്കുന്നു. ഓരോ ട്വിറ്റര്‍ മെസേജ് അയയ്ക്കുമ്പോളും, അയച്ച വ്യക്തിയെ പിന്തുടരുന്ന (Followers) ഓരോരുത്തര്‍ക്കും ആ മെസേജ് ലഭിക്കുന്നു. ഒരാള്‍ പിന്തുടരുന്ന വ്യക്തികളുടെയെല്ലാം പുതിയ ട്വീറ്റുകള്‍, അവ പ്രസിദ്ധീകരിക്കപ്പെട്ട സമയത്തിനനുസരിച്ച് ഓരോ ട്വിറ്റര്‍ ഉപയോക്താവിന്റെയും പ്രധാനതാളിലും ലഭ്യമാവുന്നു. ട്വിറ്റര്‍ വെബ്സൈറ്റിലൂടെയല്ലാതെ, ഇന്റര്‍നെറ്റ് ലഭ്യമായ മൊബൈല്‍ ഫോണിലൂടെയും, എസ്.എം.എസ്. മുഖേനയും നിങ്ങള്‍ക്ക് ട്വീറ്റുകള്‍ അയയ്ക്കാവുന്നതാണ്.

 എന്താണ് ട്വിറ്ററിന്റെ ഉപയോഗം?

എന്താണ് ട്വീറ്ററിന്റെ ഉപയോഗമെന്ന് ഇനിയും സംശയമുണ്ടോ? അടുത്ത തവണ നിങ്ങളൊരു സിനിമയ്ക്ക പോകുവാന്‍ തയ്യാറെടുക്കുമ്പോള്‍, അത് ഒരു ട്വീറ്റായി കൂട്ടുകാരെയറിയിക്കൂ. മറ്റൊരാള്‍ കൂടി അന്നു സിനിമയ്ക്കു വരുന്നുണ്ടെങ്കില്‍ ഒന്നു കാണുവാനും സൌഹൃദം പുതുക്കുവാനും അപ്പോള്‍ ഇടവരില്ലേ? അതല്ലെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലുമൊരു സംശയമുണ്ട്. ‘വിനോദയാത്ര’ എന്ന സിനിമയില്‍ മീര ജാസ്മിന്‍ ദിലീപിനോടു ചോദിക്കുന്നതുപോലെ “ഒരു കിലോ അരിയുടെ വിലയെന്താണ്?” എന്നതുമാവാം നിങ്ങളുടെ സംശയം. നിങ്ങളെ പിന്തുടരുന്ന സുഹൃത്തുക്കളുടെ എണ്ണമനുസരിച്ച് ഇതിന് ഒരുപിടി ഉത്തരങ്ങള്‍ (ചിലതൊക്കെ സരസമായതും) നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ഇനി, ഇതു വെറും കുട്ടിക്കളിയാണെന്നും കരുതേണ്ടതില്ല. കേന്ദ്രസഹമന്ത്രിയായ ഡോ. ശശി തരൂരും [http://twitter.com/ShashiTharoor], എം.പി.യായ ശ്രീ. കെ. സുധാകരനും [http://twitter.com/ksudhakaranMP] ട്വിറ്ററിലൂടെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ ശ്രമിക്കുന്നവരാണ്.



ഇതെഴുതുന്ന സമയം ഡോ. തരൂരിന്റെ ട്വിറ്റര്‍ പേജാണ് ചിത്രത്തില്‍. ആ സമയം അദ്ദേഹം ട്വിറ്റ് ചെയ്ത ഏറ്റവും പുതിയ സന്ദേശം ശ്രദ്ധിക്കൂ. രാഹുല്‍ ഗാന്ധിയുടെ ആരോപണവിധേയമായ ട്വീറ്റര്‍ അക്കൌണ്ട് അദ്ദേഹത്തിന്റേതല്ല എന്നാണ് ഡോ. തരൂര്‍ അദ്ദേഹത്തെ പിന്തുടരുന്ന എല്ലാവരേയും അറിയിക്കുന്നത്. മാത്രവുമല്ല, അക്കൌണ്ട് വേരിഫൈ ചെയ്തിട്ടുണ്ടോ എന്നതു ശ്രദ്ധിക്കുവാനും പറഞ്ഞിരിക്കുന്നു. പ്രശസ്തരുടെ പേരില്‍ അക്കൌണ്ടുകള്‍ നിര്‍മ്മിച്ച്, അവരുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുക എന്ന ദുരുപയോഗം തടയുവാനായി ട്വിറ്റര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗമാണ് വേരിഫൈഡ് അക്കൌണ്ടുകള്‍. ഡോ. ശശി തരൂറിന്റേത് ഒരു വേരിഫൈഡ് അക്കൌണ്ട് ആണ് എന്നതും ചിത്രത്തില്‍ നിന്നും മനസിലാക്കാം. അതായത് ഈ ട്വിറ്റര്‍ പേജിന്റെ ഉടമ യഥാര്‍ത്ഥത്തില്‍ ഡോ. ശശി തരൂര്‍ തന്നെയെന്ന് ട്വിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് സാരം. ഇനി നിങ്ങള്‍ക്കും ഡോ. ശശി തരൂറിനോട് നേരിട്ട് സംവേദിക്കാം, വേണ്ടത് ഒരു ട്വിറ്റര്‍ അക്കൌണ്ട് മാത്രം!



നിങ്ങളുടെ ട്വീറ്റുകള്‍ ബ്ലോഗുകളിലും ഇതര വെബ്സൈറ്റുകളിലും പ്രദര്‍ശിപ്പിക്കുവാനും; താത്പര്യം തോന്നുന്നവര്‍ക്ക് അവ പിന്തുടരാനും സാധ്യതയൊരുക്കുന്ന വിഡ്ജറ്റുകളും ഇന്നുണ്ട്. പുതിയതായി ഒരു ബ്ലോഗ് പോസ്റ്റ് ചെയ്താല്‍, രസകരമായ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടാല്‍, ഒരു ചര്‍ച്ചയില്‍ കൂടുതല്‍ കൂട്ടുകാരെ പങ്കുകൊള്ളിക്കുവാന്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും ട്വിറ്റര്‍ ഇന്ന് ഉപയോഗിക്കുന്നു. ഐസക് ന്യൂട്ടണും, കൊളംബസും മറ്റും ജീവിച്ചിരുന്നപ്പോള്‍ ട്വിറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ അവരെങ്ങിനെയാവും ട്വീറ്റ് ചെയ്തിരുന്നത്? ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന രസകരമായൊരു ട്വിറ്റര്‍ നര്‍മ്മമാണ് ചിത്രത്തില്‍.

(2009 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: An article on Twitter and it's uses. Twitter is a micro blogging service where you can post short messages of 140 characters. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog.
--


Tuesday, June 30, 2009

ഫോട്ടോഷോപ്പില്‍ പനോരമ നെയ്യാം

Adobe Photoshop Tutorial: Using Photomerge in Adobe Photoshop CS4 to create Panoramic Images.
വിശാലമായ താഴ്വരകള്‍, നീണ്ടുകിടക്കുന്ന നെല്‍‌പാടങ്ങള്‍, നീളത്തിലുള്ള കെട്ടിടങ്ങള്‍ അങ്ങിനെ കാഴ്ചയിലെ വിസ്തൃതികൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ നിരവധിയാണ്. ഇത്തരം ദൃശ്യങ്ങള്‍ സാധാരണയായി പനോരമ എന്നാണ് അറിയപ്പെടുക. വളരെ വിശാലമായ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ കഴിവുള്ള വൈഡ് ആംഗിള്‍ ലെന്‍സുകള്‍ ഉപയോഗിച്ചാണ് പനോരമ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക. ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുക സാധ്യമല്ല. ദൃശ്യത്തിന്റെ ഓരോ ഭാഗങ്ങള്‍ വിവിധ ചിത്രങ്ങളായി പകര്‍ത്തിയ ശേഷം അതു കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ പനോരമ ചിത്രമാക്കുവാന്‍ കഴിഞ്ഞാലോ? തീര്‍ച്ചയായും ഇത് സാധ്യമാണ്. അഡോബി ഫോട്ടോഷോപ്പിലെ ‘ഫോട്ടോമെര്‍ജ്’ എന്ന സാധ്യത ഇതിന് അവസരമൊരുക്കുന്നു.

 ചിത്രമെങ്ങിനെ പകര്‍ത്തണം?


ഫോട്ടോമെര്‍ജ് ഉപയോഗിക്കുവാനായി ആദ്യം അല്പം ശ്രദ്ധിച്ച് ചിത്രം പകര്‍ത്തേണ്ടതുണ്ട്. ഉദാ‍ഹരണമായി ഇവിടെക്കാണുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക. തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തിന്റെ ഉള്‍ഭാഗമാണിത്. ചിത്രമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, രണ്ടാമത്തെ ചിത്രം ഒന്നാമത്തെ ചിത്രത്തിന്റെ മുക്കാല്‍ ഭാഗത്തു നിന്നും വേണം തുടങ്ങേണ്ടത് എന്നതാണ്. ഇതേ രീതിയില്‍ തുടര്‍ന്നുള്ള ചിത്രങ്ങളും പകര്‍ത്തുക. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മികച്ച ഫലം നമുക്ക് ഫോട്ടോമെര്‍ജിലൂടെ ലഭിക്കുന്നതാണ്. (എണ്ണം കൂടുന്നതിനനുസരിച്ച് ഫോട്ടോകള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.) ചില ഡിജിറ്റല്‍ ക്യാമറകളില്‍ / മൊബൈല്‍ ക്യാമറകളില്‍ ഫോട്ടോമെര്‍ജ് ചെയ്യുവാന്‍ തക്കവണ്ണം ചിത്രങ്ങള്‍ പകര്‍ത്തുവാനായി പ്രത്യേകമൊരു മോഡ് ലഭ്യമായിരിക്കും. അങ്ങിനെയൊരു സാധ്യത ക്യാമറയിലുണ്ടെങ്കില്‍ അതുപയോഗിച്ച് ചിത്രങ്ങളെടുക്കുക.


ഏകദേശം ഒരേ അകലത്തില്‍, ഒരേ വീക്ഷണകോണില്‍, ഒരേ പൊക്കം പാലിച്ചാവണം ഫോട്ടോമെര്‍ജില്‍ ഉപയോഗിക്കേണ്ട ചിത്രങ്ങള്‍ പകര്‍ത്തുവാന്‍. ഒരു ട്രൈപോഡ് ഉപയോഗിക്കുന്നതും കൂടുതല്‍ മികച്ച ഫലം ലഭിക്കുവാന്‍ സഹായകരമാണ്. ഈ രീതിയില്‍ പകര്‍ത്തിയിരിക്കുന്ന ഏഴു ചിത്രങ്ങളാണ് ഇവിടെ ഫോട്ടോമെര്‍ജിനായി ഉപയോഗിക്കുന്നത്. ക്യാമറയില്‍ പകര്‍ത്തപ്പെടുന്ന ചിത്രങ്ങളുടെ റെസല്യൂഷന്‍ ഒരുപക്ഷെ കൂടുതലായിരിക്കും. അതേ ചിത്രങ്ങള്‍ ഫോട്ടോമെര്‍ജിനായി ഉപയോഗിച്ചാല്‍ സമയം കൂടുതലെടുക്കുമെന്നു മാത്രമല്ല, ഒടുവില്‍ ഫോട്ടോമെര്‍ജ് ചെയ്തതിനു ശേഷം ലഭിക്കുന്ന ചിത്രത്തിന്റെ റെസല്യൂഷന്‍ ഈ ചിത്രങ്ങളുടേതിന് അനുസൃതമായി വളരെക്കൂടുതലുമായിരിക്കും. വൈറ്റ് ബാലന്‍സ്, ബ്രൈറ്റ്നെസ് എന്നിവയൊക്കെ ക്രമീകരിച്ചതിനു ശേഷം ചിത്രങ്ങള്‍ ഓരോന്നായി ഒരു പ്രത്യേക ഫോള്‍ഡറില്‍ സേവ് ചെയ്യുക. അതിനു ശേഷം ഫോട്ടോഷോപ്പ് പ്രധാനമെനുവില്‍ File > Automate > Photomerge... തിരഞ്ഞെടുക്കുക.

 ഫോട്ടോമെര്‍ജ്


ഫോട്ടോമെര്‍ജ് എന്ന മെനു ഇനം സെലക്ട് ചെയ്യുമ്പോള്‍ ചിത്രത്തില്‍ കാണുന്ന രീതിയില്‍ ഒരു വിന്‍ഡോ നമുക്ക് ലഭിക്കും. Use: എന്ന ടെക്സ്റ്റ് ബോക്സില്‍ നിന്നും Folder എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. Browse ബട്ടണ്‍ അമര്‍ത്തി, ഫോട്ടോമെര്‍ജിനായി തയ്യാറാക്കിയ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ തിരഞ്ഞു നല്‍കുക. ഉപയോഗിക്കേണ്ട ചിത്രങ്ങള്‍ തൊട്ടുതാഴെയായി ലോഡ് ചെയ്യപ്പെടും. എല്ലാ ചിത്രങ്ങളും ഫോട്ടോഷോപ്പില്‍ തുറന്നതിനു ശേഷം Add Open Files എന്ന ബട്ടണ്‍ അമര്‍ത്തിയും ചിത്രങ്ങള്‍ ഫോട്ടോമെര്‍ജിലേക്ക് ചേര്‍ക്കാവുന്നതാണ്. ആദ്യം കാണുന്ന Layout എന്ന ഭാഗത്ത് Auto എന്നത് സെലക്ട് ചെയ്യുക. മറ്റു രീതികള്‍ ഉപയോഗിച്ച് ഇതേ പക്രിയ വീണ്ടും ആവര്‍ത്തിച്ച് ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കാവുന്നതാണ്. Blend Images Together, Geometric Distortion Correction എന്നിവ സെലക്ട് ചെയ്യുക. ചില ലെന്‍സുകള്‍ ഉപയോഗിച്ച് ചിത്രമെടുക്കുമ്പോള്‍ അരികുകള്‍ അല്പം മങ്ങിയതാകുവാന്‍ സാധ്യതയുണ്ട്. ഇവിടെ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് ആ പ്രശ്നം ഉണ്ടെങ്കില്‍ Vignette Removal എന്ന ഓപ്ഷന്‍ കൂടി സെലക്ട് ചെയ്യാം. ഇത്രയും ചെയ്തതിനു ശേഷം OK ബട്ടണ്‍ അമര്‍ത്തുക. ഫോട്ടോഷോപ്പ് നാം നല്‍കിയ ചിത്രങ്ങളെല്ലാം നെയ്തെടുത്ത് ഒരു പനോരമ ചിത്രം സമ്മാനിക്കുന്നതാണ്. ലഭ്യമായ ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.


  മിനുക്കുപണികള്‍


ചിത്രം ആവശ്യത്തിനു വലുപ്പത്തില്‍ ക്രോപ്പ് ചെയ്യുകയും, പൂര്‍ണമാവാത്ത ഭാഗങ്ങള്‍ ക്ലോണ്‍ സ്റ്റാമ്പ് ടൂളോ മറ്റോ ഉപയോഗിച്ച് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ നമുക്കൊരു നല്ല പനോരമ ചിത്രം ലഭിക്കുന്നതാണ്.

(2009 ജൂണ്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: Tutorial on creating a panoramic image using several photographs using Adobe Photoshop. Using Photomerge option in Adobe Photoshop to create Panoramas. Stiching many images to create a Panorama in Adobe Photoshop. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog.
--


Tuesday, March 17, 2009

മൂന്നുകോളം ടെംപ്ലേറ്റുകള്‍

Three Column Blogger Templates: Creating a three column Minima template for Blogger - A tutorial.
ബ്ലോഗര്‍.കോം ഡിഫോള്‍ട്ടായി ലഭ്യമാക്കുന്ന രണ്ട് കോളങ്ങളുള്ള ലേഔട്ട് ടെംപ്ലേറ്റുകളാണ് സാധാരണയായി നാം ഉപയോഗിച്ചു വരുന്നത്. ടെംപ്ലേറ്റുകള്‍ നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കുവാനും മോടിപിടിപ്പിക്കുവാനും സാധിക്കുമെങ്കിലും അല്പം സാങ്കേതിക ജ്ഞാനം അതിനായി ആവശ്യമാണ്. ബ്ലൊഗിന്റെ രൂപഘടനയെ നമുക്കുതകുന്ന രീതിയില്‍ എങ്ങിനെ മാറ്റിയെടുക്കാമെന്ന് പടിപടിയായി വിവരിക്കുകയാണിവിടെ. മുന്‍‌കാലങ്ങളില്‍ ഏറെപ്പേരും ഉപയോഗിച്ചിരുന്ന 800 x 600 സ്ക്രീന്‍ റെസലൂഷന് അനുസൃതമായുള്ള വലുപ്പമാണ് രണ്ട് കോളം ടെംപ്ലേറ്റുകള്‍ക്കുള്ളത്. എന്നാലിന്ന് 1024 x 768 അല്ലെങ്കില്‍ അതിനു മുകളിലേക്കുള്ള വൈഡ് സ്ക്രീന്‍ റെസലൂഷനുകളാണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. ലഭ്യമായ സ്ക്രീന്‍ സ്പേസ് പ്രയോജനപ്പെടുത്തുവാനായി രണ്ടു കോളം ലേഔട്ടില്‍ നിന്നും മൂന്നു കോളത്തിലേക്ക് മാറുന്നത് ഏറെ പ്രയോജനകരമായിരിക്കും. എങ്ങിനെ മൂന്നു കോളം ടെംപ്ലേറ്റ് തയ്യാറാക്കാം എന്നതാണ് ഈ പോസ്റ്റില്‍ വിശദീകരിക്കുന്നത്.

 Backup / Restore Template

Three Column Blogger Templates: Blogger Layout - Edit HTML Tab.
ബ്ലോഗ് ടെമ്പ്ലേറ്റ് ഇഷ്ടാനുസരണം രൂപപ്പെടുത്തുവാന്‍ ഏറ്റവും എളുപ്പവും സൌകര്യവും Minima എന്ന ടെംപ്ലേറ്റില്‍ തുടങ്ങുന്നതാണ്. ബ്ലോഗര്‍ ഡാഷ്‌ബോര്‍ഡില്‍ Layout > Pick New Template എന്നിടത്തു നിന്നും Minima ടെംപ്ലേറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. അതിനു ശേഷം തൊട്ടിടതുള്ള Edit HTML എന്ന ടാബ് സെലക്ട് ചെയ്യുക. എന്തെങ്കിലും മാറ്റം വരുത്തുന്നതിനു മുന്‍പായി Download Full Template എന്നതു സെലക്ട് ചെയ്ത് ഒരു *.xml ഫയലായി ഇപ്പോഴുള്ള രൂപകല്പന സൂക്ഷിക്കുന്നത് നന്നായിരിക്കും. എന്തെങ്കിലും തകരാറുണ്ടായാല്‍ തൊട്ടു താഴെയുള്ള Choose File സെലക്ട് ചെയ്ത് സേവ് ചെയ്ത ടെംപ്ലേറ്റ് ഫയല്‍ സെലക്ട് ചെയ്തതിനു ശേഷം Upload ചെയ്താല്‍ മുന്‍പുണ്ടായിരുന്ന ടെംപ്ലേറ്റ് തിരികെ ലഭ്യമാവും. നിങ്ങളുടെ യഥാര്‍ത്ഥ ബ്ലോഗ് ടെംപ്ലേറ്റ് എഡിറ്റു ചെയ്യുന്നതിലും നല്ലത്, മറ്റൊരു താത്കാലിക ബ്ലോഗ് തുടങ്ങി അതില്‍ ടെംപ്ലേറ്റ് രൂപപ്പെടുത്തിയതിനു ശേഷം, യഥാര്‍ത്ഥ ബ്ലോഗില്‍ ഉപയോഗിക്കുന്നതാവും.

 Edit Template


Three Column Blogger Templates: Two Column Minima Original Template.
ചിത്രത്തില്‍ കാണുന്നതുപോലെയാവും, ബ്ലോഗര്‍ ടെംപ്ലേറ്റ് ഇപ്പോള്‍ ദൃശ്യമാവുക. പോസ്റ്റുകള്‍ ദൃശ്യമാവുന്ന ഭാഗത്തിനു പുറമേ, ഒരു ഹെഡര്‍, വലതുവശത്തായി ആര്‍ക്കൈവ്, ലേബലുകള്‍ എന്നീ വിഡ്‌ജറ്റുകള്‍ എന്നിവ കൂടി ചേര്‍ത്തിരിക്കുന്നതു കാണാം. Edit HTML എന്ന ടാബിലെത്തിയതിനു ശേഷം 'Expand Widget Templates' എന്ന ചെക്ക്ബോക്സ് ആദ്യമായി ടിക്ക് ചെയ്യുക. ടെംപ്ലേറ്റ് കോഡ് ലഭ്യമായ ഭാഗം സ്ക്രോള്‍ ചെയ്ത്, header-wrapper എന്നതിലെത്തുക.
#header-wrapper {
width:660px;
margin:0 auto 10px;
border:1px solid $bordercolor;
}
ഇവിടെ width എന്നതിന്റെ വിലയായി 900px എന്നു നല്‍കുക. വീണ്ടും സ്ക്രോള്‍ ചെയ്ത് താഴെക്കാണുന്ന കോഡിലെത്തുക.
#outer-wrapper {
width:660px;
margin:0 auto;
padding:10px;
text-align:$startSide;
font: $bodyfont;
}
ഇവിടെയും width എന്നതിന്റെ വിലയായി 900px എന്നു നല്‍കുക. 1024px ലഭ്യമാണെങ്കിലും, ഇരുവശത്തും അല്പം സ്ഥലം മിച്ചമിടുന്നതാണ് ലേഔട്ടിന് ഭംഗി നല്‍കുക, അതിനാലാണ് 900px എന്ന വില ഉപയോഗിക്കുന്നത്. വീണ്ടും സ്ക്രോള്‍ ചെയ്ത് താഴെയെത്തുമ്പോള്‍ #main-wrapper, #sidebar-wrapper എന്നിവ കാണപ്പെടും. ഇവയില്‍ ചില ചില്ലറ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. താഴെക്കാണുന്ന രീതിയില്‍ ഇതുരണ്ടിലേയും വിലകള്‍ ക്രമീകരിക്കുക.
#main-wrapper {
width: 410px;
float:left;
word-wrap: break-word; /* fix for long text breaking sidebar float in IE */
overflow: hidden; /* fix for long non-text content breaking IE sidebar float */
margin-left:25px;
margin-right:25px;
}

#sidebar-wrapper {
width: 220px;
float: right;
word-wrap: break-word; /* fix for long text breaking sidebar float in IE */
overflow: hidden; /* fix for long non-text content breaking IE sidebar float */
}
ഇതിനു താഴെയായി മറ്റൊന്നു കൂടി, #new-sidebar-wrapper എന്ന പേരില്‍ ചേര്‍ക്കുക.
#new-sidebar-wrapper{
width: 220px;
float: left;
word-wrap: break-word; /* fix for long text breaking sidebar float in IE */
overflow: hidden; /* fix for long non-text content breaking IE sidebar float */
}
ഇപ്പോള്‍ #new-sidebar-wrapper എന്ന പേരില്‍ പുതിയൊരു കോളം ഡിഫൈന്‍ ചെയ്തു. അത് ലേ-ഔട്ടിലേക്ക് ചേര്‍ക്കുകയാണ് അടുത്ത പടി. വീണ്ടും താഴെക്ക് സ്ക്രോള്‍ ചെയ്ത് താഴെക്കാണുന്ന ഭാഗം കണ്ടെത്തുക.
<div id='main-wrapper'>
<b:section class='main' id='main' showaddelement='no'>
...
ഇതിനു തൊട്ടു മുകളിലായി, പുതുതായുണ്ടാക്കിയ #new-sidebar-wrapper ഉപയോഗിക്കുന്ന ഒരു div കൂടി നല്‍കുക.
<div id='new-sidebar-wrapper'>
<b:section class='sidebar' id='newsidebar' preferred='yes'>
<b:widget id='Profile1' locked='false' title='About Me' type='Profile'/>
</b:section>
</div>
ശ്രദ്ധിക്കുക: ബ്ലോഗില്‍ മുന്‍പു തന്നെ ഒരു പ്രൊഫൈല്‍ വിഡ്ജറ്റ് ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇവിടെ പിശകു കാണിക്കും. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ; ആര്‍ക്കൈവ്, ലേബലുകള്‍ എന്നീ വിഡ്ജറ്റുകള്‍ മാത്രമേ ബ്ലോഗില്‍ ചേര്‍ത്തിരിക്കുവാന്‍ പാടുള്ളൂ.

Three Column Blogger Templates: Three Column Minima Edited Template.
എങ്ങിനെയാണ് ഇവിടെ ഓരോന്നിലേയും width വിലകള്‍ ലഭ്യമായെതെന്ന് നോക്കാം. നമുക്ക് ആകെ ലഭ്യമായ വീതി 900px. (#header-wrapper, #outer-wrapper എന്നിവയില്‍ നല്‍കിയത്.) അതില്‍ ബ്ലോഗ് പോസ്റ്റുകള്‍ കാണിക്കുവാനുള്ള നടുഭാഗത്തിന് (#main-wrapper) 410px വീതി നല്‍കി. ഇരുവശവുമുള്ള കോളങ്ങള്‍ക്ക് (#sidebar-wrapper, #new-sidebar-wrapper) 220px വീതമാണ് വീതി, ആകെ 440px. മിച്ചമുള്ള 50px നടുഭാഗത്തിന് അപ്പുറവുമിപ്പുറവും 25px വീതം മാര്‍ജിനായി ഉപയോഗിച്ചു. ഇതേ രീതിയില്‍ മൊത്തം വീതി ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തതിനു ശേഷം, മൂന്ന് കോളങ്ങളുടേയും വീതിയും മാര്‍ജിനും ക്രമീകരിച്ച് പല രീതിയില്‍ ലേഔട്ട് രൂപപ്പെടുത്താവുന്നതാണ്. ഇഷ്ടാനുസരണം float എന്ന വേരിയബിളിന്റെ വില മാറ്റി നല്‍കിയും ലേഔട്ടില്‍ വ്യത്യസ്തത കൊണ്ടുവരാം. ഒരു ഉദാഹരണം; #main-wrapper എന്നതിലെ float വില right എന്നും, #sidebar-wrapper, #new-sidebar-wrapper എന്നിവയുടെ രണ്ടിന്റേയും വില left എന്നും നല്‍കി നോക്കൂ. PREVIEW എന്ന താഴെക്കാണുന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ ലേഔട്ട് എങ്ങിനെയാവും ഒടുവില്‍ ലഭ്യമാവുക എന്നത് ബ്ലോഗില്‍ പ്രയോഗിച്ച് താത്കാലികമായി കാണാവുന്നതാണ്. ഫലം തൃപ്തികരമെങ്കില്‍ SAVE TEMPLATE എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ടെംപ്ലേറ്റ് സേവ് ചെയ്യുകയും ബ്ലോഗ് ലേഔട്ടായി ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്നതാണ്.

 ചില മിനുക്കുപണികള്‍

ചില്ലറ മിനുക്കുപണികള്‍ കൂടി ഇതോടൊപ്പം നമുക്ക് ചെയ്യാവുന്നതാണ്. ഒന്നാമതായി, മുകളിലായി കാണുന്ന ബ്ലോഗര്‍ നാവിഗേഷന്‍ ബാര്‍ ഒഴിവാക്കുവാന്‍ എന്തുചെയ്യണമെന്നു നോക്കാം. തുടക്കത്തില്‍ നാം വ്യത്യാസപ്പെടുത്തിയ #header-wrapper എന്നതിനു മുകളിലായി താഴെക്കാണുന്ന കോഡ് ചേര്‍ത്താല്‍ മാത്രം മതി ഇതു സാധ്യമാകുവാന്‍. മറ്റൊരു അവസരത്തില്‍ നാവിഗേഷന്‍ ബാര്‍ തിരികെ വേണമെന്നു തോന്നിയാലോ, ഇത്രയും ഭാഗമങ്ങ് ഡിലീറ്റ് ചെയ്യുക.
#navbar-iframe {
height: 0px;
visibility: hidden;
display: none;
}
അടുത്തതായി നമുക്കിഷ്ടമുള്ള ഒരു ഫേവ്‌ഐക്കണ്‍ (Favicon) ബ്ലോഗിലെങ്ങിനെ ചേര്‍ക്കാമെന്നു നോക്കാം. താഴെക്കാണുന്ന കോഡ് വളരെ തുടക്കത്തില്‍ തന്നെ ലഭ്യമായ <title><data:blog.pageTitle/></title> എന്നതിനു തൊട്ടുതാഴെയായി നല്‍കുക.
<link rel="shortcut icon" type="image/ico" href="Favicon URL"/>
Facicon URL എന്ന സ്ഥാനത്ത് നിങ്ങളുടെ ഐക്കണ്‍ ചിത്രത്തിന്റെ വെബ് അഡ്രസ് ചേര്‍ക്കുക. (ഉദാ: http://www.yoursite.com/favicon.jpg) 16x16 വലുപ്പത്തിലുള്ള JPEG, GIF, PNG ചിത്രങ്ങളൊക്കെയാണ് ഇതിനായി ഉപയോഗിക്കാവുന്നത്. എന്റെ ബ്ലോഗുകളില്‍ (ഉദാ: ഈ ബ്ലൊഗിന്റെ തന്നെ ഫേവ്‌ഐക്കണ്‍ ശ്രദ്ധിക്കുക.) കാണുന്ന രീതിയില്‍ ‘മ’ എന്ന ഐക്കണ്‍ ലഭിക്കുവാന്‍ താഴെക്കാണുന്ന കോഡ് ഉപയോഗിച്ചാല്‍ മതിയാവും.
<link rel="shortcut icon" type="image/png" href="http://sites.google.com/site/sankethikam/34_three-column-templates/ma_icon.png"/>

ആവശ്യമെങ്കില്‍ ടെംപ്ലേറ്റ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Description: Tutorial on adding a third column to your blogger template. Creating a new layout by adding a third column. Blogger three-column template tutorial. Changing two-column Minima template to three-column MInima template. Customizing blogger templates. How to remove the Navbar from a blog and how to include a Favicon to a blog are also mentioned. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog.
--


Saturday, February 21, 2009

ഡിജിറ്റല്‍ ഫോട്ടോഗ്രഫി - ക്യാമറകളിലെ മുന്‍‌നിരക്കാര്‍

High-end Digital Cameras: Bridge Cameras and Digital Single Lens Reflex Cameras.
ക്യാമറകളിലെ കുഞ്ഞന്മാരായ ക്യാമറ ഫോണുകളേയും, പോയിന്റ്-&-ഷൂട്ട് ക്യാമറകളേയും നാം ‘ക്യാമറകളുടെ ലോകം’ എന്ന പോസ്റ്റില്‍ പരിചയപ്പെട്ടു. ക്യാമറകളുടെ സാധ്യതകള്‍ വിപുലമാക്കുന്ന ബ്രിഡ്ജ് ക്യാമറകളെക്കുറിച്ചും, ഡിജിറ്റല്‍ SLR ക്യാമറകളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. കൂടുതല്‍ വിപുലമായ സാധ്യതകളോടു കൂടിയ ഈ വിഭാഗത്തിലുള്ള ക്യാമറകള്‍, കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ കുറഞ്ഞ പ്രകാശത്തില്‍ പോലും എടുക്കുവാന്‍ സഹായിക്കുന്നവയാണ്.

 ബ്രിഡ്ജ് ക്യാമറകള്‍

എന്താണ് ബ്രിഡ്ജ് ക്യാമറകള്‍? പോയിന്റ്-&-ഷൂട്ട് വിഭാഗത്തിലുള്ള ചെറുക്യാമറകള്‍, വിദഗ്ദ്ധോപയഗങ്ങള്‍ക്കുപയോഗിക്കുന്ന ഡിജിറ്റല്‍ SLR ക്യാമറകള്‍; ഇവ തമ്മിലുള്ള അന്തരം കുറയ്ക്കുന്ന, ഇവയ്ക്കിടയിലുള്ള ക്യാമറകളെയാണ് ബ്രിഡ്ജ് ക്യാമറകള്‍ എന്നു പറയുന്നത്. പോയിന്റ്-&-ഷൂട്ട് ക്യാമറകളിലേതു പോലെ ആട്ടോമേറ്റിക് സെറ്റിംഗുകള്‍, ഇന്‍-ബില്‍റ്റ് ഫ്ലാഷ്, ലൈവ് പ്രിവ്യൂ എന്നിവയൊക്കെ ഇവയിലും ലഭ്യമായിരിക്കും. എന്നാല്‍ ഇതു കൂടാതെ ഡിജിറ്റല്‍ SLR ക്യാമറകളില്‍ ലഭ്യമായ മാന്വല്‍ ക്രമീകരണ സാധ്യതകളും ഇവയില്‍ ഉണ്ടെന്നതാണ് പോയിന്റ്-&-ഷൂട്ട് ക്യാമറകളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ SLR ക്യാമറകളിലേതു പോലെ വിവിധ ലെന്‍സുകള്‍ മാറ്റിവെയ്ക്കുവാനോ, പ്രത്യേക ഫ്ലാഷുകള്‍ ഘടിപ്പിച്ച് അവയെ ക്യാമറയില്‍ നിന്നു തന്നെ നിയന്ത്രിക്കുവാനോ ഇവയില്‍ കഴിയുകയില്ല.


കാനണ്‍ പവര്‍ഷോട്ട് S5 IS, സോണി സൈബര്‍-ഷോട്ട് DSC-H50 എന്നിവയൊക്കെ ഈ വിഭാഗത്തില്‍ വരുന്ന ക്യാമറകളാണ്. പ്രത്യേക ലെന്‍സുകള്‍ ഉപയോഗിക്കാതെ തന്നെ 12x(ചിലപ്പോള്‍ അതില്‍ കൂടുതലും) വരെ സൂം ചെയ്യുവാനുള്ള കഴിവ്; മാക്രോ മോഡില്‍ ചിത്രങ്ങളെടുക്കുവാനുള്ള സാധ്യത; വ്യൂഫൈന്‍ഡറിലൂടെയും, LCD ഡിസ്പ്ലേയിലൂടെയും എടുക്കുവാന്‍ പോവുന്ന ചിത്രത്തിന്റെ ലൈവ് പ്രിവ്യൂ; ഫ്ലാഷ് ലൈറ്റിന്റെ ശക്തി ക്രമീകരിക്കുവാനുള്ള സാധ്യത ഉള്‍പ്പെടുന്ന ഇന്‍ബില്‍റ്റ് ഫ്ലാഷ് എന്നിവയൊക്കെയാണ് ഈ ക്യാമറകളുടെ പ്രധാന സവിശേഷതകള്‍. ഇതു കൂടാതെ കൂടുതല്‍ മികച്ച രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കത്തക്കരീതിയില്‍; ഷട്ടര്‍ സ്പീഡ്, അപ്പേര്‍ച്ചര്‍, ISO, വൈറ്റ്-ബാലന്‍സ് എന്നിവയൊക്കെ ക്രമീകരിക്കുവാനുള്ള കഴിവും ഈ ക്യാമറകള്‍ക്കുണ്ടാവും. ഡിജിറ്റല്‍ SLR ക്യാമറകളുടേതിനു സമാനമായ മെനു ഓപ്‌ഷനുകളാവും ഇവയ്ക്കും ഉണ്ടായിരിക്കുക. എന്നാല്‍ ISO-യുടെ വിലയിലും, സെന്‍സറില്‍ പതിയുന്ന ചിത്രങ്ങളുടെ ഗുണനിലവാരത്തിലും ഇവ ഡിജിറ്റല്‍ SLR-നെ അപേക്ഷിച്ച് വളരെ പിന്നിലായിരിക്കും. മാത്രവുമല്ല, RAW ഫോര്‍മ്മാറ്റിലുള്ള ചിത്രങ്ങള്‍, വളരെക്കൂടിയ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ എന്നിവയൊന്നും ഈ ക്യാമറകളില്‍ ലഭ്യമായിരിക്കണമെന്നില്ല. ചില ബ്രിഡ്ജ് ക്യാമറകളില്‍, രണ്ടാംഘട്ട ലെന്‍സുകള്‍ ഉപയോഗിച്ച് മാക്രോ, സൂം എന്നിവ കൂടുതല്‍ മികവുറ്റതാക്കുവാനുള്ള സാധ്യതയും ലഭ്യമാണ്. വെബ് ഡിസൈനിംഗ്, മള്‍ട്ടിമീഡിയ എന്നിവിടങ്ങളില്‍ ഉപയോഗിക്കുവാനുള്ള; ഗുണമേന്മ കുറയാത്ത ചിത്രങ്ങളെടുക്കുവാന്‍ ഈ ക്യാമറകള്‍ പ്രയോജനപ്പെടുത്താം. ചെറിയ പ്രിന്റ് ആവശ്യങ്ങള്‍ക്ക് ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ ഉതകുമെങ്കിലും, അല്പം വലുപ്പത്തില്‍ എടുക്കുമ്പോള്‍ ചിത്രത്തിന്റെ നിലവാരം നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. കൂടിയ ISO-യില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ നോയിസ് കൂടുതലായി ഉണ്ടാവുമെന്നതും ഈ ക്യാമറകളുടെ ഒരു അപര്യാപ്തതയാണ്.

 ഡിജിറ്റല്‍ SLR ക്യാമറകള്‍

ലെന്‍സില്‍ പതിയുന്ന പ്രകാശസ്രോതസ് തന്നെ, ഒരു കണ്ണാടിയുടെ സഹായത്തോടെ പ്രതിഫലിപ്പിച്ച് വ്യൂഫൈന്‍ഡറില്‍ എത്തിക്കുന്ന ഡിജിറ്റല്‍ ക്യാമറകളെയാണ് Digital Single-Lens Reflex അഥവാ DSLR എന്നു വിളിക്കുന്നത്. ഒരു DSLR ക്യാമറയിലൂടെ പ്രകാശം സഞ്ചരിക്കുന്നതെങ്ങിനെയെന്ന് ചിത്രത്തില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും.


ലെന്‍സിലൂടെ കടന്നു വരുന്ന പ്രകാശത്തെ, ഒരു കണ്ണാടിയുടെ അല്ലെങ്കില്‍ ഒരു പെന്റാപ്രിസത്തിന്റെ (അഞ്ചു വശങ്ങളുള്ള ഒരു പ്രിസം, ചിത്രം ശ്രദ്ധിക്കുക.) സഹായത്തോടെ വ്യൂഫൈന്‍ഡറില്‍ ദൃശ്യം ലഭ്യമാക്കിയതിനു ശേഷം; ഫോട്ടോയെടുക്കുവാനായി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സെന്‍സറിനു മുന്‍പിലുള്ള കണ്ണാടി മുകളിലേക്ക് മടങ്ങി, ചിത്രം സെന്‍സറില്‍ പതിയുകയുമാണ് ചെയ്യുക. ആദ്യകാല DSLR ക്യാമറകളില്‍, LCD സ്ക്രീന്‍ ലഭ്യമായിരുന്നെങ്കിലും അവയില്‍ ലൈവ് പ്രിവ്യൂ കാണുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ആധുനിക DSLR ക്യാമറകളില്‍ ആ സാധ്യതയും മിക്ക ക്യാമറ നിര്‍മ്മാതാക്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


DSLR ക്യാമറകളെ ക്യാമറ ബോഡി, ലെന്‍സ്, ഫ്ലാഷ് എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്. ഒരു ക്യാമറ ബോഡിയില്‍ തന്നെ സാഹചര്യങ്ങള്‍ക്കനുസൃതമായി ലെന്‍സുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്. ആവശ്യാനുസരണം ഫ്ലാഷും തിരഞ്ഞെടുക്കുവാന്‍ സാധിക്കും. DSLR ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ വിവിധ വലുപ്പങ്ങളില്‍ ലഭ്യമാണ്. മീഡിയം ഫോര്‍മ്മാറ്റ്, ഫുള്‍ ഫ്രയിം എന്നിങ്ങനെ സെന്‍സറുകളുടെ വലുപ്പത്തിനനുസരിച്ച് DSLR ക്യാമറകള്‍ വിവിധ തരത്തിലുണ്ട്. സെന്‍സറുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ചിത്രങ്ങളുടെ നിലവാരവും, വ്യക്തതയും വര്‍ദ്ധിക്കുന്നു. കാനണ്‍ EOS 5D, Nikon D700, സോണി α900 എന്നിവയൊക്കെ ഈ DSLR ക്യാമറകള്‍ക്ക് ഉദാഹരണങ്ങളാണ്.

വിപണിയില്‍ ലഭ്യമായ വിവിധയിനം ക്യാമറകളെ ഇതിനോടകം നമ്മള്‍ പരിചയപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഒരു ക്യാമറ ഉപയോഗിക്കുവാന്‍ മറ്റ് അനുബന്ധ സാമഗ്രികളും ആവശ്യമാണ്. ബാറ്ററി മുതല്‍ മികച്ച ട്രൈപ്പോഡുകള്‍ വരെ ഈ ശ്രേണിയില്‍ വരും. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍‍.

അനുബന്ധം

(2008 നവംബര്‍ ലക്കം ടെക്‌വിദ്യ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Bridge cameras and high-end cameras in Digital Photography. Digital Single Lens Reflex Cameras and Pentaprism technology. Aa article on digital photography by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog. Also published in TechVidya 2008 November Issue.
--


 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome