Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Tuesday, September 18, 2007

ചിത്രങ്ങളും ബോര്‍ഡറുകളും (ഭാഗം 1)

Photoshop, Tutorial, Border, Borders, Pictures, Info Kairali, InfoKairali, General, Article, Published, Frames, Photos, How to
ഡിജിറ്റല്‍ ക്യാമറകളുടേയും, മെഗാ പിക്സല്‍ ക്യാമറകളടങ്ങിയ മൊബൈലുകളുടേയും വരവോടെ ഫോട്ടൊഗ്രഫി സാധാരണക്കാരുടെ കീശയിലൊതുങ്ങുന്ന ഒരു വിനോദമായിമാറി. ഈ ചിത്രങ്ങളൊക്കെയും നേരിട്ട് സ്റ്റുഡിയോയില്‍ കൊടുത്ത് പ്രിന്റെടുക്കുകയാണ് സാധാരണയായി എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ബോര്‍ഡറുകള്‍ വളരെയെളുപ്പത്തില്‍ നല്‍കുവാന്‍ കഴിയും. ബോര്‍ഡര്‍ നല്‍കുവാന്‍ ഫോട്ടോഷോപ്പില്‍ ലഭ്യമായിരിക്കുന്ന സാധ്യതകളെ പരിചയപ്പെടുത്തുന്നു ഈ ലക്കത്തില്‍. ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ഒരു ചിത്രമാണ് താഴെ. ഇതിലാണ് നമ്മുടെ പരീക്ഷണങ്ങള്‍.


ആദ്യമായി സാധാരണ ഫോട്ടോകള്‍ക്ക് നല്‍കാറുള്ള ചതുരത്തിലുള്ള ബോര്‍ഡര്‍ എങ്ങിനെ നല്‍കാമെന്നു നോക്കാം. ബോര്‍ഡര്‍ നല്‍കേണ്ട ചിത്രം തുറക്കുക. ചിത്രത്തിന്റെ ലെയേഴ്സ് പാലെറ്റ് Window > Layers സെലക്ട് ചെയ്തോ കീ-ബോര്‍ഡില്‍ F7 അമര്‍ത്തിയോ ആക്ടീവാക്കി ഒരു പുതിയ ലെയര്‍ കൂട്ടിച്ചേര്‍ക്കുക. നമുക്കിതിനെ Border എന്നു വിളിക്കാം. കീ ബോര്‍ഡില്‍ Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്യുക. അതിനു ശേഷം Selct > Modify > Border... എന്ന ഓപ്‌ഷന്‍ പ്രധാന മെനുവില്‍ നിന്നും സെലക്ട് ചെയ്ത്, തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ 20 പിക്സലുകള്‍ എന്നു നല്‍കി OK ബട്ടണ്‍ അമര്‍ത്തുക. ഫോര്‍ഗ്രൌണ്ട് നിറമായി ഇഷ്ടമുള്ള ഒരു നിറം തിരഞ്ഞെടുത്ത ശേഷം Alt + Del അമര്‍ത്തി ബോര്‍ഡറിനുള്ളില്‍ ഫില്‍ ചെയ്യാവുന്നതാണ്. താഴെക്കാണുന്ന രീതിയിലാവും ചിത്രം നമുക്ക് ലഭ്യമാവുക.


ഇപ്പോള്‍ നാം പരിചയപ്പെട്ടത് ഫോട്ടോഷോപ്പ് ഡിഫോള്‍ട്ടായി നല്‍കുന്ന ബോര്‍ഡര്‍ ഓപ്‌ഷനാണ്. ബോര്‍ഡറിന്റെ അരികുകള്‍ ചിത്രത്തിലേക്ക് ലയിച്ചു ചേരുന്ന ഒരു ഇഫക്ടാണ് നമുക്ക് ലഭിക്കുക. നമുക്ക് വളരെ ഷാര്‍പ്പ് ആയ അരികുകളോടെയുള്ള ബോര്‍ഡറാണ് ആവശ്യമെങ്കിലോ? Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്യുന്നതുവരെ മുന്‍പ് കണ്ടതുപോലെ തന്നെ. അതിനു ശേഷം ലഭ്യമായ ഏതെങ്കിലുമൊരു സെലക്ഷന്‍ ടൂള്‍ സെലക്ട് ചെയ്തതിനു ശേഷം, സെലക്ഷനുള്ളില്‍ വലതു മൌസ് ബട്ടണ്‍ അമര്‍ത്തി, തുറന്നുവരുന്ന മെനുവില്‍ നിന്നും ട്രാന്‍‌സ്ഫോം സെലക്ഷന്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. സെലക്ഷനുചുറ്റും റീസൈസ് ഹാന്‍ഡിലുകള്‍ ലഭ്യമാവും. ഇത് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്ത് സെലക്ഷന്റെ വലുപ്പം ക്രമീകരിക്കാവുന്നതാണ്. എന്നാല്‍ കൂടുതല്‍ കൃത്യതയ്ക്ക് ഓപ്‌ഷന്‍സ് ബാറില്‍ ലഭ്യമായിരിക്കുന്ന Width:, Height: എന്നീ വേരിയബിളുകളുടെ വിലകള്‍ വ്യത്യാസപ്പെടുത്തുന്നതാണ് അനുയോജ്യം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്റെ വീതിയും പൊക്കവും; 563 പിക്സല്‍, 312 പിക്സല്‍ എന്ന ക്രമത്തിലാണ്. ഇപ്പോള്‍ ഓപ്‌ഷന്‍സ് ബാറില്‍ W: 100%, H: 100% എന്നാവും ലഭ്യമായിരിക്കുക. സമചതുരത്തിലുള്ള ചിത്രങ്ങള്‍ക്കാണ് ബോര്‍ഡര്‍ നല്‍കേണ്ടതെങ്കില്‍, ശതമാനത്തില്‍ തന്നെ 96% എന്ന് രണ്ട് വേരിയബിളുകളുടേയും വിലയായി നല്‍കിയാല്‍ മതിയാവും. എന്നാല്‍ ഇവിടെ ഒരേ നീളവും വീതിയും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ പിക്സലുകളില്‍ തന്നെ അളവുകള്‍ നല്‍കേണ്ടതുണ്ട്. അടുത്ത ചിത്രം കാണുക.


എന്റര്‍ കീ അമര്‍ത്തി ട്രാന്‍സ്ഫോം അപ്ലേ ചെയ്യുമ്പോള്‍ സെലക്ഷന്‍ ഉള്ളിലേക്ക് ഒതുങ്ങിയാവും കാണപ്പെടുക. കീ ബോര്‍ഡില്‍ Ctrl + Shift + I അമര്‍ത്തി സെലക്ഷന്‍ ഇന്‍‌വേഴ്സ് ചെയ്യുക. അതായത്, ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്ന ഭാഗം ഒഴിവാക്കി, സെലക്ഷനു പുറത്തുള്ള ഭാഗം സെലക്ട് ചെയ്യുക. ആവശ്യമുള്ള നിറം ഫോര്‍‌ഗ്രൌണ്ട് നിറമായി സെലക്ട് ചെയ്ത ശേഷം Alt +Del അമര്‍ത്തി സെലക്ഷനുള്ളില്‍ ഫില്‍ ചെയ്യുക. അതിനു ശേഷം Ctrl + D അമര്‍ത്തി സെലക്ഷന്‍ ഒഴിവാക്കുക. തുടര്‍ന്ന് Border എന്ന ലെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Layer Styles ഡയലോഗില്‍ നിന്നും Drop Shadow സെലക്ട് ചെയ്യുക. ഇതു തന്നെ പ്രധാന മെനുവില്‍ നിന്നും Layer > Layer Styles > Drop Shadow സെലക്ട് ചെയ്തും ഈ ഓപ്‌ഷന്‍ ഡയലോഗ് ലഭ്യമാക്കാം. അവിടെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ വേരിയബിളുകളുടെ വില നല്‍കുക.


ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന ചിത്രമാണ് അടുത്തതായി നല്‍കിയിരിക്കുന്നത്. ലെയര്‍ സ്റ്റൈലുകളില്‍ ലഭ്യമായിരിക്കുന്ന മറ്റ് ഓപ്‌ഷനുകള്‍ സെലക്ട് ചെയ്ത് ഇതേ ബോര്‍ഡര്‍ തന്നെ പല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ലെയ‌റിന്റെ Fill Opacity വിലയില്‍ മാറ്റം വരുത്തിയും ബോര്‍ഡര്‍ സ്റ്റൈല്‍ വ്യത്യാസപ്പെടുത്താവുന്നതാണ്.


ഇവയൊക്കെ സാധാരണയായി നാം ഫോട്ടോകളില്‍ ഉപയോഗിക്കുന്ന ബോര്‍ഡറുകള്‍. ഗ്രീറ്റിംഗ് കാര്‍ഡുകളിലും, ആല്‍ബങ്ങളിലും മറ്റും ഉപയോഗിച്ചു കാണുന്ന, ക്രമമല്ലാത്ത അരികുകളുള്ള ബോര്‍ഡറുകളും ഫോട്ടോഷോപ്പില്‍ നിര്‍മ്മിക്കുവാന്‍ സാധിക്കും. അവയെക്കുറിച്ച് അടുത്ത ഭാഗത്തില്‍.
--

രണ്ടാം ഭാഗം ഇവിടെ കാണാം.

--


(2007 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Photoshop, Tutorial, Border, Borders, Pictures, Info Kairali, InfoKairali, General, Article, Published, Frames, Photos, How to
--


 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome