Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Wednesday, August 15, 2007

ചിത്രങ്ങളിലെ ജലമുദ്രണം

Digital Watermarking, Watermark, Watermarks, Photoshop, Tutorial, Adobe, Copyright, Embed, Information, License, Agreement, InfoKairali, Info Kairali, Article, Published
നിങ്ങള്‍ എടുത്ത ഒരു ചിത്രം അല്ലെങ്കില്‍ ഒരു സ്ക്രീന്‍-ഷോട്ട്, ഇന്റര്‍നെറ്റില്‍ പങ്കുവെയ്ക്കുന്നുവെന്നു കരുതുക. ഏതൊരു വെബ്-പേജിലും അടങ്ങിയിരിക്കുന്ന ചിത്രങ്ങള്‍, അവ കാണുന്ന ഏതൊരാള്‍ക്കും കോപ്പി ചെയ്യുവാനും, സാങ്കേതികമായി തടസങ്ങളൊന്നുമില്ലാതെ മറ്റിടങ്ങളില്‍ ഉപയോഗിക്കുവാനും സാധിക്കും. അതിനാല്‍ തന്നെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില് ലഭ്യമാക്കുമ്പോള്‍, ഇത്തരം മോഷണങ്ങള്‍ക്ക് തടയിടുവാനായി സാധാരണ ചെയ്യാറുള്ള ഒരു പ്രതിരോധമാണ് ജലമുദ്രണം.

എന്താണ് ജലമുദ്രണം?
ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിംഗ് അഥവാ ജലമുദ്രണം എന്നറിയപ്പെടുന്ന ഈ വിദ്യ ചിത്രങ്ങളില്‍ കോപ്പിറൈറ്റ് ഇന്‍ഫൊര്‍മേഷന്‍ രേഖപ്പെടുത്തുവാനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു ചിത്രത്തിനു മുകളില്‍, പ്രേക്ഷകന്റെ കാഴ്ചയ്ക്ക് കാര്യമായ തടസം ഉണ്ടാക്കാതെ, എന്തെങ്കിലും എഴുതുകയോ മറ്റൊരു ചിത്രം തന്നെ മുകളിലായി ചേര്‍ക്കുകയോ ചെയ്യുന്നതിനെ ജലമുദ്രണം എന്നു പറയാം.

ശ്രദ്ധിക്കുക: ഈ ലേഖനം അഡോബി ഫോട്ടോഷോപ്പ് സി.എസ്. 3-ല്‍ അധിഷ്ഠിതമായി തയ്യാറാക്കിയതാണ്. മറ്റു വേര്‍ഷനുകളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം.


ജലമുദ്രണം എങ്ങിനെ ചെയ്യാം?
അഡോബി ഫോട്ടോഷോപ്പ് ഉപയോഗിച്ച് ജലമുദ്രണം എങ്ങിനെ ചിത്രങ്ങളില്‍ സാധ്യമാക്കാം എന്നു നോക്കാം. ആദ്യമായി എത്ര വലുപ്പത്തിലാണ് നിങ്ങളുടെ ‘സിഗ്നേച്ചര്‍’ ആവശ്യമെന്ന് തീരുമാനിക്കുക. അഡോബി ഫോട്ടോഷോപ്പില്‍ ഒരു പുതിയ ഡോക്യുമെന്റ് തുറന്ന് (File > New...), തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള വീതിയും പൊക്കവും നല്‍കുക. ഞാന്‍ ഉപയോഗിക്കുന്നത് Width: 100, Height: 25, Resolution: 72 pixels/inch, Color Mode: RGB Color, Background: Transparent എന്ന വിലകളാണ്. ചിത്രം കാണുക.


New ഡയലോഗ് വിന്‍ഡോയില്‍ OK അമര്‍ത്തുമ്പോള്‍ പുതിയ ഒരു ക്യാന്‍‌വാസ് നമുക്ക് ലഭ്യമാവും. Layers പാലെറ്റ് തുറക്കുക(Window > Layers). Layer 1 എന്ന ഒരു ബ്ലാങ്ക് ലെയര്‍ നമുക്ക് കാണുവാന്‍ കഴിയും. അതിന്റെ പേര് bg എന്നാക്കുക. (ഇത് ഒരു നിര്‍ദ്ദേശം മാത്രം. ധാരാളം ലെയറുകളുള്ള ഫോട്ടോഷോപ്പ് ഡോക്യുമെന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, ലെയറുകള്‍ക്ക് യുക്തമായ പേരുകള്‍ നല്‍കുന്നത് സഹായകമായിരിക്കും. എല്ലായ്പ്പോഴും ആ രീതി തുടര്‍ന്ന്, അതൊരു ശീലമാക്കുന്നതാവും നല്ലത്.) ടൂള്‍സ് പാലെറ്റില്‍ നിന്നും Rounded Rectangle Tool (Keyboard Shortcut: U, Shift+U) സെലക്ട് ചെയ്ത്, ടൂള്‍ ബാറിലുള്ള ഫോര്‍ഗ്രൌണ്ട് കളര്‍ സെലക്ഷനില്‍ കറുപ്പുനിറം സെറ്റ് ചെയ്ത്, ആവശ്യമെങ്കില്‍ ക്യാന്‍‌വാസ് സൂം ചെയ്ത്, വളഞ്ഞ മൂലകളോടുകൂടിയ ഒരു ചതുരം വരയ്ക്കുക. എത്രമാത്രം വളവ്‌ വേണമെന്നുള്ളത് മുകളിലായി ലഭ്യമായ ഓപ്ഷന്‍സ് ബാറില്‍ Radius: എന്നതിന്റെ വിലയായി നല്‍കുക.


ഇപ്പോള്‍ bg എന്ന ലെയ‌ര്‍ ഒരു വെക്ടര്‍ ഷേപ്പ് ലെയ‌റായി മാറിയിട്ടുണ്ടാവും. അടുത്തതായി ഈ ലെയ‌റിനു മുകളില്‍ വലതുമൌസ് ബട്ടണ്‍ അമര്‍ത്തി Rastaize Layer സെലക്ട് ചെയ്ത് ഒരു സാധാരണ ലെയ‌റാക്കി മാറ്റുക. ഇപ്പോള്‍ നമുക്ക് നേരിട്ട് എഡിറ്റിംഗ് സാധ്യമായ ഒരു ഫില്‍ ഓബ്ജക്ടായി bg-ലെയര്‍ മാറിയിട്ടുണ്ടാവും. അതിനു ശേഷം പുതിയ ഒരു ലെയര്‍ കൂടി മുകളിലായി കൂട്ടിച്ചേര്‍ക്കുക. അതിനെ നമുക്ക് text എന്നു വിളിക്കാം. ടെക്സ്റ്റ് ലെയ‌‌റില്‍ ആവശ്യമുള്ള കോപ്പി‌റൈറ്റ് ഇന്‍ഫര്‍മേഷന്‍ ടൈപ്പ് ചെയ്യുക. ഞാനിവിടെ © InfoKairali '07 എന്ന ടെക്സ്റ്റാണ് എന്റര്‍ ചെയ്തിരിക്കുന്നത്. (© ലഭിക്കുവാന്‍ Alt കീ-അമര്‍ത്തിയിരിക്കുമ്പോള്‍, നമ്പര്‍ പാഡില്‍ Num Lock: On ആയിരിക്കണം, 0169 എന്നു ടൈപ്പ് ചെയ്യുക.Start > Programs > Accessories > System Tools > Character Map എന്ന ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് അതില്‍ നിന്നു നേരിട്ടും ഈ സിംബല്‍ കോപ്പി ചെയ്യാവുന്നതാണ്.) ഫോണ്ട്: Impact, നിറം: വെളുപ്പ്, ഫോണ്ട്-സൈസ്: © സിംബലിന് 18, InfoKairali '07 എന്നതിന് 12 എന്ന രീതിയിലാണ് സാമ്പിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ കൂടുതല്‍ നീളത്തിലുള്ള വരിയാണ് ചേര്‍ക്കേണ്ടതെങ്കില്‍, ആദ്യ ഭാഗം മുതല്‍ വീണ്ടും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ക്യാന്‍‌വാസിന്റെ വലുപ്പം Image > Canvas Size...(Alt + Ctrl + C) എന്ന ഓപ്‌ഷന്‍ ഉപയോഗിച്ച് ക്രമീകരിച്ചശേഷം, റൌണ്ടഡ് റെക്ടാംഗിള്‍ പിന്നെയും വരച്ചാലും മതിയാവും. ഇപ്പോള്‍ സ്ക്രീനില്‍ കാണുന്ന ക്യാന്‍‌വാസാണ് താഴെ കാണുന്നത്.


Ctrl കീ അമര്‍ത്തിയിരിക്കുമ്പോള്‍ text എന്ന ലെയറില്‍ മൌസമര്‍ത്തുക. (ലെയറിന്റെ ഇടതുഭാഗത്തായിക്കാണുന്ന T എന്ന ഐക്കണിലാണ് മൌസമര്‍ത്തേണ്ടത്.) ക്യാന്‍‌വാസില്‍ ടൈപ്പ് ചെയ്തിരിക്കുന്ന ടെക്സ്റ്റിനു ചുറ്റും ഒരു സെലക്ഷന്‍ രൂപപ്പെടും. ഇതിനു ശേഷം text എന്ന ലെയര്‍ അദൃശ്യമാക്കുക. ഓരോ ലെയറിന്റേയും ഏറ്റവും ഇടതുഭാഗത്തായി കാണുന്ന കണ്ണിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ലെയര്‍ വിസിബിലിറ്റി തിരഞ്ഞെടുക്കാവുന്നതാണ്. താഴെക്കാണുന്ന രീതിയിലാവും ക്യാന്‍‌വാസ് ഇപ്പോള്‍ ദൃശ്യമാവുക.


തുടര്‍ന്ന് bg എന്ന ലെയര്‍ വീണ്ടും സെലക്ട് ചെയ്ത ശേഷം കീ ബോര്‍ഡില്‍ Del ബട്ടണ്‍ അമര്‍ത്തുക. സെലക്ഷനുള്ളില്‍ വരുന്ന ഭാഗം ഡിലീറ്റ് ചെയ്യപ്പെടും. അതായത് © InfoKairali '07 എന്ന എഴുത്ത് bg എന്ന ലെയ‌റില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും. bg ലെയറിന്റെ ട്രാന്‍‌സ്പെരന്‍സി കുറയ്ക്കുകയാണ് അടുത്തപടി. അതിനായി ആ ലെയറിന്റെ Opacity വില 30% എന്നു നല്‍കക. ലെയര്‍ പാലെറ്റില്‍ താഴെക്കാണുന്ന രീ‍തിയിലാവും വിവിധ ലെയറുകള്‍ ഇപ്പോള്‍ അടുക്കിയിരിക്കുക.

ഇപ്പോള്‍ ലെയറുകളുള്‍പ്പടെ ഒരു PSD ഫയലായാണ് ചിത്രം സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് ചിത്രങ്ങളില്‍ ഉപയോഗിക്കുവാനായി ഇതിനെ ട്രാന്‍‌സ്പെരന്‍സി സഹിതം സേവ് ചെയ്യേണ്ടതുണ്ട്. അതിനായി PNG ഫോര്‍മാറ്റില്‍ ചിത്രം സേവ് ചെയ്യുക. Alt + Ctrl + Shift + S കീകള്‍ അമര്‍ത്തി Save for Web & Devices എന്ന ഡയലോഗ് ബോക്സ് ദൃശ്യമാക്കുക. ഇവിടെ ഫയല്‍ ഫോര്‍മാറ്റായി PNG-24 സെലക്ട് ചെയ്യുക. Transperancy എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്യുവാനും മറക്കാതിരിക്കുക. Save ബട്ടണ്‍ അമര്‍ത്തി, തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള പേരു നല്‍കി സേവ് ചെയ്യുക.ഇനിമുതല്‍ വെബ് പേജുകളിലും മറ്റും ചിത്രങ്ങള്‍ പബ്ലിഷ് ചെയ്യുന്നതിനു മുന്‍പായി, ഈ PNG ഫയല്‍ തുറന്ന്, Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്ത്, Ctrl + C അമര്‍ത്തി സെലക്ഷനുള്ളിലെ ഭാഗം കോപ്പി ചെയ്ത്, പബ്ലിഷ് ചെയ്യുവാനുള്ള ചിത്രങ്ങള്‍ക്കു മുകളില്‍ പേസ്റ്റ് (Ctrl + V) ചെയ്യുക. ചിത്രത്തിന്റെ നടുവിലായാവും ഡിഫോള്‍ട്ടായി പേസ്റ്റ് ചെയ്യപ്പെടുക. ആവശ്യമെങ്കില്‍ മറ്റ് ഭാഗത്തേക്ക് ജലമുദ്രയെ മാറ്റിവെയ്ക്കാവുന്നതാണ്. ഇരുണ്ട ചിത്രങ്ങളിലാണ് ഈ വാട്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്നതെങ്കില്‍ പേസ്റ്റ് ചെയ്ത ശേഷം Ctrl + I അമര്‍ത്തി ജലമുദ്രയുടെ നിറം ഇന്‍‌വേഴ്സ് ചെയ്ത്, വെളുപ്പാക്കാവുന്നതാണ്. ഈ രീതിയില്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത ഒരു ചിത്രമാണ് താഴെ.


--

(2007 ആഗസ്റ്റ് ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Keywords: Digital Watermarking, Watermark, Watermarks, Photoshop, Tutorial, Adobe, Copyright, Embed, Information, License, Agreement, InfoKairali, Info Kairali, Article, Published
--


Tuesday, July 24, 2007

ഫയര്‍ഫോക്സും ആഡ്‌-ഓണുകളും

Firefox, Add-ons, Mozilla, Download, Selected, Recommended, FireFTP, FlashGot, Greasemonkey, Download Manager, Padma, FireFTP, InfoKairali, Info Kairali, Article, Published
ഫയര്‍ഫോക്സെന്നു കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഇന്റര്‍നെറ്റില്‍ ലഭ്യമായ വെബ് പേജുകള്‍ കാണുവാന്‍ നമ്മുടെ കമ്പ്യൂട്ടറില്‍ അത്യാവശ്യം വേണ്ട ഒരു സോഫ്റ്റ്വെയറാണല്ലോ ബ്രൌസര്‍. വിന്‍ഡോസിനൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് അധികം പേരും ഉപയോഗിക്കുക. എന്നാല്‍ ഇതല്ലാതെ ധാരാളം മറ്റ് ബ്രൌസറുകളും ഇന്ന് ലഭ്യമാണ്. അത്തരത്തിലൊരു ബ്രൌസറാണ് മോസില്ല ഫയര്‍ഫോക്സ്. ഒരു ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമായ ഫയര്‍ഫോക്സിന് ഇന്റര്‍നെറ്റ് എക്സ്പ്ലോററിനില്ലാത്ത നിരവധി മേന്മകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ആഡ്-ഓണുകള്‍ ചേര്‍ക്കുവാനുള്ള സൌകര്യം.

എന്താണ് ഫയര്‍ഫോക്സ് ആഡ്-ഓണുകള്‍?
ഇന്റര്‍നെറ്റില്‍ ലഭ്യമായ വെബ് പേജുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ലഭ്യമാക്കുക എന്നതിലുപരിയായി ഫയര്‍ഫോക്സിനെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാനും ഫയര്‍ഫോക്സിനെ നമ്മുടെ ആവശ്യങ്ങള്‍ക്കുതകുന്ന തരത്തില്‍ സജ്ജമാക്കുവാനും സഹായിക്കുന്ന ചെറു സോഫ്റ്റ്‌വെയറുകളെയാണ് ആഡ്-ഓണുകള്‍ എന്നു പറയുന്നത്. പല ആവശ്യങ്ങള്‍ക്കായി പല തരത്തിലുള്ള ആഡ്-ഓണുകള്‍ ഇന്ന് ലഭ്യമാണ്. അതൊരു പക്ഷെ പ്ലഗിനുകളാവാം (ഉദാ: ഫ്ലാഷ് മൂവികള്‍ അടങ്ങിയിരിക്കുന്ന ഒരു വെബ് പേജ് ദൃശ്യമാക്കുവാന്‍ ഫ്ലാഷ് പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം), സേര്‍ച്ച് എഞ്ചിനുകളാവാം (ഫയര്‍ഫോക്സില്‍ അഡ്രസ് ബാറിനു സമീപമായി ഒരു സേര്‍ച്ച് ബോക്സ് ലഭ്യമാണ്. അതായത് ഗൂഗിളിന്റെ ഒരു സേര്‍ച്ച് എഞ്ചിന്‍ ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നാല്‍, ഗൂഗിളിന്റെ വെബ് സൈറ്റിലെത്താതെ തന്നെ സേര്‍ച്ച് ചെയ്തു തുടങ്ങാവുന്നതാണ്, റിസള്‍ട്ടുകള്‍ ബ്രൌസറില്‍ തുറന്നുവരും), തീമുകളാവാം (ഫയര്‍ഫോക്സിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുവാന്‍ തീമുകള്‍ ഉപയോഗിക്കാം), എക്സ്റ്റന്‍ഷനുകളാവാം (ബ്രൌസര്‍ എന്നതിലുപരിയായി ഫയര്‍ഫോക്സിനെ മറ്റ് ആവശ്യങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ വിപുലപ്പെടുത്തുവാനുള്ള ആഡ്-ഓണുകള്‍). തിരഞ്ഞെടുത്ത അഞ്ച് ആഡ്-ഓണുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

തിരഞ്ഞെടുത്ത ആഡ്-ഓണുകള്‍
1. ഫ്ലാഷ്‌ഗോട്ട് (FlashGot)
ഫയര്‍ഫോക്സില്‍ ഡൌണ്‍ലോഡുകള്‍ മാനേജ് ചെയ്യുവാനായി ഒരു ഡിഫോള്‍ട്ട് ഡൌണ്‍ലോഡ് മാനേജര്‍ ലഭ്യമാണ്. എന്നാല്‍ ഒരു തേഡ്-പാര്‍ട്ടി ഡൌണ്‍ലോഡ് മാനേജര്‍ നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതിലേക്ക് ഡൌണ്‍ലോഡുകളെ തിരിച്ചുവിടുവാനായി ഫ്ലാഷ്‌ഗോട്ട് എന്ന ആഡ്-ഓണ്‍ പ്രയോജനപ്പെടുത്താം. അതുമാത്രവുമല്ല ഒരു പേജിലെ അല്ലെങ്കില്‍ വിവിധ ടാബുകളിലെ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്ന എല്ലാ ഫയലുകളേയും ഒറ്റയടിക്ക് ഡൌണ്‍ലോഡ് ചെയ്യുവാനുള്ള നിരയിലേക്ക് കൂട്ടിച്ചേര്‍ക്കുവാനും ഫ്ലാഷ്‌ഗോട്ട് ഉപയോഗിച്ച് സാധിക്കും. ഒന്നില്‍ കൂടുതല്‍ ഡൌണ്‍ലോഡ് മാനേജറുകള്‍ ഒരേ സമയം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളില്‍, ഓരോ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോഴും ഏതു മാനേജര്‍ ഉപയോഗിക്കണമെന്ന് പ്രത്യേകം തിരഞ്ഞെടുക്കുവാനും ഫ്ലാഷ്‌ഗോട്ട് ഉപയോഗിച്ചു സാധിക്കുന്നു. ഫ്ലാഷ്‌ഗോട്ടിനൊപ്പം ഉപയോഗിക്കാവുന്ന ഒരു സൌജന്യ ഡൌണ്‍ലോഡ് മാനേജറാണ് Free Download Manager (FDM).
ഇന്‍സ്റ്റാള്‍ ചെയ്യുക


2. ഐ.ഇ. ടാബ് (IE Tab)
ഇന്റര്‍നെറ്റില്‍ ഫയര്‍‌ഫോക്സ് ഉപയോഗിച്ച് ബ്രൌസ് ചെയ്യുമ്പോള്‍ ഐ.ഇ-യില്‍ മാത്രം ശരിയായി പ്രവര്‍ത്തിക്കുന്ന പല വെബ് സൈറ്റുകളിലും എത്തിപ്പെടും. അങ്ങിനെയുള്ള അവസരങ്ങളില്‍, ഐ.ഇ തുറന്ന് വെബ്-അഡ്രസ് കോപ്പി-പേസ്റ്റ് ചെയ്ത്, അതേ വെബ്-പേജ് വീണ്ടും ലോഡ് ചെയ്യിക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ ഈ ആഡ്-ഓണ്‍ ഉപയോ‍ഗിക്കാം. കൂടാതെ മലയാളം ബ്ലോഗുകളിലെ ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാക്കുവാനും, അലൈന്മെന്റ് ജസ്റ്റിഫൈ എന്ന് സെലക്ട് ചെയ്തിരിക്കുന്ന മലയാളത്തിലുള്ള പാരഗ്രാഫുകള്‍ ശരിയായി വായിക്കുവാനും ഐ.ഇ. ടാബ് പ്രയോജനപ്പെടുത്താം. ഫയര്‍ഫോക്സിനുള്ളില്‍ നിന്നു തന്നെ ഐ.ഇ. റെന്‍ഡറിംഗ് എഞ്ചിന്‍ ഉപയോഗിച്ച് വെബ് പേജുകള്‍ ദൃശ്യമാക്കുകയാണ് ഐ.ഇ. ടാബ് ചെയ്യുന്നത്. ഈ രീതിയില്‍ ബ്രൌസ് ചെയ്യുമ്പോ‍ള്‍ ഫയര്‍ഫോക്സിന്റെ ബ്രൌസര്‍ ഇന്റര്‍ഫേസ് മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നതും ഓര്‍മ്മയിരിക്കട്ടെ. അതായത്, ഇന്റര്‍നെറ്റ് എക്സ്പ്ലോ‍റര്‍ റെന്‍ഡറിംഗ് എഞ്ചിനുള്ള പോരാ‍യ്മകള്‍ ഇവിടെയും പ്രതിഫലിക്കും.

ഈ ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ സ്റ്റാറ്റസ് ബാറില്‍ വലതു മൂലയ്ക്കായി ഫയര്‍ഫോക്സിന്റെ ഒരു ഐക്കണ്‍ ദൃശ്യമായിരിക്കും. ഇതില്‍ ഇടതുമൌസമര്‍ത്തിയാല്‍ ഇപ്പോള്‍ കാ‍ണുന്ന പേജ് അതേ ടാബില്‍ ഐ.ഇ. എഞ്ചിന്‍ ഉപയോഗിച്ച് റെന്‍ഡര്‍ ചെയ്യും, നടുവിലെ ബട്ടണാണ് അമര്‍ത്തുന്നതെങ്കില്‍ അതേ പേജ് പുതിയൊരു ടാബിലാവും റെന്‍ഡര്‍ ചെയ്യപ്പെടുക. വലതു മൌസ് ബട്ടണ്‍ അമര്‍ത്തിയാല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമായ IE Tab Options ഡയലോഗ് ബോക്സ് ദൃശ്യമാവും. Tools > IE Tab Options സെലക്ട് ചെയ്തും ഈ ഡയലോഗ് ബോക്സ് ലഭ്യമാക്കാം. ഡിഫോള്‍ട്ടായി ചില വെബ് സൈറ്റുകള്‍ ഐ.ഇ. എഞ്ചിനില്‍ തുറക്കുക, ഐ.ഇ. എഞ്ചിനല്ലാതെ മറ്റ് ബ്രൌസറുകളുടെ എഞ്ചിന്‍ ഉപയോഗിക്കുവാനായി സെറ്റ് ചെയ്യുക എന്നിങ്ങനെയുള്ള ചില സാധ്യതകള്‍ കൂടുതലായി ഇവിടെ ലഭ്യമാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


3. പദ്മ (Padma)
നമുക്കറിയാം, മലയാള ദിനപത്രങ്ങളില്‍ പലതും അവരവരുടെ സ്വന്തം ഫൊണ്ടുകളാണ് അവരവരുടെ വെബ്-സൈറ്റുകളില്‍ ഉപയോഗിക്കുന്നത്. യൂണിക്കോഡിലേക്ക് ആരും എത്തിത്തുടങ്ങിയിട്ടില്ല. അതിനാല്‍ തന്നെ ഓരോ വെബ് സൈറ്റിം ശരിയായി കാണുവാന്‍, അതാത് ഫോണ്ടുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇതിനൊരു പരിഹാരമാ‍ണ് പദ്മ എന്ന ആഡ്-ഓണ്‍. ഇത് വിവിധ മലയാളം വെബ് സൈറ്റുകളെ ലഭ്യമായ യൂണിക്കോഡ് മലയാളം ഫോണ്ടില്‍ ദൃശ്യമാക്കുവാന്‍ സഹായിക്കുന്നു. അതായത് ഒരോ വെബ് സൈറ്റും കാണുവാനായി അതാത് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. മലയാളം മാത്രമല്ല; തെലുങ്ക്, തമിഴ്, ദേവനാഗിരി, ഗുജറാത്തി, ബംഗാളി, കന്നട, ഗുര്‍മുഖി തുടങ്ങിയ ഭാഷകളിലുള്ള വെബ് സൈറ്റുകളേയും യൂണിക്കോഡിലേക്ക് മൊഴിമാറ്റി ദൃശ്യമാക്കുവാന്‍ പദ്മ ഉപകരിക്കും.

പദ്മ ഉപയോഗിക്കുമ്പോള്‍, ഒരുപക്ഷെ ചില സൈറ്റുകള്‍ ഡിഫോള്‍ട്ടായി കണ്‍‌വര്‍ട്ട് ചെയ്യപ്പെടില്ല. അങ്ങിനെയുള്ളവ സ്വന്തമായി പ്രത്യേകം എന്റര്‍ ചെയ്തു നല്‍കുക. Tools > Add-ons എന്ന ലിസ്റ്റില്‍ പദ്മ സെലക്ട് ചെയ്യുക. Options എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Padma Preference എന്ന ഡയലോഗ് ലഭ്യമാക്കുക. അവിടെ Enable Auto Trasform എന്നത് ‘ടിക്’ ചെയ്ത് Update ബട്ടണില്‍ മൌസമര്‍ത്തുക. തുറന്നുവരുന്ന വിന്‍ഡോയില്‍ പുതിയ സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


4. ഫയര്‍ എഫ്.ടി.പി (FireFTP)
ഇത് പ്രധാനമായും സ്വന്തമായി ഒരു വെബ് സൈറ്റ്, ഒരു FTP (File Transfer Protocol) ആക്സസ് ഉള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്ന വെബ് സൈറ്റ്, ഉള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു ആഡ്-ഓണ്‍ ആണ്. ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രധാന മെനുവില്‍ Tools > FireFTP എന്ന ഐറ്റം സെലക്ട് ചെയ്ത് ഈ ഓപ്ഷന്‍ റണ്‍ ചെയ്യാവുന്നതാണ്. താഴെക്കാണുന്ന രീതിയിലൊരു ജാലകമാവും നമുക്ക് തുടര്‍ന്നു ലഭിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ കാണുവാന്‍ സാധിക്കും.

ഇടതു വശത്ത് മുകളിലായിക്കാണുന്ന Manage Account എന്ന ടാബില്‍ മൌസമര്‍ത്ത്, ലഭ്യമായ മെനുവില്‍ നിന്നും New... എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുറന്നുവരുന്ന Account Manager ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി Connect എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇടതു ഭാഗത്ത് നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകളും വലതുഭാഗത്ത് റിമോട്ട് സെര്‍വറിലെ ഫയലുകളും ലിസ്റ്റ് ചെയ്യപ്പെടും. ആവശ്യമുള്ള ഫയലുകള്‍ സെലക്ട് ചെയ്ത് നടുവിലെ ആരോ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡിംഗ്/അപ്‌ലോഡിംഗ് എന്നിവ സാധ്യമാക്കാം. ഫയലുകള്‍ സെലക്ട് ചെയ്ത് ഡ്രാഗ് ചെയ്തും അങ്ങോട്ടുമിങ്ങോട്ടും മൂവ് ചെയ്യാവുന്നതാണ്. ഒരു എഫ്.ടി.പി. ക്ലയന്റിനു വേണ്ട പ്രാഥമികമായ എല്ലാ സാധ്യതകളും FireFTP-യില്‍ ലഭ്യമാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


5. ഗ്രീസ്‌മങ്കി (Greasemonkey)
ചെറിയ ജാവ സ്ക്രിപ്റ്റുകളുപയോഗിച്ച് നമ്മള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളുടെ രൂപത്തേയും അതിന്റെ പ്രവര്‍ത്തനത്തേയും നമ്മുടെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയിലാക്കുവാന്‍ ഈ ആഡ്-ഓണ്‍ സഹായിക്കുന്നു. ഗ്രീസ്‌മങ്കിയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന കുറേയധികം സ്ക്രിപ്റ്റുകള്‍ ഇവിടെ ലഭ്യമാണ്. ഇതു കൂടാതെ നമുക്ക് സ്വന്തമായി സ്ക്രിപ്റ്റുകള്‍ എഴുതുവാനും സാധിക്കും.

ഗ്രീസ്‌മങ്കി ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ ഒരു കുരങ്ങന്റെ തല സ്റ്റാ‍റ്റസ് ബാറില്‍ വലത്തേയറ്റത്തായി ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്തി ഗ്രീസ്‌മങ്കി സ്ക്രിപ്റ്റുകള്‍ എനേബിള്‍/ഡിസേബിള്‍ ചെയ്യുവാന്‍ കഴിയും. Tools > Greasemonkey > Manage User Scripts... സെലക്ട് ചെയ്താല്‍ ഓരോ സ്ക്രിപ്റ്റും ഉപയോഗിക്കേണ്ട പേജുകള്‍, ഉപയോഗിക്കരുതാത്ത പേജുകള്‍ എന്നിവയൊക്കെ സെറ്റ് ചെയ്യുവാന്‍ സാധിക്കും. ആവശ്യം കഴിഞ്ഞ സ്ക്രിപ്റ്റുകള്‍ ഇവിടെ നിന്നും ഒഴിവാക്കുകയുമാവാം.
ഇന്‍സ്റ്റാള്‍ ചെയ്യുക
--
(2007 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Firefox, Add-ons, Mozilla, Download, Selected, Recommended, FireFTP, FlashGot, Greasemonkey, Download Manager, Padma, FireFTP, InfoKairali, Info Kairali, Article, Published
--


Friday, July 13, 2007

പുതുമകളോടെ അഡോബി ഫ്ലാഷ്

Adobe Flash CS3, Introduction, What's New, InfoKairali, Article, General, Malayalam
മാക്രോമീഡിയയെ അഡോബി ഏറ്റെടുത്തതിനു ശേഷം പുറത്തിറക്കുന്ന ഫ്ലാഷിന്റെ പുതിയ വേര്‍ഷനാണ് അഡോബി ഫ്ലാഷ് സി.എസ്.-3. അഡോബി ക്രിയേറ്റീവ് സ്യൂട്ട് 3-യുടെ ഭാഗമായ ഫ്ലാഷ് സി.എസ്.-3യുടെ വേര്‍ഷന്‍ ഒന്‍പതാണ്. ധാരാളം പുതുമകളോടെയാണ് പുതിയ ഫ്ലാഷ് വിപണിയിലെത്തിയിരിക്കുന്നത്. ഫ്ലാഷ് സി.എസ്.-3-യിലെ പ്രധാനപ്പെട്ട നൂതന സാധ്യതകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ഒന്ന്: ഇന്റര്‍ഫേസ്
അഡോബി ഫ്ലാഷ് സി.എസ്.-3 തുറന്നു വരുമ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ് അതിന്റെ പുതുക്കിയ ഇന്റര്‍ഫേസ്. ക്രിയേറ്റീവ് സ്യൂട്ട് 3-ലെ മറ്റ് ആപ്ലിക്കേഷനുകളുടെ (ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍ മുതലായവ) ഇന്റര്‍ഫേസിന് സമാനമാണ് ഫ്ലാഷിലെ ഇന്റര്‍ഫേസ്.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ ദൃശ്യമാവും.

ഇന്റര്‍ഫേസിലെ ഏറ്റവും വലിയ പ്രത്യേകത അതില്‍ പാലെറ്റുകള്‍ അടുക്കിയിരിക്കുന്ന രീതിയാണ്. സ്ഥലം വളരെ കുറച്ചെടുക്കുന്ന രീതിയില്‍ പാലെറ്റുകളെ സ്ക്രീനില്‍ അടുക്കുവാന്‍ സാധിക്കും. ഐക്കണ്‍ മാത്രമായി, ഐക്കണ്‍ ലേബലോടു കൂടി, പഴയ രീതിയില്‍ പാലെറ്റ് മുഴുവനായി, എന്നിങ്ങനെ മൂ‍ന്ന് സാധ്യതകളാണ് ലഭ്യമായിരിക്കുന്നത്. മറ്റൊരു പ്രധാന വ്യത്യാസം ടൂ‍ള്‍ ബാറിലാണ്. ഒറ്റ നിരയിലും, രണ്ടു നിരയായും ടൂള്‍ ബാര്‍ ദൃശ്യമാക്കുവാന്‍ സാധിക്കും. ഒറ്റ നിരയാണെങ്കില്‍ പിന്നെയും സ്ഥലം ലാഭിക്കാം.

ഒരു പാലെറ്റ് ഏരിയായില്‍ തന്നെ പല ടാബുകളായി പല പാലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കാം എന്നതാണ് മറ്റൊരു സാധ്യത. ആക്ഷന്‍സ് പാനല്‍ പോലും ഈ രീതിയില്‍ ഡോക്ക് ചെയ്യുവാന്‍ സാധിക്കും. ഇതും കുറഞ്ഞ സ്ഥലത്ത് ആവശ്യമുള്ള എല്ലാ പാലെറ്റുകളും എളുപ്പത്തില്‍ തുറക്കാവുന്ന രീതിയില്‍ അടുക്കുവാന്‍ സഹായിക്കുന്നു.


രണ്ട്: ആക്ഷന്‍സ്ക്രിപ്റ്റ് 3
ആക്ഷന്‍സ്ക്രിപ്റ്റിംഗ് ഫ്ലാഷ് സി.എസ്. 3-യില്‍ അടുത്ത വേര്‍ഷനിലേക്ക് കടന്നിരിക്കുന്നു. ആക്ഷന്‍സ്ക്രിപ്റ്റ് രണ്ടിനെ അപേക്ഷിച്ച് കുറച്ചുകൂടി കഠിനമായ ശൈലിയാണ് പുതിയ വേര്‍ഷനിലേത്. ബട്ടണ്‍ ആക്ഷന്‍, മൂവി ക്ലിപ്പ് ആക്ഷന്‍ എന്നിവ ഇതില്‍ ലഭ്യമല്ല. ഫ്രയിം ആക്ഷനായിത്തന്നെ ബട്ടണ്‍/മൂവി ക്ലിപ്പ് ആക്ഷനുകളും നല്‍കേണ്ടതുണ്ട്. എന്നാല്‍ പ്രയോജനകരമായ പുതിയ ഇന്‍ബില്‍റ്റ് ഫംഗ്ഷനുകള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ ദൃശ്യമാവും.

ആക്ഷന്‍സ്ക്രിപ്റ്റ് 2 ഉപയോഗിച്ച് ശീലിച്ചവര്‍ ഭയക്കേണ്ടതില്ല. ആക്ഷന്‍സ്ക്രിപ്റ്റ് 2 ഉപയോഗിച്ച് സ്ക്രിപ്റ്റിംഗ് നടത്തുവാനുള്ള സൌകര്യവും ഇതില്‍ ലഭ്യമാണ്. എന്നാല്‍ പുതിയ ഫംഗ്ഷനുകളുടെ പ്രയോജനങ്ങള്‍ അപ്പോള്‍ ലഭ്യമാവില്ലെന്നുമാത്രം. ഇനി വരുന്ന വേര്‍ഷനുകള്‍ ആക്ഷന്‍സ്ക്രിപ്റ്റ് 2-നെ പിന്തുണയ്ക്കുമോ എന്ന് പറയുവാന്‍ കഴിയാത്തതിനാല്‍, ആക്ഷന്‍സ്ക്രിപ്റ്റ് 3 ഉപയോഗിച്ചു തുടങ്ങുന്നതാവും അഭികാമ്യം.


മൂന്ന്: ഫോട്ടോഷോപ്പ്/ഇല്ലുസ്ട്രേറ്റര്‍ ഇന്റഗ്രേഷന്‍
എടുത്തു പറയേണ്ട ഒരു പുതുമയാണിത്. ഫോട്ടോഷോപ്പ് ഫയലുകളും(*.psd), ഇല്ലുസ്ട്രേറ്റര്‍ ഫയലുകളും(*.ai) അതേപടി ഫ്ലാഷിലേക്ക് ഇം‌പോര്‍ട്ട് ചെയ്യുവാന്‍ ഈ വേര്‍ഷനില്‍ സാധിക്കും. ലെയറുകളും, ഫോള്‍ഡര്‍ സ്ട്രക്ചറും അതേപടി ഇം‌പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഫ്ലാഷിലും ലഭ്യമാവുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇവ രണ്ടിലേയും ടെക്സ്റ്റ് ലെയറുകള്‍, എഡിറ്റബിള്‍ ടെക്സ്റ്റായോ, പിക്സല്‍ ഇമേജായോ ഫ്ലാഷിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുമെന്നതാണ്. ഒരു പി.എസ്.ഡി. ഫയല്‍ ഇം‌പോര്‍ട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സാണ് താഴെക്കാണുന്നത്. ഇം‌പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ചില ലെയറുകളിലെ ഓബ്ജക്ടുകള്‍ പുതിയ മൂവി ക്ലിപ്പ് സിംബലായി ലൈബ്രറിയിലേക്ക് ചേര്‍ക്കുവാനും സാധിക്കും.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ ദൃശ്യമാവും.

ഇല്ലുസ്ട്രേറ്ററിലാവട്ടെ ഒരു പടി കൂടിക്കടന്ന്, അവിടെ നിന്നു തന്നെ ഓബ്ജക്ടുകള്‍ സിംബലുകളായി സേവ് ചെയ്യുവാനും, അവയ്ക്ക് ഇന്‍സ്റ്റന്‍സ് നെയിം നല്‍കുവാനും സാധിക്കും. ഫോട്ടോഷോപ്പില്‍ ലേ-ഔട്ട് ഡിസൈന്‍ ചെയ്ത്, ഫ്ലാഷ് ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍, മള്‍ട്ടിമീഡിയ സി.ഡി.കള്‍ എന്നിവ നിര്‍മ്മിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു ഓപ്ഷനാണിത്.


നാല്: മെച്ചപ്പെട്ട ഡ്രോയിംഗ് സാധ്യതകള്‍
ഡ്രോയിംഗ് ടൂളുകളില്‍ ലഭ്യമായിരിക്കുന്ന പുതിയ സാധ്യതകളും പ്രയോജനകരം തന്നെ. റെക്ടാംഗിള്‍/ഓവല്‍ പ്രിമിറ്റീവ് ടൂളുകള്‍, റെക്ടാംഗിള്‍ കോര്‍ണര്‍ റേഡിയസ് സെലക്ഷന്‍ ഓപ്ഷന്‍, ഇല്ലുസ്ട്രേറ്ററിലും ഫോട്ടോഷോപ്പിലും ലഭ്യമായ പെന്‍ ടൂള്‍, എന്നിവയൊക്കെയാണ് ഈ വിഭാഗത്തില്‍ എടുത്തു പറയേണ്ട പുതുമകള്‍.


അഞ്ച്: മോഷന്‍ എക്സ്പോര്‍ട്ട്
ഒരേ ആനിമേഷന്‍ തന്നെ ഒന്നിലധികം ഓബ്ജക്ടുകളില്‍ സാധ്യമാക്കണമെന്നു കരുതുക. പഴയ വേര്‍ഷനില്‍ ഓരോന്നിലും പോയി പ്രത്യേകം ആനിമേഷന്‍ ചെയ്യുക എന്നതേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഈ വേര്‍ഷനില്‍, നമുക്ക് മോഷന്‍ ആനിമേഷന്‍ കോപ്പി ചെയ്യുവാനും അത് മറ്റ് ഓബ്ജക്ടുകളില്‍ പേസ്റ്റ് ചെയ്യുവാനും സാധിക്കും. ആവശ്യമെങ്കില്‍ പേസ്റ്റ് മോഷന്‍ സ്പെഷ്യല്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത്, ആനിമേഷനിലെ ചില പ്രോപ്പര്‍ട്ടികള്‍ മാത്രം വ്യത്യാസപ്പെടുത്തി ഉപയോഗിക്കുവാന്‍ സാധിക്കും.

മറ്റൊരു സാധ്യത, മോഷന്‍ തന്നെ ആക്ഷന്‍സ്ക്രിപ്റ്റായി എക്സ്പോര്‍ട്ട് ചെയ്യുവാനും കഴിയുമെന്നതാണ്. പിന്നീട് ഈ ആക്ഷന്‍സ്ക്രിപ്റ്റ് ഇന്‍സ്റ്റന്‍സ് നെയിം മാത്രം വ്യത്യാസപ്പെടുത്തി മറ്റുള്ള ഓബ്ജക്ടുകളിലും പ്രയോഗിക്കുവാന്‍ സാധിക്കും.


ആറ്: മറ്റുള്ളവ
എളുപ്പത്തില്‍ സ്കിന്‍ ചെയ്യാവുന്ന കമ്പൊണെന്റുകള്‍, ഡിവൈസ് സെന്‍‌ട്രല്‍ ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡെവലപ് ചെയ്യുവാനുള്ള സൌകര്യം, ഫ്ലാഷ് മൂവി ക്ലിപ്പുകള്‍ ക്വിക്ക് ടൈം മൂവിയായി(ആക്ഷന്‍ സ്ക്രിപ്റ്റ് ഉപയോഗിച്ച് സാധ്യമാക്കുന്ന ആനിമേഷനുകള്‍, മൂവിക്ലിപ്പിനുള്ളിലുള്ള ആനിമേഷനുകള്‍ എന്നിവ സഹിതം) എക്സ്പോര്‍ട്ട് ചെയ്യുവാനുള്ള സൌകര്യം, കൂടുതല്‍ സാധ്യതകള്‍ അടങ്ങിയിരിക്കുന്ന ഫ്ലാഷ് വീഡിയോ ഇം‌പോര്‍ട്ട് ഓപ്ഷന്‍ എന്നിവയൊക്കെയും എടുത്തു പറയേണ്ടവ തന്നെ. പാക്കേജിലെ എല്ലാ സോഫ്റ്റ്‌വെയറുകളും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍, സമയവും പ്രയത്നവും ലാഭിക്കുവാനും കഴിയും. മൊത്തത്തില്‍ ഫ്ലാഷ് പ്രൊഫഷണലുകള്‍ക്ക് ഒട്ടേറെ പുതിയ പരീക്ഷണങ്ങള്‍ക്കുള്ള വേദിയൊരുക്കുകയാണ് അഡോബി, ഫ്ലാഷ് സി.എസ്.-3യിലൂടെ.
--


(2007 ജൂലൈ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Keywords: Adobe Flash CS3, Introduction, What's New, InfoKairali, Info Kairali, Published, Article, General, Malayalam
--


Thursday, June 28, 2007

പോസ്റ്റുകളെ തിരഞ്ഞെടുക്കാം

Pipe, Aggregater, Varamozhi Magazine, Blog Digest, Selected Posts, Shared Items, Google Reader, How to share blog posts
മലയാളത്തില്‍ ദിനം പ്രതി നൂറുകണക്കിന് പോസ്റ്റുകളാണ് ഉണ്ടായിക്കൊണ്ടിരിക്കൂന്നത്. ഇവയെല്ലാം ഒന്നോടിച്ചു നോക്കി താത്പര്യമുള്ളവ കണ്ടെത്തുക എന്നത് ആയാസകരമായ ഒരു പ്രവൃത്തിയാണ്. നമുക്ക് താത്പര്യമുള്ളവരുടെ ബ്ലോഗുകള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യാം, എന്നാല്‍ നമ്മുടെ സബ്‌സ്ക്രിപ്ഷനില്‍ വരാത്ത ഒരാളുടെ ഒരു നല്ല പോസ്റ്റ് ചിലപ്പോള്‍ വിട്ടുപോയി എന്നു വരാം. പിന്മൊഴി/മറുമൊഴി എന്നിവ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കമന്റ് വീണ പോസ്റ്റുകള്‍ നമുക്ക് ലഭ്യമാവും. എന്നാല്‍, പലപ്പോഴും കമന്റുകള്‍ വാരിക്കൂട്ടുക നല്ല പോസ്റ്റുകള്‍ തന്നെയാ‍വണമെന്നില്ല. ഇവിടെയാണ് ഷെയേഡ് ലിസ്റ്റുകളുടെ പ്രസക്തി.

എന്താണ് ഷെയേഡ് ലിസ്റ്റുകള്‍?
സ്വന്തമായി പൈപ്പുണ്ടാക്കാം എന്ന പോസ്റ്റില്‍ ഗൂഗിള്‍ റീഡറിനെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും പറഞ്ഞിരുന്നുവല്ലോ? ഗൂഗിള്‍ റീഡറിന്റെ വിവിധ സാധ്യതകളില്‍ ഒന്നാണ് ഷെയേഡ് ലിസ്റ്റുകള്‍. ഓരോ ഫീഡ് ഐറ്റവും ഗൂഗിള്‍ റീഡറില്‍ ദൃശ്യമാക്കുമ്പോള്‍ അതിനു താഴെയായി കുറച്ച് ഓപ്ഷനുകളും ലഭ്യമാണ്. Add Star, Share, Email, Mark as read, Add tags എന്നിവയാണവ. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ കാണാവുന്നതാണ്.

ചിത്രത്തില്‍ ഇ-ഗവേണന്‍സ് എന്ന ഫീഡ് ഐറ്റം ഹൈലൈറ്റ് ചെയ്തിരിക്കുന്നു. പ്രസ്തുത പോസ്റ്റ് നിങ്ങള്‍ വായിക്കുന്നു എന്നിരിക്കട്ടെ. വായിച്ചതിനു ശേഷം നിങ്ങള്‍ക്കു തോന്നുകയാണ്; ഇത് നല്ല ഒരു ലേഖനമാണ്, മറ്റുള്ളവരും ഇത് വായിച്ചിരിക്കേണ്ടതാണ് എന്നൊക്കെ, അപ്പോള്‍ അതിന്റെ ചുവട്ടില്‍ കാണുന്ന Share എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റ് മറ്റുള്ളവരുമായി ഷെയ‌ര്‍ ചെയ്യാവുന്നതാണ്. ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ ആ ഓപ്ഷന്‍ Unshare എന്നു ദൃശ്യമാക്കും. പിന്നീട് ആ ലേഖനത്തേക്കാള്‍ മികച്ച മറ്റൊന്ന് അതേ വിഷയത്തില്‍ വന്നു എങ്കില്‍, ഇത് ഷെയേഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. അതല്ലാതെ, ഒരാഴ്ചയ്ക്കു ശേഷം എല്ലാം അണ്‍ഷെയര്‍ ചെയ്ത് പുതിയ കുറേയെണ്ണം ഷെയര്‍ ചെയ്യുക എന്ന രീതി പിന്തുടരേണ്ടതില്ല, അത് ഈ സാധ്യതയുടെ പ്രയോജനം കുറയ്ക്കുകയും ചെയ്യും.

ഈ രീതിയില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകളെല്ലാം Shared items എന്ന ലിങ്കില്‍ (ഇടതുഭാഗത്ത് മുകളിലായി) ലഭ്യമാണ്. ആ ലിങ്കില്‍, ഫീഡ് പ്രിവ്യൂ പാനലിലായി നിങ്ങളുടെ ഷെയേഡ് ലിസ്റ്റ് പേജും ഫീഡ് ലിങ്കും ലഭ്യമായിരിക്കും. ഈ ഷെയേഡ് ലിസ്റ്റ് ഇ-മെയിലായി സുഹൃത്തുക്കള്‍ക്കയച്ചു കൊടുക്കാം, അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ ഒരു വിഡ്ജറ്റായി ചേര്‍ക്കാം അതുമല്ലെങ്കില്‍, നിങ്ങളുടെ ഒരു ലിങ്കായി മറ്റു പലസ്ഥലങ്ങളിലും (ഉദാ: ഓര്‍ക്കുട്ട്) ഈ ഷെയേഡ് ലിസ്റ്റ് ലിങ്ക് നല്‍കാം. താഴെക്കാ‍ണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ കാണാവുന്നതാണ്.

ഷെയേഡ് ലിസ്റ്റുകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം?
ഷെയേഡ് ലിസ്റ്റുകള്‍ മറ്റു പലരീതിയിലും പ്രയോജനപ്പെടുത്തുവാനാവും. അതിലൊരു രീതിയാണ് ചെറുവക എന്ന ബ്ലോഗില്‍, ബ്ലോഗ് ഡൈജസ്റ്റിലേക്കുള്ള രചനകള്‍ എന്ന പോസ്റ്റില്‍ സിബു വിശദമാക്കിയിരിക്കുന്നത്. പലരുടേയും ഷെയേഡ് ലിസ്റ്റുകള്‍ ഒരു പൈപ്പ് ഉപയോഗിച്ച് സമാഹരിച്ച്, അവയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ച പോസ്റ്റുകള്‍ ഒരു ഡൈജസ്റ്റായി പ്രസിദ്ധപ്പെടുത്തുന്നു. ഇപ്പോള്‍ ലഭ്യമായ ഷെയേഡ് ലിസ്റ്റുകള്‍ വരമൊഴി-വിക്കിയുടെ ഈ പേജില്‍ ലഭ്യമാ‍ണ്.

എന്നാല്‍ ഈ രീതിയില്‍ ഒരു ഡൈജസ്റ്റ് വിജയിപ്പിക്കുവാന്‍‍, വളരെക്കുറച്ചു പേരുടെ ഷെയേഡ് ലിസ്റ്റുകള്‍ മാത്രം ഉപയോഗിച്ച് സാധ്യമാവില്ല. ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്ന, ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാം. ഇതില്‍ പങ്കാളികളാകുവാന്‍ ഇത്രയും കാ‍ര്യങ്ങള്‍ ചെയ്താല്‍ മതിയാവും:
• ഗൂഗിള്‍ റീഡറില്‍ ലോഗ്-ഇന്‍ ചെയ്യുക. നിങ്ങള്‍ക്കു പ്രീയപ്പെട്ട ബ്ലോഗുകള്‍ Add Subscription ലിങ്ക് ഉപയോഗിച്ച് സബ്‌സ്ക്രൈബ് ചെയ്യുക. മലയാളം ബ്ലോഗുകളില്‍ പുതുതായി വരുന്ന പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്ന ഈ പൈപ്പും സബ്‌സ്ക്രൈബ് ചെയ്യുന്നത് നന്നായിരിക്കും.
• നിങ്ങള്‍ വായിക്കുന്ന പോസ്റ്റുകളില്‍ മറ്റുള്ളവരും കാണണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പോസ്റ്റുകള്‍, അതാത് ഫീഡ്-ഐറ്റത്തിലെ Share ഓപ്ഷന്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യുക.
• മുകളില്‍ കാണുന്ന ചിത്രത്തില്‍ കാണുന്നതുപോലെ; ഗൂഗിള്‍ റീഡറില്‍ Shared items എന്ന ലിങ്കില്‍ പൊയി, നിങ്ങളുടെ ലിസ്റ്റിന്റെ യു.ആര്‍.എല്‍ അല്ലെങ്കില്‍ ഫീഡ് യു.ആര്‍.എല്‍ കോപ്പി ചെയ്ത്, ഇവിടെ ഒരു കമന്റായി ചേര്‍ക്കുക. അവ വരമൊഴി വിക്കി പേജിലും, ഡൈജസ്റ്റിലേക്ക് പോസ്റ്റുകള്‍ തിരഞ്ഞെടുക്കുവാനുള്ള പൈപ്പിലും ഉപയോഗിക്കുന്നതാണ്.(ഈ കാര്യത്തില്‍ തീരുമാനമെടുക്കുവാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഡൈജസ്റ്റിന്റെ പിന്നണി പ്രവര്‍ത്തകരിലും സിബുവിലും മാത്രം നിക്ഷിപ്തമാണ്.) ബ്ലോഗ് ഡൈജസ്റ്റിലേക്ക് തിരഞ്ഞെടുക്കുന്ന പോസ്റ്റുകള് സിബുവിന്റെ ഈ പൈപ്പില്‍ ലഭ്യമാണ്.

ശ്രദ്ധിക്കുക:

• ഷെയേഡ് ലിസ്റ്റ് ലിങ്ക് അല്ലെങ്കില്‍ ഷെയേഡ് ലിസ്റ്റ് ഫീഡ് ലിങ്ക് ഇവിടെ കമന്റായി നല്‍കുമ്പോള്‍ അതൊരു ഹൈപ്പര്‍ ലിങ്കായി നല്‍കുവാന്‍ താത്പര്യപ്പെടുന്നു. എങ്ങിനെ ഹൈപ്പര്‍ ലിങ്കായി നല്‍കാം എന്നത് ഇവിടെ വിശദമാക്കിയിട്ടുണ്ട്.
• അവരവരുടെ തന്നെ ബ്ലോഗ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതെയിരിക്കുക.
• ഒന്നില്‍ കൂടുതല്‍ ഫീഡില്‍ ഒരു പോസ്റ്റ് തന്നെ ഷെയര്‍ ചെയ്യാതിരിക്കുക. (ഉദാ: ഒരു ബ്ലോഗ് നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, അത് ആ സബ്സ്ക്രിപ്ഷനിലെ ഫീഡ് ഐറ്റമായും, മലയാളം ബ്ലോഗ് പോസ്റ്റുകള്‍ എന്ന പൈപ്പിലെ ഫീഡ് ഐറ്റമായും റീഡറില്‍ കാണപ്പെടും. രണ്ടു പോസ്റ്റും ഒരു സമയം ഷെയര്‍ ചെയ്യേണ്ടതില്ല.)
• വ്യക്തിബന്ധങ്ങളും ഷെയേഡ് ലിസ്റ്റുകളുമായി കൂട്ടിക്കുഴയ്ക്കാതിരിക്കുക. (ബ്ലോഗുകള്‍ എഴുതുന്നവര്‍ക്കും വായനക്കാര്‍ക്കും ഇതു ബാധകമാണ്.)

ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ ലഭ്യമായ ഷെയേഡ് ലിസ്റ്റുകള്‍:
(ജൂണ്‍ 29, 2007 വരെ)
ആഷഇഞ്ചിപ്പെണ്ണ്തമനുദേവരാഗംഡാലിപെരുങ്ങോടന്‍‍പൊന്നപ്പന്‍പ്രമോദ്ബിന്ദുരാജേഷ് വര്‍മ്മവിഷ്ണുശ്രീജസാജന്‍സിദ്ധാര്‍ത്ഥന്‍സിബുരാധേയന്‍ഹരീഇടങ്ങള്‍ഉമേഷ്കല്യാണികെവിന്‍കേരള ഫാര്‍മര്‍സന്തോഷ്രേഷ്മവേണു

(ജൂലൈ 09, 2007 വരെ)
പരാജിതന്‍ഏവൂരാന്‍വെമ്പള്ളികണ്ണൂസ്പ്രതിഭസാല്‍ജോസന്ദീപ്ഇബ്രുഡാന്റിസ്തുളസി



Keywords: Pipe, Aggregater, Varamozhi Magazine, Blog Digest, Selected Posts, Shared Items, Google Reader, How to share blog posts

--


Friday, June 22, 2007

5 ബ്ലോഗിംഗ് നുറുങ്ങുകള്‍

Tips & Tricks, Blogger, Orkut, Edit Feed, Comment Settings, Pipes, Pinmozhikal, Marumozhikal, Formatting, Images open in New Window, Anonymous, Block, Image Hyperlink Text, Displaying Unicode Correctly in FireFox
മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് സഹായകമായേക്കാവുന്ന അഞ്ചു നുറുങ്ങുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഐ.ഇ-യിലേതു പോലെ, ഫയര്‍ ഫോക്സിലും എങ്ങിനെ ബ്ലോഗ് പോസ്റ്റിലെ ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാക്കാം; കമന്റ് ചെയ്യുമ്പോള്‍ എങ്ങിനെ ഹൈപ്പര്‍ ലിങ്ക്, ഇറ്റാലിക്സ്, ബോള്‍ഡ് ടെക്സ്റ്റ് എന്നിവ ഉപയോഗിക്കാം; ചിത്രങ്ങള്‍ എങ്ങിനെ ചെറുതാക്കി നല്‍കി, പുതിയ ജാലകത്തില്‍ വലുതായി തുറക്കാം; അനോണികമന്റുകള്‍ എങ്ങിനെ ഒഴിവാക്കാം; ഓര്‍ക്കുട്ടില്‍ ബ്ലോഗുകള്‍ എങ്ങിനെ ചേര്‍ക്കാം എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1. ഫയര്‍ഫോക്സും ചില്ലക്ഷരങ്ങളും
ഫയര്‍ഫോക്സില്‍ മലയാളം യൂണിക്കോഡ് ടെക്സ്റ്റിലെ ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാവാറില്ല. മറ്റു ചില അക്ഷരങ്ങള്‍ക്കും പ്രശ്നങ്ങളുണ്ട്. എന്നാല്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുമ്പോള്‍ ഫയര്‍ഫോക്സിലും ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാവുന്ന രീതിയില്‍ സെറ്റ് ചെയ്യുവാന്‍ കഴിയും. എങ്ങിനെയാണത് സാധ്യമാവുക? ബ്ലോഗറില്‍ നമുക്ക് ഇഷ്ടമുള്ള ഫോണ്ട് ഉപയോഗിച്ച് കണ്ടന്റ് ദൃശ്യമാക്കുവാന്‍ സാധിക്കും. span എന്ന ടാഗ് ഉപയോഗിച്ചാണ് അത് സാധ്യമാ‍വുക. എന്നാല്‍ ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയില്‍ ഫോണ്ട് സെലക്ഷനില്‍ സിസ്റ്റം ഡിഫോള്‍ട്ട് ഫോണ്ടുകള്‍ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. അതിനാല്‍ Edit Html എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് (ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയുടെ വലത്ത്, മുകള്‍ ഭാഗത്ത് ഈ ഓപ്ഷന്‍ ലഭ്യമാണ്) അവിടെ കോഡ് എഴുതിച്ചേര്‍ക്കേണ്ടതുണ്ട്. പോസ്റ്റ് മുഴുവനായി ടൈപ്പ് ചെയ്തതിനു ശേഷം പബ്ലിഷ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഇതു ചെയ്യുന്നതാണ് നല്ലത്. താഴെക്കാണുന്ന ചിത്രത്തില്‍ എന്റര്‍ ചെയ്തിരിക്കുന്ന കോഡ് അതേ രീതിയില്‍ പോസ്റ്റിന്റെ തുടക്കത്തിലും ഒടുക്കത്തിലും എന്റര്‍ ചെയ്യുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.

• ഇത് അഞ്ജലി ഫോണ്ട് സെറ്റ് ചെയ്യാത്ത ടെക്സ്റ്റ് - ന്‍, ല്‍, ര്‍, ണ്‍, ള്‍.
• ഇത് അഞ്ജലി ഫോണ്ട് സെറ്റ് ചെയ്ത ടെക്സ്റ്റ് - ന്‍, ല്‍, ര്‍, ണ്‍, ള്‍.
(ശ്രദ്ധിക്കുക: ഐ.ഇ-യില്‍ മുകളിലെ രണ്ട് വരികളും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. ഫയര്‍ഫോക്സില്‍ മാത്രമേ വ്യത്യാസം അറിയുവാന്‍ സാധിക്കുകയുള്ളൂ.)
അഞ്ജലി ഓള്‍ഡ് ലിപി അല്ലാതെ ലഭ്യമായ മറ്റ് മലയാളം യൂണിക്കോഡ് ഫോണ്ടുകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഉദാ: രചന(font-family:Rachana_w01), കാര്‍ത്തിക(font-family:Kartika) എന്നിങ്ങനെ. ഒരു കാര്യം ശ്രദ്ധിക്കുക, ഫോണ്ട് ഫയല്‍ സിസ്റ്റത്തില്‍ സേവ് ചെയ്തിരിക്കുന്ന പേരല്ല ഈവിടെ ഫോണ്ട് ഫാമിലിയില്‍ നല്‍കേണ്ടത്. ഫോണ്ട് C:\Windows\Fonts എന്ന ഫോള്‍ഡറില്‍ സേവ് ചെയ്തിരിക്കുന്ന പേര്‍ അല്ലെങ്കില്‍ ഫോണ്ട് വ്യൂവറില്‍ Typeface name: ആയി നല്‍കിയിരിക്കുന്ന പേര്‍; അതാണ് font-family ആയി നല്‍കേണ്ടത്.

2. കമന്റ് ഫോര്‍മാറ്റിംഗ്
ബ്ലോഗുക്കളില്‍ പലപ്പോഴും ഞാന്‍ കണ്ടിട്ടുള്ള ഒരു പ്രശ്നമാണ്. ലിങ്കുകള്‍ കമന്റായി ഇടുമ്പോള്‍, ഹൈപ്പര്‍ ലിങ്ക് ടെക്സ്റ്റായി നല്‍കാത്തതിനാല്‍, ലിങ്ക് പൂര്‍ണ്ണമായി ബ്ലോഗില്‍ ദൃശ്യമാവുന്നില്ല എന്നത്. ലിങ്ക് ഇട്ടതിന്റെ പ്രയോജനം തന്നെ ഇല്ലാതാക്കുന്നതാണ് പലപ്പൊഴും ഇത്. ചെറിയ യു.ആര്‍.എല്‍ ലിങ്കായി നല്‍കുമ്പോള്‍ ഇതിന്റെ പ്രയാസം മനസിലാവില്ല, പക്ഷെ യു.ആര്‍.എല്ലിന്റെ നീളം കൂടും തോറും ഇത് അസൌകര്യമുണ്ടാക്കുന്നു. ലിങ്ക് ഹൈപ്പര്‍ ലിങ്കായി നല്‍കുവാന്‍ വളരെ എളുപ്പമാണ്. അതുപോലെ കമന്റിലെ ചിലഭാഗങ്ങള്‍ എടുത്തു കാണിക്കുവാനായി ബോള്‍ഡാക്കുകയോ ഇറ്റാലിക്കാക്കുകയോ ചെയ്യാവുന്നതുമാണ്. താഴെക്കാണുന്ന രീതിയിലാണ് ഓരോന്നിനും എന്റര്‍ ചെയ്യേണ്ടത്.
ഹൈപ്പര്‍ ലിങ്ക് നല്‍ക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. യു.ആര്‍.എല്‍ പൂര്‍ണ്ണരൂപത്തില്‍, അതായത് http:// സഹിതം നല്‍കുക.


3. ചിത്രങ്ങള്‍ പുതിയ ജാലകത്തില്‍
എന്റെ ബ്ലോഗുകളില്‍ ഉപയോഗിച്ചിരിക്കുന്നതു കണ്ടാവണം, പലരും എന്നോടു ചോദിക്കുകയുണ്ടായി, ചിത്രങ്ങള്‍ എങ്ങിനെയാണ്, പോസ്റ്റില്‍ ചെറുതായി നല്‍കിയ ശേഷം, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ ജാലകത്തില്‍ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തില്‍ തുറക്കുന്നതെന്ന്. ഒട്ടും പ്രയാസമില്ലാത്ത ഒരു കാര്യമാണിത്. ആദ്യമായി സാധാരണ ചെയ്യുന്നതുപോലെ ചിത്രം അപ്‌ലോഡ് ചെയ്യുക. ചിത്രം ബ്ലോഗറില്‍ ചേര്‍ത്ത് കഴിയുമ്പോള്‍ Edit Html എന്ന ടാബിലേക്ക് മാറുക. താഴെക്കാണുന്ന രീതിയിലാവും അപ്പോളതിന്റെ കോഡ് ലഭ്യമാവുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.


ഈ കോഡില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതിയാവും മുകളില്‍ പറഞ്ഞ സാധ്യത ലഭ്യമാകുവാന്‍. ആദ്യമായി പോസ്റ്റില്‍ വരേണ്ട ചിത്രം എത്ര പൊക്കവും വീതിയും ഉള്ളതാവണമെന്ന് തീരുമാനിക്കുക. ആനുപാതികമായി വേണം പൊക്കത്തിലും വീതിയിലും കുറവു വരുത്തുവാന്‍. അല്ലെങ്കില്‍ ചിത്രം നന്നായിത്തോന്നില്ല. ഉദാ: 800 X 600 പിക്സത്സ് വലുപ്പത്തിലുള്ള ചിത്രമാണെന്നിരിക്കട്ടെ. നമുക്ക് വീതി 320-ലേക്ക് കുറയ്ക്കണം. അപ്പോള്‍ ആനുപാതികമായ പൊക്കം എന്നു പറയുന്നത് 240 പിക്സത്സ് ആയിരിക്കും. അതായത് (320/800)*600. ഇത് width="320" height="240" എന്ന രീതിയില്‍ img-ടാഗില്‍ കൂട്ടിച്ചേര്‍ക്കുക. ചിത്രം പുതിയ വിന്‍ഡോയില്‍ തുറക്കുവാനായി a-ടാഗിനുള്ളില്‍, href="http://image-url-here.gif" എന്നതിനു ശേഷം target="_blank" എന്നു നല്‍കുക. പുതുക്കിയ കോഡാണ് താഴെക്കാണുന്നത്.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.


ഇനി ചിത്രങ്ങള്‍ ടെക്സ്റ്റ് ഹൈപ്പര്‍ ലിങ്കായും ദൃശ്യമാക്കാവുന്നതാണ്. പുതിയ ബ്ലൊഗര്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ടാണല്ലോ ഉപയോഗിക്കുക. പിക്കാസ-വെബ് എന്ന ഗൂഗിളിന്റെ ഇമേജ്-ഷെയറിംഗ് സേവനവുമായി നിങ്ങളുടെ ബ്ലോഗിനെ ബന്ധിപ്പിച്ചിരിക്കുന്നു. http://picasaweb.google.com/home എന്ന സൈറ്റില്‍, നിങ്ങള്‍ ബ്ലോഗ് ചെയ്യുന്ന ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യുക. നിങ്ങളുടെ ബ്ലോഗിന്റെ പേരില്‍ ഒരു ഫോള്‍ഡര്‍(ആല്‍ബം) ലഭ്യമായിരിക്കും(ഒരു ചിത്രമെങ്കിലും ഉപയോഗിച്ചിട്ടുള്ള ബ്ലോഗുകള്‍ മാത്രമേ ഇവിടെ കാണുവാനാകൂ, അതും പഴയ പോസ്റ്റുകളിലെ ചിത്രങ്ങള്‍ ഇവിടെ ലഭ്യമായിരിക്കുകയുമില്ല). ബ്ലോഗ് പോസ്റ്റുകളില്‍ നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അതാത് പിക്കാസ-ആല്‍ബത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കും. എന്നാല്‍ ഇത് പബ്ലിക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ടാവില്ല. ഒരു ചിത്രം ബ്ലോഗ് പോസ്റ്റില്‍ അപ്‌ലോഡ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്താലും ഗൂഗിള്‍ സെര്‍വറില്‍ നിന്നും അത് ഡിലീറ്റ് ചെയ്യപ്പെടില്ല്ല; ആല്‍ബത്തില്‍ അത് സൂക്ഷിക്കപ്പെടും. ആല്‍ബത്തില്‍ നിന്നും ആവശ്യമില്ലാത്ത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഹൈപ്പര്‍ ലിങ്കായി ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കുവാന്‍ ചിത്രം പോസ്റ്റില്‍ അപ്ലോഡ് ചെയ്തതിനു ശേഷം ഒറിജിനല്‍ ലിങ്കിലെ img-ടാഗ് ഒഴിവാക്കുക. പകരം ചിത്രത്തിന്റെ പേര് നല്‍കുക. അതിനു ശേഷം ആവശ്യമുള്ള സ്ഥലത്ത് a-ടാഗ് മുഴുവനായും കൊണ്ടുപോയി വെയ്ക്കുക. ഈ ആ‍വശ്യത്തിനായി പുതുക്കിയ കോഡ് ഇവിടെ കാണാവുന്നതാണ്.

4. അനോണികളെ ഒഴിവാക്കാം
ഒരു ബ്ലോഗില്‍ ആര്‍ക്കൊക്കെ കമന്റ് ചെയ്യാം എന്നത് ഓരോ ബ്ലോഗ് ഉടമയ്ക്കും തീരുമാനിക്കാവുന്നതാണ്. അതിനായി Dashboard > Settings വഴി Comments എന്ന ടാബിലെത്തുക. അവിടെ Who can Comment? എന്നതില്‍ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്. Only Registered Users, Anyone, Only Members of this Blog എന്നിവയാണ് ആ ഓപ്ഷനുകള്‍. ഇതില്‍ ആദ്യത്തെ ഓപ്ഷന്‍ - Only Registered Users, സെലക്ട് ചെയ്താല്‍ ഗൂഗിള്‍ അക്കൌണ്ട് ഉള്ളവര്‍ക്കു മാത്രമേ കമന്റ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ആ അക്കൌണ്ടില്‍ മറ്റൊരു ബ്ലോഗുണ്ടെങ്കില്‍, അത് പ്രൊഫൈല്‍ പേജില്‍ ദൃശ്യമായിരിക്കുകയും ചെയ്യും (പ്രൊഫൈല്‍ പബ്ലിക് ഷെയേഡ് ആണെങ്കില്‍ മാത്രം.). ഈ ഓപ്ഷന്‍ സെല്‍ക്ട് ചെയ്യുന്നതുകൊണ്ട്, നമുക്ക് വ്യക്തികളെ ഒരുപക്ഷെ മനസിലാക്കുവാന്‍ സാധിക്കുകയില്ലെങ്കിലും, ആ അക്കൌണ്ടില്‍ വരുന്ന ആക്ടിവിറ്റികള്‍ ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നതിനാല്‍, ഗുരുതരമായ എന്തെങ്കിലും പ്രശ്നം ഒരു കമന്ററുടെ ഭാഗത്തു നിന്നുണ്ടായാല്‍ (ഉദാ: തുടര്‍ച്ചയായ അസഭ്യകമന്റുകള്‍) ഗൂഗിളില്‍ പരാതിപ്പെടുവാന്‍ ഈ ഐ.ഡി. ഉപയോഗിക്കാം. ഒരുപക്ഷെ, കമന്റുകള്‍ എല്ലാവര്‍ക്കും ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍, കമന്റുകളുടെ എണ്ണം കുറയുമായിരിക്കാം. എന്നാല്‍ ഒന്നോര്‍ക്കുക, ഇന്ന് ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിക്കാത്തവരും വളരെ വിരളമാണല്ലോ?

Anyone എന്ന ഓപ്ഷനാണ് അടുത്തത്. പോസ്റ്റ് വായിക്കുന്ന ആര്‍ക്കും ഈ ഓപ്ഷനാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ കമന്റ് ചെയ്യുവാന്‍ സാധിക്കും. ഗൂഗിള്‍ അക്കൌണ്ടില്ലാത്തവര്‍ക്കും അഭിപ്രായം പറയുവാന്‍ സാധിക്കുമെങ്കിലും, ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു. ഈ സൌകര്യം നല്‍കിയിട്ട്, കമന്റുകളില്‍ കൂടി ഉപദ്രവം നേരിട്ടാല്‍, ഫലപ്രദമായി കമന്റിട്ടയാളെ കണ്ടെത്തുവാന്‍ കഴിഞ്ഞുവെന്നു വരില്ല. Only Members of this Blog എന്നത് ഗ്രൂപ്പ് ബ്ലോഗുകളിലാണ് ഉപയോഗിക്കപ്പെടുക. അതായത്, ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് എഴുതുന്ന ബ്ലോഗുകളില്‍, ഈ ഓപ്ഷന്‍ സെലക്ട് ചെയ്താല്‍, ആ ബ്ലോഗില്‍ എഴുതുവാന്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമേ കമന്റ് ചെയ്യുവാനും സാധിക്കുകയുള്ളൂ. വളരെ വിരളമായി മാത്രം ഉപയോഗിക്കപ്പെടുന്ന ഓപ്ഷനാണിത്. പോസ്റ്റുമായി ബന്ധമില്ല്ലാത്ത കമന്റുകള്‍ ഒഴിവാ‍ക്കുവാനാ‍യി Comment Moderation എന്ന ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്.

വേഡ് വേരിഫിക്കേഷന്‍ എന്നൊരു ഓപ്ഷനും ബ്ലോഗറില്‍ കമന്റ് ചെയ്യുന്നത് അഡ്മിനിസ്ട്രേറ്റ് ചെയ്യുവാന്‍ ലഭ്യമാണ്. ഒരു ഇമേജില്‍ കാണുന്ന അക്ഷരങ്ങളോ അക്കങ്ങളോ ടെക്സ്റ്റ് ബോക്സില്‍ എന്റര്‍ ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകളുപയോഗിച്ച് പരസ്യങ്ങളും മറ്റും ആട്ടോമാറ്റിക്കായി കമന്റ് ചെയ്യുന്നതിനെ ചെറുക്കൂവാനാണ് ഈ ഓപ്ഷന്‍. അങ്ങിനെ സ്പാം കമന്റുകള്‍ ധാരാളമായി വരുന്നുണ്ടെങ്കില്‍ മാത്രം ഈ ഓപ്ഷന്‍ ആക്ടീവാക്കിയാല്‍ മതിയാവും. ബ്ലോഗുകളില്‍ പലരും ഇത് അനാവശ്യമായി ഉപയോഗിച്ചുവരുന്നതായിക്കാണുന്നു. അനോണികളെ തടയുവാനുള്ള ഒരു മാര്‍ഗമാണിതും എന്നൊരു തെറ്റിദ്ധാരണയും ചിലര്‍ക്കെങ്കിലുമുണ്ടെന്ന് തോന്നുന്നു. സ്പാം കമന്റുകള്‍ വരുന്നില്ലായെങ്കില്‍ ഈ ഓപ്ഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്.

5. ഓര്‍ക്കുട്ടും ബ്ലോഗറും
മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്ന ഒട്ടുമിക്കവപ്പേരും ഓര്‍ക്കുട്ടിലും അംഗങ്ങളാണല്ലോ. ഓര്‍ക്കുട്ടിന്റെ പുതിയ ഒരു സാധ്യതയാണ്, പ്രൊഫൈല്‍ പേജില്‍ നമുക്കിഷ്ടപ്പെട്ട അഞ്ചു ഫീഡുകള്‍ എന്റര്‍ ചെയ്യാമെന്നത്. അതിനായി ഓര്‍ക്കുട്ടില്‍ ലോഗിന്‍ ചെയ്ത്, ഹോം പേജില്‍ നമ്മുടെ പ്രൊഫൈല്‍ ചിത്രത്തിന് കീഴെ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ edit feeds എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ചിത്രം ശ്രദ്ധിക്കുക.


തുടര്‍ന്ന്‍ നമുക്ക് പ്രൊഫൈലിലേക്ക് ഫീഡ് എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ ലഭ്യമായ ഒരു പേജ് ലഭ്യമാവും. ഓര്‍ക്കുട്ടില്‍ ഉപയോഗിക്കുന്ന ഐഡി തന്നെയാണ് ബ്ലോഗ് ചെയ്യുവാനും ഉപയോഗിക്കുന്നതെങ്കില്‍ സ്വന്തം ബ്ലോഗുകള്‍ അവിടെ ലിസ്റ്റ് ചെയ്യും. add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഫീഡ് my feeds-ലേക്ക് ചേര്‍ക്കാവുന്നതാണ്. മറ്റേതെങ്കിലും ഫീഡാണ് ചേര്‍ക്കേണ്ടതെങ്കില്‍ Url: എന്ന ടെക്സ്റ്റ് ബോക്സില്‍ ഫീഡിന്റെ അഡ്രസ് എന്റ്ര് ചെയ്ത ശേഷം add എന്ന ബട്ടണമര്‍ത്തിയാല്‍ മതിയാവും.

ഇതിന്റെ മറ്റൊരു സാധ്യത, ഫീഡ് യൂ.ആര്‍.എല്‍ ആയി പൈപ്പുകളെക്കുറിച്ചുള്ള പോസ്റ്റില്‍ പരിചയപ്പെട്ട പിന്മൊഴികള്‍ എന്ന പൈപ്പ് തന്നെ നല്‍കാമെന്നതാണ്. ഓര്‍ക്കുട്ടില്‍ പിന്മൊഴിവായന ഇതുമൂലം സാധ്യമാവും. പിന്മൊഴികള്‍ക്കുമുകളില്‍ വലതു മൌസ് ബട്ടണ്‍ അമര്‍ത്തി, മെനുവില്‍ നിന്നും ലിങ്ക് മാത്രമായി കോപ്പി ചെയ്യുക. അത് ഓര്‍ക്കുട്ടില്‍, ഫീഡ് യു.ആര്‍.എല്‍ എന്റര്‍ ചെയ്യുവാനുള്ള ടെക്സ്റ്റ് ബോക്സില്‍ പേസ്റ്റ് ചെയ്യുക. നമ്മുടെ പ്രൊഫൈല്‍ പേജില്‍ പോയി, ഫീഡിലൊന്ന് ക്ലിക്ക് ചെയ്താല്‍, പിന്മൊഴികള്‍ വായിക്കാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം കാണൂ.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ വിന്‍ഡോയില്‍ ദൃശ്യമാവും.
--

Keywords: Tips & Tricks, Blogger, Orkut, Edit Feed, Comment Settings, Pipes, Pinmozhikal, Marumozhikal, Formatting, Images open in New Window, Anonymous, Block, Image Hyperlink Text, Displaying Unicode Correctly in FireFox
--


 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome