Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Friday, February 22, 2008

മൂന്ന് പുതിയ ബ്ലോഗിംഗ് നുറുങ്ങുകള്‍

3 New Blogging Tips - Archiving Blog Posts, Comment Options, Generating Custom URLs for Malayalam Blog Posts
ബ്ലോഗറുപയോഗിച്ച് ബ്ലോഗ് ചെയ്യുന്നവര്‍ക്ക് സഹായകരമാവുന്ന മൂന്ന് പുതിയ ബ്ലോഗിംഗ് നുറുങ്ങുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബ്ലോഗിംഗ് സംബന്ധമായ അഞ്ചു നുറുങ്ങുകളെ പരിചയപ്പെടുത്തിയ ഈ പോസ്റ്റിന് ഒരു തുടര്‍ച്ചയാണിത്. ബ്ലോഗറില്‍ ചേര്‍ക്കപ്പെടുന്ന പോസ്റ്റുകളുടെ ഒരു കോപ്പി എങ്ങിനെ സൌകര്യപ്രദമായി സൂക്ഷിക്കാം, ബ്ലോഗറിലെ പുതിയ കമന്റ് സാധ്യതകള്‍, ബ്ലോഗ് പോസ്റ്റുകളുടെ യു.ആര്‍.എല്‍. എങ്ങിനെ ഇഷ്ടാനുസരണം നല്‍കാം എന്നിവയെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

1. പോസ്റ്റുകള്‍ നഷ്ടമാവാതെ സൂക്ഷിക്കാം
ബ്ലോഗറില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകള്‍, നഷ്ടപ്പെടുവാതിരിക്കുവാനായി മറ്റൊരിടത്ത് കൂടി സൂക്ഷിക്കുന്നത് നന്നായിരിക്കും. നമ്മുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകള്‍, നമുക്കിഷ്ടമുള്ള ഒരു ഇമെയില്‍ വിലാസത്തില്‍ സൂക്ഷിക്കുകയാണ് ഒരു വഴി. ബ്ലോഗറിലേയും, ജിമെയിലിലേയും സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇത് വളരെയെളുപ്പത്തില്‍ നമുക്ക് സാധിക്കും. അതിനായി ബ്ലോഗറിലും, ജിമെയില്‍ അക്കൌണ്ടിലും ചില സെറ്റിംഗുകള്‍ ശരിപ്പെടുത്തണമെന്നു മാത്രം.

ബ്ലോഗറിലെ സെറ്റിംഗുകള്‍
• ഡാഷ്‌ബോര്‍ഡില്‍ നിന്നും ബ്ലോഗിന്റെ സെറ്റിംഗ്സ് പേജിലെത്തുക. അവിടെ ഇമെയില്‍ എന്ന ടാബ് സെലക്ട് ചെയ്യുക. തുടര്‍ന്ന് ചിത്രത്തില്‍ കാണുന്ന രീതിയില്‍ BlogSend Address എന്നതില്‍, പോസ്റ്റുകള്‍ ശേഖരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഇമെയില്‍ വിലാസം നല്‍കുക. ഈ വിലാസം ഒരു ജിമെയില്‍ ഐ.ഡി.യാണെങ്കില്‍ വളരെ നല്ലത്.

കുറിപ്പ്: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍, പുതിയ ജാലകത്തില്‍ ദൃശ്യമാവുന്നതാണ്.

• താഴെക്കാണുന്ന Save Settings ബട്ടണില്‍ മൌസമര്‍ത്തി, വ്യത്യാസം വരുത്തിയ സെറ്റിംഗുകള്‍ സേവ് ചെയ്യുക.

ജിമെയിലിലെ സെറ്റിംഗുകള്‍
ആദ്യ ഭാഗത്ത് നല്‍കിയത് ജിമെയില്‍ വിലാസമാണെങ്കില്‍, താഴെ പറയുന്ന സെറ്റിംഗുകള്‍ ജിമെയില്‍ അക്കൌണ്ടില്‍ വരുത്തുന്നത് കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.
• ജിമെയില്‍ അക്കൌണ്ടില്‍ ലോഗ്-ഇന്‍ ചെയ്ത ശേഷം വലതുഭാഗത്ത് മുകളില്‍ കാണുന്ന Settings എന്ന ലിങ്ക് സെലക്ട് ചെയ്യുക.തുടര്‍ന്ന് Settings എന്ന ഭാഗത്ത് ലഭ്യമായ വിവിധ ടാബുകളില്‍ Filters എന്ന ടാബ് സെലക്ട് ചെയ്യുക. Create a new filter എന്ന ഓപ്‌ഷനാണ് അടുത്തതായി സെലക്ട് ചെയ്യേണ്ടത്. ചിത്രത്തില്‍ കാണുന്ന രീതിയില്‍ പുതിയ ഒരു ഫില്‍റ്റര്‍ ചേര്‍ക്കുവാനുള്ള വിന്‍ഡോ നമുക്ക് ലഭ്യമാവും.

കുറിപ്പ്: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍, പുതിയ ജാലകത്തില്‍ ദൃശ്യമാവുന്നതാണ്.

• ഇവിടെ Subject: എന്ന ടെക്സ്റ്റ് ബോക്സിലാണ് ഫില്‍റ്ററിന് ആവശ്യമാ‍യ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത്.
Syntax:
[your-blog-name-1]||[your-blog-name-2]

മുകളില്‍ കൊടുത്തിരിക്കുന്ന രീതിയില്‍ || (OR) ഓപ്പറേറ്റര്‍ ഉപയോഗിച്ച് കൂടുതല്‍ ബ്ലോഗുകളില്‍ നിന്നുമുള്ള പോസ്റ്റ്-മെയിലുകളില്‍ ഈ ഫില്‍റ്റര്‍ ഉപയോഗിക്കാം. ബ്ലോഗറില്‍ നിന്നും പോസ്റ്റുകള്‍ മെയില്‍ ബോക്സില്‍ എത്തുന്നത് സ്‌ക്വയര്‍ ബ്രാക്കറ്റുകള്‍ക്കുള്ളില്‍, ബ്ലോഗിന്റെ പേരോടു കൂടിയ സബ്‌ജക്ടോടു കൂടിയാണ് (കൂട്ടത്തില്‍ അതാത് പോസ്റ്റിന്റെ തലക്കെട്ടും ഉണ്ടാവും). അതിനാലാണ് [your-blog-name-1] എന്നു നല്‍കുന്നത്. മെയില്‍ ബോക്സിലെത്തുന്ന മെയിലുകളുടെ സബ്‌ജക്ടായി [your-blog-name-1] ഉണ്ടെങ്കില്‍, അവയില്‍ ഈ ഫില്‍റ്റര്‍ ഉപയോഗിക്കണമെന്നാണ് ഇങ്ങിനെ നല്‍കുന്നതുവഴി അര്‍ത്ഥമാക്കുന്നത്.
ഉദാ: [ചിത്രവിശേഷം]||[സാങ്കേതികം]||[കളിയരങ്ങ്]||[ഗ്രഹണം]||[നിശ്ചലം]

• Next Step >> എന്ന ബട്ടണില്‍ മൌസമര്‍ത്തി, ഫില്‍റ്റര്‍ ആക്ഷനുകള്‍ തിരഞ്ഞെടുക്കാം. മുകളിലെ നിബന്ധനകള്‍ അനുസരിക്കുന്ന മെയിലുകളില്‍ എന്ത് ആക്ഷനാണ് പ്രയോഗിക്കേണ്ടതെന്നാണ് ഇവിടെ നല്‍കുന്നത്. ചിത്രത്തില്‍ കാണുന്ന ഓപ്‌ഷനുകള്‍ ഉപയോഗിച്ചാല്‍ മതിയാവും.

കുറിപ്പ്: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍, പുതിയ ജാലകത്തില്‍ ദൃശ്യമാവുന്നതാണ്.

• ഓരോ ബ്ലോഗിനും ഓരോ ലേബല്‍ നല്‍കണമെങ്കില്‍, ഓരോന്നിനും ഓരോ ഫില്‍റ്റര്‍ ഉണ്ടാക്കേണ്ടി വരും. എന്നാല്‍ അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. Search Mail ഓപ്‌ഷനില്‍ subject:[your-blog-name] എന്നു നല്‍കി സേര്‍ച്ച് ചെയ്താല്‍ ആ ബ്ലോഗിലെ പോസ്റ്റുകള്‍ അടങ്ങുന്ന മെയിലുകള്‍ മാത്രമായി നമുക്ക് ലഭിക്കുന്നതാണ്.
ഉദാ: subject:[ചിത്രവിശേഷം]

ഒരിക്കല്‍ പബ്ലിഷ് ചെയ്ത പോസ്റ്റില്‍ നാം പിന്നീട് മാറ്റം വരുത്തി, വീണ്ടും നേരിട്ട് പബ്ലിഷ് ചെയ്താല്‍ അത് മെയില്‍ ബോക്സില്‍ എത്തുകയില്ല. പോസ്റ്റിനോടു കൂട്ടിചേര്‍ത്ത മാറ്റങ്ങളോടു കൂടി, പോസ്റ്റ് വീണ്ടും മെയില്‍ ബോക്സില്‍ ലഭിക്കണമെങ്കില്‍ SAVE AS DRAFT എന്ന ഓപ്‌ഷന്‍ ആദ്യം സെലക്ട് ചെയ്യുക. അതിനു ശേഷം വീണ്ടും എഡിറ്റ് വിന്‍‌ഡോ തുറന്ന് PUBLISH POST സെലക്ട് ചെയ്യുക. ഇപ്പോള്‍ കൂട്ടിച്ചേര്‍ത്ത മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റ് മെയിലായി ലഭിക്കും. ഇതുവരെയുള്ള പോസ്റ്റുകള്‍ മെയില്‍ ബോക്സില്‍ എത്തിക്കുവാനും ഈ മാര്‍ഗം ഉപകരിക്കും.

ഇന്‍‌ലൈനായി ചേര്‍ക്കപ്പെട്ട (അതായത് ടെക്സിനോട് ചേര്‍ന്ന്, അറ്റാച്ച്‌മെന്റല്ലാതെ) ചിത്രങ്ങളുള്‍പ്പടെ, ബ്ലോഗറില്‍ ചെയ്തിരിക്കുന്ന എച്ച്.ടി.എം.എല്‍. ഫോര്‍മ്മാറ്റുകള്‍ സഹിതമാണ് പോസ്റ്റുകള്‍ മെയില്‍ ബോക്സിലെത്തുക. അതിനാല്‍ തന്നെ ഇങ്ങിനെ മെയില്‍ ബോക്സിലെത്തുന്ന പോസ്റ്റുകള്‍ ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്ക് ഫോര്‍‌വേഡു ചെയ്യുവാനും സാധിക്കും.



2. ബ്ലോഗറിലെ കമന്റ് സാധ്യതകള്‍
ബ്ലോഗറില്‍ ചേര്‍ക്കപ്പെടുന്ന പോസ്റ്റുകളില്‍ ആര്‍ക്കൊക്കെ കമന്റ് ചെയ്യാം എന്ന് ബ്ലോഗ് ഉടമയ്ക്ക് നിശ്ചയിക്കാവുന്നതാണ്. ഡാഷ്‌ബോര്‍ഡില്‍ നിന്നും Settings സെലക്ട് ചെയ്യുക. അവിടെ Comments എന്ന ടാബ് തുടര്‍ന്ന് സെലക്ട് ചെയ്യുക. അവിടെ Who Can Comment? എന്ന ഭാഗത്തെ സാധ്യതകള്‍ ശ്രദ്ധിക്കുക.


• Anyone - includes Anonymous Users
കമന്റ് ചെയ്യുവാന്‍ പ്രത്യേകിച്ച് നിബന്ധനകളൊന്നും ഇവിടെയില്ല. ആര്‍ക്കു വേണമെങ്കിലും, ഏതു രീതിയിലും കമന്റ് ചെയ്യുവാന്‍ ഈ ഓപ്‌ഷന്‍ സെലക്ട് ചെയ്യുന്നതിലൂടെ അവസരമുണ്ടാവുന്നു. കമന്റ് ചെയ്യുവാനുള്ള പേജ് താഴെക്കാണുന്ന രീതിയിലാവും ദൃശ്യമാവുക.

ഗൂഗിള്‍/ബ്ലോഗര്‍ ഐ.ഡി. ഉപയോഗിച്ച് കമന്റ് ചെയ്യുവാനുള്ള സാധ്യതയാണ് ആദ്യം; ഓപ്പണ്‍ ഐ.ഡി./ലൈവ് ജേണല്‍ ഐ.ഡി./വേഡ്പ്രസ് ഐ.ഡി./ടൈപ്പ്‌പാഡ് ഐ.ഡി./എ.ഐ.എം. ഐ.ഡി. എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ആ ഐഡിയില്‍ നിന്നും കമന്റ് ചെയ്യുവാനുള്ള സാധ്യതയാണ് രണ്ടാമത്; ഒരു പേര്, വെബ്‌സൈറ്റ് വിലാസം എന്നിവ നല്‍കി കമന്റ് ചെയ്യുവാന്‍ മൂന്നാമത്തെ ഓപ്‌ഷന്‍ സെലക്ട് ചെയ്ത് സാധിക്കുന്നു; അനോണിമസ് സെലക്ട് ചെയ്താല്‍, ആരാണെന്ന് വ്യക്തമാക്കാതെ കമന്റ് ചെയ്യുവാന്‍ സാധിക്കും.

• Registered Users - includes OpenID
ഗൂഗിള്‍, ബ്ലോഗര്‍, ഓപ്പണ്‍ ഐ.ഡി., ലൈവ് ജേണല്‍ ഐ.ഡി., വേഡ്പ്രസ് ഐ.ഡി., ടൈപ്പ്‌പാഡ് ഐ.ഡി., എ.ഐ.എം. ഐ.ഡി. ഇവയിലേതെങ്കിലും ഉള്ളവര്‍ക്കു മാത്രമായി കമന്റ് ഓപ്ഷന്‍ തുറന്നുകൊടുക്കുവാനുള്ള സാധ്യതയാണിത്. ഈ ഓപ്ഷനാണ് ബ്ലോഗ് ഉടമ സെലക്ട് ചെയ്യുന്നതെങ്കില്‍, താഴെക്കാണുന്ന രീതിയിലാവും കമന്റ് ഓപ്ഷന്‍ ലഭ്യമാവുക.

Name/URL, Anonymous എന്നീ ഓപ്‌ഷനുകള്‍ ഇവിടെ ലഭ്യമല്ല എന്നതു ശ്രദ്ധിക്കുക. ബ്ലോഗര്‍/ഗൂഗിള്‍ ഐ.ഡി. ഉപയോഗിക്കാത്ത ഒരു വായനക്കാരന് കമന്റ് ചെയ്യണമെന്നുണ്ടെങ്കില്‍, ലഭ്യമായ മറ്റ് ഐ.ഡി.കളിലൊന്ന് ഡ്രോപ്പ്ഡൌണ്‍ ബോക്സില്‍ നിന്നും സെലക്ട് ചെയ്താല്‍ മതിയാവും. ഉദാഹരണത്തിന്, ഒരു വേഡ്‌പ്രസ് അക്കൌണ്ട് ഉപയോഗിക്കുന്നയാള്‍ക്ക് കമന്റ് ചെയ്യുവാന്‍, ഡ്രോപ്പ്‌ഡൌണ്‍ ബോക്സില്‍ നിന്നും വേഡ്‌പ്രസ് സെലക്ട് ചെയ്ത്, അയാളുടെ വേഡ്‌പ്രസ് യൂസര്‍‌നെയിം താഴെയുള്ള ടെക്സ്റ്റ്‌ബോക്സില്‍ നല്‍കിയാല്‍ മതിയാവും. ആ സമയം, ആ സിസ്റ്റത്തില്‍/ബ്രൌസറില്‍, ആ ഐ.ഡി.യില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ കമന്റ് സേവ് ചെയ്യപ്പെടുകയുള്ളൂ. കമന്റ് സെറ്റിംഗുകളില്‍ ഈ ഓപ്‌ഷന്‍ സെലക്ട് ചെയ്യുന്നതാണ് അഭികാമ്യം.

• Users with Google Accounts
ഗൂഗിള്‍/ബ്ലോഗര്‍ അക്കൌണ്ട് ഉപയോഗിക്കുന്നവര്‍ക്കു മാത്രം കമന്റ് ചെയ്യുവാനുള്ള അവസരം തുറന്നുകൊടുക്കുകയാണ് ഈ ഓപ്‌ഷന്‍ സെലക്ട് ചെയ്യുന്നതു വഴി. ബ്ലോഗര്‍/ഗൂഗിള്‍ അക്കൌണ്ട് ഇല്ലാത്ത, എന്നാല്‍ മറ്റ് അക്കൌണ്ടുകളുള്ള ഒരു വായനക്കാരന് കമന്റ് ചെയ്യുവാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഈ ഓപ്‌ഷന്‍ സെലക്ട് ചെയ്യുന്നതുവഴി.

• Only members of this blog
ബ്ലോഗില്‍ പോസ്റ്റിടുവാന്‍ അധികാരമുള്ള അംഗങ്ങള്‍ക്കു മാത്രം കമന്റ് ചെയ്യുവാനുള്ള അവസരം നല്‍കുന്ന ഓപ്‌ഷനാണിത്.



3. പോസ്റ്റുകള്‍ക്ക് അനുയോജ്യമായ യു.ആര്‍.എല്‍. നല്‍കാം
മലയാളത്തിലുണ്ടാവുന്ന ബ്ലോഗ് പോസ്റ്റുകള്‍ക്ക് യു.ആര്‍.എല്‍. പലപ്പോഴും http://myblog.blogspot.com/2007/06/blog-post.html, http://myblog.blogspot.com/2008/01/blog-post_27.html എന്ന രീതിയിലാവും ബ്ലോഗ‌ര്‍ നല്‍കുക. ഇതൊഴിവാക്കി പോസ്റ്റിന്റെ പ്രതിപാദ്യവുമായി ബന്ധമുള്ള രീതിയില്‍ യു.ആര്‍.എല്‍. ലഭ്യമാക്കുവാന്‍ സാധിക്കും. അതിനായി, ഓരോ പോസ്റ്റും ആദ്യം പബ്ലിഷ് ചെയ്യുന്നതിനു മുന്‍പായി Title: എന്ന ഭാഗത്ത് മലയാളം തലക്കെട്ടിനോടു ചേര്‍ന്ന് ഇംഗ്ലീഷ് തലക്കെട്ടുകൂടി നല്‍കിയാല്‍ മതിയാവും.

ഉദാ: മൂന്ന് പുതിയ ബ്ലോഗിംഗ് നുറുങ്ങുകള്‍ (3 New Blogging Tips) എന്നു നല്‍കി പബ്ലിഷ് ചെയ്താല്‍ 3-new-blogging-tips.html എന്നാവും പേജിന്റെ യു.ആര്‍.എല്‍. ലഭ്യമാവുക. പിന്നീട് വീണ്ടും എഡിറ്റ് വിന്‍ഡോ തുറന്ന്, പേരില്‍ നിന്നും ഇംഗ്ലീഷ് ഭാഗം ആവശ്യമെങ്കില്‍ ഒഴിവാക്കുകയും ചെയ്യാം. ആദ്യം പബ്ലിഷ് ചെയ്യുമ്പോള്‍ ഇംഗ്ലീഷ് തലക്കെട്ട് മാത്രം ഉപയോഗിച്ചാല്‍, ഒരുപക്ഷെ അത് പോസ്റ്റ്-അഗ്രിഗേറ്ററുകളില്‍ ചേര്‍ക്കപ്പെടണമെന്നില്ല എന്നതും ഓര്‍മ്മയിരിക്കട്ടെ. ഈ രീതിയില്‍ യു.ആര്‍.എല്‍. ലഭ്യമാക്കുന്നത്, സേര്‍ച്ച് എഞ്ചിനുകള്‍ക്കു മുന്‍പില്‍ പോസ്റ്റിന്റെ വിസിബിലിറ്റി വര്‍ദ്ധിപ്പിക്കുവാന്‍ സാധ്യതയൊരുക്കുന്നു.


Description: Three New Blogging Tips are discussed in this post. First one is regarding Archiving Blog posts in your Mailbox particularly Gmail. How to create a filter to automatically label and archive these posts, is also explained here. Second one deals with New Comment options in Blogger. How to set permissions to different users/accounts is also discussed in this post. The third part is about giving custom formatted URL addresses to Malayalam blog posts.
--



Wednesday, February 20, 2008

ഫ്ലാഷിലെ മൂവി ലോഡിംഗ്

Movie Loading in Flash: Using loadMovie() and loadMovieNum() functions.
ധാരാളം ചിത്രങ്ങളും, വീഡിയോകളും, പേജുകളുമുള്ള ഒരു ഫ്ലാഷ് പ്രോജക്ട് സങ്കല്പിക്കുക. അതൊരു വെബ് സൈറ്റോ, ഇന്ററാക്ടീവ് സി.ഡി.യോ, എന്തും ആയിക്കൊള്ളട്ടെ. ഇവയെല്ലാം കൂടി ഒരൊറ്റ ഫ്ലാഷ് ഫയലാക്കി എക്സ്‌പോര്‍ട്ട് ചെയ്താല്‍, ആ ഒരു ഫയല്‍ റണ്‍ ചെയ്യുമ്പോള്‍ തന്നെ, അപ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ കണ്ടന്റും മെമ്മറിയില്‍ ലോഡ് ചെയ്യപ്പെടും. വെബ്ബിലാണെങ്കില്‍, ആ ഒരു ഫയല്‍ ലോഡ് ചെയ്യുവാന്‍ തന്നെ ധാരാളം സമയം ആവശ്യമായി വരുകയും ചെയ്യും. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം, ആ ഫ്ലാഷ് ഫയലിനെ പലതായി ഭാഗിക്കുക എന്നുള്ളതാണ്. അതായത് മുഴുവന്‍ പ്രോജക്ടിനേയും പല മൊഡ്യൂളുകളായി തിരിച്ച്, ഓരോ സമയത്തും ആവശ്യമുള്ള മൊഡ്യൂള്‍ മാത്രമായി ലോഡ് ചെയ്യുക. ഇന്‍‌ബില്‍റ്റ് ഫംഗ്‌ഷനുകളായ loadMovie(), loadMovieNum() എന്നിവയാണ് ഈ രീതിയില്‍ ഫ്ലാഷില്‍ ഒരു പ്രോജക്ട് ചെയ്യുവാനായി പ്രയോജനപ്പെടുത്താവുന്നത്.

Movie Loading in Flash: Using loadMovie() and loadMovieNum() functions.
ആദ്യമായി ഒരു പുതിയ ഫയല്‍ തുറന്ന് (400 പിക്സല്‍ വീതിയും, 200 പിക്സല്‍ പൊക്കവുമുള്ള ഒരു ഫയലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.) അവിടെ മുകളിലെ ചിത്രത്തില്‍‍ കാണുന്ന രീതിയില്‍ ഒരു ബാക്ക്‍ഗ്രൌണ്ട് വരയ്ക്കുക. Main.fla എന്ന പേരില്‍ നമുക്കിതിനെ സേവ് ചെയ്യാം.

Movie Loading in Flash: Using loadMovie() and loadMovieNum() functions.മറ്റൊരു പുതിയ ഫയല്‍ തുറന്ന് (150 പിക്സല്‍ വീതിയും പൊക്കവും) അവിടെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ ലോഡ് ചെയ്യുവാനുള്ള ഒരു ചിത്രം വരയ്ക്കുക. നമുക്കിതിനെ Sub.fla എന്ന പേരില്‍ സേവ് ചെയ്യാം. രണ്ട് ഫയലിന്റേയും പബ്ലിഷ് സെറ്റിംഗുകളില്‍ Flash (*.swf) എന്ന ഓപ്ഷന്‍ മാത്രം സെലക്ട് ചെയ്യുക. തുടര്‍ന്ന് ഈ രണ്ടു ഫയലുകളും പബ്ലിഷ് ചെയ്യുക. ഈ ഫയലുകളെല്ലാം ഒരേ ഫോള്‍ഡറിലായിരിക്കണം സേവ് ചെയ്യപ്പെട്ടിരിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. Sub.swf എന്ന ഫയലിനെ Main.swf എന്ന ഫയലിലേക്ക് ലോഡ് ചെയ്യിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

Movie Loading in Flash: Using loadMovie() and loadMovieNum() functions.
ചിത്രം ശ്രദ്ധിക്കുക. അതില്‍ കാണുന്നത്രയും ഫയലുകളാവും സേവ് ചെയ്യുവാനായി തിരഞ്ഞെടുത്തിരിക്കുന്ന ഫോള്‍ഡറില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുക. Main.fla വീണ്ടും തുറക്കുക. ഒരു പുതിയ ലെയര്‍ കൂട്ടിച്ചേര്‍ത്ത് അതിന് actions എന്നു പേരു നല്‍കുക. നമുക്ക് മുകളില്‍ പറഞ്ഞ ഫംഗ്‌ഷനുകളെ ഇനി പരിചയപ്പെടാം.

Syntax:
loadMovie(url, target, method);
loadMovieNum(url, level, method);
• url: ലോഡ് ചെയ്യേണ്ട ഫയല്‍ സേവ് ചെയ്തിരിക്കുന്ന ലൊക്കേഷനെയാണ് url എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റിലേറ്റീവ് / അബ്‌സൊല്യൂട്ട് ലൊക്കേഷന്‍ വിലകള്‍ ഇവിടെ നല്‍കാവുന്നതാണ്.
• target: ലോഡ് ചെയ്യേണ്ടത് ഏത് മൂവിക്ലിപ്പിലേക്കാണെന്ന് ഇവിടെ നല്‍കുക. അതായത് സ്റ്റേജില്‍ load_here എന്നൊരു മൂ‍വിക്ലിപ്പ് ഉണ്ടെങ്കില്‍ loadMovie(“sub.swf”,“load_here”); എന്നാണ് നല്‍കേണ്ടത്. സ്ക്രിപ്റ്റ് എഴുതുന്ന ഫ്രയിം അടങ്ങുന്ന മൂവി ക്ലിപ്പിലേക്കാണ് ലോഡ് ചെയ്യേണ്ടതെങ്കില്‍ this എന്ന ഓബ്ജക്ട് റഫറന്‍സും ഉപയോഗിക്കാവുന്നതാണ്.
• method: സാധാരണയായി ഉപയോഗിക്കേണ്ടി വരാറില്ലാത്ത ഒന്നാണിത്. വേരിയബിള്‍ വിലകള്‍ രണ്ട് മൂവിക്ലിപ്പുകള്‍ തമ്മില്‍ കൈമാറേണ്ടതുണ്ടെങ്കില്‍ മാത്രം ഇതുപയോഗിച്ചാല്‍ മതിയാവും. GET അല്ലെങ്കില്‍ POST എന്നീ വിലകളാണ് ഇവിടെ നല്‍കാവുന്നത്.
• level: ഒരു ടാര്‍ഗറ്റ് മൂവിക്ലിപ്പിലേക്കല്ലാതെ, മറ്റൊരു ലെവലിലേക്കും മൂവി ക്ലിപ്പ് ലോഡ് ചെയ്യുവാന്‍ സാധ്യമാണ്. അതിനായി loadMovieNum() എന്ന ഫംഗ്‌ഷന്‍ ഉപയോഗിക്കുക.

Main.fla എന്ന ഫയല്‍ തുറന്ന് actions ലെയ‌റില്‍ ഫ്രയിം ആക്ഷനായി താഴെക്കാണുന്ന സ്ക്രിപ്റ്റ് എന്റര്‍ ചെയ്യുക.
loadMovie("sub.swf",this);
മൂവി റണ്‍ ചെയ്യുമ്പോള്‍ Main.fla-യില്‍ ഉണ്ടായിരുന്ന ചിത്രത്തിനു പകരം Sub.fla-യിലെ ചിത്രം ലോഡ് ചെയ്യുന്നത് കാണാം. അതായത്, Main.swf എന്ന ഫയലിനെ ഒഴിവാക്കി Sub.swf ലോഡാവുകയായിരുന്നെന്ന് സാരം. ഇങ്ങിനെയല്ലാതെ Main.swf-നു മുകളിലായി Sub.swf ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍ രണ്ടു രീതിയിലതു സാധ്യമാണ്. loadMovieNum() എന്ന ഫംഗ്‌ഷന്‍ ഉപയോഗിക്കുകയാണ് ഒരു രീതി. താഴെക്കാണുന്ന രീതിയില്‍ സ്ക്രിപ്റ്റ് എന്റര്‍ ചെയ്യുക.
loadMovieNum("sub.swf", 1);

Movie Loading in Flash: Using loadMovie() and loadMovieNum() functions.
മൂവി റണ്‍ ചെയ്തു നോക്കുക. ചിത്രത്തില്‍ കാണുന്ന രീതിയിലാവും ഔട്ട്പുട്ട് നമുക്ക് ലഭിക്കുക. ഡിഫോള്‍ട്ടായി പേരന്റ് മൂവിയുടെ (ഇവിടെ Main.swf) ലെവല്‍ 0 (പൂജ്യം) ആയിരിക്കും. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ മുകളിലേക്ക് വിവിധ ലെവലുകളിലായി കൂടുതല്‍ മൂവി ഫയലുകള്‍ ലോഡ് ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ ലോഡ് ചെയ്ത മൂവിയുടെ സ്ഥാനവും വലുപ്പവും മറ്റും ഈ രീതിയില്‍ ലോഡ് ചെയ്യുമ്പോള്‍ നിയന്ത്രിക്കുക എളുപ്പമല്ല. അതിനായി താഴെപ്പറയുന്ന രണ്ടാമത്തെ രീതിയാവും കൂടുതല്‍ സൌകര്യപ്രദം. താഴെക്കാണുന്ന സ്ക്രിപ്റ്റ് actions ലെയ‌റില്‍ എന്റര്‍ ചെയ്യുക.
_root.createEmptyMovieClip("load_here",0);
loadMovie("sub.swf", "load_here");
-- or --
_root.createEmptyMovieClip("load_here",0);
_root.load_here.loadMovie("sub.swf");
ഇത്രയും സ്ക്രിപ്റ്റ് നല്‍കിയ ശേഷം റണ്‍ ചെയ്യുമ്പോഴും മുകളിലെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ തന്നെയാവും ഔട്ട്പുട്ട് ലഭിക്കുക. ഇവിടെ പുതിയൊരു ഫംഗ്‌ഷന്‍ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

Syntax:
createEmptyMovieClip(instanceName, depth);
• instanceName: പുതുതായി സ്റ്റേജില്‍ ഉണ്ടാക്കുന്ന മൂവിക്ലിപ്പിനു നല്‍കേണ്ട ഇന്‍സ്റ്റന്‍സ് നെയിം. മൂവി റണ്‍ ചെയ്യുന്ന അവസരത്തിലാണ് മൂവിക്ലിപ്പ് ഉണ്ടാക്കുകയെന്നത് പ്രത്യേകമോര്‍ക്കുക.
depth: ലെവലുമായി തെറ്റിദ്ധരിക്കപ്പെടുവാന്‍ സാധ്യതയുള്ള ഒന്നാണ് depth എന്ന വേരിയബിള്‍. ഒരോ ലെവലിലും പൂജ്യം മുതല്‍ മുകളിലോട്ട് ഡെപ്‌ത് വിലകള്‍ ലഭ്യമായിരിക്കും. ഓരോ ഡെപ്ത് പൊസിഷനിലും ഓരോ മൂവിക്ലിപ്പ് പുതുതായി ഉണ്ടാക്കുവാന്‍ സാധിക്കും. സ്റ്റേജിലുള്ള ഓരോ മൂവിക്ലിപ്പിനും ഡിഫോള്‍ട്ടായി ഒരു ഡെപ്‌ത് ലഭ്യമായിരിക്കും. പുതുതായി ഉണ്ടാക്കുന്ന മൂവിക്ലിപ്പിന് നല്‍കേണ്ട ഡെപ്ത് വില ഇവിടെ നല്‍കുക.

രണ്ടാമത് നമ്മള്‍ ഉപയോഗിച്ച സ്ക്രിപ്റ്റ് താഴെക്കാണുന്ന രീതിയില്‍ വ്യത്യാസപ്പെടുത്തുക.
_root.createEmptyMovieClip("load_here",0);
_root.load_here.loadMovie("sub.swf");
_root.load_here._x = 125;
_root.load_here._y = 25;

Movie Loading in Flash: Using loadMovie() and loadMovieNum() functions.
ഇപ്പോള്‍ Sub.swf എന്ന മൂവിയിലെ വൃത്തം ചിത്രത്തില്‍ കാണുന്ന രീതിയില്‍ സ്ക്രീനിന്റെ മധ്യഭാഗത്തായാവും ലോഡ് ചെയ്തിട്ടുണ്ടാവുക. എങ്ങിനെയാണ് X-പൊസിഷന്‍ 125 എന്നും, Y-പൊസിഷന്‍ 25 എന്നും (രണ്ട് മൂവിക്ലിപ്പിന്റേയും വീതി, പൊക്കം എന്നിവയ്ക്കനുസരിച്ച് ഈ വിലകള്‍ വ്യത്യാസപ്പെടും.) ലഭിച്ചതെന്ന് കൂട്ടുകാ‍ര്‍ സ്വയം ആലോചിച്ചു നോക്കുക. SWF ഫയലുകള്‍ക്കു പുറമേ JPEG, PNG, GIF എന്നീ ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങളും ഇതേ രീതിയില്‍ ഒരു ഫ്ലാഷ് ഫയലിലേക്ക് ലോഡ് ചെയ്യുക സാധ്യമാണ്.


(2008 ഫെബ്രുവരി ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: Movie Loading in Adobe Flash using loadMovie() and loadMovieNum() functions. Syntax and example script included in this tutorial. Usage of createEmptyMovieClip() function is also included in this tutorial. Variables such as depth, instanceName, url, target, method, level etc. are also mentioned.
--



 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome