Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Sunday, December 30, 2007

ഫ്ലാഷിലെ ആനിമേഷനുകള്‍ (ഭാഗം രണ്ട്)

Flash Animations - Shape Tween Animation, Shape Hints
അഡോബി ഫ്ലാഷില്‍ സാധ്യമാവുന്ന മോഷന്‍ ട്വീനിംഗിനെക്കുറിച്ചും, മോഷന്‍ ട്വീനിംഗിലെ വിവിധ സാധ്യതകളെക്കുറിച്ചും നാം കഴിഞ്ഞ ഭാഗത്തില്‍ മനസിലാക്കിയല്ലോ? ഫ്ലാഷില്‍ ലഭ്യമായ മറ്റൊരു ആനിമേഷന്‍ സങ്കേതമായ ഷേപ്പ് ട്വീനിംഗിനെക്കുറിച്ചാണ് ഈ ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. മോഷന്‍ ട്വീനിംഗ് ഉപയോഗിച്ച് ലൈബ്രറിയില്‍ ലഭ്യമായ ഒരു സിംബലിനെയാണ് നാം ആനിമേറ്റ് ചെയ്തത്. ഓബ്ജക്ടിന്റെ അടിസ്ഥാന രൂപത്തില്‍ മാറ്റം വരുത്താതെയുള്ള ആനിമേഷനുകളായിരുന്നു മോഷന്‍ ട്വീനിംഗില്‍ സാധ്യമായത്. എന്നാലിവിടെ വസ്തുവിന്റെ അടിസ്ഥാനരൂപത്തിലാണ് നാം മാറ്റം വരുത്തുന്നത്. അതായത് ഫ്ലാഷില്‍ ലഭ്യമായിരിക്കുന്ന ഫില്‍/സ്ട്രോക്ക് കളറുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാത്രമാണ് ഷേപ്പ് ട്വീനിംഗ് നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കുക. ഒരു ഷേപ്പ് ട്വീനിംഗ് ചെയ്തു നോക്കി നമുക്ക് ഇതിനെക്കുറിച്ച് കൂടുതലായി മനസിലാക്കാം.

ഒരു പുതിയ ഫ്ലാഷ് ഫയല്‍ തുറന്ന്, ലഭ്യമായിരിക്കുന്ന ലെയ‌റില്‍ ഒന്നാമത്തെ ഫ്രയിമില്‍ ചിത്രത്തില്‍ കാണുന്ന രീതിയില്‍ ഒരു സമചതുരം വരയ്ക്കുക. സമചരുതത്തിന്റെ ഫില്‍ കളറായ നീലയും, സ്ട്രോക്ക് കളറായി വെളുപ്പും സെലക്ട് ചെയ്തിരിക്കുന്നു. അതേ ലെയ‌റില്‍ അന്‍പതാമത്തെ ഫ്രയിമില്‍ മറ്റൊരു പുതിയ കീഫ്രയിം (ബ്ലാങ്ക് കീഫ്രയിം) കൂട്ടിച്ചേര്‍ത്ത്, അവിടെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ ഒരു തൃകോണവും വരയ്ക്കുക. തൃകോണത്തിന്റെ ഫില്‍ കളറായി ചുവപ്പും, സ്ട്രോക്ക് കളറായി കറുപ്പും സെലക്ട് ചെയ്യുക.


സമചതുരം സ്റ്റേജില്‍ ഇടതുവശത്തോടു ചേര്‍ന്നും തൃകോണം വലതുവശത്തോടു ചേര്‍ന്നും ക്രമീകരിക്കുക. സമചതുരം വരച്ചിരിക്കുന്ന ഫ്രയിമില്‍ (ഫ്രയിം: 1) വലതുമൌസ് ബട്ടണ്‍ അമര്‍ത്തി, തുറന്നുവരുന്ന മെനുവില്‍ നിന്നും Create Shape Tween എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. മുകളിലെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ രണ്ട് കീഫ്രയിമുകള്‍ക്കും ഇടയിലുള്ള ഫ്രയിമുകള്‍ ഇളം‌മഞ്ഞ നിറത്തിലാവുകയും, രണ്ടു ഫ്രയിമുകളും ഒരു ആരോ ഉപയോഗിച്ച് ബന്ധിക്കപ്പെട്ടിരിക്കുകയും ചെയ്യും. ഡോട്ടഡ് ലൈനുപയോഗിച്ചാണ് ഇവരണ്ടും ബന്ധിപ്പിച്ചിരിക്കുന്നതെങ്കില്‍, അതിനര്‍ത്ഥം ആനിമേഷന്‍ ശരിയായല്ല നല്‍കിയിരിക്കുന്നതെന്നാണ്. ഏതെങ്കിലുമൊരു കീഫ്രയിമില്‍, ഫില്‍/സ്ട്രോക്ക് കളറല്ലാതെ മറ്റൊരു ഓബ്ജക്ട് അടങ്ങിയിരിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാവുക. ശരിയായി ഓബ്ജക്ടുകള്‍ രണ്ട് കീഫ്രയിമുകളും നല്‍കിയിട്ടുണ്ടെങ്കില്‍ ലഭ്യമാവുന്ന ആനിമേഷനാണ് താഴെ കാണുന്നത്.


ചിത്രത്തിന്റെ രൂപവും നിറവും ക്രമമായി വ്യത്യാസപ്പെടുന്ന ഒരു ആനിമേഷനാണ് നമുക്കിപ്പോള്‍ ലഭിച്ചത്. Ctrl + Enter അമര്‍ത്തി നമുക്ക് ഈ ആനിമേഷന്‍ പ്രിവ്യൂ കാണാവുന്നതാണ്. സമചതുരത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷ് ലെറ്റര്‍ N-ഉം, തൃകോണത്തിന്റെ സ്ഥാനത്ത് Z-ഉം വരച്ച് ഇതേ ആനിമേഷന്‍ ഒന്നുകൂടി ചെയ്തു നോക്കാം. ടെക്സ്റ്റ് ടൂള്‍ സെലക്ട് ചെയ്ത്, സ്റ്റാറ്റിക്ക് ടെക്സ്റ്റായി ഇമ്പാക്ട് ഫോണ്ട് ഉപയോഗിച്ച് ഈ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്ത ശേഷം, ബ്രേക്ക് (Ctrl + B) ചെയ്താല്‍ മതിയാവും. ഇപ്പോള്‍ ഒരു ഫില്‍ ഓബ്ജക്ടായി അക്ഷരങ്ങള്‍ നമുക്ക് ലഭ്യമാവും. ആവശ്യമുള്ള സ്ട്രോക്ക് കളര്‍ ഇങ്ക്-ബോട്ടില്‍ ടൂള്‍ ഉപയോഗിച്ച് നല്‍കാവുന്നതാണ്. ചിത്രത്തില്‍ കാണുന്ന N, Z എന്നിവ ഒന്നാമത്തേയും അന്‍പതാമത്തേയും ഫ്രയിമില്‍, രണ്ടു വശങ്ങളിലായി ക്രമീകരിക്കുക. ഷേപ്പ് ട്വീനിംഗ് പ്രയോഗിക്കുമ്പോള്‍ താഴെക്കാണുന്ന രീതിയിലൊരു ആനിമേഷനാവും നമുക്ക് ലഭിക്കുക.



ഷേപ്പ് ഹിന്റുകള്‍
മുകളില്‍ വിവരിച്ച ആനിമേഷനില്‍; N, Z എന്നീ അക്ഷരങ്ങള്‍ക്ക് ലഭ്യമായ മൂലകള്‍ തുല്യമാണെങ്കിലും, ഫ്ലാഷ് സ്വന്തം ഇഷ്ടപ്രകാരമാണ് ഷേപ്പ് ട്വീനിംഗ് സാധ്യമാക്കിയിരിക്കുന്നത്. N എന്ന അക്ഷരത്തിന്റെ മൂലകള്‍ തന്നെ Z എന്നതിന്റേയും മൂലകളായി മാറണമെങ്കില്‍, അത് നാം പ്രത്യേകം ഫ്ലാഷിനോട് നിര്‍ദ്ദേശിക്കണം. അതിനായി ഉപയോഗിക്കുന്ന സങ്കേതമാണ് ഷേപ്പ് ഹിന്റുകള്‍. ആദ്യമായി ഒന്നാമത്തെ ഫ്രയിമില്‍ ആവശ്യമുള്ള ഷേപ്പ് ഹിന്റുകള്‍ ചേര്‍ത്ത്, അവ N എന്ന അക്ഷരത്തിന്റെ മൂലകളില്‍ ക്രമീകരിക്കണം. Ctrl + Shift + H അമര്‍ത്തിയോ, പ്രധാനമെനുവില്‍ Modify > Shape > Add Shape Hint സെലക്ട് ചെയ്തോ ഷേപ്പ് ഹിന്റുകള്‍ സ്റ്റേജിലേക്ക് ചേര്‍ക്കാവുന്നതാണ്. ഒരു ചെറിയ വൃത്തത്തിനുള്ളില്‍ a, b, c എന്നിങ്ങനെയാവും ഷേപ്പ് ഹിന്റുകള്‍ അടയാളപ്പെടുത്തിയിരിക്കുക. ആദ്യം സ്റ്റേജിലേക്ക് ചേര്‍ക്കുമ്പോള്‍ വൃത്തത്തിന്റെ നിറം ചുവപ്പായിരിക്കും. ചിത്രം ശ്രദ്ധിക്കുക. ഷേപ്പ് ഹിന്റിനു മുകളില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത്, അതിന്റെ സ്ഥാനം ക്രമീകരിക്കാവുന്നതാണ്. കൂടുതല്‍ ഷേപ്പ് ഹിന്റുകള്‍ ഈ രീതിയില്‍ മൂലകളില്‍ (N) ക്രമീകരിക്കുക.

തുടര്‍ന്ന് അന്‍പതാമത്തെ ഫ്രയിമിലെത്തുക. അവിടെയും ഇത്രയും തന്നെ ഷേപ്പ് ഹിന്റുകള്‍ സ്റ്റേജിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കും. അവിടെയും ഷേപ്പ് ഹിന്റുകളുടെ സ്ഥാനം ആവശ്യാനുസരണം ക്രമീകരിക്കുക. ശരിയായി ക്രമീകരിച്ചു കഴിഞ്ഞാല്‍, ആദ്യ ഫ്രയിമിലെ ഷേപ്പ് ഹിന്റുകള്‍ ഇളം‌മഞ്ഞ നിറത്തിലും, അവസാന ഫ്രയിമിലെ ഷേപ്പ് ഹിന്റുകള്‍ ഇളം‌പച്ച നിറത്തിലും കാണപ്പെടും. അടുത്ത ചിത്രം കാണുക.


ഷേപ്പ് ഹിന്റുകള്‍ ഉപയോഗിച്ചും, ഉപയോഗിക്കാതെയും ഇതേ ആനിമേഷന്‍ ചെയ്യുമ്പോഴുള്ള വ്യത്യാസം അടുത്ത ചിത്രത്തില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും. Ctrl + Alt + H അമര്‍ത്തി ഷേപ്പ് ഹിന്റ് സ്റ്റേജില്‍ ദൃശ്യമാക്കുകയോ അദൃശ്യമാക്കുകയോ ചെയ്യാവുന്നതാണ്. ഏതെങ്കിലുമൊരു ഷേപ്പ് ഹിന്റിനു മുകളില്‍ വലതുമൌസ് ബട്ടണ്‍ അമര്‍ത്തിയാല്‍, ഷേപ്പ് ഹിന്റുകള്‍ ഓരോന്നായോ മുഴുവനായോ ഒഴിവാക്കുവാനുള്ള ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്. മോഷന്‍ ട്വീനിംഗില്‍ പരിചയപ്പെട്ട ഈസ് ഇന്‍/ഔട്ട് സാധ്യതകള്‍ ഷേപ്പ് ട്വീനിംഗിലും ഉപയോഗിക്കാവുന്നതാണ്. ഹിന്റുകള്‍ രണ്ട് ഫ്രയിമിലും പ്ലോട്ട് ചെയ്യുന്നതിന് അനുസൃതമായി ആനിമേഷനിലും മാറ്റമുണ്ടാവും.




(2007 ഡിസംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Adobe, Flash, Animation, Tutorial, Malayalam, Motion, Shape, Shape Hints, Tween, Macromedia, InfoKairali
--



Sunday, November 25, 2007

ഫ്ലാഷിലെ ആനിമേഷനുകള്‍ (ഭാഗം ഒന്ന്)

Flash Animations Part I - Motion Tween Animation Tutorial.
അഡോബി ഫ്ലാഷിന്റെ ഒരു സാധ്യതയാണ് അതില്‍ ചെയ്യാവുന്ന ആനിമേഷനുകള്‍. ഫ്രയിമുകളായി തിരിച്ചിരിക്കുന്ന ടൈം‌ലൈനാണല്ലോ ഫ്ലാഷിന്റെ ഒരു പ്രധാന ഘടകം. ടൈം‌ലൈനില്‍ ലഭ്യമായ ഏതെങ്കിലും ഒരു ലെയ‌റില്‍, വിവിധ കീഫ്രയിമുകള്‍ ചേര്‍ത്ത് (കീ-ബോര്‍ഡില്‍ F6 അമര്‍ത്തി കീഫ്രയിമുകള്‍ ചേര്‍ക്കാവുന്നതാണ്.), അവയോരോന്നിലും ഒരു ആനിമേഷന്റെ വിവിധ ഘട്ടങ്ങള്‍ വരച്ചു ചേര്‍ത്ത്, ആനിമേഷന്‍ സാധ്യമാക്കാവുന്നതാണ്. എന്നാല്‍ ഇങ്ങിനെയല്ലാതെ മറ്റ് രണ്ട് രീതികളിലുള്ള ആനിമേഷനുകള്‍ കൂടി ഫ്ലാഷില്‍ ലഭ്യമാണ്.
• മോഷന്‍ ട്വീനിംഗ്
• ഷേപ്പ് ട്വീനിംഗ്

ഈ രീതികളില്‍, ഒരു ആനിമേഷന്റെ തുടക്കത്തിലുള്ള കീഫ്രയിമിലുള്ള ചിത്രവും, ഒടുവിലുള്ള കീഫ്രയിമിലുള്ള ചിത്രവും മാത്രം വരച്ചു നല്‍കിയാല്‍ മതിയാവും. ആദ്യഫ്രയിമിനും ഒടുവിലെ ഫ്രയിമിനും ഇടയിലുള്ള ഫ്രയിമുകളിലെ ചിത്രത്തിന്റെ മാറ്റങ്ങള്‍ ഫ്ലാഷ് സ്വയം കൂട്ടിച്ചേര്‍ത്തുകൊള്ളും. ഈ രീതികളില്‍ സാധ്യമാവുന്ന ആനിമേഷനുകള്‍ക്ക് പരിധിയുണ്ടെങ്കിലും, പലപ്പോഴും വളരെ പ്രയോജനപ്രദമാകാറുണ്ട് ഇവ.

മോഷന്‍ ട്വീനിംഗ്
ലൈബ്രറിയില്‍ ലഭ്യമായ സിംബലുകള്‍ (മൂവിക്ലിപ്പ്, ഗ്രാഫിക്, ബട്ടണ്‍) ആനിമേറ്റ് ചെയ്യുവാനാണ് ഈ രീതി ഉപയോഗിക്കുക. ഈ രീതിയില്‍ ചെയ്യുന്ന ആനിമേഷനുകളില്‍, ആദ്യഫ്രയിമിലെ വസ്തുവിന്റെ അടിസ്ഥാനരൂപത്തില്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ല. എന്നാല്‍, വസ്തുവിന്റെ വലുപ്പം, നിറം, സ്ഥാനം, ഒപ്പാസിറ്റി തുടങ്ങിയ വിലകള്‍ ഒരു ആനിമേഷനിലൂടെ വ്യത്യാസപ്പെടുത്തുവാന്‍ മോഷന്‍ ട്വീനിംഗിലൂടെ സാധിക്കും.

എങ്ങിനെ മോഷന്‍ ട്വീനിംഗ് ഫ്ലാഷില്‍ സാധ്യമാക്കാമെന്നു നോക്കാം. ആദ്യമായി ഒരു പുതിയ ഡോക്യുമെന്റ് തുറന്ന്, ടൈം‌ലൈനില്‍ ലഭ്യമായ Layer 1 എന്ന ലെയറിന്റെ ആദ്യ ഫ്രയിമില്‍ ഓവല്‍ ടൂള്‍ സെലക്ട് ചെയ്ത് (കീ-ബോര്‍ഡില്‍ O അമര്‍ത്തുക) ഒരു വൃത്തം വരയ്ക്കുക. ഈ ലെയ‌റിനെ നമുക്ക് സൌകര്യത്തിനായി Ball എന്നു വിളിക്കാം. തുടര്‍ന്ന് അന്‍പതാമത്തെ ഫ്രയിമില്‍ ഒരു കീഫ്രയിം കൂട്ടിച്ചേര്‍ക്കുക. മൌസ് ഉപയോഗിച്ച് അന്‍പതാമത്തെ ഫ്രയിമില്‍ ക്ലിക്ക് ചെയ്ത്, കീ-ബോര്‍ഡില്‍ F6 അമര്‍ത്തിയാല്‍ മതിയാവും. തുടര്‍ന്ന് വീണ്ടും ഒന്നാമത്തെ ഫ്രയിമിലെത്തി, വലതുമൌസ് ബട്ടണമര്‍ത്തി, തുറന്നുവരുന്ന മെനുവില്‍ നിന്നും Create Motion Tween എന്ന ഓപ്‌ഷന്‍ സെലക്ട് ചെയ്യുക. താഴെ നല്‍കിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.
Flash Animations Part I - Motion Tween Animation Tutorial.

ഇപ്പോള്‍ ലൈബ്രറിയില്‍ Tween 1, Tween 2 എന്നിങ്ങനെ രണ്ട് ഗ്രാഫിക് സിംബലുകള്‍ ചേര്‍ത്തിരിക്കുന്നതുകാണാം. മോഷന്‍ ട്വീനിംഗ് നല്‍കുമ്പോള്‍, ആ ഫ്രയിമിലുള്ള ഓബ്‌‌‌ജക്ടുകളെ ഒരുമിപ്പിച്ച് ഫ്ലാഷ് സ്വയം ഒരു ഗ്രാഫിക് സിംബ‌ല്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ആദ്യം തന്നെ വൃത്തം സ്റ്റേജില്‍ സെലക്ട് ചെയ്ത് ഒരു പേരു നല്‍കി ഗ്രാഫിക്/മൂവിക്ലിപ്പ് സിംബലായി ചേര്‍ത്തിരുന്നുവെങ്കില്‍ ഫ്ലാഷ് വീണ്ടും അതിനെ സിംബലാക്കി മാറ്റുകയില്ലായിരുന്നു. മോഷന്‍ ട്വീന്‍ നല്‍കുന്നതുവരെയുള്ള ഭാഗം പിന്നിലേക്ക് പോയി (Ctrl + Z അമര്‍ത്തി Undo സാധ്യമാക്കാം.), വൃത്തത്തിനെ ഒരു ഗ്രാഫിക് സിംബലായി ലൈബ്രറിയിലേക്ക് ചേര്‍ക്കുക. Ball എന്നുതന്നെ ഇതിനും പേരു നല്‍കാം. തുടര്‍ന്ന് അന്‍പതാമത്തെ ഫ്രയിമില്‍ കീഫ്രയിം ചേര്‍ക്കുക, ഒന്നാമത്തെ ഫ്രയിമിലെത്തി മോഷന്‍ ട്വീന്‍ സെലക്ട് ചെയ്യുക.

ഇപ്പോള്‍ 1 മുതല്‍ 50 വരെയുള്ള ഫ്രയിമുകള്‍ ഇളം നീല നിറത്തിലാവും കാണപ്പെടുക. ഒരു ആരോ ചിഹ്നം ഉപയോഗിച്ച് ഇതുരണ്ടും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്. ആരോയ്ക്കു പകരം കുത്തുകളാലാണ് ഇവതമ്മില്‍ ചേര്‍ത്തിരിക്കുന്നതെങ്കില്‍, മോഷന്‍ ട്വീന്‍ നല്‍കിയിരിക്കുന്നത് ശരിയായ രീതിയിലല്ലെന്ന് മനസിലാക്കാം. ഏതെങ്കിലും ഒരു കീഫ്രയിമില്‍ ആനിമേഷനില്‍ ഉള്‍പ്പെടുന്ന സിംബല്‍ കൂടാതെ മറ്റെന്തെങ്കിലും സിംബല്‍ കൂടി അടങ്ങിയിരിക്കുമ്പോഴാണ് സാധാരണയായി ഇങ്ങിനെ സംഭവിക്കുക.

മോഷന്‍ ട്വീനിംഗ് ശരിയായ രീതിയില്‍ നല്‍കിയ ശേഷം അന്‍പതാമത്തെ ഫ്രയിം സെലക്ട് ചെയ്യുക. തുടര്‍ന്ന് സ്റ്റേജില്‍ Ball എന്ന സിംബല്‍ ഇന്‍സ്റ്റന്‍സ് സെലക്ട് ചെയ്ത് എന്തെങ്കിലുമൊരു ട്രാന്‍സ്‌ഫൊര്‍മ്മേഷന്‍ നല്‍കുക. ഇവിടെ സ്റ്റേജിന്റെ ഇടതുഭാഗത്തുനിന്നും വലത്തേക്ക് മാറ്റി വെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. Enter കീ അമര്‍ത്തി ആനിമേഷന്‍ സ്റ്റേജില്‍ പ്രിവ്യൂ കാണാവുന്നതാണ്. Ctrl+Enter അമര്‍ത്തിയാല്‍ ഫ്ലാഷ് പ്ലേയറില്‍ പ്രിവ്യൂ ദൃശ്യമാവും. ചിത്രം ശ്രദ്ധിക്കുക.
Flash Animations Part I - Motion Tween Animation Tutorial.

ഇവിടെ ബാള്‍ എന്ന സിംബല്‍ ഇന്‍സ്റ്റന്‍സ് നീങ്ങിയത് ഒരു നേര്‍രേഖയിലാണ്. വളഞ്ഞുപുളഞ്ഞ രിതിയിലാണ് നമുക്ക് ബാള്‍ എന്നതിനെ നീക്കേണ്ടതെങ്കിലോ? അതിനും ഫ്ലാഷില്‍ ഉപായമുണ്ട്. ചിത്രം സി കാണുക. ചിത്രത്തില്‍ തന്നിരിക്കുന്ന രീതിയില്‍ ടൈം‌ലൈനില്‍ അടങ്ങിയിരിക്കുന്ന ലെയറുകളുടെ താഴെയായി നല്‍കിയിരിക്കുന്ന നിരയില്‍ രണ്ടാമത്തെ ബട്ടണ്‍ (Add Motion Guide) എന്നതില്‍ മൌസമര്‍ത്തുക. അടുത്ത ചിത്രത്തില്‍ കാണുന്ന രീതിയില്‍ Guide: Ball എന്ന പേരില്‍ മറ്റൊരു ലെയര്‍ കൂടി ചേര്‍ക്കപ്പെടും.
Flash Animations Part I - Motion Tween Animation Tutorial.

ഈ ലെയ‌റില്‍ ഏതെങ്കിലും സ്ട്രോക്ക് ടൂള്‍ ഉപയോഗിച്ച് (Pencil , Line എന്നിവയാണ് ഈ വിഭാഗത്തില്‍ വരിക) ബാള്‍ സഞ്ചരിക്കുവാന്‍ താത്പര്യപ്പെടുന്ന രീതിയില്‍ ഒരു പാത്ത് വരയ്ക്കുക. തുടര്‍ന്ന് ഒന്നാമത്തെയും, അന്‍പതാമത്തെയും ഫ്രയിമിലുള്ള സിംബലുകള്‍ വരച്ച പാത്തിന്റെ രണ്ട് അഗ്രങ്ങളിലും ശരിയായി ചേര്‍ക്കുക. ഓബ്‌ജക്ട് ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്ത് ഡ്രാഗ് ചെയ്യുക. താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന രീതിയില്‍, പാത്തിന്റെ അഗ്രത്തില്‍ ഒരു ചെറിയ വൃത്തം കാണുമ്പോള്‍ സിംബല്‍ റിലീസ് ചെയ്യുക.
Flash Animations Part I - Motion Tween Animation Tutorial.

എന്റര്‍ കീ അമര്‍ത്തി ആനിമേഷന്‍ റണ്‍ ചെയ്യുക.താഴെയുള്ള ചിത്രത്തില്‍ കാണുന്ന രീതിയില്‍ വരച്ച പാത്തിന് അനുസൃതമായി ബാള്‍ സഞ്ചരിക്കുന്നതാണ്.
Flash Animations Part I - Motion Tween Animation Tutorial.

ആനിമേഷന്റെ വേഗത നിര്‍ണ്ണയിക്കുന്നത് Frame rate എന്ന വേരിയബിളിന്റെ വിലയെ അനുസൃതമാക്കിയാണ്. ഒരു സെക്കന്റില്‍ എത്ര ഫ്രയിമുകള്‍ ദൃശ്യമാക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ആനിമേഷനുകള്‍ക്ക് 12, 15 എന്നിവയാണ് ഫ്രയിം റേറ്റായി ഉപയോഗിക്കാറുള്ളത്. സെലക്ഷന്‍ ടൂള്‍ സെലക്ട് ചെയ്തിരിക്കുമ്പോള്‍, സ്റ്റേജില്‍ മറ്റൊന്നും സെലക്ട് ചെയ്തിട്ടില്ലെങ്കില്‍ ലഭ്യമാവുന്ന പ്രോപ്പര്‍ട്ടീസ് പാനലില്‍ ഫ്രയിം റേറ്റ് വ്യത്യാസപ്പെടുത്താവുന്നതാണ്. Ctrl + J അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന, Document Properties ജാലകത്തിലും ഇതിന്റെ വില വ്യത്യാസപ്പെടുത്തുവാന്‍ കഴിയും. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.
Flash Animations Part I - Motion Tween Animation Tutorial.

Ctrl + Enter അമര്‍ത്തി ഫ്ലാഷ് പ്ലയ‌റില്‍ മൂവി ക്ലിപ്പ് എങ്ങിനെ ദൃശ്യമാവും എന്നതിന്റെ പ്രിവ്യൂ കാണാവുന്നതാണ്. ഇവിടെ പാത്ത് ദൃശ്യമാവില്ല. ഒന്നാമത്തെ ഫ്രയിം (ബാള്‍ എന്ന ലെയ‌റില്‍) സെലക്ട് ചെയ്യുക. പ്രോപ്പര്‍ട്ടീസ് പാനല്‍ ശ്രദ്ധിക്കുക. ആനിമേഷനില്‍ ഉപയോഗിക്കാവുന്ന കൂടുതല്‍ സാധ്യതകള്‍ ഇവിടെ ലഭ്യമാണ്.
Flash Animations Part I - Motion Tween Animation Tutorial.

Ease: എന്ന പരാമീറ്ററാണ് ഇവയില്‍ ഏറ്റവും പ്രയോജനപ്രദം. തൊട്ടടുത്ത ടെക്സ്റ്റ് ബോക്സില്‍ വില നല്‍കുകയോ, സ്ലൈഡര്‍ ഉപയോഗിച്ച് വില ക്രമീകരിക്കുകയോ ആവാം. -1 മുതല്‍ -100 വരെയുള്ള വിലകള്‍ ഉപയോഗിക്കുമ്പോള്‍ Ease in എന്നും 1 മുതല്‍ 100 വരെയുള്ള വിലകള്‍ ഉപയോഗിക്കുമ്പോള്‍ Ease out എന്നും പറയുന്നു. ഈസ് ഇന്‍ എന്നാല്‍ വേഗതയില്‍ തുടങ്ങി സാവധാനം ആനിമേഷന്‍ അവസാനിക്കുന്നു (Decelerate). ഈസ് ഔട്ട് എന്നാല്‍ സാവധാനം തുടങ്ങി വേഗതയില്‍ ആനിമേഷന്‍ അവസാനിക്കുന്നു (Accelerate). ഈ രണ്ട് രീതിയിലുള്ള മോഷന്‍ ട്വീനിംഗ് തമ്മിലുള്ള വ്യത്യാസം അടുത്ത ചിത്രത്തില്‍ നിന്നും മനസിലാക്കാം.
Flash Animations Part I - Motion Tween Animation Tutorial.

സാവധാനത്തില്‍ തുടങ്ങി വേഗതയാര്‍ജിച്ച് പിന്നെയും സാവധാനത്തിലായി ആനിമേഷന്‍ അവസാനിക്കണമെങ്കിലോ? അതും ഇവിടെ സാധ്യമാണ്. Ease: എന്ന ടെക്സ്റ്റ് ബോക്സിന്റെ സമീപമായി Edit എന്നൊരു ബട്ടണ്‍ ദൃശ്യമായിരിക്കും. മുകളില്‍ രണ്ടാമത്തെ ചിത്രം ശ്രദ്ധിക്കുക. ഇതില്‍ ക്ലിക്ക് ചെയ്ത് Custom Ease In / Ease Out ഡയലോഗ് ബോക്സ് ദൃശ്യമാക്കുക. അവിടെ താഴെക്കാണുന്ന രീതിയില്‍ ഗ്രാഫ് വ്യത്യാസപ്പെടുത്തുക. നേര്‍ രേഖയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് ഈ രീതിയിലേക്ക് മാറ്റാവുന്നതാണ്.
Flash Animations Part I - Motion Tween Animation Tutorial.

ഇപ്പോള്‍ ലഭ്യമാവുന്ന ആനിമേഷനാണ് അടുത്ത ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. കസ്റ്റം ഈസ് ഉപയോഗിച്ചിരിക്കുന്നതാല്‍ ടെക്സ്റ്റ് ബോക്സില്‍, വില ദൃശ്യമാവില്ല. എഡിറ്റ് ബട്ടണ്‍ വീണ്ടും അമര്‍ത്തി ഇതില്‍ മാറ്റം വരുത്താവുന്നതാണ്.
Flash Animations Part I - Motion Tween Animation Tutorial.

വെക്ടര്‍ ഓബജക്ടുകളുടെ ആനിമേഷന്‍ സാധ്യമാക്കുന്ന ഷേപ്പ് ട്വീനിംഗിനെക്കുറിച്ച് അടുത്ത ഭാഗത്തില്‍.



(2007 നവംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Adobe, Flash, Animation, Tutorial, Malayalam, Motion, Shape, Tween, Ease in, Ease out, Custom Ease, Guide Line, Macromedia, InfoKairali
--



Friday, October 26, 2007

ശബ്ദലേഖനം കമ്പ്യൂട്ടറില്‍

Sound Recording, Windows, Multimedia, Computer, Karoke, Microphone, Mixer, Tape Recorder, Analogue to Digital, Wave-form, Wave Mapping, Audacity, Record, Settings
മള്‍ട്ടിമീഡിയ കമ്പ്യൂട്ടറുകളുടെ ഒരു പ്രധാന സാധ്യതയാണ് ശബ്ദലേഖനം അഥവാ സൌണ്ട് റിക്കാര്‍ഡിംഗ്. നമ്മുടെ പക്കലുള്ള പഴയ ആഡിയോ കാസെറ്റുകള്‍ ഡിജിറ്റല്‍ സംഗീതമാക്കി മാറ്റുവാനും; കരോക്കെ ട്രാക്കിനൊപ്പം പാടി നമ്മുടെ ശബ്ദത്തില്‍ ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യുവാനും; ടി.വി., സ്റ്റേജ് ഷോകള്‍ എന്നിവയില്‍ വരുന്ന പരിപാടികള്‍ റിക്കാര്‍ഡ് ചെയ്യുവാനുമൊക്കെ ഈ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാലധികമാരും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഒരു മള്‍‌‌ട്ടിമീഡിയ കമ്പ്യൂട്ടറുപയോഗിച്ച് ശബ്ദലേഖനം എങ്ങിനെ സാധ്യമാക്കാമെന്ന് ഇവിടെ ലളിതമായി വിശദീകരിച്ചിരിക്കുന്നു.

സജ്ജീകരണം

Sound Recording using Audacityആദ്യമായി റിക്കാര്‍ഡ് ചെയ്യുന്നതിനായി കമ്പ്യൂട്ടറിനെ തയ്യാറാക്കേണ്ടതുണ്ട്. ചിത്രത്തില്‍ കാണുന്നതുപോലെയാവും നിങ്ങളുടെ കമ്പ്യൂട്ടറിനു പിറകില്‍ ആഡിയോ ജാക്കുകള്‍ ലഭ്യമായിരിക്കുക. (കൂടുതല്‍ മികച്ച 2.1, 4.1, 5.1, 7.1 സൌണ്ട് കാര്‍ഡുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതില്‍ വ്യത്യാസമുണ്ടാവും. സാധാരണയായി മള്‍ട്ടിമീ‍ഡിയ കമ്പ്യൂട്ടറുകള്‍ക്കൊപ്പം ലഭ്യമായ ആഡിയോ ജാക്കുകളാണ് ചിത്രത്തില്‍.) പച്ച നിറത്തില്‍ (ചിത്രത്തില്‍ ഏറ്റവും മുകളിലായി കാണുന്നത്) കാണുന്ന ജാക്കിലാ‍ണ് സ്പീക്കറുകളിലേക്കുള്ള കേബിള്‍ ഘടിപ്പിക്കേണ്ടത്. നീല നിറത്തിലുള്ള ജാക്ക് ലൈന്‍-ഇന്‍, ചുവന്ന നിറത്തിലുള്ള ജാക്ക് മൈക്രോഫോണ്‍ എന്നിവയെ സൂചിപ്പിക്കുന്നു. ഒരു മൈക്കാണ് ഘടിപ്പിക്കേണ്ടതെങ്കില്‍ അതിനായി ചുവന്ന ജാക്ക് ഉപയോഗിക്കുക. ജാക്കിലേക്ക് ഘടിപ്പിക്കേണ്ട അഗ്രത്ത്, സ്റ്റീരിയോ പിന്‍ ലഭ്യമായ മൈക്രോഫോണാണ് ഉപയോഗിക്കേണ്ടത്. Sound Recording using Audacityടെലിവിഷന്‍, ടേപ്പ് റിക്കാര്‍ഡര്‍, മിക്സര്‍ എന്നിവയില്‍ നിന്നും റിക്കാര്‍ഡ് ചെയ്യുവാന്‍ RCA കണക്ടര്‍‍ ഒരു വശത്തും, സ്റ്റീരിയോ കണക്ടര്‍ മറുഭാഗത്തുമുള്ള കേബിളുകള്‍ ഉപയോഗിക്കാം. ആര്‍.സി.എ. കണക്ടറുകളില്‍ വെളുപ്പ് ലെഫ്റ്റ് ചാനലിനേയും, ചുവപ്പ് റൈറ്റ് ചാനലിനേയും സൂചിപ്പിക്കുന്നു. സ്റ്റീരിയോ പിന്‍, അതായത് ലൈന്‍-ഇന്നിലേക്ക് ഘടിപ്പിക്കേണ്ട അഗ്രം, നീലനിറത്തിലാണ് സാധാരണയായി ലഭ്യമാവുക. ആര്‍.സി.എ. കണക്ടറുകള്‍, അതാത് നിറത്തിന് അനുസരിച്ച്, ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ ലഭ്യമായിരിക്കുന്ന ജാക്കുകളില്‍ കണക്ട് ചെയ്യാവുന്നതാണ്. ഇത്രയുമാണ് ഹാര്‍ഡ്‌വെയര്‍ സംബന്ധമായി സജ്ജീകരിക്കേണ്ടവ.

സോഫ്റ്റ്‌വെയര്‍ സംബന്ധമായുള്ള സജ്ജീകരണങ്ങളാണ് ഇനി. ലൈന്‍-ഇന്‍, മൈക്ക് എന്നിവയില്‍ ഏതില്‍ നിന്നുമുള്ള ഇന്‍-പുട്ടാണ് റിക്കാര്‍ഡ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുകയാണ് ആദ്യ പടി. അതിനായി വിന്‍ഡോസ് ടാസ്ക്‍ബാറില്‍ വലതുവശത്തായിക്കാണുന്ന സ്പീക്കര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് (സ്പീക്കര്‍ ഐക്കണ്‍ ലഭ്യമല്ലെങ്കില്‍, Start > Control Panel > Sounds & Audio Devices സെലക്ട് ചെയ്ത്, തുറന്നു വരുന്ന ജാലകത്തില്‍ Volume എന്ന ടാബില്‍ Place volume icon in the taskbar എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ഐക്കണ്‍ ടാസ്ക്‍ബാറില്‍ ലഭ്യമായിരിക്കും.) Sound Recording using AudacityVolume Control എന്ന ഡയലോഗ് ലഭ്യമാക്കുക. ഇവിടെ പ്രധാന മെനുവില്‍ Options > Properties സെലക്ട് ചെയ്ത്, തുറന്നു വരുന്ന ജാലകത്തില്‍ Recording എന്ന റേഡിയോ ബോക്സ് സെലക്ട് ചെയ്യുക. Show the following volume controls: എന്ന ഭാഗത്തു നിന്നും Line-in, Microphone, Wave/MP3 (Wave Out Mix, What you hear എന്നിങ്ങനെ സൌണ്ട് കാര്‍ഡ് ഡ്രൈവറിന് അനുസൃതമായി ഇതില്‍ മാറ്റം വരാം) എന്നിവയും സെലക്ട് ചെയ്യുക. OK ബട്ടണില്‍ മൌസമര്‍ത്തുക. ചിത്രത്തില്‍ കാണുന്ന രീതിയില്‍, Recording Control എന്ന ജാലകം ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമായിരിക്കും. ഇവിടെ നിന്നും ഏത് ഇന്‍-പുട്ടാണ് റിക്കാര്‍ഡ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്യുക. Wave/MP3 എന്നത് എന്താണോ നിങ്ങള്‍ സിസ്റ്റത്തില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്, അത് റിക്കാര്‍ഡ് ചെയ്യുക എന്നാണ്. ഓണ്‍ലൈനായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പാട്ട്, കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയുടെ സൌണ്ട് ട്രാക്ക് എന്നിവയൊക്കെ റിക്കാര്‍ഡ് ചെയ്യുവാന്‍ ഈ ഓപ്ഷന്‍ ഉപകരിക്കും. നമ്മുടെ റിക്കാര്‍ഡിംഗ് ആവശ്യകതയ്ക്ക് അനുസൃതമായി ഇവിടെ ഇതിലേതെങ്കിലുമൊന്ന് സെലക്ട് ചെയ്യുക.

ഓര്‍മ്മിക്കുക: Line-in, Microphone എന്നിവ റിക്കാര്‍ഡ് ചെയ്യുവാനായി സെലക്ട് ചെയ്യുമ്പോള്‍, ആദ്യം നമുക്ക് ലഭിച്ച Volume Control ജാലകത്തില്‍ അവയ്ക്ക് ലഭ്യമായ Mute ഓപ്ഷന്‍ സെലക്ട് ചെയ്തിരിക്കരുത്, അതുപോലെ Volume സ്ലൈഡര്‍ മുകളിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്. ലൈന്‍-ഇന്‍, മൈക്രോഫോണ്‍ എന്നിവയില്‍ നിന്നും റിക്കാര്‍ഡ് ചെയ്യുന്നതിനായും Wave/MP3 ഓപ്ഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. മൈക്രോഫോണ്‍ എന്ന സ്ലൈഡറിന്റെ ചുവട്ടില്‍ ലഭ്യമായ Advanced ബട്ടണില്‍ ക്ലിക്ക് ചെയ്ത്, തുറന്നുവരുന്ന ജാലകത്തില്‍ Microphone Boost എന്ന ഓപ്ഷന്‍ ടിക്ക് ചെയ്താല്‍, കൂടുതല്‍ ഉച്ചത്തില്‍ റിക്കാര്‍ഡിംഗ് സാധ്യമാവും. എന്നാല്‍ കൂടുതല്‍ വ്യക്തതയ്ക്ക് ഈ ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം.

റിക്കാര്‍ഡിംഗ്
Sound Recording using Audacityകമ്പ്യൂട്ടറിനെ റിക്കാര്‍ഡ് ചെയ്യുവാനായി തയ്യാറാക്കിക്കഴിഞ്ഞാല്‍, അടുത്തതായി വേണ്ടത് റിക്കാര്‍ഡ് ചെയ്യുവാനുള്ള ഒരു സോഫ്റ്റ്‌വെയ‌റാണ്. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ലഭ്യമായ സൌണ്ട് റിക്കാര്‍ഡര്‍ (Start > Programs > Accessories > Entertainment > Sound Recorder) ധാരാളം പരിമിതികളുള്ള ഒന്നാണ്. അതിനാല്‍ കൂടുതല്‍ മികച്ച ഒരു സോഫ്റ്റ്‌വെയര്‍ ഇതിനായി കമ്പ്യൂട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. വളരെ മികച്ചതും എന്നാല്‍ സ്വതന്ത്രവുമായ ഒരു റിക്കാര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍ ഇന്ന് ലഭ്യമാണ് - ആഡാസിറ്റി (Audacity). ഈ സോഫ്റ്റ്‌വെയറിന്റെ വിന്‍ഡോസ് പതിപ്പ്‍ ഇവിടെ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. സാധാരണ വിന്‍‌ഡോസ് സോഫ്റ്റ്‌വെയറുകളെപ്പോലെ ഇതും കമ്പ്യൂ‍ട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക. (C:\Program Files\Audacity എന്ന ഫോള്‍ഡറിലേക്കാണ് ഡിഫോള്‍ട്ടായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുക.) ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ അധികാരമില്ലാത്ത കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുവാനായി ആപ്ലിക്കേഷന്റെ ഒരു സിപ്പ് വേര്‍ഷന്‍ ഇവിടെ ലഭ്യമാണ്.

റിക്കാര്‍ഡ് ചെയ്ത ഫയലുകള്‍ MP3 ഫയലുകളായി സേവ് ചെയ്യുവാന്‍ ഡിഫോള്‍ട്ടായി ആഡാസിറ്റി ഉപയോഗിച്ച് സാധ്യമല്ല. അതിനായി Lame MP3 Encoder പ്രത്യേകം ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഒരു സിപ്പ് ഫയലായി lame_enc.dll എന്ന എന്‍‌കോഡര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. അണ്‍‌സിപ്പ് ചെയ്ത ശേഷം, ഈ dll ഫയല്‍ സിസ്റ്റത്തില്‍ എവിടെയെങ്കിലും സേവ് ചെയ്യുക. (C:\Program Files\Audacity\Plug-Ins എന്ന ഫോള്‍ഡറിലേക്ക് സേവ് ചെയ്യുന്നതാവും കൂടുതല്‍ സൌകര്യം.)

Sound Recording using Audacityആഡാസിറ്റി റണ്‍ ചെയ്യുക. Edit > Preferences സെലക്ട് ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ Audio I/O ടാബില്‍ Recording എന്ന ഭാഗത്ത് Device: എന്ന കോംബോ ബോക്സില്‍ നിന്നും സിസ്റ്റത്തില്‍ ലഭ്യമായിരിക്കുന്ന സൌണ്ട് ഇന്‍‌പുട്ട് ഡിവൈസുകളില്‍ നിന്നും റിക്കാര്‍ഡ് ചെയ്യുവാനായി ഉപയോഗിക്കേണ്ടത് സെലക്ട് ചെയ്യുക. Channels: എന്നതില്‍ നിന്നും 2 (Stereo) എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്നു കാണുന്ന രണ്ട് ചെക്ക്-ബോക്സ് ഓപ്ഷനുകളും ടിക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. അടുത്തതായി File Formats എന്ന ടാബിലെത്തി, ഇവിടെ MP3 Export Setup എന്ന വിഭാഗത്തില്‍ Find Library എന്ന ബട്ടണില്‍ മൌസമര്‍ത്തി, മുന്‍പ് സേവ് ചെയ്ത lame_enc.dll എന്ന DLL ഫയല്‍ ബ്രൌസ് ചെയ്ത് നല്‍കുക. ശരിയായ രീതിയില്‍ പ്ലഗിന്‍ ചേര്‍ക്കപ്പെട്ടാല്‍, MP3 ലൈബ്രറി വേര്‍ഷന്‍ ദൃശ്യമാവും. ആവശ്യമുള്ള ബിറ്റ്-റേറ്റ് തൊട്ടുതാഴെക്കാണുന്ന കോംബോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. OK ബട്ടണ്‍ അമര്‍ത്തി വ്യത്യാസം വരുത്തിയ സെറ്റിംഗുകള്‍ സേവ് ചെയ്യുക.

Sound Recording using Audacityഇപ്പോള്‍ റിക്കാര്‍ഡിംഗിനായി നാം പൂര്‍ണ്ണമായും തയ്യാറായിക്കഴിഞ്ഞു. മുകളിലായി ലഭ്യമായിരിക്കുന്ന Control Toolbar-ല്‍ നിന്നും റിക്കാര്‍ഡ് ബട്ടണില്‍(ചുവന്ന വൃത്തം) മൌസമര്‍ത്തി റിക്കാര്‍ഡിംഗ് ആരംഭിക്കാവുന്നതാണ്. റിക്കാര്‍ഡിംഗ് അവസാനിപ്പിക്കുവാന്‍ സ്റ്റോപ്പ് ബട്ടണ്‍(പച്ച ചതുരം) അമര്‍ത്തുക. Control Toolbar-ന് വലതുഭാഗത്തായി കാണുന്ന Input Level Meter ശ്രദ്ധിക്കുക, റിക്കാര്‍ഡ് ചെയ്യുന്ന ശബ്ദത്തിന് അനുസൃതമായി ഇവിടെ L/R ചാനലുകളില്‍ ഇന്‍ഡിക്കേഷന്‍ കാണാവുന്നതാണ്. റിക്കാര്‍ഡ് ചെയ്തത്രയും ഭാഗത്തിന്റെ Wave-form താഴെയൊരു Audio Track-ആയി ലഭ്യമായിത്തുടങ്ങുകയും ചെയ്യും.

Sound Recording using Audacityആഡാസിറ്റിയില്‍ നിന്നുതന്നെ റിക്കാര്‍ഡിംഗ് സോഴ്സ്, സോഴ്സ് വോളിയം എന്നിവ സെലക്ട് ചെയ്യുവാനുള്ള ഓപ്ഷനും ലഭ്യമാണ്. ഇവിടെ Wave Out mix (അഥവാ Wave/MP3) എന്ന ഓപ്ഷനാണ് സെലക്ട് ചെയ്തിരിക്കുന്നത്. ഇന്‍പുട്ട് വോളിയം കോംബോ ബോക്സിന് ഇടതുവശത്തുകാണുന്ന സ്ലൈഡര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്നതാണ്.

റിക്കാര്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
• Wave Out Mix ആണ് ഉപയോഗിക്കുന്നതെങ്കില്‍ Volume Control തുറന്ന് ആവശ്യത്തിനു മാത്രം വോളിയം സെലക്ട് ചെയ്യുക.
• റിക്കാര്‍ഡ് ചെയ്യുമ്പോള്‍, കാണുന്ന Wave-form ശ്രദ്ധിക്കുക. താഴെക്കാണുന്ന ചിത്രത്തില്‍ കാണുന്ന പ്രകാരം ആദ്യ രണ്ടു രീതികളിലാണ് (ആദ്യത്തേതില്‍ Wave-form പുറത്തേക്ക് പോയിരിക്കുന്നു, അടുത്തതില്‍ Wave-form-ന്റെ മുകള്‍വശവും കീഴ്വശവും ഫ്ലാറ്റ് ആയിരിക്കുന്നു‌) Wave-form കാണുന്നതെങ്കില്‍, റിക്കാര്‍ഡിംഗിന്റെ ഗുണനിലവാരം കുറവായിരിക്കും. Volume Control, Input Volume എന്നിവ ക്രമീകരിച്ച് ഈ Wave-form ചിത്രത്തില്‍ മൂന്നാമതായി കാണുന്ന രീതിയില്‍ ക്രമീകരിക്കുക. Wave-form അരികുകളോട് കൂടുതല്‍ അടുക്കുന്തോറും കൂടുതല്‍ ശബ്ദത്തിലാവും റിക്കാര്‍ഡിംഗ് നടക്കുന്നത്.
Sound Recording using Audacity
• Wave Out Mix ആണ് ഉപയോഗിക്കുന്നതെങ്കില്‍ സിസ്റ്റം സൌണ്ടുകള്‍ ഒഴിവാക്കുന്നതാവും ഉചിതം. Start > Control Panel > Sounds & Audio Devices തുറക്കുക, Sounds ടാബില്‍ Sound Scheme: എന്നതിന്റെ വിലയായി No Sounds എന്ന ഇനം തിരഞ്ഞെടുക്കുക. സ്ക്രീന്‍‌സേവര്‍, പവര്‍ സേവിംഗ് ഓപ്ഷന്‍ എന്നിവയും ഡിസേബിള്‍ ചെയ്യുക.
• കരോക്കേ റിക്കാര്‍ഡ് ചെയ്യുവാനും‍ Wave Out Mix ഉപയോഗിക്കാം. Winamp, Real Player, Windows Media Player തുടങ്ങിയ ഏതെങ്കിലുമൊരു ആഡിയോ പ്ലേയറില്‍ കരോക്കേ ട്രാക്ക് പ്ലേ ചെയ്ത ശേഷം, മൈക്കിലൂടെ പാടുക. Wave Out Mix സെലക്ട് ചെയ്തിരിക്കുന്നതിനാല്‍, രണ്ടും കൂടി ഒരുമിച്ചാവും റിക്കാര്‍ഡ് ചെയ്യപ്പെടുക. മറ്റൊരു വിധത്തിലും ഇത് സാധ്യമാണ്. പ്രധാനമെനുവില്‍ Edit > Preferences തുറന്ന്, Audio I/O ടാബില്‍ Play other tracks while recording new one എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക. OK ബട്ടണ്‍ അമര്‍ത്തി സെറ്റിംഗ് സേവ് ചെയ്യുക. കരോക്കെ ട്രാക്ക് ആദ്യം ആഡാസിറ്റിയിലേക്ക് ഇം‌പോര്‍ട്ട് ചെയ്യുക. തുടര്‍ന്ന് റിക്കാര്‍ഡിംഗ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, റിക്കാര്‍ഡിംഗ് തുടങ്ങുന്നതിനൊപ്പം കരോക്കെ ട്രാക്ക് പ്ലേ ചെയ്യുകയും ചെയ്യും. റിക്കാര്‍ഡ് ചെയ്തതിനു ശേഷം Export as MP3... സെലക്ട് ചെയ്താല്‍, ഈ രണ്ട് ട്രാക്കുകളും കൂടി മിക്സ് ചെയ്ത് ഒരു സ്റ്റീരിയോ ട്രാക്കാ‍യി സേവ് ചെയ്യപ്പെടും. ശ്രദ്ധിക്കുക: ഈ രീതി ഉപയോഗിക്കുമ്പോള്‍, റിക്കാര്‍ഡിംഗ് സ്ലോ ആകുവാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നെങ്കില്‍ ആദ്യത്തെ രീതി തന്നെ ഉപയോഗിക്കുക.
• ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ നിന്നുമാണ് റിക്കാര്‍ഡ് ചെയ്യുന്നതെങ്കില്‍, Line-in ജാക്ക് ഉപയോഗിക്കുന്നതാണ് ഉചിതം. ഇന്‍-പുട്ട് വോളിയം ടി.വി/ടേപ്പ്-റിക്കാര്‍ഡര്‍/മിക്സര്‍ എന്നിവയില്‍ തന്നെ ക്രമീകരിക്കുക.

റിക്കാര്‍ഡിംഗിനു ശേഷം ആ‍ഡിയോ ട്രാക്കുകള്‍ സേവ് ചെയ്യേണ്ടതുണ്ട്. അതിനായി പ്രധാന മെനുവില്‍ File > Export as Wav.../MP3.../Ogg Vorbis... ഇവയിലൊന്ന് സെലക്ട് ചെയ്യുക. MP3 ഫോര്‍മാറ്റിലാണ് സേവ് ചെയ്യുവാന്‍ നല്‍കുന്നതെങ്കില്‍, MP3 പ്ലഗ്-ഇന്‍ മുന്‍പ് സെലക്ട് ചെയ്തിട്ടില്ലെങ്കില്‍, പ്ലഗ്-ഇന്‍ സെലക്ട് ചെയ്യുവാന്‍ ഇപ്പോള്‍ ആവശ്യപ്പെടും. പിന്നീട് കൂടുതല്‍ എഡിറ്റിംഗ് ചെയ്യുവാനുണ്ടെങ്കില്‍ Save Project എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.


(2007 ഡിസംബർ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)



Keywords: Sound Recording, Windows, Multimedia, Computer, Karoke, Microphone, Mixer, Tape Recorder, Analogue to Digital, Wave-form, Wave Mapping, Audacity, Record, Settings.
--



Thursday, October 18, 2007

ചിത്രങ്ങളും ബോര്‍ഡറുകളും (ഭാ‍ഗം 2)

Photoshop, Tutorial, Border, Borders, Pictures, Info Kairali, InfoKairali, General, Article, Published, Frames, Photos, How to
ചിത്രങ്ങള്‍ക്ക് സാധാരണരീതിയിലുള്ള ബൊര്‍ഡറുകള്‍ എങ്ങിനെ നല്‍കാമെന്ന് ഒന്നാം ഭാഗത്തില്‍ നാം മനസിലാക്കിയല്ലോ. കൂടുതല്‍ ആകര്‍ഷകമായ, പ്രത്യേകതകളുള്ള ബോര്‍ഡറുകള്‍ എങ്ങിനെ നല്‍കാമെന്ന് ഈ ഭാഗത്തില്‍ നമുക്കു കാണാം. ഫോട്ടോഷോപ്പിനെക്കുറിച്ച് കുറച്ചുകൂടി ധാരണ ഈ രീതിയില്‍ ബോര്‍ഡര്‍ നല്‍കുവാന്‍ ആവശ്യമാണ്. എന്നിരിക്കിലും ഒരിക്കല്‍ പരിചയപ്പെട്ടുകഴിഞ്ഞാല്‍ വളരെയെളുപ്പം ഈ രീതിയില്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡറുകള്‍ നിര്‍മ്മിക്കുവാന്‍ സാധ്യമാണ്. അഡോബി ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ സി.എസ്.3-ല്‍ (വിന്‍ഡോസ്) അധിഷ്ഠിതമായാണ് ഈ പരീക്ഷണം ഇവിടെ വിവരിച്ചിരിക്കുന്നത്.

Photoshop Tutorial - Pictures & Bordersഒന്നാം ഭാഗത്ത് നാം ഉപയോഗിച്ച ചിത്രം തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ് സി.എസ്. 3-യുടെ ആക്ഷന്‍സ് പാലെറ്റില്‍ ഡിഫോള്‍ട്ടായി ലഭ്യമായ Wood Frame എന്ന ആക്ഷനാണ് ആദ്യമായി നാം പരിചയപ്പെടുന്നത്. വളരെ എളുപ്പത്തില്‍ തടികൊണ്ട് നിര്‍മ്മിച്ച ഒരു ഫ്രയിമിലേക്ക് നമ്മുടെ ചിത്രം ചേര്‍ക്കുന്നതിന് ഈ ആക്ഷന്‍ ഉപയോഗിക്കാം. ബോര്‍ഡര്‍ നല്‍കേണ്ട ചിത്രം തുറന്നതിനു ശേഷം, Window > Actions എന്ന മെനുവില്‍ നിന്നോ Alt + F9 അമര്‍ത്തിയോ ആക്ഷന്‍സ് പാലെറ്റ് ലഭ്യമാക്കുക. തുടര്‍ന്ന് താഴെക്കാണുന്ന ചിത്രത്തില്‍ കാണുന്നതുപോലെ Wood Frame - 50 pixel സെലക്ട് ചെയ്ത്, Play selection ബട്ടണില്‍ മൌസമര്‍ത്തുക. തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ 'Continue' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത്രയും ചെയ്തു കഴിയുമ്പോള്‍ ചിത്രത്തിനു ചുറ്റും താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ തടികൊണ്ടുള്ള ഒരു ഫ്രയിം ഫോട്ടോഷോപ്പ് നല്‍കിയിരിക്കും.
Photoshop Tutorial - Pictures & Borders

കൂടുതല്‍ വ്യത്യസ്തതയുള്ള ബോര്‍ഡറുകളും ഫോട്ടോഷോപ്പില്‍ സാധ്യമാണ്. ബോര്‍ഡര്‍ നല്‍കേണ്ട ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കുക. മറ്റൊരു പുതിയ ലെയര്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കുക. നമുക്ക് ആ ലെയ‌റിനെ Area എന്നുവിളിക്കാം. ബ്രഷ് ടൂള്‍ സെലക്ട് ചെയ്ത് (കീ ബോര്‍ഡില്‍ 'B' അമര്‍ത്തുക), വലുപ്പം കൂടിയ ഒരു ബ്രഷ് സെലക്ട് ചെയ്യുക. ഇതുപയോഗിച്ച് തുടര്‍ന്നു തന്നിട്ടുള്ള ചിത്രങ്ങളില്‍ ആദ്യത്തേതില്‍ കാണുന്നരീതിയില്‍ ഒരു രൂപം വരയ്ക്കുക. തുടര്‍ന്ന് ചെറിയ ബ്രഷുകള്‍ സെലക്ട് ചെയ്ത് അരികുകള്‍ രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന രീതിയിലാക്കുക. ബ്രഷ് ടൂള്‍ സെലക്ട് ചെയ്ത്, ചിത്രത്തിനു മുകളില്‍ വലത് മൌസ് ബട്ടണ്‍ അമര്‍ത്തിയാല്‍ ആവശ്യമുള്ള ബ്രഷുകള്‍ സെലക്ട് ചെയ്യുവാനുള്ള മെനു ലഭ്യമാവുന്നതാണ്. അവിടെ Diameter: എന്ന സ്ലൈഡര്‍ വ്യത്യാസപ്പെടുത്തി ബ്രഷിന്റെ വലുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്. കൃത്യമായ അരികുകളോടുകൂടിയ വൃത്തത്തിലുള്ള ബ്രഷാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കീ ബോര്‍ഡില്‍ [, ] എന്നീ കീകളും ബ്രഷിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
Photoshop Tutorial - Pictures & Borders

Photoshop Tutorial - Pictures & Borders

മുകളിലെ ചിത്രത്തില്‍‍ കാണുന്ന രീതിയില്‍ Area എന്ന ലെയ‌റിലെ രൂപം പൂര്‍ത്തിയാക്കിയതിനു ശേഷം, Ctrl കീ അമര്‍ത്തി ലെയേഴ്സ് പാലെറ്റില്‍ Area എന്ന ലെയറില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ ലെയ‌റിലുള്ള രൂപം പൂര്‍ണ്ണമായും സെലക്ട് ചെയ്തിരിക്കുന്നതായി കാണുവാന്‍ സാധിക്കും. തുടര്‍ന്ന് Ctrl + Shift + I അമര്‍ത്തി സെലക്ഷന്‍ റിവേഴ്സ് ചെയ്യുക. അടുത്ത ചിത്രത്തില്‍ കാണുന്ന രീതിയിലാവും ക്യാന്‍‌വാസ് ഇപ്പോള്‍ നമുക്ക് ലഭ്യമാവുക.
Photoshop Tutorial - Pictures & Borders

ചിത്രത്തിലേക്ക് Border എന്ന പേരില്‍ മറ്റൊരു ലെയര്‍ കൂടി കൂട്ടിച്ചേര്‍ത്ത ശേഷം, അതിലേക്ക് ഇഷ്ടമുള്ള നിറം ഫില്‍ ചെയ്യുക. തുടര്‍ന്ന് Area എന്ന ലെയര്‍ അദൃശ്യമാക്കുക. ആവശ്യമെങ്കില്‍ Border എന്ന ലെയ‌റിന്റെ ലെയര്‍ സ്റ്റൈലുകളില്‍ നിന്നും Outer Glow, Drop Shadow എന്നിങ്ങനെയുള്ള ഇഫക്ടുകള്‍ സെലക്ട് ചെയ്ത് കൂടുതല്‍ മനോഹരമാക്കാവുന്നതാണ്. നമുക്ക് അവസാനം ലഭിക്കുന്ന ക്യാന്‍‌വാസാണ് അടുത്തതായി നല്‍കിയിരിക്കുന്നത്.
Photoshop Tutorial - Pictures & Borders

ഇവിടെ ഉപയോഗിച്ച ബ്രഷിനു പകരം മറ്റൊരു സ്റ്റൈലിലുള്ള ബ്രഷ് ഉപയോഗിച്ചാല്‍ വ്യത്യസ്‌തമായൊരു ബോര്‍ഡറാവും നമുക്കു ലഭിക്കുക. ബ്രഷ് വ്യത്യാസപ്പെടുത്തി ഇതെ രീതിയില്‍ സൃഷ്ടിച്ച ഒരു ബോര്‍ഡറാണ് താഴെ നല്‍കിയിരിക്കുന്നത്. ഇതേ രീതിയിലൊരു ബോര്‍ഡര്‍ സ്വയം ഉണ്ടാക്കുവാന്‍ ശ്രമിച്ചു നോക്കൂ.
Photoshop Tutorial - Pictures & Borders
--



(2007 ഒക്ടോബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Photoshop, Tutorial, Border, Borders, Pictures, Info Kairali, InfoKairali, General, Article, Published, Frames, Photos, How to
--


Tuesday, September 18, 2007

ചിത്രങ്ങളും ബോര്‍ഡറുകളും (ഭാഗം 1)

Photoshop, Tutorial, Border, Borders, Pictures, Info Kairali, InfoKairali, General, Article, Published, Frames, Photos, How to
ഡിജിറ്റല്‍ ക്യാമറകളുടേയും, മെഗാ പിക്സല്‍ ക്യാമറകളടങ്ങിയ മൊബൈലുകളുടേയും വരവോടെ ഫോട്ടൊഗ്രഫി സാധാരണക്കാരുടെ കീശയിലൊതുങ്ങുന്ന ഒരു വിനോദമായിമാറി. ഈ ചിത്രങ്ങളൊക്കെയും നേരിട്ട് സ്റ്റുഡിയോയില്‍ കൊടുത്ത് പ്രിന്റെടുക്കുകയാണ് സാധാരണയായി എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ബോര്‍ഡറുകള്‍ വളരെയെളുപ്പത്തില്‍ നല്‍കുവാന്‍ കഴിയും. ബോര്‍ഡര്‍ നല്‍കുവാന്‍ ഫോട്ടോഷോപ്പില്‍ ലഭ്യമായിരിക്കുന്ന സാധ്യതകളെ പരിചയപ്പെടുത്തുന്നു ഈ ലക്കത്തില്‍. ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ഒരു ചിത്രമാണ് താഴെ. ഇതിലാണ് നമ്മുടെ പരീക്ഷണങ്ങള്‍.


ആദ്യമായി സാധാരണ ഫോട്ടോകള്‍ക്ക് നല്‍കാറുള്ള ചതുരത്തിലുള്ള ബോര്‍ഡര്‍ എങ്ങിനെ നല്‍കാമെന്നു നോക്കാം. ബോര്‍ഡര്‍ നല്‍കേണ്ട ചിത്രം തുറക്കുക. ചിത്രത്തിന്റെ ലെയേഴ്സ് പാലെറ്റ് Window > Layers സെലക്ട് ചെയ്തോ കീ-ബോര്‍ഡില്‍ F7 അമര്‍ത്തിയോ ആക്ടീവാക്കി ഒരു പുതിയ ലെയര്‍ കൂട്ടിച്ചേര്‍ക്കുക. നമുക്കിതിനെ Border എന്നു വിളിക്കാം. കീ ബോര്‍ഡില്‍ Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്യുക. അതിനു ശേഷം Selct > Modify > Border... എന്ന ഓപ്‌ഷന്‍ പ്രധാന മെനുവില്‍ നിന്നും സെലക്ട് ചെയ്ത്, തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ 20 പിക്സലുകള്‍ എന്നു നല്‍കി OK ബട്ടണ്‍ അമര്‍ത്തുക. ഫോര്‍ഗ്രൌണ്ട് നിറമായി ഇഷ്ടമുള്ള ഒരു നിറം തിരഞ്ഞെടുത്ത ശേഷം Alt + Del അമര്‍ത്തി ബോര്‍ഡറിനുള്ളില്‍ ഫില്‍ ചെയ്യാവുന്നതാണ്. താഴെക്കാണുന്ന രീതിയിലാവും ചിത്രം നമുക്ക് ലഭ്യമാവുക.


ഇപ്പോള്‍ നാം പരിചയപ്പെട്ടത് ഫോട്ടോഷോപ്പ് ഡിഫോള്‍ട്ടായി നല്‍കുന്ന ബോര്‍ഡര്‍ ഓപ്‌ഷനാണ്. ബോര്‍ഡറിന്റെ അരികുകള്‍ ചിത്രത്തിലേക്ക് ലയിച്ചു ചേരുന്ന ഒരു ഇഫക്ടാണ് നമുക്ക് ലഭിക്കുക. നമുക്ക് വളരെ ഷാര്‍പ്പ് ആയ അരികുകളോടെയുള്ള ബോര്‍ഡറാണ് ആവശ്യമെങ്കിലോ? Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്യുന്നതുവരെ മുന്‍പ് കണ്ടതുപോലെ തന്നെ. അതിനു ശേഷം ലഭ്യമായ ഏതെങ്കിലുമൊരു സെലക്ഷന്‍ ടൂള്‍ സെലക്ട് ചെയ്തതിനു ശേഷം, സെലക്ഷനുള്ളില്‍ വലതു മൌസ് ബട്ടണ്‍ അമര്‍ത്തി, തുറന്നുവരുന്ന മെനുവില്‍ നിന്നും ട്രാന്‍‌സ്ഫോം സെലക്ഷന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. സെലക്ഷനുചുറ്റും റീസൈസ് ഹാന്‍ഡിലുകള്‍ ലഭ്യമാവും. ഇത് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് സെലക്ഷന്റെ വലുപ്പം ക്രമീകരിക്കാവുന്നതാണ്. എന്നാല്‍ കൂടുതല്‍ കൃത്യതയ്ക്ക് ഓപ്‌ഷന്‍സ് ബാറില്‍ ലഭ്യമായിരിക്കുന്ന Width:, Height: എന്നീ വേരിയബിളുകളുടെ വിലകള്‍ വ്യത്യാസപ്പെടുത്തുന്നതാണ് അനുയോജ്യം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്റെ വീതിയും പൊക്കവും; 563 പിക്സല്‍, 312 പിക്സല്‍ എന്ന ക്രമത്തിലാണ്. ഇപ്പോള്‍ ഓപ്‌ഷന്‍സ് ബാറില്‍ W: 100%, H: 100% എന്നാവും ലഭ്യമായിരിക്കുക. സമചതുരത്തിലുള്ള ചിത്രങ്ങള്‍ക്കാണ് ബോര്‍ഡര്‍ നല്‍കേണ്ടതെങ്കില്‍, ശതമാനത്തില്‍ തന്നെ 96% എന്ന് രണ്ട് വേരിയബിളുകളുടേയും വിലയായി നല്‍കിയാല്‍ മതിയാവും. എന്നാല്‍ ഇവിടെ ഒരേ നീളവും വീതിയും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ പിക്സലുകളില്‍ തന്നെ അളവുകള്‍ നല്‍കേണ്ടതുണ്ട്. അടുത്ത ചിത്രം കാണുക.


എന്റര്‍ കീ അമര്‍ത്തി ട്രാന്‍സ്ഫോം അപ്ലേ ചെയ്യുമ്പോള്‍ സെലക്ഷന്‍ ഉള്ളിലേക്ക് ഒതുങ്ങിയാവും കാണപ്പെടുക. കീ ബോര്‍ഡില്‍ Ctrl + Shift + I അമര്‍ത്തി സെലക്ഷന്‍ ഇന്‍‌വേഴ്സ് ചെയ്യുക. അതായത്, ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്ന ഭാഗം ഒഴിവാക്കി, സെലക്ഷനു പുറത്തുള്ള ഭാഗം സെലക്ട് ചെയ്യുക. ആവശ്യമുള്ള നിറം ഫോര്‍‌ഗ്രൌണ്ട് നിറമായി സെലക്ട് ചെയ്ത ശേഷം Alt +Del അമര്‍ത്തി സെലക്ഷനുള്ളില്‍ ഫില്‍ ചെയ്യുക. അതിനു ശേഷം Ctrl + D അമര്‍ത്തി സെലക്ഷന്‍ ഒഴിവാക്കുക. തുടര്‍ന്ന് Border എന്ന ലെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Layer Styles ഡയലോഗില്‍ നിന്നും Drop Shadow സെലക്ട് ചെയ്യുക. ഇതു തന്നെ പ്രധാന മെനുവില്‍ നിന്നും Layer > Layer Styles > Drop Shadow സെലക്ട് ചെയ്തും ഈ ഓപ്‌ഷന്‍ ഡയലോഗ് ലഭ്യമാക്കാം. അവിടെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ വേരിയബിളുകളുടെ വില നല്‍കുക.


ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന ചിത്രമാണ് അടുത്തതായി നല്‍കിയിരിക്കുന്നത്. ലെയര്‍ സ്റ്റൈലുകളില്‍ ലഭ്യമായിരിക്കുന്ന മറ്റ് ഓപ്‌ഷനുകള്‍ സെലക്ട് ചെയ്ത് ഇതേ ബോര്‍ഡര്‍ തന്നെ പല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ലെയ‌റിന്റെ Fill Opacity വിലയില്‍ മാറ്റം വരുത്തിയും ബോര്‍ഡര്‍ സ്റ്റൈല്‍ വ്യത്യാസപ്പെടുത്താവുന്നതാണ്.


ഇവയൊക്കെ സാധാരണയായി നാം ഫോട്ടോകളില്‍ ഉപയോഗിക്കുന്ന ബോര്‍ഡറുകള്‍. ഗ്രീറ്റിംഗ് കാര്‍ഡുകളിലും, ആല്‍ബങ്ങളിലും മറ്റും ഉപയോഗിച്ചു കാണുന്ന, ക്രമമല്ലാത്ത അരികുകളുള്ള ബോര്‍ഡറുകളും ഫോട്ടോഷോപ്പില്‍ നിര്‍മ്മിക്കുവാന്‍ സാധിക്കും. അവയെക്കുറിച്ച് അടുത്ത ഭാഗത്തില്‍.
--

രണ്ടാം ഭാഗം ഇവിടെ കാണാം.

--


(2007 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Photoshop, Tutorial, Border, Borders, Pictures, Info Kairali, InfoKairali, General, Article, Published, Frames, Photos, How to
--


Wednesday, August 15, 2007

ചിത്രങ്ങളിലെ ജലമുദ്രണം

Digital Watermarking, Watermark, Watermarks, Photoshop, Tutorial, Adobe, Copyright, Embed, Information, License, Agreement, InfoKairali, Info Kairali, Article, Published
നിങ്ങള്‍ എടുത്ത ഒരു ചിത്രം അല്ലെങ്കില്‍ ഒരു സ്ക്രീന്‍-ഷോട്ട്, ഇന്റര്‍നെറ്റില്‍ പങ്കുവെയ്ക്കുന്നുവെന്നു കരുതുക. ഏതൊരു വെബ്-പേജിലും അടങ്ങിയിരിക്കുന്ന ചിത്രങ്ങള്‍, അവ കാണുന്ന ഏതൊരാള്‍ക്കും കോപ്പി ചെയ്യുവാനും, സാങ്കേതികമായി തടസങ്ങളൊന്നുമില്ലാതെ മറ്റിടങ്ങളില്‍ ഉപയോഗിക്കുവാനും സാധിക്കും. അതിനാല്‍ തന്നെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില് ലഭ്യമാക്കുമ്പോള്‍, ഇത്തരം മോഷണങ്ങള്‍ക്ക് തടയിടുവാനായി സാധാരണ ചെയ്യാറുള്ള ഒരു പ്രതിരോധമാണ് ജലമുദ്രണം.

എന്താണ് ജലമുദ്രണം?
ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിംഗ് അഥവാ ജലമുദ്രണം എന്നറിയപ്പെടുന്ന ഈ വിദ്യ ചിത്രങ്ങളില്‍ കോപ്പിറൈറ്റ് ഇന്‍ഫൊര്‍മേഷന്‍ രേഖപ്പെടുത്തുവാനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു ചിത്രത്തിനു മുകളില്‍, പ്രേക്ഷകന്റെ കാഴ്ചയ്ക്ക് കാര്യമായ തടസം ഉണ്ടാക്കാതെ, എന്തെങ്കിലും എഴുതുകയോ മറ്റൊരു ചിത്രം തന്നെ മുകളിലായി ചേര്‍ക്കുകയോ ചെയ്യുന്നതിനെ ജലമുദ്രണം എന്നു പറയാം.

ശ്രദ്ധിക്കുക: ഈ ലേഖനം അഡോബി ഫോട്ടോഷോപ്പ് സി.എസ്. 3-ല്‍ അധിഷ്ഠിതമായി തയ്യാറാക്കിയതാണ്. മറ്റു വേര്‍ഷനുകളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം.


ജലമുദ്രണം എങ്ങിനെ ചെയ്യാം?
അഡോബി ഫോട്ടോഷോപ്പ് ഉപയോഗിച്ച് ജലമുദ്രണം എങ്ങിനെ ചിത്രങ്ങളില്‍ സാധ്യമാക്കാം എന്നു നോക്കാം. ആദ്യമായി എത്ര വലുപ്പത്തിലാണ് നിങ്ങളുടെ ‘സിഗ്നേച്ചര്‍’ ആവശ്യമെന്ന് തീരുമാനിക്കുക. അഡോബി ഫോട്ടോഷോപ്പില്‍ ഒരു പുതിയ ഡോക്യുമെന്റ് തുറന്ന് (File > New...), തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള വീതിയും പൊക്കവും നല്‍കുക. ഞാന്‍ ഉപയോഗിക്കുന്നത് Width: 100, Height: 25, Resolution: 72 pixels/inch, Color Mode: RGB Color, Background: Transparent എന്ന വിലകളാണ്. ചിത്രം കാണുക.


New ഡയലോഗ് വിന്‍ഡോയില്‍ OK അമര്‍ത്തുമ്പോള്‍ പുതിയ ഒരു ക്യാന്‍‌വാസ് നമുക്ക് ലഭ്യമാവും. Layers പാലെറ്റ് തുറക്കുക(Window > Layers). Layer 1 എന്ന ഒരു ബ്ലാങ്ക് ലെയര്‍ നമുക്ക് കാണുവാന്‍ കഴിയും. അതിന്റെ പേര് bg എന്നാക്കുക. (ഇത് ഒരു നിര്‍ദ്ദേശം മാത്രം. ധാരാളം ലെയറുകളുള്ള ഫോട്ടോഷോപ്പ് ഡോക്യുമെന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, ലെയറുകള്‍ക്ക് യുക്തമായ പേരുകള്‍ നല്‍കുന്നത് സഹായകമായിരിക്കും. എല്ലായ്പ്പോഴും ആ രീതി തുടര്‍ന്ന്, അതൊരു ശീലമാക്കുന്നതാവും നല്ലത്.) ടൂള്‍സ് പാലെറ്റില്‍ നിന്നും Rounded Rectangle Tool (Keyboard Shortcut: U, Shift+U) സെലക്ട് ചെയ്ത്, ടൂള്‍ ബാറിലുള്ള ഫോര്‍ഗ്രൌണ്ട് കളര്‍ സെലക്ഷനില്‍ കറുപ്പുനിറം സെറ്റ് ചെയ്ത്, ആവശ്യമെങ്കില്‍ ക്യാന്‍‌വാസ് സൂം ചെയ്ത്, വളഞ്ഞ മൂലകളോടുകൂടിയ ഒരു ചതുരം വരയ്ക്കുക. എത്രമാത്രം വളവ്‌ വേണമെന്നുള്ളത് മുകളിലായി ലഭ്യമായ ഓപ്ഷന്‍സ് ബാറില്‍ Radius: എന്നതിന്റെ വിലയായി നല്‍കുക.


ഇപ്പോള്‍ bg എന്ന ലെയ‌ര്‍ ഒരു വെക്ടര്‍ ഷേപ്പ് ലെയ‌റായി മാറിയിട്ടുണ്ടാവും. അടുത്തതായി ഈ ലെയ‌റിനു മുകളില്‍ വലതുമൌസ് ബട്ടണ്‍ അമര്‍ത്തി Rastaize Layer സെലക്ട് ചെയ്ത് ഒരു സാധാരണ ലെയ‌റാക്കി മാറ്റുക. ഇപ്പോള്‍ നമുക്ക് നേരിട്ട് എഡിറ്റിംഗ് സാധ്യമായ ഒരു ഫില്‍ ഓബ്ജക്ടായി bg-ലെയര്‍ മാറിയിട്ടുണ്ടാവും. അതിനു ശേഷം പുതിയ ഒരു ലെയര്‍ കൂടി മുകളിലായി കൂട്ടിച്ചേര്‍ക്കുക. അതിനെ നമുക്ക് text എന്നു വിളിക്കാം. ടെക്സ്റ്റ് ലെയ‌‌റില്‍ ആവശ്യമുള്ള കോപ്പി‌റൈറ്റ് ഇന്‍ഫര്‍മേഷന്‍ ടൈപ്പ് ചെയ്യുക. ഞാനിവിടെ © InfoKairali '07 എന്ന ടെക്സ്റ്റാണ് എന്റര്‍ ചെയ്തിരിക്കുന്നത്. (© ലഭിക്കുവാന്‍ Alt കീ-അമര്‍ത്തിയിരിക്കുമ്പോള്‍, നമ്പര്‍ പാഡില്‍ Num Lock: On ആയിരിക്കണം, 0169 എന്നു ടൈപ്പ് ചെയ്യുക.Start > Programs > Accessories > System Tools > Character Map എന്ന ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് അതില്‍ നിന്നു നേരിട്ടും ഈ സിംബല്‍ കോപ്പി ചെയ്യാവുന്നതാണ്.) ഫോണ്ട്: Impact, നിറം: വെളുപ്പ്, ഫോണ്ട്-സൈസ്: © സിംബലിന് 18, InfoKairali '07 എന്നതിന് 12 എന്ന രീതിയിലാണ് സാമ്പിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ കൂടുതല്‍ നീളത്തിലുള്ള വരിയാണ് ചേര്‍ക്കേണ്ടതെങ്കില്‍, ആദ്യ ഭാഗം മുതല്‍ വീണ്ടും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ക്യാന്‍‌വാസിന്റെ വലുപ്പം Image > Canvas Size...(Alt + Ctrl + C) എന്ന ഓപ്‌ഷന്‍ ഉപയോഗിച്ച് ക്രമീകരിച്ചശേഷം, റൌണ്ടഡ് റെക്ടാംഗിള്‍ പിന്നെയും വരച്ചാലും മതിയാവും. ഇപ്പോള്‍ സ്ക്രീനില്‍ കാണുന്ന ക്യാന്‍‌വാസാണ് താഴെ കാണുന്നത്.


Ctrl കീ അമര്‍ത്തിയിരിക്കുമ്പോള്‍ text എന്ന ലെയറില്‍ മൌസമര്‍ത്തുക. (ലെയറിന്റെ ഇടതുഭാഗത്തായിക്കാണുന്ന T എന്ന ഐക്കണിലാണ് മൌസമര്‍ത്തേണ്ടത്.) ക്യാന്‍‌വാസില്‍ ടൈപ്പ് ചെയ്തിരിക്കുന്ന ടെക്സ്റ്റിനു ചുറ്റും ഒരു സെലക്ഷന്‍ രൂപപ്പെടും. ഇതിനു ശേഷം text എന്ന ലെയര്‍ അദൃശ്യമാക്കുക. ഓരോ ലെയറിന്റേയും ഏറ്റവും ഇടതുഭാഗത്തായി കാണുന്ന കണ്ണിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ലെയര്‍ വിസിബിലിറ്റി തിരഞ്ഞെടുക്കാവുന്നതാണ്. താഴെക്കാണുന്ന രീതിയിലാവും ക്യാന്‍‌വാസ് ഇപ്പോള്‍ ദൃശ്യമാവുക.


തുടര്‍ന്ന് bg എന്ന ലെയര്‍ വീണ്ടും സെലക്ട് ചെയ്ത ശേഷം കീ ബോര്‍ഡില്‍ Del ബട്ടണ്‍ അമര്‍ത്തുക. സെലക്ഷനുള്ളില്‍ വരുന്ന ഭാഗം ഡിലീറ്റ് ചെയ്യപ്പെടും. അതായത് © InfoKairali '07 എന്ന എഴുത്ത് bg എന്ന ലെയ‌റില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും. bg ലെയറിന്റെ ട്രാന്‍‌സ്പെരന്‍സി കുറയ്ക്കുകയാണ് അടുത്തപടി. അതിനായി ആ ലെയറിന്റെ Opacity വില 30% എന്നു നല്‍കക. ലെയര്‍ പാലെറ്റില്‍ താഴെക്കാണുന്ന രീ‍തിയിലാവും വിവിധ ലെയറുകള്‍ ഇപ്പോള്‍ അടുക്കിയിരിക്കുക.

ഇപ്പോള്‍ ലെയറുകളുള്‍പ്പടെ ഒരു PSD ഫയലായാണ് ചിത്രം സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് ചിത്രങ്ങളില്‍ ഉപയോഗിക്കുവാനായി ഇതിനെ ട്രാന്‍‌സ്പെരന്‍സി സഹിതം സേവ് ചെയ്യേണ്ടതുണ്ട്. അതിനായി PNG ഫോര്‍മാറ്റില്‍ ചിത്രം സേവ് ചെയ്യുക. Alt + Ctrl + Shift + S കീകള്‍ അമര്‍ത്തി Save for Web & Devices എന്ന ഡയലോഗ് ബോക്സ് ദൃശ്യമാക്കുക. ഇവിടെ ഫയല്‍ ഫോര്‍മാറ്റായി PNG-24 സെലക്ട് ചെയ്യുക. Transperancy എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്യുവാനും മറക്കാതിരിക്കുക. Save ബട്ടണ്‍ അമര്‍ത്തി, തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള പേരു നല്‍കി സേവ് ചെയ്യുക.ഇനിമുതല്‍ വെബ് പേജുകളിലും മറ്റും ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുന്നതിനു മുന്‍പായി, ഈ PNG ഫയല്‍ തുറന്ന്, Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്ത്, Ctrl + C അമര്‍ത്തി സെലക്ഷനുള്ളിലെ ഭാഗം കോപ്പി ചെയ്ത്, പബ്ലിഷ് ചെയ്യുവാനുള്ള ചിത്രങ്ങള്‍ക്കു മുകളില്‍ പേസ്റ്റ് (Ctrl + V) ചെയ്യുക. ചിത്രത്തിന്റെ നടുവിലായാവും ഡിഫോള്‍ട്ടായി പേസ്റ്റ് ചെയ്യപ്പെടുക. ആവശ്യമെങ്കില്‍ മറ്റ് ഭാഗത്തേക്ക് ജലമുദ്രയെ മാറ്റിവെയ്ക്കാവുന്നതാണ്. ഇരുണ്ട ചിത്രങ്ങളിലാണ് ഈ വാട്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്നതെങ്കില്‍ പേസ്റ്റ് ചെയ്ത ശേഷം Ctrl + I അമര്‍ത്തി ജലമുദ്രയുടെ നിറം ഇന്‍‌വേഴ്സ് ചെയ്ത്, വെളുപ്പാക്കാവുന്നതാണ്. ഈ രീതിയില്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത ഒരു ചിത്രമാണ് താഴെ.


--

(2007 ആഗസ്റ്റ് ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Keywords: Digital Watermarking, Watermark, Watermarks, Photoshop, Tutorial, Adobe, Copyright, Embed, Information, License, Agreement, InfoKairali, Info Kairali, Article, Published
--


Tuesday, July 24, 2007

ഫയര്‍ഫോക്സും ആഡ്‌-ഓണുകളും

Firefox, Add-ons, Mozilla, Download, Selected, Recommended, FireFTP, FlashGot, Greasemonkey, Download Manager, Padma, FireFTP, InfoKairali, Info Kairali, Article, Published
ഫയര്‍ഫോക്സെന്നു കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഇന്റര്‍നെറ്റില്‍ ലഭ്യമായ വെബ് പേജുകള്‍ കാണുവാന്‍ നമ്മുടെ കമ്പ്യൂട്ടറില്‍ അത്യാവശ്യം വേണ്ട ഒരു സോഫ്റ്റ്വെയറാണല്ലോ ബ്രൌസര്‍. വിന്‍ഡോസിനൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് അധികം പേരും ഉപയോഗിക്കുക. എന്നാല്‍ ഇതല്ലാതെ ധാരാളം മറ്റ് ബ്രൌസറുകളും ഇന്ന് ലഭ്യമാണ്. അത്തരത്തിലൊരു ബ്രൌസറാണ് മോസില്ല ഫയര്‍ഫോക്സ്. ഒരു ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമായ ഫയര്‍ഫോക്സിന് ഇന്റര്‍നെറ്റ് എക്സ്പ്ലോററിനില്ലാത്ത നിരവധി മേന്മകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ആഡ്-ഓണുകള്‍ ചേര്‍ക്കുവാനുള്ള സൌകര്യം.

എന്താണ് ഫയര്‍ഫോക്സ് ആഡ്-ഓണുകള്‍?
ഇന്റര്‍നെറ്റില്‍ ലഭ്യമായ വെബ് പേജുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ലഭ്യമാക്കുക എന്നതിലുപരിയായി ഫയര്‍ഫോക്സിനെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാനും ഫയര്‍ഫോക്സിനെ നമ്മുടെ ആവശ്യങ്ങള്‍ക്കുതകുന്ന തരത്തില്‍ സജ്ജമാക്കുവാനും സഹായിക്കുന്ന ചെറു സോഫ്റ്റ്‌വെയറുകളെയാണ് ആഡ്-ഓണുകള്‍ എന്നു പറയുന്നത്. പല ആവശ്യങ്ങള്‍ക്കായി പല തരത്തിലുള്ള ആഡ്-ഓണുകള്‍ ഇന്ന് ലഭ്യമാണ്. അതൊരു പക്ഷെ പ്ലഗിനുകളാവാം (ഉദാ: ഫ്ലാഷ് മൂവികള്‍ അടങ്ങിയിരിക്കുന്ന ഒരു വെബ് പേജ് ദൃശ്യമാക്കുവാന്‍ ഫ്ലാഷ് പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം), സേര്‍ച്ച് എഞ്ചിനുകളാവാം (ഫയര്‍ഫോക്സില്‍ അഡ്രസ് ബാറിനു സമീപമായി ഒരു സേര്‍ച്ച് ബോക്സ് ലഭ്യമാണ്. അതായത് ഗൂഗിളിന്റെ ഒരു സേര്‍ച്ച് എഞ്ചിന്‍ ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നാല്‍, ഗൂഗിളിന്റെ വെബ് സൈറ്റിലെത്താതെ തന്നെ സേര്‍ച്ച് ചെയ്തു തുടങ്ങാവുന്നതാണ്, റിസള്‍ട്ടുകള്‍ ബ്രൌസറില്‍ തുറന്നുവരും), തീമുകളാവാം (ഫയര്‍ഫോക്സിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുവാന്‍ തീമുകള്‍ ഉപയോഗിക്കാം), എക്സ്റ്റന്‍ഷനുകളാവാം (ബ്രൌസര്‍ എന്നതിലുപരിയായി ഫയര്‍ഫോക്സിനെ മറ്റ് ആവശ്യങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ വിപുലപ്പെടുത്തുവാനുള്ള ആഡ്-ഓണുകള്‍). തിരഞ്ഞെടുത്ത അഞ്ച് ആഡ്-ഓണുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

തിരഞ്ഞെടുത്ത ആഡ്-ഓണുകള്‍
1. ഫ്ലാഷ്‌ഗോട്ട് (FlashGot)
ഫയര്‍ഫോക്സില്‍ ഡൌണ്‍ലോഡുകള്‍ മാനേജ് ചെയ്യുവാനായി ഒരു ഡിഫോള്‍ട്ട് ഡൌണ്‍ലോഡ് മാനേജര്‍ ലഭ്യമാണ്. എന്നാല്‍ ഒരു തേഡ്-പാര്‍ട്ടി ഡൌണ്‍ലോഡ് മാനേജര്‍ നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതിലേക്ക് ഡൌണ്‍ലോഡുകളെ തിരിച്ചുവിടുവാനായി ഫ്ലാഷ്‌ഗോട്ട് എന്ന ആഡ്-ഓണ്‍ പ്രയോജനപ്പെടുത്താം. അതുമാത്രവുമല്ല ഒരു പേജിലെ അല്ലെങ്കില്‍ വിവിധ ടാബുകളിലെ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്ന എല്ലാ ഫയലുകളേയും ഒറ്റയടിക്ക് ഡൌണ്‍ലോഡ് ചെയ്യുവാനുള്ള നിരയിലേക്ക് കൂട്ടിച്ചേര്‍ക്കുവാനും ഫ്ലാഷ്‌ഗോട്ട് ഉപയോഗിച്ച് സാധിക്കും. ഒന്നില്‍ കൂടുതല്‍ ഡൌണ്‍ലോഡ് മാനേജറുകള്‍ ഒരേ സമയം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളില്‍, ഓരോ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോഴും ഏതു മാനേജര്‍ ഉപയോഗിക്കണമെന്ന് പ്രത്യേകം തിരഞ്ഞെടുക്കുവാനും ഫ്ലാഷ്‌ഗോട്ട് ഉപയോഗിച്ചു സാധിക്കുന്നു. ഫ്ലാഷ്‌ഗോട്ടിനൊപ്പം ഉപയോഗിക്കാവുന്ന ഒരു സൌജന്യ ഡൌണ്‍ലോഡ് മാനേജറാണ് Free Download Manager (FDM).
ഇന്‍സ്റ്റാള്‍ ചെയ്യുക


2. ഐ.ഇ. ടാബ് (IE Tab)
ഇന്റര്‍നെറ്റില്‍ ഫയര്‍‌ഫോക്സ് ഉപയോഗിച്ച് ബ്രൌസ് ചെയ്യുമ്പോള്‍ ഐ.ഇ-യില്‍ മാത്രം ശരിയായി പ്രവര്‍ത്തിക്കുന്ന പല വെബ് സൈറ്റുകളിലും എത്തിപ്പെടും. അങ്ങിനെയുള്ള അവസരങ്ങളില്‍, ഐ.ഇ തുറന്ന് വെബ്-അഡ്രസ് കോപ്പി-പേസ്റ്റ് ചെയ്ത്, അതേ വെബ്-പേജ് വീണ്ടും ലോഡ് ചെയ്യിക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ ഈ ആഡ്-ഓണ്‍ ഉപയോ‍ഗിക്കാം. കൂടാതെ മലയാളം ബ്ലോഗുകളിലെ ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാക്കുവാനും, അലൈന്മെന്റ് ജസ്റ്റിഫൈ എന്ന് സെലക്ട് ചെയ്തിരിക്കുന്ന മലയാളത്തിലുള്ള പാരഗ്രാഫുകള്‍ ശരിയായി വായിക്കുവാനും ഐ.ഇ. ടാബ് പ്രയോജനപ്പെടുത്താം. ഫയര്‍ഫോക്സിനുള്ളില്‍ നിന്നു തന്നെ ഐ.ഇ. റെന്‍ഡറിംഗ് എഞ്ചിന്‍ ഉപയോഗിച്ച് വെബ് പേജുകള്‍ ദൃശ്യമാക്കുകയാണ് ഐ.ഇ. ടാബ് ചെയ്യുന്നത്. ഈ രീതിയില്‍ ബ്രൌസ് ചെയ്യുമ്പോ‍ള്‍ ഫയര്‍ഫോക്സിന്റെ ബ്രൌസര്‍ ഇന്റര്‍ഫേസ് മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നതും ഓര്‍മ്മയിരിക്കട്ടെ. അതായത്, ഇന്റര്‍നെറ്റ് എക്സ്പ്ലോ‍റര്‍ റെന്‍ഡറിംഗ് എഞ്ചിനുള്ള പോരാ‍യ്മകള്‍ ഇവിടെയും പ്രതിഫലിക്കും.

ഈ ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ സ്റ്റാറ്റസ് ബാറില്‍ വലതു മൂലയ്ക്കായി ഫയര്‍ഫോക്സിന്റെ ഒരു ഐക്കണ്‍ ദൃശ്യമായിരിക്കും. ഇതില്‍ ഇടതുമൌസമര്‍ത്തിയാല്‍ ഇപ്പോള്‍ കാ‍ണുന്ന പേജ് അതേ ടാബില്‍ ഐ.ഇ. എഞ്ചിന്‍ ഉപയോഗിച്ച് റെന്‍ഡര്‍ ചെയ്യും, നടുവിലെ ബട്ടണാണ് അമര്‍ത്തുന്നതെങ്കില്‍ അതേ പേജ് പുതിയൊരു ടാബിലാവും റെന്‍ഡര്‍ ചെയ്യപ്പെടുക. വലതു മൌസ് ബട്ടണ്‍ അമര്‍ത്തിയാല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമായ IE Tab Options ഡയലോഗ് ബോക്സ് ദൃശ്യമാവും. Tools > IE Tab Options സെലക്ട് ചെയ്തും ഈ ഡയലോഗ് ബോക്സ് ലഭ്യമാക്കാം. ഡിഫോള്‍ട്ടായി ചില വെബ് സൈറ്റുകള്‍ ഐ.ഇ. എഞ്ചിനില്‍ തുറക്കുക, ഐ.ഇ. എഞ്ചിനല്ലാതെ മറ്റ് ബ്രൌസറുകളുടെ എഞ്ചിന്‍ ഉപയോഗിക്കുവാനായി സെറ്റ് ചെയ്യുക എന്നിങ്ങനെയുള്ള ചില സാധ്യതകള്‍ കൂടുതലായി ഇവിടെ ലഭ്യമാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


3. പദ്മ (Padma)
നമുക്കറിയാം, മലയാള ദിനപത്രങ്ങളില്‍ പലതും അവരവരുടെ സ്വന്തം ഫൊണ്ടുകളാണ് അവരവരുടെ വെബ്-സൈറ്റുകളില്‍ ഉപയോഗിക്കുന്നത്. യൂണിക്കോഡിലേക്ക് ആരും എത്തിത്തുടങ്ങിയിട്ടില്ല. അതിനാല്‍ തന്നെ ഓരോ വെബ് സൈറ്റിം ശരിയായി കാണുവാന്‍, അതാത് ഫോണ്ടുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇതിനൊരു പരിഹാരമാ‍ണ് പദ്മ എന്ന ആഡ്-ഓണ്‍. ഇത് വിവിധ മലയാളം വെബ് സൈറ്റുകളെ ലഭ്യമായ യൂണിക്കോഡ് മലയാളം ഫോണ്ടില്‍ ദൃശ്യമാക്കുവാന്‍ സഹായിക്കുന്നു. അതായത് ഒരോ വെബ് സൈറ്റും കാണുവാനായി അതാത് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. മലയാളം മാത്രമല്ല; തെലുങ്ക്, തമിഴ്, ദേവനാഗിരി, ഗുജറാത്തി, ബംഗാളി, കന്നട, ഗുര്‍മുഖി തുടങ്ങിയ ഭാഷകളിലുള്ള വെബ് സൈറ്റുകളേയും യൂണിക്കോഡിലേക്ക് മൊഴിമാറ്റി ദൃശ്യമാക്കുവാന്‍ പദ്മ ഉപകരിക്കും.

പദ്മ ഉപയോഗിക്കുമ്പോള്‍, ഒരുപക്ഷെ ചില സൈറ്റുകള്‍ ഡിഫോള്‍ട്ടായി കണ്‍‌വര്‍ട്ട് ചെയ്യപ്പെടില്ല. അങ്ങിനെയുള്ളവ സ്വന്തമായി പ്രത്യേകം എന്റര്‍ ചെയ്തു നല്‍കുക. Tools > Add-ons എന്ന ലിസ്റ്റില്‍ പദ്മ സെലക്ട് ചെയ്യുക. Options എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Padma Preference എന്ന ഡയലോഗ് ലഭ്യമാക്കുക. അവിടെ Enable Auto Trasform എന്നത് ‘ടിക്’ ചെയ്ത് Update ബട്ടണില്‍ മൌസമര്‍ത്തുക. തുറന്നുവരുന്ന വിന്‍ഡോയില്‍ പുതിയ സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


4. ഫയര്‍ എഫ്.ടി.പി (FireFTP)
ഇത് പ്രധാനമായും സ്വന്തമായി ഒരു വെബ് സൈറ്റ്, ഒരു FTP (File Transfer Protocol) ആക്സസ് ഉള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്ന വെബ് സൈറ്റ്, ഉള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു ആഡ്-ഓണ്‍ ആണ്. ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രധാന മെനുവില്‍ Tools > FireFTP എന്ന ഐറ്റം സെലക്ട് ചെയ്ത് ഈ ഓപ്ഷന്‍ റണ്‍ ചെയ്യാവുന്നതാണ്. താഴെക്കാണുന്ന രീതിയിലൊരു ജാലകമാവും നമുക്ക് തുടര്‍ന്നു ലഭിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ കാണുവാന്‍ സാധിക്കും.

ഇടതു വശത്ത് മുകളിലായിക്കാണുന്ന Manage Account എന്ന ടാബില്‍ മൌസമര്‍ത്ത്, ലഭ്യമായ മെനുവില്‍ നിന്നും New... എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുറന്നുവരുന്ന Account Manager ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി Connect എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇടതു ഭാഗത്ത് നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകളും വലതുഭാഗത്ത് റിമോട്ട് സെര്‍വറിലെ ഫയലുകളും ലിസ്റ്റ് ചെയ്യപ്പെടും. ആവശ്യമുള്ള ഫയലുകള്‍ സെലക്ട് ചെയ്ത് നടുവിലെ ആരോ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡിംഗ്/അപ്‌ലോഡിംഗ് എന്നിവ സാധ്യമാക്കാം. ഫയലുകള്‍ സെലക്ട് ചെയ്ത് ഡ്രാഗ് ചെയ്തും അങ്ങോട്ടുമിങ്ങോട്ടും മൂവ് ചെയ്യാവുന്നതാണ്. ഒരു എഫ്.ടി.പി. ക്ലയന്റിനു വേണ്ട പ്രാഥമികമായ എല്ലാ സാധ്യതകളും FireFTP-യില്‍ ലഭ്യമാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


5. ഗ്രീസ്‌മങ്കി (Greasemonkey)
ചെറിയ ജാവ സ്ക്രിപ്റ്റുകളുപയോഗിച്ച് നമ്മള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളുടെ രൂപത്തേയും അതിന്റെ പ്രവര്‍ത്തനത്തേയും നമ്മുടെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയിലാക്കുവാന്‍ ഈ ആഡ്-ഓണ്‍ സഹായിക്കുന്നു. ഗ്രീസ്‌മങ്കിയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന കുറേയധികം സ്ക്രിപ്റ്റുകള്‍ ഇവിടെ ലഭ്യമാണ്. ഇതു കൂടാതെ നമുക്ക് സ്വന്തമായി സ്ക്രിപ്റ്റുകള്‍ എഴുതുവാനും സാധിക്കും.

ഗ്രീസ്‌മങ്കി ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ ഒരു കുരങ്ങന്റെ തല സ്റ്റാ‍റ്റസ് ബാറില്‍ വലത്തേയറ്റത്തായി ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്തി ഗ്രീസ്‌മങ്കി സ്ക്രിപ്റ്റുകള്‍ എനേബിള്‍/ഡിസേബിള്‍ ചെയ്യുവാന്‍ കഴിയും. Tools > Greasemonkey > Manage User Scripts... സെലക്ട് ചെയ്താല്‍ ഓരോ സ്ക്രിപ്റ്റും ഉപയോഗിക്കേണ്ട പേജുകള്‍, ഉപയോഗിക്കരുതാത്ത പേജുകള്‍ എന്നിവയൊക്കെ സെറ്റ് ചെയ്യുവാന്‍ സാധിക്കും. ആവശ്യം കഴിഞ്ഞ സ്ക്രിപ്റ്റുകള്‍ ഇവിടെ നിന്നും ഒഴിവാക്കുകയുമാവാം.
ഇന്‍സ്റ്റാള്‍ ചെയ്യുക
--
(2007 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Firefox, Add-ons, Mozilla, Download, Selected, Recommended, FireFTP, FlashGot, Greasemonkey, Download Manager, Padma, FireFTP, InfoKairali, Info Kairali, Article, Published
--


 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome