Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Tuesday, June 30, 2009

ഫോട്ടോഷോപ്പില്‍ പനോരമ നെയ്യാം

Adobe Photoshop Tutorial: Using Photomerge in Adobe Photoshop CS4 to create Panoramic Images.
വിശാലമായ താഴ്വരകള്‍, നീണ്ടുകിടക്കുന്ന നെല്‍‌പാടങ്ങള്‍, നീളത്തിലുള്ള കെട്ടിടങ്ങള്‍ അങ്ങിനെ കാഴ്ചയിലെ വിസ്തൃതികൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ നിരവധിയാണ്. ഇത്തരം ദൃശ്യങ്ങള്‍ സാധാരണയായി പനോരമ എന്നാണ് അറിയപ്പെടുക. വളരെ വിശാലമായ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ കഴിവുള്ള വൈഡ് ആംഗിള്‍ ലെന്‍സുകള്‍ ഉപയോഗിച്ചാണ് പനോരമ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക. ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുക സാധ്യമല്ല. ദൃശ്യത്തിന്റെ ഓരോ ഭാഗങ്ങള്‍ വിവിധ ചിത്രങ്ങളായി പകര്‍ത്തിയ ശേഷം അതു കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ പനോരമ ചിത്രമാക്കുവാന്‍ കഴിഞ്ഞാലോ? തീര്‍ച്ചയായും ഇത് സാധ്യമാണ്. അഡോബി ഫോട്ടോഷോപ്പിലെ ‘ഫോട്ടോമെര്‍ജ്’ എന്ന സാധ്യത ഇതിന് അവസരമൊരുക്കുന്നു.

 ചിത്രമെങ്ങിനെ പകര്‍ത്തണം?


ഫോട്ടോമെര്‍ജ് ഉപയോഗിക്കുവാനായി ആദ്യം അല്പം ശ്രദ്ധിച്ച് ചിത്രം പകര്‍ത്തേണ്ടതുണ്ട്. ഉദാ‍ഹരണമായി ഇവിടെക്കാണുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക. തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തിന്റെ ഉള്‍ഭാഗമാണിത്. ചിത്രമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം, രണ്ടാമത്തെ ചിത്രം ഒന്നാമത്തെ ചിത്രത്തിന്റെ മുക്കാല്‍ ഭാഗത്തു നിന്നും വേണം തുടങ്ങേണ്ടത് എന്നതാണ്. ഇതേ രീതിയില്‍ തുടര്‍ന്നുള്ള ചിത്രങ്ങളും പകര്‍ത്തുക. ചിത്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മികച്ച ഫലം നമുക്ക് ഫോട്ടോമെര്‍ജിലൂടെ ലഭിക്കുന്നതാണ്. (എണ്ണം കൂടുന്നതിനനുസരിച്ച് ഫോട്ടോകള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.) ചില ഡിജിറ്റല്‍ ക്യാമറകളില്‍ / മൊബൈല്‍ ക്യാമറകളില്‍ ഫോട്ടോമെര്‍ജ് ചെയ്യുവാന്‍ തക്കവണ്ണം ചിത്രങ്ങള്‍ പകര്‍ത്തുവാനായി പ്രത്യേകമൊരു മോഡ് ലഭ്യമായിരിക്കും. അങ്ങിനെയൊരു സാധ്യത ക്യാമറയിലുണ്ടെങ്കില്‍ അതുപയോഗിച്ച് ചിത്രങ്ങളെടുക്കുക.


ഏകദേശം ഒരേ അകലത്തില്‍, ഒരേ വീക്ഷണകോണില്‍, ഒരേ പൊക്കം പാലിച്ചാവണം ഫോട്ടോമെര്‍ജില്‍ ഉപയോഗിക്കേണ്ട ചിത്രങ്ങള്‍ പകര്‍ത്തുവാന്‍. ഒരു ട്രൈപോഡ് ഉപയോഗിക്കുന്നതും കൂടുതല്‍ മികച്ച ഫലം ലഭിക്കുവാന്‍ സഹായകരമാണ്. ഈ രീതിയില്‍ പകര്‍ത്തിയിരിക്കുന്ന ഏഴു ചിത്രങ്ങളാണ് ഇവിടെ ഫോട്ടോമെര്‍ജിനായി ഉപയോഗിക്കുന്നത്. ക്യാമറയില്‍ പകര്‍ത്തപ്പെടുന്ന ചിത്രങ്ങളുടെ റെസല്യൂഷന്‍ ഒരുപക്ഷെ കൂടുതലായിരിക്കും. അതേ ചിത്രങ്ങള്‍ ഫോട്ടോമെര്‍ജിനായി ഉപയോഗിച്ചാല്‍ സമയം കൂടുതലെടുക്കുമെന്നു മാത്രമല്ല, ഒടുവില്‍ ഫോട്ടോമെര്‍ജ് ചെയ്തതിനു ശേഷം ലഭിക്കുന്ന ചിത്രത്തിന്റെ റെസല്യൂഷന്‍ ഈ ചിത്രങ്ങളുടേതിന് അനുസൃതമായി വളരെക്കൂടുതലുമായിരിക്കും. വൈറ്റ് ബാലന്‍സ്, ബ്രൈറ്റ്നെസ് എന്നിവയൊക്കെ ക്രമീകരിച്ചതിനു ശേഷം ചിത്രങ്ങള്‍ ഓരോന്നായി ഒരു പ്രത്യേക ഫോള്‍ഡറില്‍ സേവ് ചെയ്യുക. അതിനു ശേഷം ഫോട്ടോഷോപ്പ് പ്രധാനമെനുവില്‍ File > Automate > Photomerge... തിരഞ്ഞെടുക്കുക.

 ഫോട്ടോമെര്‍ജ്


ഫോട്ടോമെര്‍ജ് എന്ന മെനു ഇനം സെലക്ട് ചെയ്യുമ്പോള്‍ ചിത്രത്തില്‍ കാണുന്ന രീതിയില്‍ ഒരു വിന്‍ഡോ നമുക്ക് ലഭിക്കും. Use: എന്ന ടെക്സ്റ്റ് ബോക്സില്‍ നിന്നും Folder എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. Browse ബട്ടണ്‍ അമര്‍ത്തി, ഫോട്ടോമെര്‍ജിനായി തയ്യാറാക്കിയ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ തിരഞ്ഞു നല്‍കുക. ഉപയോഗിക്കേണ്ട ചിത്രങ്ങള്‍ തൊട്ടുതാഴെയായി ലോഡ് ചെയ്യപ്പെടും. എല്ലാ ചിത്രങ്ങളും ഫോട്ടോഷോപ്പില്‍ തുറന്നതിനു ശേഷം Add Open Files എന്ന ബട്ടണ്‍ അമര്‍ത്തിയും ചിത്രങ്ങള്‍ ഫോട്ടോമെര്‍ജിലേക്ക് ചേര്‍ക്കാവുന്നതാണ്. ആദ്യം കാണുന്ന Layout എന്ന ഭാഗത്ത് Auto എന്നത് സെലക്ട് ചെയ്യുക. മറ്റു രീതികള്‍ ഉപയോഗിച്ച് ഇതേ പക്രിയ വീണ്ടും ആവര്‍ത്തിച്ച് ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കാവുന്നതാണ്. Blend Images Together, Geometric Distortion Correction എന്നിവ സെലക്ട് ചെയ്യുക. ചില ലെന്‍സുകള്‍ ഉപയോഗിച്ച് ചിത്രമെടുക്കുമ്പോള്‍ അരികുകള്‍ അല്പം മങ്ങിയതാകുവാന്‍ സാധ്യതയുണ്ട്. ഇവിടെ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് ആ പ്രശ്നം ഉണ്ടെങ്കില്‍ Vignette Removal എന്ന ഓപ്ഷന്‍ കൂടി സെലക്ട് ചെയ്യാം. ഇത്രയും ചെയ്തതിനു ശേഷം OK ബട്ടണ്‍ അമര്‍ത്തുക. ഫോട്ടോഷോപ്പ് നാം നല്‍കിയ ചിത്രങ്ങളെല്ലാം നെയ്തെടുത്ത് ഒരു പനോരമ ചിത്രം സമ്മാനിക്കുന്നതാണ്. ലഭ്യമായ ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.


  മിനുക്കുപണികള്‍


ചിത്രം ആവശ്യത്തിനു വലുപ്പത്തില്‍ ക്രോപ്പ് ചെയ്യുകയും, പൂര്‍ണമാവാത്ത ഭാഗങ്ങള്‍ ക്ലോണ്‍ സ്റ്റാമ്പ് ടൂളോ മറ്റോ ഉപയോഗിച്ച് പൂര്‍ത്തിയാക്കുകയും ചെയ്താല്‍ നമുക്കൊരു നല്ല പനോരമ ചിത്രം ലഭിക്കുന്നതാണ്.

(2009 ജൂണ്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: Tutorial on creating a panoramic image using several photographs using Adobe Photoshop. Using Photomerge option in Adobe Photoshop to create Panoramas. Stiching many images to create a Panorama in Adobe Photoshop. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog.
--


 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome