ചിത്രങ്ങളിലെ ജലമുദ്രണം

നിങ്ങള്‍ എടുത്ത ഒരു ചിത്രം അല്ലെങ്കില്‍ ഒരു സ്ക്രീന്‍-ഷോട്ട്, ഇന്റര്‍നെറ്റില്‍ പങ്കുവെയ്ക്കുന്നുവെന്നു കരുതുക. ഏതൊരു വെബ്-പേജിലും അടങ്ങിയിരിക്കുന്ന ചിത്രങ്ങള്‍, അവ കാണുന്ന ഏതൊരാള്‍ക്കും കോപ്പി ചെയ്യുവാനും, സാങ്കേതികമായി തടസങ്ങളൊന്നുമില്ലാതെ മറ്റിടങ്ങളില്‍ ഉപയോഗിക്കുവാനും സാധിക്കും. അതിനാല്‍ തന്നെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുമ്പോള്‍, ഇത്തരം മോഷണങ്ങള്‍ക്ക് തടയിടുവാനായി സാധാരണ ചെയ്യാറുള്ള ഒരു പ്രതിരോധമാണ് ജലമുദ്രണം.
എന്താണ് ജലമുദ്രണം?
ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിംഗ് അഥവാ ജലമുദ്രണം എന്നറിയപ്പെടുന്ന ഈ വിദ്യ ചിത്രങ്ങളില്‍ കോപ്പിറൈറ്റ് ഇന്‍ഫൊര്‍മേഷന്‍ രേഖപ്പെടുത്തുവാനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു ചിത്രത്തിനു മുകളില്‍, പ്രേക്ഷകന്റെ കാഴ്ചയ്ക്ക് കാര്യമായ തടസം ഉണ്ടാക്കാതെ, എന്തെങ്കിലും എഴുതുകയോ മറ്റൊരു ചിത്രം തന്നെ മുകളിലായി ചേര്‍ക്കുകയോ ചെയ്യുന്നതിനെ ജലമുദ്രണം എന്നു പറയാം.
ശ്രദ്ധിക്കുക: ഈ ലേഖനം അഡോബി ഫോട്ടോഷോപ്പ് സി.എസ്. 3-ല്‍ അധിഷ്ഠിതമായി തയ്യാറാക്കിയതാണ്. മറ്റു വേര്‍ഷനുകളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം.
ജലമുദ്രണം എങ്ങിനെ ചെയ്യാം?
അഡോബി ഫോട്ടോഷോപ്പ് ഉപയോഗിച്ച് ജലമുദ്രണം എങ്ങിനെ ചിത്രങ്ങളില്‍ സാധ്യമാക്കാം എന്നു നോക്കാം. ആദ്യമായി എത്ര വലുപ്പത്തിലാണ് നിങ്ങളുടെ ‘സിഗ്നേച്ചര്‍’ ആവശ്യമെന്ന് തീരുമാനിക്കുക. അഡോബി ഫോട്ടോഷോപ്പില്‍ ഒരു പുതിയ ഡോക്യുമെന്റ് തുറന്ന് (File > New...), തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള വീതിയും പൊക്കവും നല്‍കുക. ഞാന്‍ ഉപയോഗിക്കുന്നത് Width: 100, Height: 25, Resolution: 72 pixels/inch, Color Mode: RGB Color, Background: Transparent എന്ന വിലകളാണ്. ചിത്രം കാണുക.

New ഡയലോഗ് വിന്‍ഡോയില്‍ OK അമര്‍ത്തുമ്പോള്‍ പുതിയ ഒരു ക്യാന്‍വാസ് നമുക്ക് ലഭ്യമാവും. Layers പാലെറ്റ് തുറക്കുക(Window > Layers). Layer 1 എന്ന ഒരു ബ്ലാങ്ക് ലെയര്‍ നമുക്ക് കാണുവാന്‍ കഴിയും. അതിന്റെ പേര് bg എന്നാക്കുക. (ഇത് ഒരു നിര്‍ദ്ദേശം മാത്രം. ധാരാളം ലെയറുകളുള്ള ഫോട്ടോഷോപ്പ് ഡോക്യുമെന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, ലെയറുകള്‍ക്ക് യുക്തമായ പേരുകള്‍ നല്‍കുന്നത് സഹായകമായിരിക്കും. എല്ലായ്പ്പോഴും ആ രീതി തുടര്‍ന്ന്, അതൊരു ശീലമാക്കുന്നതാവും നല്ലത്.) ടൂള്‍സ് പാലെറ്റില്‍ നിന്നും Rounded Rectangle Tool (Keyboard Shortcut: U, Shift+U) സെലക്ട് ചെയ്ത്, ടൂള്‍ ബാറിലുള്ള ഫോര്‍ഗ്രൌണ്ട് കളര്‍ സെലക്ഷനില്‍ കറുപ്പുനിറം സെറ്റ് ചെയ്ത്, ആവശ്യമെങ്കില്‍ ക്യാന്‍വാസ് സൂം ചെയ്ത്, വളഞ്ഞ മൂലകളോടുകൂടിയ ഒരു ചതുരം വരയ്ക്കുക. എത്രമാത്രം വളവ് വേണമെന്നുള്ളത് മുകളിലായി ലഭ്യമായ ഓപ്ഷന്‍സ് ബാറില്‍ Radius: എന്നതിന്റെ വിലയായി നല്‍കുക.

ഇപ്പോള്‍ bg എന്ന ലെയര്‍ ഒരു വെക്ടര്‍ ഷേപ്പ് ലെയറായി മാറിയിട്ടുണ്ടാവും. അടുത്തതായി ഈ ലെയറിനു മുകളില്‍ വലതുമൌസ് ബട്ടണ്‍ അമര്‍ത്തി Rastaize Layer സെലക്ട് ചെയ്ത് ഒരു സാധാരണ ലെയറാക്കി മാറ്റുക. ഇപ്പോള്‍ നമുക്ക് നേരിട്ട് എഡിറ്റിംഗ് സാധ്യമായ ഒരു ഫില്‍ ഓബ്ജക്ടായി bg-ലെയര്‍ മാറിയിട്ടുണ്ടാവും. അതിനു ശേഷം പുതിയ ഒരു ലെയര്‍ കൂടി മുകളിലായി കൂട്ടിച്ചേര്‍ക്കുക. അതിനെ നമുക്ക് text എന്നു വിളിക്കാം. ടെക്സ്റ്റ് ലെയറില്‍ ആവശ്യമുള്ള കോപ്പിറൈറ്റ് ഇന്‍ഫര്‍മേഷന്‍ ടൈപ്പ് ചെയ്യുക. ഞാനിവിടെ © InfoKairali '07 എന്ന ടെക്സ്റ്റാണ് എന്റര്‍ ചെയ്തിരിക്കുന്നത്. (© ലഭിക്കുവാന്‍ Alt കീ-അമര്‍ത്തിയിരിക്കുമ്പോള്‍, നമ്പര്‍ പാഡില്‍ Num Lock: On ആയിരിക്കണം, 0169 എന്നു ടൈപ്പ് ചെയ്യുക.Start > Programs > Accessories > System Tools > Character Map എന്ന ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് അതില്‍ നിന്നു നേരിട്ടും ഈ സിംബല്‍ കോപ്പി ചെയ്യാവുന്നതാണ്.) ഫോണ്ട്: Impact, നിറം: വെളുപ്പ്, ഫോണ്ട്-സൈസ്: © സിംബലിന് 18, InfoKairali '07 എന്നതിന് 12 എന്ന രീതിയിലാണ് സാമ്പിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ കൂടുതല്‍ നീളത്തിലുള്ള വരിയാണ് ചേര്‍ക്കേണ്ടതെങ്കില്‍, ആദ്യ ഭാഗം മുതല്‍ വീണ്ടും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ക്യാന്‍വാസിന്റെ വലുപ്പം Image > Canvas Size...(Alt + Ctrl + C) എന്ന ഓപ്ഷന് ഉപയോഗിച്ച് ക്രമീകരിച്ചശേഷം, റൌണ്ടഡ് റെക്ടാംഗിള്‍ പിന്നെയും വരച്ചാലും മതിയാവും. ഇപ്പോള്‍ സ്ക്രീനില്‍ കാണുന്ന ക്യാന്‍വാസാണ് താഴെ കാണുന്നത്.

Ctrl കീ അമര്‍ത്തിയിരിക്കുമ്പോള്‍ text എന്ന ലെയറില്‍ മൌസമര്‍ത്തുക. (ലെയറിന്റെ ഇടതുഭാഗത്തായിക്കാണുന്ന T എന്ന ഐക്കണിലാണ് മൌസമര്ത്തേണ്ടത്.) ക്യാന്‍വാസില്‍ ടൈപ്പ് ചെയ്തിരിക്കുന്ന ടെക്സ്റ്റിനു ചുറ്റും ഒരു സെലക്ഷന് രൂപപ്പെടും. ഇതിനു ശേഷം text എന്ന ലെയര്‍ അദൃശ്യമാക്കുക. ഓരോ ലെയറിന്റേയും ഏറ്റവും ഇടതുഭാഗത്തായി കാണുന്ന കണ്ണിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ലെയര്‍ വിസിബിലിറ്റി തിരഞ്ഞെടുക്കാവുന്നതാണ്. താഴെക്കാണുന്ന രീതിയിലാവും ക്യാന്‍വാസ് ഇപ്പോള്‍ ദൃശ്യമാവുക.

തുടര്‍ന്ന് bg എന്ന ലെയര്‍ വീണ്ടും സെലക്ട് ചെയ്ത ശേഷം കീ ബോര്‍ഡില്‍ Del ബട്ടണ്‍ അമര്‍ത്തുക. സെലക്ഷനുള്ളില്‍ വരുന്ന ഭാഗം ഡിലീറ്റ് ചെയ്യപ്പെടും. അതായത് © InfoKairali '07 എന്ന എഴുത്ത് bg എന്ന ലെയറില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും. bg ലെയറിന്റെ ട്രാന്‍സ്പെരന്‍സി കുറയ്ക്കുകയാണ് അടുത്തപടി. അതിനായി ആ ലെയറിന്റെ Opacity വില 30% എന്നു നല്കക. ലെയര്‍ പാലെറ്റില്‍ താഴെക്കാണുന്ന രീതിയിലാവും വിവിധ ലെയറുകള്‍ ഇപ്പോള്‍ അടുക്കിയിരിക്കുക.



--
(2007 ആഗസ്റ്റ് ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Digital Watermarking, Watermark, Watermarks, Photoshop, Tutorial, Adobe, Copyright, Embed, Information, License, Agreement, InfoKairali, Info Kairali, Article, Published
--
