Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Monday, December 22, 2008

ഡിജിറ്റല്‍ ഫോട്ടോഗ്രഫി - ആമുഖം

Digital Photography - An Introduction.
മനോഹരമായ വസ്തുക്കളെ കാണുവാനും, ആസ്വദിക്കുവാനും മനുഷ്യന്‍ എന്നും താത്പര്യം കാട്ടിയിരുന്നു. അങ്ങനെയുള്ള ദൃശ്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക എന്നതിനുപരിയായി; പിന്നീടൊരിക്കല്‍ കാണുവാനും, മറ്റൊരാളെ കാട്ടിക്കൊടുക്കുവാനും സാധിക്കുന്ന തരത്തില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നുമവന്‍ ആശിച്ചു. സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന ദൃശ്യം, ക്യാന്‍‌വാസിലേക്ക് ഒരു ചിത്രകാരനെക്കൊണ്ട് പകര്‍ത്തിക്കുകയായിരുന്നു ആദ്യത്തെ പോംവഴി. അധ്വാനം വളരെയേറെ ഉണ്ടായിരുന്ന ഈ പ്രക്രിയയിലൂടെ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് സ്വാഭാവികത അവകാശപ്പെടുവാന്‍ സാധിക്കുമായിരുന്നില്ല. ദൃശ്യങ്ങളെ തന്മയത്വത്തോടെ പകര്‍ത്തി സൂക്ഷിക്കുവാനുള്ള മനുഷ്യന്റെ ആഗ്രഹം, പിന്നീട് അവനെക്കൊണ്ടെത്തിച്ചത് ക്യാമറയിലേക്കും, ഫോട്ടോഗ്രഫിയിലേക്കുമായിരുന്നു.

The first successful permanent photograph.ഗ്രീക്ക് വാക്കുകളായ ഫോസ്, ഗ്രാഫെ എന്നീവാക്കുകളില്‍ നിന്നുമാണ് ഫോട്ടോഗ്രഫി എന്ന വാക്കിന്റെ ഉത്ഭവം. ഫോസ് എന്നാല്‍ വെളിച്ചമെന്നും, ഗ്രാഫെ എന്നാല്‍ ചിത്രമെന്നും അര്‍ത്ഥം. വെളിച്ചത്താല്‍ ഉണ്ടാക്കപ്പെടുന്ന ചിത്രമെന്നാണ് ഇവ രണ്ടും ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ മനസിലാക്കേണ്ടത്. വെളിച്ചത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന വസ്തുക്കളിലേക്ക് പ്രകാശത്തെ കടത്തിവിട്ട്; ചിത്രം രേഖപ്പെടുത്തുന്ന പ്രക്രിയയെയാണ് ഫോട്ടോഗ്രഫി എന്നു പറയുന്നത്. വെളിച്ചത്തോട് പ്രതിപ്രവര്‍ത്തിക്കുനന്ന വസ്തുക്കള്‍ എന്നു പറയുമ്പോള്‍ അത് മുന്‍‌കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതുപോലെയുള്ള ഫിലിമുകളാവാം. അതല്ലെങ്കില്‍ ഇന്ന് സാധാരണമായി കഴിഞ്ഞിരിക്കുന്ന ഡിജിറ്റല്‍ ക്യാമറകളിലേതു പോലെ ഇലക്ട്രോണിക് സെന്‍സറുകളുമാവാം. ഒരു ഇലക്ട്രോണിക് സെന്‍സറിന്റെ സഹായത്തോടെയാണ് ചിത്രം പകര്‍ത്തുന്നതെങ്കില്‍ അതിനെ നമുക്ക് ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്നു വിളിക്കാം.

ഇമേജ് സെന്‍സറുകള്‍
CCD Sensor used inside a consumer-digicam.നമ്മുടെ റെറ്റിനയില്‍ പതിയുന്ന ദൃശ്യങ്ങളെ തലച്ചോര്‍ തിരിച്ചറിയുന്നത് ചുവപ്പ്, പച്ച, നീല എന്നീ പ്രാഥമിക നിറങ്ങളിലൂടെയാണ്. മറ്റുള്ള നിറങ്ങള്‍ ഇവയുടെ സങ്കരങ്ങളായാണ് തലച്ചോര്‍ മനസിലാക്കുക. മൂന്നു പ്രകാശങ്ങളോടും, മൂന്നു രീതിയില്‍ പ്രതികരിക്കുന്ന, മൂന്ന് കെമിക്കല്‍ പാളികള്‍ അടങ്ങുന്നതാണ് ഫോട്ടോയെടുക്കുവാന്‍ ഉപയോഗിക്കുന്ന ഫിലിമുകള്‍. ഇതേ രീതിയില്‍ തന്നെയാണ് ഡിജിറ്റല്‍ സെന്‍സറുകളുടേയും പ്രവര്‍ത്തനം. ഇപ്പോഴുള്ള ക്യാമറകളില്‍ CCD അല്ലെങ്കില്‍ CMOS ഇമേജ് സെന്‍സറുകളാണ് ഉപയോഗിക്കുന്നത്. രണ്ട് സെന്‍സറുകളുടേയും പ്രാഥമികമായ കര്‍ത്തവ്യം, അവയില്‍ പതിയുന്ന പ്രകാശകിരണങ്ങളെ ഡിജിറ്റല്‍ സിഗ്നലുകളാക്കി മാറ്റുക എന്നതാണ്.

എന്താണ് CCD, CMOS സെന്‍സറുകള്‍ തമ്മിലുള്ള വ്യത്യാസം? ഒരു CCD സെന്‍സറില്‍‍, ഓരോ പിക്സല്‍ സ്ഥാനങ്ങളിലും പതിയുന്ന പ്രകാശകിരണങ്ങളെ, ചെറു ചാര്‍ജ്ജുകളായി സൂക്ഷിക്കുന്നു. ഒരു സമയം ഒരു പിക്സല്‍ എന്ന തോതില്‍ ഈ ചാര്‍ജ്ജുകളെ ആനുപാതികമായ വോള്‍ട്ടേജുകളായി മാറ്റുകയാണ് അടുത്ത പടി. സെന്‍സറിനോട് ചേര്‍ന്നുള്ള ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ഈ വോള്‍ട്ടേജുകളെ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച്, ക്യാമറയുടെ മെമ്മറിയിലേക്ക് സൂക്ഷിക്കുന്നു.

CMOS സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ആക്ടീവ് പിക്സല്‍ സെന്‍സറാണ് CMOS സെന്‍സറുകള്‍. പ്രകാശത്തെ തിരിച്ചറിയുവാന്‍ കഴിയുന്ന ഒരോ Photodetector ഈ സെന്‍സറുകളില്‍ ഓരോ പിക്സല്‍ സ്ഥാനത്തും ലഭ്യമായിരിക്കും. ഓരോ പിക്സലിലും പതിയുന്ന പ്രകാശകിരണങ്ങളെ, Photodetector മനസിലാക്കി അവയെ പ്രകാശോര്‍ജ്ജമാക്കി മാറ്റുന്നു. ഈ പ്രകാശോര്‍ജ്ജത്തെ ആമ്പ്ലിഫയറിന്റെ സഹായത്തോടെ ആനുപാതികമായ വോള്‍ട്ടേജാക്കിയ ശേഷം, മറ്റ് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളുടെ സഹായത്തോടെ ഈ വോള്‍ട്ടേജുകളെ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നു. തുടര്‍ന്ന് ഇവ ക്യാമറയുടെ മെമ്മറിയില്‍ സൂക്ഷിക്കപ്പെടുന്നു.

CMOS സെന്‍സറുകള്‍ക്ക് അനുബന്ധ ഘടകങ്ങള്‍ കുറവാണ്. കൂടാതെ CCD-കളെ അപേക്ഷിച്ച് ഇവ കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രകാശത്തെ ഡിജിറ്റല്‍ വിവരങ്ങളാക്കി വേഗത്തില്‍ മാറ്റുവാനുള്ള കഴിവും ഈ സെന്‍സറുകള്‍ക്കുണ്ട്. ഈ കാരണങ്ങളാല്‍; ചെറു ക്യാമറകള്‍, വെബ് ക്യാമറകള്‍, മൊബൈല്‍ ക്യാമറകള്‍ എന്നിവയില്‍ CMOS വ്യാപകമായി ഉപയോഗിച്ചു വരുന്നു. കൂടുതല്‍ മികച്ച ഫലം ഉദ്ദേശിക്കുന്ന ഉപകരണങ്ങളില്‍ CCD അല്ലെങ്കില്‍, CCD-യുടെ വികസിത സാങ്കേതിക വിദ്യയായ Three-CCD (3CCD) ആണ് ഉപയോഗിക്കുന്നത്. ഒരു CCD സെന്‍‍സറിന്റെ സ്ഥാനത്ത് മൂന്ന് CCD സെന്‍സറുകള്‍; ചുവപ്പ്, പച്ച, നീല നിറങ്ങളോരോന്നിനും ഓരോ സെന്‍സര്‍; ഉപയോഗിക്കുന്നു എന്നതാണ് 3CCD യുടെ പ്രത്യേകത. മൂന്നു നിറങ്ങളേയും വേര്‍തിരിച്ച് അതാത് സെന്‍സറുകളിലെത്തിക്കുവാനായി ഒരു പ്രിസവും ഇതിനോടൊപ്പം ഉണ്ടാവും. 3CCD സെന്‍സറുകള്‍ ഉപയോഗിക്കുന്ന ക്യാമറകളില്‍ ലഭ്യമാവുന്ന ചിത്രങ്ങളാണ് ഏറ്റവും മികച്ചതായി ഇപ്പോള്‍ കണക്കാക്കുന്നത്. ഇത്തരം ക്യാമറകള്‍ക്ക് സ്വാഭാവികമായും വിലയും വളരെ കൂടുതലാണ്.

ഫോട്ടോഗ്രഫിയോ ക്യാമറയോ ആദ്യം?
Drawing of a en:Camera obscura box.ഫോട്ടോഗ്രഫി എന്ന സാങ്കേതികവിദ്യയിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ ക്യാമറ കണ്ടുപിടിക്കപ്പെട്ടിരുന്നു. ലാറ്റിനില്‍ ഇരുട്ടുമുറി എന്നര്‍ത്ഥം വരുന്ന ‘ക്യാമറ ഒബ്സ്ക്യൂറ’യായിരുന്നു ആദ്യകാല ക്യാമറ. ക്യാമറ ഒബ്സ്ക്യൂറയാണ് പിന്നീട് ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് പറയാം. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ തന്നെ സൂര്യഗ്രഹണം വീക്ഷിക്കുവാനായും മറ്റും ക്യാമറ ഒബ്സ്ക്യൂറ ഉപയൊഗപ്പെടുത്തിയിരുന്നു. പിന്നീട് ചിത്രം വരയ്ക്കുവാന്‍ സഹായകകരമായ ഒരു ഉപകരണമെന്ന രീതിയില്‍ ക്യാമറ ഒബ്സ്ക്യൂറ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഒരു ചെറുദ്വാരത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട്, അത് ഒരു കറുത്തപ്രതലം ഉപയോഗിച്ച് ഒരു പേപ്പറിലേക്കോ, ക്യാന്‍‍വാസിലേക്കോ പ്രതിഫലിപ്പിക്കുന്നു. പ്രതിഫലനത്തിന്റെ സഹായത്തോടെ ഒരു ചിത്രകാരന് ദൃശ്യം ക്യാന്‍‍വാസിലേക്ക് പകര്‍ത്തുവാന്‍ സാധിക്കും. വളരെ കൃത്യമായി, യഥാര്‍ത്ഥ ദൃശ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയില്‍ ചിത്രം പകര്‍ത്തുവാന്‍ സാധിക്കുന്നു എന്നതായിരുന്നു ഇതുപയോഗിക്കുന്നതുകൊണ്ടുള്ള നേട്ടം. ചെറുദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ലെന്‍സ് ഉപയോഗിക്കുന്ന പതിവും പിന്നീട് ഉണ്ടായി. ഇത് കുറച്ചു കൂടി വ്യക്തതയുള്ള, തെളിച്ചമുള്ള ചിത്രം ക്യാന്‍‍വാസില്‍ പ്രതിഫലിപ്പിക്കുവാന്‍ സഹായകരമായി.

A fire hydrant photographed by a pinhole camera.മറ്റൊരു ആദ്യകാല ക്യാമറയായിരുന്നു പിന്‍ഹോള്‍ ക്യാമറ. ഇവിടെയും ചെറുസുഷിരത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട് അതൊരു പ്രതലത്തില്‍ പതിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ ക്യാമറകളില്‍ ലെന്‍സ് ഉപയോഗപ്പെടുത്തിയിരുന്നില്ല. സുഷിരം എത്ര ചെറുതാവുന്നുവോ, അത്രയും ചിത്രത്തിന് വ്യക്തത കൂടുതല്‍ ലഭിക്കും. പ്രതിഫലിപ്പിക്കുന്ന സ്ക്രീനുമായുള്ള അകലത്തിന്റെ നൂറിലൊരു വിലയിലും കുറവായിരിക്കണം സുഷിരത്തിന്റെ വലുപ്പം. പിന്‍‍ഹോള്‍ ക്യാമറയിലൂടെ ലഭിക്കുന്ന ചിത്രത്തെ ഫോട്ടോഗ്രഫി ഫിലിമിലേക്കോ, CCD സെന്‍സറിലേക്കോ പകര്‍ത്തുവാനും സാധിക്കുന്നതാണ്.

അനുബന്ധം


(2008 ആഗസ്റ്റ് ലക്കം ടെക്‌വിദ്യ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: An introduction to Diigtal Photography. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) blog. The first photograph, CCD and CMOS Sensors used in Digital Cameras, Photography and Digital Photography, Camera, Camera Obscura, Pinholl Camera.
--


Saturday, November 1, 2008

വിനാംപില്‍ ആഡിയോ റിപ്പിംഗ്

Audio Ripping in Winamp: An easy way to rip sound files from an audio files, change the bit-rate of mp3 tracks, change the audio file format; all these using Nullsoft Winamp.
മീഡിയപ്ലെയറുകളില്‍ ഏറെ പ്രചാരം നേടിയ ഒരു സൌജന്യ സോഫ്റ്റ്‌വെയ‌റാണ് നള്‍സോഫ്റ്റ് വിനാംപ്. പ്ലഗ്-ഇന്നുകള്‍, സ്കിന്നുകള്‍ എന്നിവയുടെ സഹായത്തോടെ സാധ്യതകള്‍ വിപുലീകരിക്കുവാനുള്ള കഴിവും ഈ പ്ലെയറിനുണ്ട്. വിനാംപിന്റെ നിലവിലുള്ള വേര്‍ഷന്‍ 5.54-നെ അധിഷ്ഠിതമാക്കിയാണ് ഇവിടെ സി.ഡി. റിപ്പിംഗ് വിശദീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും വിനാംപ് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ സാധിക്കും.

എന്താണ് സി.ഡി. റിപ്പിംഗ്?
ആഡിയോ സി.ഡി. / വി.സി.ഡി. ഫോര്‍മാറ്റിലുള്ള ഡേറ്റയെ കമ്പ്യൂട്ടര്‍ ഫയല്‍ സിസ്റ്റവുമായി ചേര്‍ന്നു പോവുന്ന രീതിയില്‍ കോപ്പി ചെയ്യുക എന്നാണ് സി.ഡി. റിപ്പിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീഡിയോ സി.ഡി.കള്‍ എക്സ്പ്ലോറര്‍ ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തും കാണുവാന്‍ സാധിക്കും. എന്നാല്‍ ആഡിയോ സി.ഡി.കള്‍ ഈ രീതിയില്‍ കോപ്പി ചെയ്ത് കേള്‍ക്കുവാന്‍ കഴിയുകയില്ല. കമ്പ്യൂട്ടറില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഫോര്‍മ്മാറ്റിലേക്ക് മാറ്റം വരുത്തി വേണം ആഡിയോ സി.ഡി. ഫയലുകള്‍ കോപ്പി ചെയ്യുവാന്‍. ഈ രീതിയില്‍ കോപ്പി ചെയ്യുവാനായി നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ മറ്റൊരു സോഫ്റ്റ്‌വെയറിന്റെയും സഹായമില്ലാതെ, വിനാംപ് ഉപയോഗിച്ചു തന്നെ ഇത് സാധ്യമാക്കാവുന്നതേയുള്ളൂ. അതെങ്ങിനെയെന്ന്‍ നമുക്ക് തുടര്‍ന്ന് കാണാം.

ആഡിയോ റിപ്പിംഗ് വിനാംപില്‍
Audio Ripping in Winamp: Winamp Main Menu.ഡെസ്ക്ടോപ്പിലോ, പ്രോഗ്രാം മെനുവിലോ ലഭ്യമായ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിനാംപ് തുറക്കുക. പ്രധാന വിന്‍ഡോയില്‍ ഇടത്-മുകളിലായി കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിനാംപിന്റെ പ്രധാനമെനു തുറക്കുക. ശേഷം Options > Preferences സെലക്ട് ചെയ്യുക. കീ-ബോര്‍ഡില്‍ Ctrl + P അമര്‍ത്തിയും ഈ ഡയലോഗ് വിന്‍ഡോ ലഭ്യമാക്കാം. ഇവിടെ ഇടത് ഭാഗത്ത് കാണുന്ന വിവിധ സാധ്യതകളില്‍ നിന്നും Plug-ins > Output എന്ന ഇനം തിരഞ്ഞെടുക്കുക.

Audio Ripping in Winamp: Winamp Preferences Dialogue.വലതുഭാഗത്തായി, ഇപ്പോള്‍ ലഭ്യമായ ഔട്ട്പുട്ട് പ്ലഗ്-ഇന്നുകള്‍ ദൃശ്യമാവുന്നതാണ്. Nullsoft DirectSound Output v2.47 (d) [out_ds.dll] എന്ന പ്ലഗ്-ഇന്നാവും ഡിഫോള്‍ട്ടായി സെലക്ട് ആയിരിക്കുന്നത്. ഈ പ്ലഗ്-ഇന്നിന്റെ സഹായത്തോടെയാണ് നാം പാട്ടുകള്‍ കേള്‍ക്കുന്നത്. ഇതിനു തൊട്ടു മുകളിലായി ലഭ്യമായിരിക്കുന്ന Nullsoft Disk Writer v2.14 [out_disk.dll] എന്ന പ്ലഗ്-ഇന്‍ സെലക്ട് ചെയ്യുകയാണ് അടുത്ത പടി. സെലക്ട് ചെയ്തതിനു ശേഷം താഴെക്കാണുന്ന Configure എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെക്കാണുന്ന രീതിയില്‍ ഒരു കോണ്‍‌ഫിഗറേഷന്‍ ഡയലോഗ് വിന്‍ഡോ ഇപ്പോള്‍ നമുക്ക് ലഭ്യമാവും.
Audio Ripping in Winamp: Disk Writer Output Plug-in Configuration.

ലഭ്യമായ ഓപ്‌ഷനുകള്‍
Output FIle Location: ഏത് ഡയറക്ടറിയിലേക്കാണ് റിപ്പ് ചെയ്യപ്പെടുന്ന ഫയലുകള്‍ സേവ് ചെയ്യേണ്ടതെന്ന് Directory-യില്‍ നല്‍കുക. സോഴ്സ് ഫയലുകളുടെ സ്ഥാനത്ത് തന്നെ സേവ് ചെയ്യണമെങ്കില്‍ Output to directory containing source files എന്ന ചെക്ക്ബോക്സ് സെലക്ട് ചെയ്യുക. ഓരോ ഫയലും(ട്രാക്ക്) വ്യത്യസ്ത ലൊക്കേഷനില്‍ സേവ് ചെയ്യുവാന്‍ അടുത്ത ചെക്ക് ബോക്സായ, Display "save as" dialogue for every file എന്നത് ടിക്ക് ചെയ്യുക. സേവ് ചെയ്യപ്പെടുന്ന ഫയലുകള്‍ക്ക് എപ്രകാരമാണ് പേരു നല്‍കേണ്ടതെന്ന് തുടര്‍ന്നുള്ള കോംബോ ബോക്സുകള്‍ ഉപയോഗിച്ച് നിര്‍വ്വചിക്കാവുന്നതാണ്.

Single-File Mode: എല്ലാ ട്രാക്കുകളും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ സൌണ്ട് ഫയലായി സേവ് ചെയ്യുവാന്‍ ഈ ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. ഈ രീതിയില്‍ *.WAV ഫയലായി മാത്രമേ ഔട്ട്പുട്ട് സാധ്യമാവുകയുള്ളൂ. Format: എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, റിപ്പ് ചെയ്യപ്പെടുന്ന സൌണ്ട് ഫയലുകളുടെ മേന്മ നല്‍കാവുന്നതാണ്.

Conversion: Single-File Mode ആക്ടീവല്ലായെങ്കില്‍ മാത്രമേ ഈ ഓപ്‌ഷന്‍ ആക്ടീവായിരിക്കുകയുള്ളൂ. ഇവിടെ Convert to format ടിക്ക് ചെയ്യുക. ഈ ഓപ്ഷന്‍ സെലക്ട് ചെയ്യുന്നില്ലെങ്കില്‍ *.WAV ഫോര്‍മാറ്റിലാവും ആഡിയോ ഫയലുകള്‍ ചേര്‍ക്കപ്പെടുക. തൊട്ടു താഴെക്കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് റിപ്പ് ചെയ്യുന്ന സൌണ്ടുകളുടെ മേന്മ നിര്‍വ്വചിക്കാവുന്നതാണ്. സാധാരണ ഉപയോഗങ്ങള്‍ക്ക് Lame MP3 ഫോര്‍മ്മാറ്റില്‍ സേവ് ചെയ്താല്‍ മതിയാവും. പൂര്‍ണ്ണമായ സെറ്റിംഗുകള്‍ താഴെ.
Disk Writer Output Plug-in - Configuration - Sound Selection Dialogue.

ഉപയോഗക്രമം
ഡയലോഗ് ബോക്സുകളിലെ OK ബട്ടണുകള്‍ അമര്‍ത്തി തിരികെ Preferences വിന്‍ഡോയിലെത്തുക. Close ബട്ടണ്‍ അമര്‍ത്തി ഈ ഡയലോഗ് വിന്‍ഡോയും ഒഴിവാക്കുക. ശേഷം വിനാംപ് പ്ലേലിസ്റ്റ് എഡിറ്റര്‍ തുറക്കുക (Alt + E). പ്ലേലിസ്റ്റ് എഡിറ്ററിലേക്ക് ആഡിയോ സി.ഡി.യില്‍ നിന്നും റിപ്പ് ചെയ്യേണ്ട ട്രാക്കുകള്‍ ചേര്‍ക്കുക. തുടര്‍ന്ന് Play ബട്ടണ്‍ അമര്‍ത്തി റിപ്പിംഗ് തുടങ്ങാവുന്നതാണ്.

ശ്രദ്ധിക്കുക:
  • റിപ്പ് ചെയ്യുന്ന അവസരങ്ങളില്‍ Repeat, Shuffle, Crossfade തുടങ്ങിയ ഓപ്ഷനുകള്‍ ഡിസേബിള്‍ ചെയ്യുക.
  • റിപ്പിംഗിനു ശേഷം തിരികെ Preferences > Plug-ins > Outuput ഡയലോഗിലെത്തി ആഡിയോ പ്ലേ ചെയ്യുവാന്‍ ആവശ്യമായ Nullsoft DirectSound Output തിരികെ സെലക്ട് ചെയ്യുവാന്‍ മറക്കാതിരിക്കുക.
  • ഇപ്പോള്‍ സിസ്റ്റത്തില്‍ സൂക്ഷിച്ചിരിക്കുന്ന MP3 ഫയലുകളുടെ ബിറ്റ്-റേറ്റ് വ്യത്യാസപ്പെടുത്തുവാനും വിനാംപിന്റെ ഈ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. ഉദാ: മൊബൈലിലേക്ക് പാട്ടുകള്‍ ചേര്‍ക്കുവാന്‍‍, കുറഞ്ഞ ബിറ്റ്-റേറ്റിലുള്ളവ മതിയാവും. ഈ രീതിയില്‍ ബിറ്റ്-റേറ്റ് കുറച്ച് മൊബൈല്‍ ആവശ്യങ്ങള്‍ക്കായി ആഡിയോ ഫയലുകള്‍ തയ്യാറാക്കാവുന്നതാണ്.

Description: An easy way to rip sound files from an audio files, change the bit-rate of mp3 tracks, change the audio file format; all these using Nullsoft Winamp. Audio CD Ripping using Nullsoft Winamp; MP3 Bit Rate Conversion using Nullsoft Winamp; BitRate Conversion; Audio File Format Conversion; Winamp Output Plug-ins; An easy way to rip sound files from an audio file; An easy way to change the bit-rate, file format of your favorite music; Using Nullsoft Winamp; Winamp Preferences Dialogue; A tutorial by Hareesh N. Nampoothiri aka Haree | ഹരീ published in Sankethikam Blog.
--


Thursday, September 11, 2008

ഫോട്ടോഷോപ്പ് ബ്രഷില്‍ പൂക്കള്‍ വിരിയിക്കാം...

Adobe Photoshop CS3 Tutorial: Defining a Flower Brush in Photoshop.
ഫോട്ടോഷോപ്പിൽ നമുക്കിഷ്ടമുള്ള രീതിയിൽ ബ്രഷുകൾ എങ്ങിനെ ഒരുക്കിയെടുക്കാമെന്ന് ഇവിടെ നാം പരിചയപ്പെട്ടതാണ്. ഈ ഓണത്തിന് കൂട്ടുകാർക്കും, ബന്ധുക്കൾക്കും മറ്റും ആശംസാകാർഡുകൾ ഒരുക്കുമ്പോൾ; ഫോട്ടോഷോപ്പിൽ ലഭ്യമായ ഈ സാധ്യത എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്.

Adobe Photoshop CS3 Tutorial: Draw the flower petal.ആദ്യമായി ബ്രഷ് ഉണ്ടാക്കുവാൻ ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന ഒരു പൂവ് വരച്ചുണ്ടാക്കുകയാണ് വേണ്ടത്. 200 x 200 പിക്സൽ വലുപ്പമുള്ള ഒരു ഗ്രേ-സ്കെയിൽ ചിത്രം തുറക്കുക. ബ്രഷുകൾക്ക് പിന്നീട് നിറം നൽകുമ്പോൾ അവ ശരിയായി ദൃശ്യമാകുവാൻ, നിർമ്മാണവേളയിൽ ഗ്രേസ്കെയിലിലുള്ള ചിത്രങ്ങളാണ് വേണ്ടതെന്നുള്ളത് ഓർമ്മിക്കുക. ഈ ചിത്രത്തിൽ പൂവിന്റെ ഒരു ഇതൾ നിർമ്മിക്കുക. കറുപ്പ്, ഒരു ലൈറ്റ് ഗ്രേ ഷേഡ് എന്നിവ യഥാക്രമം ഫോർ‍ഗ്രൌണ്ട്, ബാക്ക്‌ഗ്രൌണ്ട് നിറങ്ങളായി തിരഞ്ഞെടുത്ത ശേഷം; അതുപയോഗിച്ചു വേണം ഈ ഇതൾ വരച്ചുണ്ടാക്കുവാന്‍. പെൻ‍ടൂൾ, പാത്ത് എന്നിവയും ഇത് വരയ്ക്കുവാൻ പ്രയോജനപ്പെടുത്താവുന്നതാണ്.

Adobe Photoshop CS3 Tutorial: Final Flower.പൂവിന്റെ നടുവിലുള്ള ഭാഗം വൃത്താകൃതിയിൽ വരച്ചുചേർക്കുക. നേരത്തേ വരച്ചുണ്ടാക്കിയ ഇതൾ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് ചുറ്റം അടുക്കുക. നടുവിലെ ഭാഗത്തിന് കൂടുതൽ സ്വാഭാവികത തോന്നിപ്പിക്കുവാൻ അനുയോജ്യമായ രീതി ഉപയോഗിക്കാവുന്നതാണ്. ഇതളുകളുടെ ചുവട്ടിൽ കാണാറുള്ള കലകളും മറ്റും വരച്ചു ചേർക്കുക, ഇതളുകളുടെ വലുപ്പത്തിലും, ആകൃതിയിലും ചില മാറ്റങ്ങൾ വരുത്തുക എന്നിവയും ചെയ്യാവുന്നതാണ്. ചിത്രത്തിൽ കാണുന്ന രീതിയിലൊരു പൂവിന്റെ രൂപമാണ് ഒടുവിൽ ലഭിക്കേണ്ടത്. വെളുപ്പ് ബാക്ക്ഗ്രൌണ്ട് ലെയർ ഒഴിവാക്കി, മറ്റുള്ള ലെയറുകളെല്ലാം ഒരുമിപ്പിച്ച് ചിത്രം സേവ് ചെയ്യുക. ചുറ്റും ധാരാളം സ്ഥലം ഒഴിവായി കിടപ്പുണ്ടെങ്കിൽ, Ctrl അമർത്തി ലഭ്യമായ ലെയ‍റിൽ മൌസമർത്തുക. ഇപ്പോൾ പൂവിന്റെ ചിത്രം പൂർണ്ണമായി സെലക്ട് ചെയ്തിട്ടുണ്ടാവും. പ്രധാനമെനുവിൽ Image > Crop അമർത്തുക. ഇപ്പോൾ പൂവ് ക്യാൻ‍വാസ് പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിലാവും കാണപ്പെടുക.

ഇപ്പോൾ വരച്ചുണ്ടാക്കിയ പൂവിന്റെ ചിത്രത്തെ ഒരു ബ്രഷ് ആയി മാറ്റുകയാണ് അടുത്ത ഘട്ടം. അതിനായി പ്രധാനമെനുവിൽ Edit > Define Brush Preset... എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. തുറന്നുവരുന്ന ഡയലോഗ് ബോക്സിൽ ആവശ്യമുള്ള പേര് എന്റർ ചെയ്ത് OK ബട്ടണിൽ മൌസമർത്തുക. ഈ പേരിൽ ഒരു ബ്രഷ് ഇപ്പോൾ ബ്രഷസ് പാലെറ്റിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ടാവും.
Adobe Photoshop CS3 Tutorial: Enter a Brush Name.

Adobe Photoshop CS3 Tutorial: Greeting Card - Initial Stage.ഇപ്പോൾ നിർമ്മിച്ചെടുത്ത ഈ ബ്രഷ് ഒരു ആശംസാകാർഡിൽ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നു നോക്കാം. 5in x 7in വലുപ്പത്തിൽ ഒരു പുതിയ ഡോക്യുമെന്റ് തുറക്കുക. കാർഡിൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്ന ചിത്രം അതിലേക്ക് ചേർക്കുക. ആവശ്യമുള്ള സന്ദേശവും ടൈപ്പ് ചെയ്തിനു ശേഷം; ചിത്രത്തിനു മുകളിലായി, എന്നാൽ ടൈപ്പ് ലെയ‍റിനു താഴെയായി മറ്റൊരു പുതിയ ലെയർ കൂട്ടിച്ചേർക്കുക. നമുക്കിതിനെ Strokes എന്നു വിളിക്കാം. ഇവിടെയാണ് നാം പുതുതായി ഉണ്ടാക്കിയ ബ്രഷ് പ്രയോഗിക്കുവാൻ പോവുന്നത്. ഇത്രയും ചെയ്തു കഴിയുമ്പോൾ നമുക്ക് ലഭിക്കുന്ന ചിത്രത്തില്‍ കാണുന്ന രീതിയിലൊരു ക്യാന്‍‌വാസ് ലഭ്യമാവും.

ബ്രഷ് ടൂൾ(B) സെലക്ട് ചെയ്തതിനു ശേഷം, പ്രധാനമെനുവിൽ Window > Brushes തുറക്കുക. നമ്മൾ പുതുതായി ചേർത്ത ബ്രഷ് Brush Presets എന്ന ടാബിൽ നിന്നും സെലക്ട് ചെയ്യുക. ഏറ്റവും ഒടുവിലായാവും ഈ ബ്രഷ് ചേർക്കപ്പെട്ടിരിക്കുക. അടുത്തതായി Brush Tip Shape എന്ന ടാബിലെത്തുക. ഇവിടെ ഒടുവിലായി കാണുന്ന Spacing എന്ന ഓപ്ഷൻ ടിക്ക് ചെയ്ത ശേഷം പൂക്കൾ പരസ്പരം കൂട്ടിമുട്ടാത്ത രീതിയിൽ ക്രമീകരിക്കുക. രണ്ട് പൂക്കൾ തമ്മിലുള്ള അകലം സ്പേസിംഗ് സ്ലൈഡർ ഉപയോഗിച്ച് വ്യത്യാസപ്പെടുത്താവുന്നതാണ്. ചിത്രം ശ്രദ്ധിക്കുക.
Adobe Photoshop CS3 Tutorial: Adjust Brush Spacing.

മറ്റ് ഓപ്ഷനുകൾ താഴെ പറയുന്ന രീതികളിൽ ക്രമീകരിക്കുക.
Shape Dynamics
> Size Jitter: 60%
> Angle Jitter: 50%

Scattering
> Scatter: Both Axes: true, 400%
> Count: 3
> Count Jitter: 100%

Color Dynamics
> Foreground/Background Jitter: 100%
> Hue/Saturation/Brightness Jitter: 40%

Other Dynamics
> Opacity Jitter: 50%

ഇത്രയും സെറ്റ് ചെയ്തതിനു ശേഷം ബ്രഷ് ചിത്രത്തിൽ അപ്ലേ ചെയ്തു നോക്കുക. ഫോർഗ്രൌണ്ട്, ബാക്ക്‌ഗ്രൌണ്ട് നിറങ്ങളായി; മഞ്ഞയും, ചുവപ്പും യഥാക്രമം തിരഞ്ഞെടുക്കുക. വിവിധ വലുപ്പത്തിൽ, വ്യത്യസ്ത നിറങ്ങളിൽ, പല ഒപ്പാസിറ്റി വിലകളിൽ പൂക്കൾ ചിത്രത്തിൽ നിറയുന്നതു കാണാം. മുകളിലെ സെറ്റിംഗുകളിൽ മാറ്റം വരുത്തി ബ്രഷ് മറ്റു രീതികളിലും പ്രയോഗിക്കാവുന്നതാണ്. ഫോർഗ്രൌണ്ട്, ബാക്ക്‌ഗ്രൌണ്ട് നിറങ്ങൾ വ്യത്യാസപ്പെടുത്തുന്നതു വഴിയും ബ്രഷിന്റെ സ്വഭാവം മാറുന്നതാണ്. ബ്രൈറ്റ്നെസ്/കോൺ‍ട്രാസ്റ്റ് (Image > Adjustments > Brightness/Contrast) ഉപയോഗിച്ച്, ബ്രഷ് ഉപയോഗിച്ചു വരച്ച പൂക്കൾക്ക് കൂടുതൽ തെളിച്ചം നൽകുവാനും കഴിയും. ഈ രീതിയിൽ മുകളിൽ കാണുന്ന ആശംസാകാർഡിൽ വ്യത്യാസം വരുത്തിയതു നോക്കൂ.

Adobe Photoshop CS3 Tutorial: Greeting Card - Final Stage.
ഇതേ ബ്രഷ് ഈ സെറ്റിംഗുകളോടെ മറ്റ് ചിത്രങ്ങളിൽ ഉപയോഗിക്കുവാൻ, ബ്രഷസ് പാലെറ്റിന്റെ ഓപ്ഷൻസ് മെനുവിൽ നിന്നും New Brush Preset... തിരഞ്ഞെടുക്കുക. പേരു നൽകുവാൻ ഒരു ഡയലോഗ് ബോക്സ് തുറന്നുവരും. ഇവിടെ ആവശ്യമുള്ള പേരു നൽകി ബ്രഷ് സേവ് ചെയ്യുക. മറ്റ് രീതിയിലുള്ള പൂക്കളും ഈ രീതിയിൽ വരച്ചുണ്ടാക്കി നോക്കുക. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

(2008 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: Creating a Custom Photoshop Brush; How to create a brush in Adobe Photoshop?; Custom Flower Brush in Adobe Photoshop; Saving a Brush Present; Defining Brush Styles; Tutorial by Hareesh N. Nampoothiri aka Haree|ഹരീ; Published in InfoKairali, September iIssue, 2008.
--



Saturday, September 6, 2008

ഫ്ളാഷിലൊരു ഫീഡ്ബാക്ക് ഫോം - ഭാഗം രണ്ട്

How to make a Feedback Form in Adobe Flash? Using Flash Movie(SWF) file as front-end and ASP, PHP, CGI scripts as back-end to create an interactive feedback form in Adobe Flash.
ഫ്ളാഷിൽ ഒരു ഫീഡ്ബാക്ക് ഫോം തയ്യാറാക്കുന്നതിന്റെ ആദ്യ പടിയായി, ഒരു ഇന്റർഫേസ് എങ്ങിനെ ഡിസൈൻ ചെയ്യാം എന്ന് ആദ്യഭാഗത്തിൽ നാം കണ്ടുവല്ലോ. ബാക്ക്-എൻഡ് സ്ക്രിപ്റ്റുകൾ കൂടി ചേർത്ത്, ഫീഡ്ബാക്ക് ഫോം എങ്ങിനെ പ്രവർത്തനക്ഷമമാക്കാം എന്ന് ഇവിടെ വിശദമാക്കിയിരിക്കുന്നു. ആദ്യപടിയായി ടൈം‍ലൈനിൽ, actions എന്ന പേരിൽ പുതിയ ഒരു ലെയർ കൂട്ടിച്ചേർത്ത്, അതിലെ ആദ്യ ഫ്രയിമിൽ താഴെക്കാണുന്ന ആക്ഷൻ‍സ്ക്രിപ്റ്റ് എന്റർ ചെയ്യുക.

Feedback Form in Adobe Flash: ActionScript.
  1. ഒരു LoadVars വേരിയബിള്‍ നിര്‍മ്മിക്കുവാന്‍ പോവുന്നു എന്ന സൂചകം.
  2. feedback എന്ന പെരില്‍ ഒരു LoadVars വേരിയബിള്‍ നിര്‍വ്വചിച്ചിരിക്കുന്നു.
  3. ....
  4. സ്റ്റേജില്‍ നല്‍കിയിരിക്കുന്ന Send ബട്ടണ്‍ ആക്ഷനുകളുടെ തുടക്കമെന്ന സൂചകം.
  5. btn_send എന്ന ഇന്‍സ്റ്റന്‍സ് നെയിമോടു കൂടിയ ബട്ടണില്‍ മൌസ് ക്ലിക്ക് ചെയ്തതിനു ശേഷം റിലീസ് ചെയ്യുമ്പോള്‍ ഫംഗ്‌ഷനുള്ളിലെ ആക്ഷനുകള്‍ പ്രവര്‍ത്തിക്കുക.
  6. box_user_name എന്ന ടെക്സ്റ്റ് ബോക്സില്‍ ആ സമയം ലഭ്യമായ text, feedback എന്ന LoadVars ഓബ്ജക്ടിനുള്ളിലെ user_name എന്ന വേരിയബിളിലേക്ക് സേവ് ചെയ്യുക.
  7. box_user_email -ന്റെ text feedback.user_email എന്നതിലേക്ക് സേവ് ചെയ്യുക.
  8. box_user_subject -ന്റെ text feedback.user_ subject എന്നതിലേക്ക് സേവ് ചെയ്യുക.
  9. box_user_message-ന്റെ text feedback.user_ message എന്നതിലേക്ക് സേവ് ചെയ്യുക.
  10. box_status എന്ന ഇന്‍സ്റ്റന്‍സ് നാമത്തോടു കൂടിയ ഡൈനമിക് ടെക്സ്റ്റ് ഫീല്‍ഡിന്റെ ടെക്സ്റ്റായി "Sending..." എന്ന സ്ട്രിംഗ് സേവ് ചെയ്യുക.
  11. feedback എന്നതില്‍ അടങ്ങിയിരിക്കുന്ന വേരിയബിളുകള്‍ sendmail.php എന്നതിലേക്ക് അയയ്ക്കുകയും; sendmail.php-യില്‍ നിന്നും ലഭിക്കുന്ന വേരിയബിള്‍ വിലകള്‍ ലോഡ് ചെയ്യുകയും ചെയ്യുക.
  12. ബട്ടണ്‍ ആക്ഷനുകള്‍ അവസാനിക്കുന്നു.
  13. ....
  14. മെയില്‍ കൃത്യമായി അയയ്ക്കുവാന്‍ സാധിച്ചെങ്കില്‍, PHP-യില്‍ നിന്നും mail_send = true എന്ന ഒരു വേരിയബിള്‍ തിരിച്ച് അയയ്ക്കുന്നതാണ്. ആ മെസേജിന് അനുസൃതമായാണ് സ്റ്റാറ്റ്സ് മെസേജ് കാണിക്കേണ്ടത്. അതിനുള്ള സ്ക്രിപ്റ്റ് താഴെ നല്‍കുന്നു എന്ന സൂചകം.
  15. feedback എന്ന LoadVars വേരിയബിള്‍ ലോഡാവുമ്പോള്‍, തുടര്‍ന്നുള്ള ഫംഗ്‌ഷന്‍ റണ്‍ ചെയ്യുക.
  16. പൂര്‍ണ്ണമായും ലോഡ് ആയെങ്കില്‍, success എന്ന വേരിയബിളിന്റെ വില true ആയിരിക്കും. അങ്ങിനെയെങ്കില്‍
  17. feedback.mail_send എന്ന വേരിയബിളിന്റെ വില true ആണെങ്കില്‍
  18. box_status എന്ന ഡൈനമിക് ടെക്സ്റ്റ് ഫീല്‍ഡിന്റെ ടെക്സ്റ്റ് വിലയായി Success! എന്ന സ്ട്രിംഗ് സേവ് ചെയ്യുക.
  19. 17-ല്‍ തുടങ്ങിയ if-statement അവസാനിച്ചിരിക്കുന്നു.
  20. 16-ല്‍ തുടങ്ങിയ if-statement-ന്റെ else ഭാഗം തുടങ്ങുന്നു.
  21. പൂര്‍ണ്ണമായും വേരിയബിളുകള്‍ ലോഡായില്ലെങ്കിലോ, mail_send എന്ന വേരിയബിളിന്റെ വില false ആവുകയോ ചെയ്താല്‍, box_status എന്ന ഡൈനമിക് ടെക്സ്റ്റ് ഫീല്‍ഡിന്റെ ടെക്സ്റ്റ് വിലയായി Sending Failed!!! എന്ന സ്ട്രിംഗ് സേവ് ചെയ്യുക.
  22. 16-ല്‍ തുടങ്ങിയ if-statement അവസാനിച്ചിരിക്കുന്നു.
  23. 15-ല്‍ തുടങ്ങിയ ഫംഗ്ഷന്‍ അവസാനിച്ചിരിക്കുന്നു.
ഇത്രയും ചെയ്ത ശേഷം ഡോക്യുമെന്റ് പബ്ലിഷ് ചെയ്യുക. രണ്ടു ഫയലുകള്‍ form.html, form.swf എന്നീ പേരുകളില്‍ ഇപ്പോള്‍ ഫ്ലാഷ് ഫയല്‍ സേവ് ചെയ്ത ഫോള്‍ഡറില്‍ കാണുവാന്‍ സാധിക്കും. ഇവയെക്കൂടാതെ, AC_RunActiveContent.js എന്ന പേരില്‍ ഒരു ജാവ‌‌‌‌‌‌‌‌‌‌‌സ്ക്രിപ്റ്റ് ഫയല്‍ ഫ്ലാഷ് സ്വയം നിര്‍മ്മിച്ചിട്ടുണ്ടാവും. ഈ ജാവസ്ക്രിപ്റ്റ് ഫയലിന്റെ സഹായത്തോടെയാണ് ഫ്ലാഷ് മൂവി ഫയല്‍ HTML ഫയലിലേക്ക് ചേര്‍ത്തിരിക്കുന്നത്. നോട്ട്പാഡ് തുറന്ന് (Start > Programs > Accessories > Notepad) പ്രധാനമെനുവില്‍ File > Save As തിരഞ്ഞെടുത്ത്, ഇതേ ഫോള്‍ഡറില്‍ sendmail.php എന്ന പേരില്‍ സേവ് ചെയ്യുക. ഇപ്പോള്‍ താഴെ കാണുന്ന രീതിയിൽ, ഇത്രയും ഫയലുകളായിരിക്കും ഫോള്‍ഡറില്‍ ലഭ്യമായിരിക്കുക.
Feedback Form in Adobe Flash: Files Required.


നോട്ട്‌പാഡില്‍ PHP ഫയല്‍ വീണ്ടും തുറന്ന ശേഷം, മുകളില്‍ നല്‍കിയിരിക്കുന്ന PHP കോഡ് അതുപോലെ എന്റര്‍ ചെയ്യുക. ഫ്ലാഷില്‍ നിന്നും വേരിയബിളുകള്‍ സ്വീകരിച്ച ശേഷം mail() എന്ന ഫംഗ്‌ഷന്‍ ഉപയോഗിച്ച് admin എന്ന വേരിയബിളില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ അഡ്രസിലേക്ക് അയയ്ക്കുകയാണ് ഈ PHP സ്ക്രിപ്റ്റ് ചെയ്യുന്നത്. admin എന്ന വേരിയബിളില്‍ സേവ് ചെയ്യുന്ന ഇ-മെയില്‍ വിലാസം നിങ്ങളുടേതാക്കുവാന്‍ ശ്രദ്ധിക്കുക. PHP ശരിയായി പ്രവര്‍ത്തിക്കുവാന്‍, സെര്‍വ്വറില്‍ PHP ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ സജ്ജീകരിക്കേണ്ടതുണ്ട്. GooglePages പോലെയുള്ള സൌജന്യ ഹോസ്റ്റിംഗ് സൌകര്യമൊരുക്കുന്ന സെര്‍വ്വറുകളില്‍ PHP പലപ്പോഴും ലഭ്യമായിരിക്കുകയില്ല. PHP സജ്ജീകരിച്ചിരിക്കുന്ന സെര്‍വ്വറുകളില്‍ തന്നെ, mail() എന്ന ഫംഗ്‌ഷന്‍ ബ്ലോക്ക് ചെയ്തിട്ടില്ല എന്നും ഉറപ്പുവരുത്തുക. പലപ്പോഴും അതാത് ഡൊമൈന്‍ സെര്‍വ്വറുകളിലേക്ക് മാത്രമേ മെയില്‍ ഫോര്‍വേഡ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അതായത്, നിങ്ങളുടെ സൈറ്റില്‍ നിന്നും ജി-മെയിലിലേക്ക് ഫീഡ്‌ബാക്ക് ഫോം ഫോര്‍വേഡ് ചെയ്യുവാന്‍ സാധിക്കണമെന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്റ്റിംഗ് സര്‍വ്വീസ് നല്‍കുന്ന സേവനദാതാവുമായി ബന്ധപ്പെടുക.

(2008 ആഗസ്റ്റ് ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: How to make a Feedback Form in Adobe Flash? Using Flash Movie(SWF) file as front-end and ASP, PHP, CGI scripts as back-end to create an interactive feedback form in Adobe Flash. Published in InfoKairali Computer Magazine, August Issue, 2008. Article by Hareesh N. Nampoothiri aka Haree | ഹരീ.
--



Saturday, August 30, 2008

ആഡിയോ പ്ലെയര്‍ രണ്ട്

Audio Player 2: A simple solution to add sound files to your blog.
ബ്ലോഗുകളിൽ ആഡിയോ ഫയലുകൾ ചേർക്കുവാനുള്ള ഒരു ഫ്ളാഷ് വിഡ്ജറ്റാണ് ‘ആഡിയോ പ്ലെയർ’. ഈ വിഡ്ജറ്റിന്റെ ഒന്നാം പതിപ്പ് ഇവിടെ പരിചയപ്പെടുത്തിയിരുന്നു. കൂടുതൽ സാധ്യതകളും, പ്രശ്നപരിഹാരങ്ങളും കൂട്ടിച്ചേർത്ത ആഡിയോ പ്ലെയറിന്റെ രണ്ടാം പതിപ്പിനെക്കുറിച്ചാണ് ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ എവിടെ ചേർത്തിരിക്കുന്ന സൌണ്ട് ഫയലുകളും(മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ നേരിട്ട് ലഭ്യമാണെങ്കിൽ), ഈ പ്ലെയർ ഉപയോഗിച്ച് ഒരു വെബ്‍പേജിലേക്ക് കൂട്ടിച്ചേർക്കുവാൻ സാധിക്കും.

പുതിയ സാധ്യതകൾ
Download Button - Audio Player 2• മെച്ചപ്പെട്ട സീക്ക് ബാർ - പാട്ട് എത്രമാത്രം ലോഡ് ചെയ്തു, എത്രഭാഗം വരെ കേട്ടുകഴിഞ്ഞു ഇത്രയും സൂചിപ്പിക്കുക മാത്രം ചെയ്യുന്ന സീക്ക് ബാറായിരുന്നു ആഡിയോ പ്ലെയർ ഒന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ കേൾവിക്കാരന് ആവശ്യാനുസരണം മുൻപോട്ടോ, പിൻപോട്ടോ സ്ലൈഡർ നീക്കി പ്ലേഹെഡ് സ്ഥാനം നിർണ്ണയിക്കുവാൻ സാധിക്കുന്ന മെച്ചപ്പെട്ട സീക്ക് ബാർ ലഭ്യമാണ്.
• മെച്ചപ്പെട്ട ശബ്ദനിയന്ത്രണം - ആദ്യ പതിപ്പിൽ, കേവലം ശബ്ദം പൂർണ്ണമായി ഒഴിവാക്കുവാനുള്ള(മ്യൂട്ട്) സാധ്യത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ആവശ്യാനുസരണം സ്ലെഡർ നീക്കിയോ, -/+ ബട്ടണുകൾ അമർത്തിയോ പാട്ട് എത്ര ശബ്ദത്തിൽ കേൾക്കണമെന്ന് തീരുമാനിക്കാവുന്നതാണ്.
• ഡൌൺലോഡ് ബട്ടൺ - പാട്ട് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് പ്രത്യേകം നൽകേണ്ടതില്ല. കോഡ് ജനറേറ്ററിൽ, ഈ സാധ്യത തിരഞ്ഞെടുത്താൽ മാത്രം മതി. പ്ലെയറിൽ സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ബട്ടൺ ദൃശ്യമാവും.
• ആർട്ടിസ്റ്റ്/ടൈറ്റിൽ/സമയം/ഫയൽ സൈസ് എന്നിവ പ്ലെയറിൽ ദൃശ്യമാക്കുവാനുള്ള സാധ്യതയും പുതിയ പതിപ്പിൽ ലഭ്യമാണ്.

പരിഹരിച്ച പ്രശ്നങ്ങൾ
File Not Available/Server Not Responding - Error Message - Audio Player 2• ഫീഡുകളിൽ പ്ലെയർ ദൃശ്യമാവുന്നില്ല. ജാവസ്ക്രിപ്റ്റ് മാത്രം ഉപയോഗിച്ചാണ് ആഡിയോ പ്ലെയർ 1 പേജിൽ ചേർക്കുവാനുള്ള കോഡ് ലഭ്യമാക്കിയിരുന്നത്. അതിനാൽ ശരിയായ വെബ്‍പേജിലല്ലാതെ പ്ലെയർ ദൃശ്യമായിരുന്നില്ല. ഇവിടെ ജാവസ്ക്രിപ്റ്റിനൊപ്പം, ഒരു ഓബ്ജക്ടായി എംബെഡ് കൂടി ചെയ്യുന്നതിനാൽ, ഫീഡുകളിലും പ്ലെയർ ലഭ്യമാവുമെന്നു കരുതുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. :-(
• ഫയൽ ലോഡ് ചെയ്യാതെ, പ്ലേ ബട്ടൺ എനേബിൾഡ് ആവുന്നു. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലാത്ത അവസരങ്ങളിൽ, ഫയൽ ടോട്ടൽ സൈസ് 0 MB എന്നു കണക്കാക്കുന്നതിനാലാണ് ഈ പ്രശ്നം ഉണ്ടായിരുന്നത്. ഫയൽ സെർവ്വറിൽ നിന്നും ലഭ്യമല്ലെങ്കിൽ ഇനിമുതൽ ഒരു മെസേജ് ദൃശ്യമാവുന്നതാണ്.

എങ്ങിനെ ഉപയോഗിക്കാം?
• പ്രൈവറ്റ് സെർവ്വറുകളിൽ - FTP യൂസർനെയിം/പാസ്‍വേഡ് ലഭ്യമാക്കുന്ന പ്രൈവറ്റ് സെർവ്വറുകളിൽ സൌണ്ട് ഫയൽ അപ്‍ലോഡ് ചെയ്തതിനു ശേഷം, യു.ആർ.എൽ. കോഡ് ജനറേറ്ററിൽ നൽകി, ആ ഫയൽ പ്ലേ ചെയ്യുവാനുള്ള പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാൻ ഈ മാർഗമാണ് അനുയോജ്യം. എന്നാൽ പ്രൈവറ്റ് സെർവ്വറുകൾക്ക് കുറഞ്ഞത് 1000 രൂപ(10 MB സ്പേസിന്)യെങ്കിലും മുടക്കേണ്ടിവരും എന്നുമാത്രം. താഴെക്കാണുന്ന പ്ലെയർ അപ്രകാരം പ്രവർത്തിക്കുന്നു.


ഗൂഗിൾ ഗ്രൂപ്പ്സ് - ഗൂഗിൾ പേജസ് സർവ്വീസ് അവസാനിപ്പിച്ചതിനാലും, പകരമുള്ള ഗൂഗിൾ സൈറ്റ്സ് ഫയലുകൾ അപ്‍ലോഡ് ചെയ്ത ശേഷം, പുറത്തുനിന്ന് ഉപയോഗിക്കുവാൻ അനുവദിക്കാത്തതിനാലും; ഗൂഗിൾ ഗ്രൂപ്പ്സ് ഉപയോഗിക്കുക എന്നതാണ്, ആഡിയോ പ്ലെയർ പ്രയോജനപ്പെടുത്തുവാനുള്ള മറ്റൊരു മാർഗം. ഗൂഗിൾ ഗ്രൂപ്പ്സിലെത്തി, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. അത് എല്ലാവർക്കും കാണാവുന്ന രീതിയിലായിരിക്കണമെന്നത്(Public) പ്രത്യേകമോർക്കുക. ഗ്രുപ്പ് ഹോം പേജിന്റെ വലതുഭാഗത്തായി Files എന്നൊരു ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജിൽ ഫയൽ അപ്‍‍ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അപ്‍ലോഡ് ചെയ്തതിനു ശേഷം അതാത് ഫയലിൽ വലത് മൌസ് ബട്ടൺ അമർത്തി ലിങ്ക് കോപ്പി ചെയ്യുക. ലിങ്കിൽ മാറ്റമൊന്നും വരുത്താതെ കോഡ് ജനറേറ്ററിൽ നൽകി, പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്ലെയറാണ് താഴെക്കാണുന്നത്.

ശ്രദ്ധിക്കുക: ഗൂഗിൾ ഗ്രൂപ്പ്സിൽ ചേർത്തിരിക്കുന്ന ഫയലുകളുടെ സൈസ് ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ കോഡ് ജനറേറ്ററിൽ നൽകുന്ന സൈസാവും പരിഗണിക്കുക. പൂർണ്ണമായും ലോഡ് ചെയ്യാതെ സീക്ക് ബാർ ശരിയായി പ്രവർത്തിക്കുകയില്ല.

യാഹൂ ഗ്രൂപ്പ്സ് - ഗൂഗിൾ ഗ്രൂപ്പ്സിൽ ചെയ്തതുപോലെ, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. Web Features എനേബിൾ ചെയ്തിരിക്കണം. (ഗ്രൂപ്പ് തുടങ്ങുന്ന സമയത്ത് ഇവ എനേബിൾ ചെയ്യണമോ എന്നു ചോദിക്കുന്ന ഒരു പേജ് ദൃശ്യമാവുന്നതാണ്.) ഇടതുഭാഗത്തുള്ള ലിങ്കുകളിൽ Files തിരഞ്ഞെടുത്ത്, തുറന്നുവരുന്ന പേജിൽ വലത്-മുകളിൽ കാണുന്ന Add Files ലിങ്കിൽ ക്ലിക്ക് ചെയ്ത് സൌണ്ട് ഫയൽ കൂട്ടിച്ചേർക്കാവുന്നതാണ്. യാഹൂ ഗ്രൂപ്പിൽ ചേർക്കുന്ന ഫയലുകളുടെ സൈസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ ഗ്രൂപ്പ്സിനെ അപേക്ഷിച്ച്, യാഹൂ ഗ്രൂപ്പ്സാണ് ആഡിയോ പ്ലെയറിന് കൂടുതൽ അനുയോജ്യം. യാഹൂ ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന സൌണ്ട് ഫയൽ പ്ലേ ചെയ്യുന്ന പ്ലെയറാണ് താഴെ.


കോഡ് ജനറേറ്റർ
• യു.ആർ.എൽ. - ചേർക്കുവാൻ ആഗ്രഹിക്കുന്ന സൌണ്ട് ഫയലിന്റെ പൂർണ്ണമായ യു.ആർ.എൽ. ഇവിടെ നൽകുക. ഉദാ: http://www.yourdomain.com/files/yoursong.mp3
• TITLE - സൌണ്ട് ഫയലിന്റെ പേര് ഇവിടെ ചേർക്കുക.
• ARTIST - ആർട്ടിസ്റ്റുകളുടെ പേര് ഇവിടെ നൽകാവുന്നതാണ്.
• FILE SIZE - ഫയലിന്റെ വലുപ്പം ഇവിടെ നൽകുക. സംഖ്യകൾ മാത്രം നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്ലെയറിന് ഫയൽ സൈസ് സെർവ്വറിൽ നിന്നും ലഭ്യമാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ മാത്രമേ ഇവിടെ നൽകുന്ന വില ഉപയോഗിക്കുകയുള്ളൂ.
• Display Download Link - സൌണ്ട് ഫയൽ ഡൌൺലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ പ്ലെയറിൽ തന്നെ നൽകണമെന്നുണ്ടെങ്കിൽ, ഈ ചെക്ക്ബോക്സ് ടിക്ക് ചെയ്യുക.

ഇത്രയും നൽകിയശേഷം ‘തുടരുക’ എന്ന ബട്ടണിൽ മൌസമർത്തുക. പ്ലെയറിനായുള്ള കോഡ് തുടർന്ന് ലഭ്യമാവും. SELECT ALL എന്ന ബട്ടണിൽ അമർത്തി, കോഡ് പൂർണ്ണമായും സെലക്ട് ചെയ്തതിനു ശേഷം, നിങ്ങളുടെ പേജിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക.

Description: How to add sound files to your blog? Presenting Audio Player 2, a simple solution to add sound files to your blog. No registration, no user-account required. Just use your Google Account along with Google Pages service. Upload files to Google Pages and then generate your code using the Audio Player Code Generator. Add the player code in your blog post and you are done! Add Sound/Audio/MP3 Files, Audio Player 1, AudioPlayer 1, Odio/MOG/esnips Alternative, Sankethikam, Haree | ഹരീ, Hareesh N. Nampoothiri.
--



Wednesday, August 27, 2008

ഫ്ളാഷിലൊരു ഫീഡ്‌ബാക്ക് ഫോം - ഭാഗം ഒന്ന്

How to make a Feedback Form in Adobe Flash? Using Flash Movie(SWF) file as front-end and ASP, PHP, CGI scripts as back-end to create an interactive feedback form in Adobe Flash.
ഫീഡ്‌ബാക്ക് ഫോമുകള്‍ ഏവര്‍ക്കും പരിചിതമായിരിക്കും. മിക്കവാറും എല്ലാ സൈറ്റുകളിലും ഈ സൌകര്യം, ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വെബ് സൈറ്റ് പ്രേക്ഷകര്‍ക്ക്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെബ് സൈറ്റില്‍ നിന്നു തന്നെ, അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് അയയ്ക്കുവാനുള്ള സൌകര്യമാണ് ഫീഡ്‌ബാക്ക് ഫോമുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫ്രണ്ട് എന്റ്, ബാക്ക് എന്റ് എന്നിങ്ങനെ രണ്ട് പടികളിലായാണ് ഫീഡ്‌ബാക്ക് ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രണ്ട് എന്റായി മുന്‍‌കാലങ്ങളില്‍ HTML ഫോമുകളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ഫ്രണ്ട് എന്റായി ഒരു SWF മൂവി എങ്ങിനെ ഉപയോഗിക്കാമെന്നാണ് വിശദീകരിക്കുന്നത്. ബാക്ക്‍എന്റായി PHP, ASP, CGI എന്നിങ്ങനെയുള്ള സ്ക്രിപ്റ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

ആദ്യമായി ഫീഡ്‌ബാക്ക് ഫോമിന് ആവശ്യമായ ഇന്റര്‍ഫേസ് ഫ്‌ളാഷില്‍ ഡിസൈന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. ഇന്റര്‍ഫേസ് ഡിസൈനിംഗ് ആരംഭിക്കുന്നതിനു മുന്‍പായി എന്തൊക്കെ വിവരങ്ങളാണ് ഉപയോക്താവില്‍ നിന്നും സ്വീകരിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന് തീരുമാനിക്കുക. ഇവിടെ വിവരിച്ചിരിക്കുന്ന ഉദാഹരണത്തില്‍, ചില പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. ആവശ്യാനുസരണം കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ കഴിയും, അതിനനുസരിച്ച് ഫ്‌ളാഷിലെ ആക്ഷനുകളിലും, PHP സ്ക്രിപ്റ്റിലും മാറ്റങ്ങള്‍ വരുത്തണമെന്നു മാത്രം.
  • Name (Variable: user_name) - Name എന്ന ഫീല്‍ഡിലെ ഡാറ്റ user_name എന്ന വേരിയബിളിലാണ് സൂക്ഷിക്കപ്പെടുക എന്നര്‍ത്ഥമാക്കിയിരിക്കുന്നു.
  • E-mail (user_email)
  • Subject (user_subject)
  • Message (user_message)
ഇത്രയും തീരുമാനിച്ചതിനു ശേഷം നമുക്ക് ഇന്റര്‍ഫേസ് ഡിസൈനിംഗിലേക്ക് കടക്കാം. ഒരു പുതിയ ഫ്‌ളാഷ് ഫയല്‍ തുറക്കുക. ചേര്‍ക്കേണ്ടുന്ന വെബ് പേജിന്റെ വലുപ്പത്തിന് അനുസൃതമായാണ് ഈ ഫയലിന്റെ വീതിയും, പൊക്കവും തീരുമാനിക്കേണ്ടത്. ഇവിടെ 250 x 300 വലുപ്പത്തിലൊരു ഫയലാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമെനുവില്‍ File > Publish Settings സെലക്ട് ചെയ്യുക. Formats എന്ന ടാബില്‍ Flash (.swf), HTML (.html), ഈ രണ്ട് ചെക്ക് ബോക്‍സുകളും സെലക്ട് ചെയ്യുക. തുടര്‍ന്ന് Flash എന്ന ടാബ് സെലക്ട് ചെയ്ത് Version: എന്ന കോംബോ ബോക്സില്‍ നിന്നും Flash Player 6, ActionScript version: എന്നയിടത്ത് ActionScript 2.0 എന്നതും സെലക്ട് ചെയ്യുക.

Flash Library containing Button, TextArea and TextInput components.ഫോം ഇന്റഫേസ് ഡിസൈനിംഗാണ് അടുത്ത പടി. ടൈം‌ലൈനില്‍; bg, components, texts എന്നീ പേരുകളില്‍ മൂന്ന്‍ ലെയറുകള്‍ കൂട്ടിച്ചേര്‍ക്കുക. പ്രധാനമെനുവില്‍ Window > Components എന്ന പാനല്‍ തുറന്ന്; Button, TextArea, TextInput എന്നീ കമ്പൊണെന്റുകള്‍ ലൈബ്രറിയിലേക്ക് ചേര്‍ക്കുക. ഫീഡ്‌ബാക്ക് ഫോമിന് യോജ്യമായ ഒരു ബാക്ക്‍ഗ്രൌണ്ട് ആദ്യമായി ഡിസൈന്‍ ചെയ്യുക. bg എന്ന ലെയ‌റില്‍ ഒരു ഗ്രാഫിക് സിംബലായി ഇത് നിര്‍മ്മിക്കാവുന്നതാണ്.

പ്രധാന സ്റ്റേജിലേക്ക് തിരിച്ചു വന്ന്, ലൈബ്രറിയില്‍ ലഭ്യമായ കമ്പൊണെന്റുകളുടെ വിവിധ ഇന്‍സ്റ്റന്‍സുകള്‍ സ്റ്റേജിലേക്ക് ചേര്‍ക്കുക. Name, E-Mail, Subject എന്നിവയ്ക്ക് TextInput എന്ന കമ്പൊണെന്റും; Message ചേര്‍ക്കുവാനുള്ള സ്ഥലത്തിന് TextArea എന്ന കമ്പൊണെന്റും; മെസേജ് അയയ്ക്കുവാനുള്ള ബട്ടണായി Button എന്ന കമ്പൊണെന്റും ഉപയോഗിക്കുക. കമ്പൊണെന്റുകള്‍ components എന്ന പേരില്‍ ടൈം‌ലൈനില്‍ ലഭ്യമായ ലെയറിലേക്കാണ് ചേര്‍ക്കേണ്ടത്. തൊട്ടു മുകളില്‍ കാണുന്ന texts എന്ന ലെയറില്‍, ഓരോ ബോക്സിന്റേയും പേരും മറ്റ് വിവരങ്ങളും ആവശ്യാനുസരണം നല്‍കാവുന്നതാണ്. ഓരോ കമ്പൊണെന്റിനും ഇന്‍സ്റ്റന്‍സ് നെയിം നല്‍കേണ്ടതുമുണ്ട്.
Variable Name / Variable     / Component / Instance Name
Name          / user_name    / TextInput / box_user_name
E-Mail        / user_email   / TextInput / box_user_email
Subject       / user_subject / TextInput / box_user_subject
Message       / user_message / TextArea  / box_user_message


Feedback Form Interface. ടൈംലൈനില്‍ ലഭ്യമായിരിക്കുന്ന text എന്ന ലെയറിലേക്ക് ഒരു Dynamic Text ഫീല്‍ഡ് കൂടി കൂട്ടിച്ചേര്‍ക്കുക. ഈ ടെക്സ്റ്റ് ഫീല്‍ഡിന്റെ ഇന്‍സ്റ്റന്‍സ് നാമമായി box_status എന്നും നല്‍കുക. ഫീഡ്‌ബാക്ക് ഫോമിന്റെ ഇന്റര്‍ഫേസ് ഡിസൈനിംഗ് ഇവിടെ പൂർത്തിയായി. ചിത്രത്തിൽ കാണുന്നതിനു സമാനമായ രീതിയിലാവണം സ്റ്റേജ് നമുക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുക. ഭാവനയ്ക്ക് അനുസൃതമായി ഫോമിനെ മോടിപിടിപ്പിക്കുകയും, ആനിമേഷനുകൾ ചേർക്കുകയും മറ്റുമൊക്കെ ചെയ്യാവുന്നതാണ്. ഫീഡ്ബാക്ക് ഫോം ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ ഡിസൈനുമായി ചേർന്നു പോവുന്ന രീതിയിൽ ഫോം ഡിസൈൻ ചെയ്യുകയാണ് വേണ്ടത്. ഫീഡ്‌ബാക്ക് ഫോം പ്രവര്‍ത്തിക്കുവാന്‍ ആവശ്യമുള്ള ആക്ഷന്‍സ്ക്രിപ്റ്റിംഗ്, PHP സ്ക്രിപ്റ്റിംഗ് എന്നിവയെക്കുറിച്ച് അടുത്ത പോസ്റ്റിൽ.

(2008 ജൂലൈ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: How to make a Feedback Form in Adobe Flash? Using Flash Movie(SWF) file as front-end and ASP, PHP, CGI scripts as back-end to create an interactive feedback form in Adobe Flash. Published in InfoKairali Computer Magazine, July Issue, 2008. Article by Hareesh N. Nampoothiri aka Haree | ഹരീ.
--



Sunday, August 3, 2008

മൈക്രോസോഫ്റ്റ് സിന്‍‌ക്‌ടോയ് (Microsoft SyncToy)


നിങ്ങളുടെ കമ്പ്യൂട്ടറിലെ ഹാർഡ്‍ഡിസ്ക് പ്രവർത്തന രഹിതമായാൽ എത്രയാണ് നിങ്ങളുടെ നഷ്ടം? ഒരു കമ്പ്യൂട്ടറോ, ലാപ്ടോപ്പോ സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളോടാണ് ഈ ചോദ്യമെങ്കിൽ, ഒരു സംശയവും വേണ്ട അയാളുടെ ഉത്തരം, നഷ്ടം വിലമതിക്കുവാനാവാത്തതാണ് എന്നാവും. ജോലി ആവശ്യങ്ങൾക്കോ, പഠന ആവശ്യങ്ങൾക്കോ കമ്പ്യൂട്ടറിനെ വളരെയധികം ആശ്രയിക്കുന്നവരാണെങ്കിൽ പറയുകയും വേണ്ട. കരണം, ഒരു കമ്പ്യൂട്ടർ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അമൂല്യമായ സംഗതി, കമ്പ്യൂട്ടറിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന അവന്റെ ഡേറ്റയാണ്.

വളരെയധികം മെമ്മറി ലഭ്യമായ ഹാർഡ്‍-ഡിസ്കുകൾ ഇന്ന് അധികവിലയില്ലാതെ ലഭ്യമാണ്. ഇതിനാൽ തന്നെ കൂടുതൽ ഡേറ്റ ഹാർഡ്-ഡിസ്കിൽ സൂക്ഷിക്കുവാനും കഴിയുന്നു. എന്നാൽ ഇത്രയും മെമ്മറി ശേഷിയുള്ള ഒരു ഹാർഡ്-ഡിസ്കിന്റെ പ്രവർത്തനം പെട്ടെന്നൊരു ദിവസം നിലച്ചുപോയാലോ? അപ്പോൾ ഉണ്ടാവുന്ന നഷ്ടവും സൂക്ഷിക്കുവാൻ കഴിയുന്ന ഡേറ്റ പോലെ ഭീമമാണ്. ഇതിനൊരു പോം‍വഴി കൃത്യമായി ഹാർഡ്-ഡിസ്കിലെ വിവരങ്ങൾ മറ്റൊരിടത്തുകൂടി സൂക്ഷിക്കുക എന്നതാണ്. ഒരു സി.ഡി.യിൽ/ഡി.വി.ഡി.യിൽ പകർത്തി സൂക്ഷിക്കുകയാണ് ഒരു മാർഗം. എന്നാൽ പലപ്പോഴും, ഒരു പ്രോജക്ട് തുടങ്ങിയാൽ അവസാനിക്കുവാൻ പല മാസങ്ങൾ എടുത്തെന്നു വരാം. ഒരു പ്രോജക്ടിന്റെ തന്നെ അനവധി ബാക്ക്-അപ്പ് സി.ഡി./ഡി.വി.ഡി.കൾ അതിനാൽ നിർമ്മിക്കേണ്ടി വരുന്നു. ഇവിടെയാണ് എക്സ്‍റ്റേണൽ ഹാർഡ്-ഡിസ്ക്കുകൾ ഉപകാരപ്പെടുന്നത്.

80 ജി.ബി. മുതൽ 500 ജി.ബി. വരെയുള്ള എക്സ്‍റ്റേണൽ ഹാർഡ്-ഡിസ്ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. 2500 മുതൽ 5500 രൂപ വരെയാണ് ഈ ശ്രേണിയിലുള്ള എക്സ്റ്റേണൽ ഹാർഡ്-ഡിസ്ക്കുകളുടെ വില. ഇവയിൽ മിക്കവയും യു.എസ്.ബി. 2.0 സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നവയാണ്. പ്രത്യേകം പവർ നൽകേണ്ടവയും, അല്ലാത്തവയും ഇവയിലുണ്ട്. യു.എസ്.ബി. പോർട്ടിൽ നിന്നു തന്നെ പവർ ലഭ്യമാക്കുന്ന മോഡലുകൾക്ക് വില അല്പം അധികമാവുമെന്നു മാത്രം. ഇങ്ങിനെയുള്ള ഒരു ഹാർഡ്-ഡിസ്ക് ഉപയോഗിച്ച് പ്രോജക്ട് ഫയലുകളുടെ ബാക്ക്-അപ് എടുക്കാവുന്നതാണ്. വ്യത്യാസം വരുത്തുന്ന ഫയലുകൾ മാത്രം പുറമേയുള്ള ഹാർഡ്-ഡിസ്കിൽ പുതുക്കിയാൽ മതിയാവും. എന്നാൽ ഇത് സ്ഥിരമായി ചെയ്യേണ്ടിവരുമ്പോൾ, അത് മറ്റൊരു മടുപ്പുളവാക്കുന്ന പ്രക്രിയയാവും. ഏതൊക്കെ ഫയലുകൾ പുതുക്കിയിട്ടുണ്ടെന്നു പരിശോധിച്ച്, അവ തിരഞ്ഞുപിടിച്ച് ബാക്ക്-അപ് ചെയ്യുക എന്നത് സമയമെടുക്കുന്ന പ്രവർത്തിയുമാണ്. എന്നാൽ ഇതു ചെയ്യുവാനായി ധാരാളം സോഫ്റ്റ്‍വെയർ ആപ്ലിക്കേഷനുകൾ ഇന്ന് ലഭ്യമാണ്. അത്തരത്തിലൊന്നാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്ന സിൻ‍ക്‌ടോയ് എന്ന സോഫ്റ്റ്‍വെയർ.

മൈക്രോസോഫ്റ്റ് സിൻ‍ക്‌ടോയ്
സിൻ‍ക്‌ടോയുടെ രണ്ട് പതിപ്പുകൾ നിലവിൽ ലഭ്യമാണ്. സിൻ‍ക്‌ടോയ് 1.4, സിൻ‍ക്‌ടോയ് 2.0 ബീറ്റ എന്നിവയാണവ. മൈക്രോസോഫ്റ്റിന്റെ ഡൌൺലോഡ് സൈറ്റിൽ നിന്നും ഇവ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. വിൻഡോസ് എക്സ്.പി, വിൻഡോസ് വിസ്റ്റ എന്നീ പ്രവർത്തകങ്ങളിൽ ഉപയോഗിക്കുവാനായാണ് ഈ സോഫ്റ്റ്‍വെയർ നിർമ്മിച്ചിരിക്കുന്നത്. ഇൻസ്റ്റലേഷൻ റൺ ചെയ്ത്, മറ്റേതൊരു വിൻഡോസ് സോഫ്‍റ്റ്‍വെയറിനേയും പോലെ ഇതും സിസ്റ്റത്തിലേക്ക് വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

സിൻ‍ക്‌ടോയ് ഉപയോഗിച്ച് തുടങ്ങുവാനായി ആദ്യം ചെയ്യേണ്ടത്, ഒരു ഫോൾഡർ പെയർ ഉണ്ടാക്കുക എന്നതാണ്. Create New Folder Pair എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഇതിനുള്ള ഡയലോഗ് ബോക്സ് ലഭ്യമാക്കാം. തുറന്നുവരുന്ന ജാലകത്തിൽ ഒരു Left Folder-ഉം, ഒരു Right Folder-ഉം ബ്രൌസ് ചെയ്തു നൽകുക. ഇടത് ഫോൾഡറായി നൽകുന്നതാണ് സോഴ്സ്, അഥവാ ബാക്ക്-അപ് ചെയ്യേണ്ട ഫോൾഡർ. നിങ്ങളുടെ ഡോക്യുമെന്റ് ഫോൾഡർ, അല്ലെങ്കിൽ പ്രോജക്ട് ഫയലുകൾ സൂക്ഷിക്കുന്ന ഫോൾഡർ ഇങ്ങിനെ ബാക്ക്-അപ് ആവശ്യമായ ഫോൾഡറുകളിൽ ഒന്ന് സെലക്ട് ചെയ്യുക. വലത് ഫോൾഡർ ഡെസ്റ്റിനേഷനാണ്, ഇത് ഒരു എക്സ്റ്റേണൽ ഹാർഡ്-ഡിസ്ക്, അല്ലെങ്കിൽ ഒരു ഫ്ളാഷ് ഡ്രൈവ്, അതുമല്ലെങ്കിൽ നെറ്റ്‍വർക്കിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ ഒക്കെ ആകാവുന്നതാണ്. ഫോൾഡറുകൾ തിരഞ്ഞെടുത്ത ശേഷം Next ബട്ടൺ അമർത്തി അടുത്ത ഘട്ടത്തിലെത്തുക. ഇവിടെ നിങ്ങൾക്ക് ഏതു രീതിയിലാണ് ബാക്ക്-അപ് ഈ ഫോൾഡർ പെയറിൽ ചെയ്യേണ്ടതെന്ന് നൽകുക. മൂന്ന് ഓപ്ഷനുകൾ ഇവിടെ ലഭ്യമാണ്.
Synchronize - ഈ ഓപ്ഷനിൽ സോഴ്സ് ഫോൾഡറിലേയും, ഡെസ്റ്റിനേഷൻ ഫോൾഡറിലേയും ഫയലുകൾ ഇരുഭാഗത്തേക്കും അപ്‍ഡേറ്റ് ചെയ്യപ്പെടും. ഉദാഹരണത്തിന് നിങ്ങൾ ഫ്ളാഷ് ഡ്രൈവിൽ ബാക്ക്-അപ് ചെയ്തിരിക്കുന്ന ഫയലുകൾ ഓഫീസിലും, വീട്ടിലും എഡിറ്റ് ചെയ്യുന്നുണ്ടെന്നു കരുതുക. വീട്ടിൽ നിന്നും ഫയലുകൾ ഫ്ളാഷ് ഡ്രൈവിൽ എടുത്ത് ഓഫീസിൽ ചെല്ലുന്നു. അവിടെ എഡിറ്റ് ചെയ്ത ശേഷം, പുതുക്കിയ ഫയലുകൾ ഫ്ളാഷ് ഡ്രൈവിൽ തിരിച്ച് വീട്ടിലെത്തിക്കുന്നു. ഇപ്പോൾ ഫ്ളാഷ് ഡ്രൈവിലെ ഫയലുകൾ സിസ്റ്റത്തിലേക്കാണല്ലോ അപ്‍ഡേറ്റ് ചെയ്യേണ്ടത്. ഈ രീതിയിൽ ഇരുഭാഗത്തേക്കും പുതുക്കിയ ഫയലുകൾ കൈമാറ്റം ചെയ്യേണ്ടതുണ്ടെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫയലുകളുടെ പുതുക്കൽ മാത്രമല്ല; ഫയലുകളുടെ പേരുമാറ്റവും(Renaming), ഒഴിവാക്കലുകളും(Deletion) ഈ രീതിയിൽ രണ്ടിടത്തും ആവർത്തിക്കപ്പെടും.
Echo - ഇവിടെ സോഴ്സിൽ(Left Folder) ഉള്ള മാറ്റങ്ങൾ ഡെസ്റ്റിനേഷനിൽ(Right Folder) അപ്‍ഡേറ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഡെസ്റ്റിനേഷനിൽ വരുത്തുന്ന മാറ്റങ്ങൾ സോഴ്സിൽ പുതുക്കപ്പെടുകയില്ലെന്ന് സാരം. ഇടതു ഫോൾഡറിൽ വരുത്തുന്ന ഫയലുകളുടെ പേരുമാറ്റവും, ഒഴിവാക്കലുകളും; വലതു ഫോൾഡറിലും പ്രതിഫലിക്കും.
Contribute - Echo-യിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഈ ഓപ്‍ഷൻ. ഇടതു വശത്ത് ഏതെങ്കിലും ഫയൽ ഒഴിവാക്കിയാൽ അത് വലതു വശത്ത് പ്രതിഫലിക്കില്ല്ല എന്നതാണ് ഏക വ്യത്യാസം.
(സിൻ‍ക്‌ടോയ് 1.4-ൽ മറ്റ് രണ്ട് ഓപ്ഷനുകൾ കൂടി ലഭ്യമാണ്. അവ പുതിയ പതിപ്പിൽ ലഭ്യമല്ലാത്തതിനാൽ വിശദീകരിക്കുന്നില്ല.)

അടുത്ത ഘട്ടത്തിൽ ഈ ഫോൾഡർ പെയറിന് ഒരു പേരുനൽകുവാൻ ആവശ്യപ്പെടും. നിങ്ങൾക്കിഷ്ടമുള്ള ഒരു പേരുനൽകി Finish ബട്ടണിൽ അമർത്തുക. ഇപ്പോൾ വലതുഭാഗത്ത് All Folder Pairs എന്നതിന്റെ മുകളിലായി ഫോൾഡർ പെയറിനു നൽകിയ പേരിൽ ഒരു ടാബ് ദൃശ്യമാക്കപ്പെടും. അതിൽ ക്ലിക്ക് ചെയ്ത് ആ ബാക്ക്-അപ് ഫോൾഡർ പെയറിന്റെ ജാലകത്തിൽ എത്താവുന്നതാണ്. Change action എന്നതിൽ ക്ലിക്ക് ചെയ്ത് Synchronize, Echo, Contribute എന്നിവയിൽ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാവുന്നതാണ്. Change options എന്ന മറ്റൊരു സാധ്യതയും ഇവിടെ ലഭ്യമാണ്. ഇവിടെ എതൊക്കെ ഫയൽ ബാക്ക്-അപ് ചെയ്യുമ്പോൾ ഉൾപ്പെടുത്തണം (ഡിഫോൾട്ട്: * എല്ലാ ഫയലുകളും. *.doc എന്നു നൽകിയാൽ വേഡ് ഡോക്യുമെന്റ് ഫയലുകൾ മാത്രമാവും ബാക്ക്-അപ് ചെയ്യപ്പെടുക.) എന്നു നൽകുവാനുള്ള സാധ്യത; ഏതൊക്കെ ഫയലുകൾ ഒഴിവാക്കണം (ഉദാ: *.exe എന്നിവിടെ നൽകിയാൽ, ആ EXE ഫയലുകൾ ബാക്ക്-അപ് ചെയ്യപ്പെടുകയില്ല.) എന്നു നൽകുവാനുള്ള സാധ്യത; റീഡ്-ഒൺലി ഫയലുകൾ, ഹിഡൻ ഫയലുകൾ, സിസ്റ്റം ഫയലുകൾ എന്നിവ പ്രത്യേകം ഒഴിവാക്കുവാനുള്ള സാധ്യത; എന്നിവ ലഭ്യമാണ്. സോഴ്സായി സെലക്ട് ചെയ്തിരിക്കുന്ന ഫോൾഡറിൽ വിവിധ സബ്‍-ഫോൾഡറുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ അവയിൽ ചിലതുമാത്രമായി തിരഞ്ഞെടുക്കുവാൻ Select subfolders എന്നതിൽ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ജാലകത്തിൽ ആവശ്യമുള്ളവ മാത്രമായി സെലക്ട് ചെയ്യാവുന്നതാണ്.

ലഭ്യമായ മറ്റ് ഓപ്ഷനുകൾ:
Active for run all: ഈ ഓപ്ഷൻ സെലക്ട് ചെയ്താൽ All Folder Pairs എന്ന ടാബിൽ ലഭ്യമായിരിക്കുന്ന Run All എന്ന ബട്ടൺ അമർത്തുമ്പോൾ, ഈ ഫോൾഡർ പെയർ അപ്ഡേറ്റ് ചെയ്യപ്പെടും. ഇത് സെലക്ട് ചെയ്യുന്നില്ലെങ്കിൽ, ഇത് പ്രത്യേകമായി റൺ ചെയ്യുമ്പോൾ മാത്രമേ അപ്ഡേറ്റ് ചെയ്യപ്പെടുകയുള്ളൂ.
Save overwritten files in the Recycle Bin: ഫയലുകൾ പഴയതിനു മുകളിൽ പുതിയത് കോപ്പി ചെയ്യപ്പെടുമ്പോൾ, പഴയ ഫയൽ റീസൈക്കിൾ ബിന്നിൽ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ ഈ ഓപ്ഷൻ സെലക്ട് ചെയ്യുക.
Check file contents: ഫയൽ നെയിം, മോഡിഫൈ ഡേറ്റ്, ഫയൽ സൈസ് എന്നിവയെക്കൂടാതെ അവയ്ക്കുള്ളിലെ വിവരങ്ങൾ കൂടി പരിശോധിച്ച്, അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് സെലക്ട് ചെയ്താൽ ബാക്ക്-അപ് ചെയ്യുവാൻ കൂടുതൽ സമയമെടുക്കുമെന്നതും പ്രത്യേകമോർക്കുക.

ബാക്ക്-അപ് റൺ ചെയ്യുന്നതിനു മുൻപ് ഏതൊക്കെ ഫയലുകളിൽ/ഫോൾഡറുകളിൽ വ്യത്യാസം വരുന്നു എന്നറിയുവാൻ Preview എന്ന ബട്ടണിൽ മൌസമർത്തുക. തുറന്നുവരുന്ന പ്രിവ്യൂ ജാലകത്തിലും അപ്ഡേറ്റ് ആക്ഷനുകൾ ഒഴിവാക്കാവുന്നതാണ്. ആവശ്യമുള്ളവ മാത്രം സെലക്ട് ചെയ്ത ശേഷം Run അമർത്തി ബാക്ക്-അപ് പൂർത്തിയാക്കുക. എക്സ്റ്റേണൽ ഹാർഡ്-ഡിസ്ക്കുകളും പൂർണ്ണമായ സുരക്ഷ പ്രദാനം ചെയ്യുന്നില്ല എന്ന കാര്യം മറക്കാതിരിക്കുക. നിശ്ചിത കാലയളവിൽ ഒരു സി.ഡി.യിലേക്കോ/ഡി.വി.ഡിയിലേക്കോ ഫയലുകൾ പകർത്തി സൂക്ഷിക്കുന്നത് എപ്പോഴും നന്നായിരിക്കും.

(2008 സെപ്റ്റംബർ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: SyncToy is a free PowerToy designed by Microsoft that provides an easy to use graphical user interface that can automate synchronizing files and folders. SyncToy can manage multiple sets of folders at the same time; it can combine files from two folders in one case, and mimic renames and deletes in another. SyncToy can keep track of renames to files and will make sure those changes get carried over to the synchronized folder. (Source: Wikipedia:[http://en.wikipedia.org/wiki/SyncToy]). This article explains the use of the application and briefly explains how to use the software. The article is in Malayalam. Posted by Hareesh N. Nampoothiri aka Haree | ഹരീ.
--


Thursday, July 17, 2008

ഫോട്ടോഷോപ്പില്‍ വളഞ്ഞുപുളഞ്ഞെഴുതാം


അക്ഷരങ്ങളെ നെടുകയും, കുറുകയുമല്ലാതെ; പ്രത്യേക ആകൃതിയെ ചുറ്റി എഴുതേണ്ട അവസരങ്ങള്‍ പലപ്പോഴും ഉണ്ടായെന്നു വരാം. അഡോബിയുടെ ഫോട്ടോഷോപ്പില്‍ ഇതിനുള്ള സാധ്യതയും ലഭ്യമാണ്. ഫോട്ടോഷോപ്പില്‍ ലഭ്യമായ പാത്ത്സ് എന്ന ഓപ്‌ഷന്റെ സഹായത്തോടെയാണ് ഇതു സാധ്യമാവുന്നത്. പ്രധാനമെനുവില്‍ Window > Paths എന്ന പാലെറ്റ് തുറക്കുക. ഇവിടെയാണ് ലഭ്യമായ പാത്തുകളെ ക്രമീകരിക്കുന്നത്.

ആദ്യമായി ഒരു ചിത്രമോ പുതിയ ഒരു ഫോട്ടോഷോപ്പ് ഡോക്യുമെന്റോ തുറക്കുക. തുടര്‍ന്ന് അക്ഷരങ്ങള്‍ ക്രമീകരിക്കേണ്ട ആകൃതിയില്‍ ഒരു പാത്ത് വരച്ചുണ്ടാക്കുക. അതിനായി ടൂള്‍സ് ബാറില്‍ ലഭ്യമായിരിക്കുന്ന പെന്‍ ടൂള്‍ (P) സെലക്ട് ചെയ്യുക. പെന്‍ ടൂളിനു ലഭ്യമായ ഓപ്‌ഷന്‍സ് ബാറില്‍; Fill layers, Paths, Fill pixels എന്നിവയില്‍ Paths എന്നതായിരിക്കണം തിരഞ്ഞെടുത്തിരിക്കേണ്ടതെന്നതും ഓര്‍മ്മിക്കുക. ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ വളഞ്ഞ ആകൃതിയില്‍ പാത്ത് നിര്‍മ്മിക്കുക സാധ്യമാവും. വരയ്ക്കുമ്പോള്‍ Work Path എന്ന പേരില്‍ ഒരു പാത്ത് ലെയര്‍ പാത്ത്സ് പാലെറ്റിലേക്ക് ചേര്‍ത്തിരിക്കുന്നത് കാണുവാന്‍ സാധിക്കും. ആ പാത്ത് ലെയര്‍ സെലക്ട് ചെയ്തിരിക്കുന്ന അവസരത്തില്‍ മാത്രമായിരിക്കും പ്രസ്തുത പാത്ത് നമുക്ക് ചിത്രത്തില്‍ കാണുവാന്‍ സാധിക്കുക. പാത്ത്സ് പാലെറ്റില്‍, ഒഴിവായിരിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍, എല്ലാ പാത്ത് ലെയറുകളും സെലക്ഷനില്‍ നിന്നും ഒഴിവാകുകയും, ചിത്രത്തില്‍ പാത്തുകളൊന്നും കാണാതിരിക്കുകയും ചെയ്യും.

അടുത്തതായി ടെക്‌സ്റ്റ് ടൂള്‍ തിരഞ്ഞെടുക്കുക. ടൂള്‍ പാത്തിനു സമീപം കൊണ്ടുവരുമ്പോള്‍ ചിത്രത്തില്‍ കാണുന്ന രീതിയില്‍ പ്രത്യേകതയുള്ള ഒരു ടൂള്‍ ഐക്കണ്‍ ലഭ്യമാ‍വും. ഇപ്പോള്‍ ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്തു തുടങ്ങുക. അക്ഷരങ്ങള്‍ വരച്ച പാത്തിന് അനുസൃതമായാവും ചേര്‍ക്കപ്പെടുക.

നമുക്ക് ഒരു വൃത്താകൃതിയില്‍ ഒരു വരി ചേര്‍ക്കണമെങ്കിലോ? പെന്‍ ടൂള്‍ ഉപയോഗിച്ച് വൃത്താകൃതിയിലൊരു പാത്ത് സൃഷ്ടിച്ചെടുക്കുക ശ്രമകരമായ അധ്വാനമാണ്.അതിനായി പുതിയൊരു ഡോക്യുമെന്റ് തുറന്ന്; സ്റ്റേജില്‍, ഒരു വൃത്തം ആദ്യമായി എലിപ്റ്റിക്കല്‍ മാര്‍ക്യൂ ടൂള്‍ (M) ഉപയോഗിച്ച് വരച്ചുണ്ടാക്കുക. Shift കീ അമര്‍ത്തിയിരുന്നാല്‍ ഒരു സമവൃത്തം നമുക്ക് ലഭിക്കുന്നതാണ്. അതിനു ശേഷം പാത്ത്സ് പാലെറ്റില്‍ ചിത്രത്തില്‍ കാണുന്ന ബട്ടണില്‍ മൌസമര്‍ത്തി (Make work path from selection) ഇപ്പോള്‍ സ്റ്റേജില്‍ ലഭ്യമായ സെലക്ഷനെ ഒരു പാത്താക്കി മാറ്റാവുന്നതാണ്. തുടര്‍ന്ന് മുന്‍പു ചെയ്തതുപോലെ ടെക്‌സ്റ്റ് ടൂള്‍ സെലക്ട് ചെയ്ത്, പാത്തിനു സമീപം ടെക്‌സ്റ്റ് ടൂള്‍ കൊണ്ടുവന്ന്, ഐക്കണ്‍ വ്യത്യാസപ്പെടുമ്പോള്‍ ക്ലിക്ക് ചെയ്ത്, ടൈപ്പ് ചെയ്തു തുടങ്ങുക. ചിത്രം വൃത്താകൃതിയില്‍ ചേര്‍ക്കപ്പെടും.

ടെക്‌സ്റ്റ് ലെയറിന്റെ അതേ പേരില്‍ ഒരു Type Path ആയി പാത്ത്സ് പാലെറ്റില്‍ പ്രസ്തുത പാത്ത് സേവ് ചെയ്യപ്പെടും. ഈ പാത്ത് നേരിട്ട് ഡിലീറ്റ് ചെയ്യുവാന്‍ സാധിക്കുകയില്ല. അനുബന്ധ ടെക്‌സ്റ്റ് ലെയര്‍ ഒഴിവാക്കപ്പെടുമ്പോള്‍, അതിനോടൊപ്പം ഈ പാത്തും ഡിലീറ്റ് ചെയ്യപ്പെടും.

ലെയേഴ്സ് പാലെറ്റില്‍ പുതിയൊരു ലെയര്‍ കൂടി ചേര്‍ക്കുക. പുതിയ ലെയറിനെ നമുക്ക് Effect എന്നു വിളിക്കാം. പാത്ത്സ് പാലെറ്റില്‍ ഇപ്പോള്‍ Work Path എന്ന പേരില്‍ ഒരു പാത്ത് ലഭ്യമായിരിക്കും.
തുടര്‍ന്ന് ബ്രഷ് ടൂള്‍ (B) സെലക്ട് ചെയ്തതിനു ശേഷം സ്റ്റേജില്‍ വലതുമൌസ് ബട്ടണ്‍ അമര്‍ത്തി ഒരു ബ്രഷ് സെലക്ട് ചെയ്യുക. ആകര്‍ഷകമായ ഒരു ഫോര്‍ഗ്രൌണ്ട് നിറവും തിരഞ്ഞെടുക്കുക. ചിത്രത്തില്‍ കാണുന്ന രീതിയില്‍ Stroke path with brush എന്ന ഓപ്‌ഷനില്‍ മൌസമര്‍ത്തുക. സെലക്ട് ചെയ്ത ബ്രഷ് സ്റ്റൈല്‍/നിറം എന്നിവയ്ക്ക് അനുസൃതമായി പാത്തിന്റെ ഭാഗത്ത് ഒരു ബ്രഷ് സ്ട്രോക്ക് ചേര്‍ക്കപ്പെടും.


(2008 ജൂണ്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)



Description: How to add Zig Zag Text in Adobe Photoshop. Tutorial on Paths and Text. How to make a text follow a path in Photoshop. Adobe Photoshop CS3 Tutorial. Paths, Pen, Type, Marque, Path to Selection, Selection to Path, Stroke path with brush, Make work path from selection, InfoKairali, 2008 June. Tutorial by Hareesh N. Nampoothiri aka Haree | ഹരീ.

--


Thursday, June 19, 2008

ഫ്ലാഷിലെ ഫംഗ്‌ഷനുകള്‍

Functions in Flash: A tutorial on defining and using custom functions in Adobe Flash CS3.
ഫ്ലാഷില്‍ ഇന്‍‌ബില്‍റ്റായി കുറേയധികം ഫംഗ്‌ഷനുകള്‍ ലഭ്യമാണ്. ഇവയെക്കൂടാതെ, ഉപയോക്താവിന് സ്വന്തമായി ഫംഗ്‌ഷനുകള്‍ ചേര്‍ക്കുവാനുള്ള സാധ്യതയും ഫ്ലാഷില്‍ ലഭ്യമാണ്. പ്രത്യേക ആവശ്യങ്ങള്‍ക്കായി അത്തരത്തിലുള്ള ഫംഗ്‌ഷനുകള്‍ ചേര്‍ക്കേണ്ടത് അനിവാര്യവുമാണ്. ഫംഗ്‌ഷനുകളുടെ പ്രയോഗം മനസിലാക്കുന്നതിനായി ഒരു ചെറിയ ഉദാഹരണമാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്. ഫംഗ്‌ഷനുകളുപയോഗിച്ച് ഒരു ആനിമേഷനെ എങ്ങിനെ നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാം എന്നത് ഈ ഉദാഹരണത്തിലൂടെ മനസിലാക്കുവാന്‍ സാധിക്കും.

എന്താണിവിടെ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്?
Adobe Flash CS3 Tutorial: Defining & Using Custom Functions.ഫംഗ്‌ഷനുകള്‍ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുവാന്‍ തുടങ്ങുന്നതിനു മുന്‍പായി, എന്താണ് നമുക്ക് ഈ ഫംഗ്‌ഷന്‍ ഉപയോഗിച്ച് സാധ്യമാക്കേണ്ടതെന്ന്, വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അതിനു ശേഷം അതിന് ഏറ്റവും യോജ്യമായ ഒരു ലോജിക്കും കണ്ടെത്തേണ്ടതുണ്ട്. വളരെ ലളിതമായ ഒരു ഉദാഹരണമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാണുന്നതുപോലെ എട്ട് ഇതളുകളുള്ള ഒരു പങ്ക. നടുവിലായി ഒരു ബട്ടണ്‍. ബട്ടണില്‍ മൌസമര്‍ത്തുമ്പോള്‍ പങ്ക കറങ്ങിത്തുടങ്ങണം, മൌസ് റിലീസില്‍ പങ്ക നില്‍ക്കുകയും വേണം. എന്നാല്‍ വെറുതെ തുടങ്ങിയാലും വെറുതെ കറക്കം നിന്നാലും പോര; തുടങ്ങുമ്പോള്‍ പതിയെ തുടങ്ങി, ക്രമാനുഗതമായി കറക്കത്തിന്റെ വേഗത കൂടി ഉച്ചസ്ഥായിയിലെത്തുകയും; തിരികെ കറക്കം നില്‍ക്കുമ്പോള്‍ കറക്കത്തിന്റെ വേഗത ക്രമമായി കുറഞ്ഞ് നിശ്ചലമാവുകയും വേണം.

തയ്യാറെടുപ്പ്
Adobe Flash CS3 Tutorial: Defining & Using Custom Functions.ഫംഗ്‌ഷനുപയോഗിച്ച് എന്തെങ്കിലും ചെയ്യുവാന്‍ തുടങ്ങുന്നതിനു മുന്‍പായി, ആ ഫംഗ്‌ഷനില്‍ ആവശ്യമായി വന്നേക്കാവുന്ന സിംബലുകള്‍ ലൈബ്രറിയില്‍ ചേര്‍ക്കുക; ആവശ്യമുള്ളവ സ്റ്റേജിലേക്ക് ചേര്‍ത്ത് ഇന്‍സ്റ്റന്‍സ് നെയിം നല്‍കുക; ആക്ഷന്‍സ്ക്രിപ്റ്റ് ഉപയോഗിച്ച് ലൈബ്രറിയില്‍ നിന്നും റണ്‍ ടൈമില്‍ സ്റ്റേജിലേക്ക് ചേര്‍ക്കേണ്ടവയ്ക്ക്, ഐഡന്റിഫയര്‍ പേര് നല്‍കുക; ഇവയൊക്കെ ആദ്യം തന്നെ ചെയ്തുവെയ്ക്കുക. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ഉദാഹരണത്തില്‍ തുടക്കത്തില്‍ ചെയ്യേണ്ടവ ഇപ്പോള്‍ തയ്യാറാക്കാം. ആദ്യമായി മുകളിലെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ ഒരു പങ്ക വരച്ചുണ്ടാക്കുക. എട്ടിതളുകള്‍ മാത്രം ഒരു മൂവിക്ലിപ്പില്‍, നടുവിലെ ഭാഗം ഒരു ബട്ടണായി; ഇവരണ്ടും രണ്ട് ലെയറുകളിലായി (fan, mid എന്ന് ലെയറുകള്‍ക്ക് പേരു നല്‍കാം) ചേര്‍ക്കുക. ഇവയെക്കൂടാതെ actions എന്ന പേരില്‍ മറ്റൊരു ലെയറുകൂടി ചേര്‍ക്കുക. ഈ ലെയറിലെ ആദ്യ ഫ്രയിമിലാണ് ആക്ഷനുകള്‍ എന്റര്‍ ചെയ്യേണ്ടത്. ചിത്രം ശ്രദ്ധിക്കുക. സ്റ്റേജില്‍ ചേര്‍ത്ത മൂവി ക്ലിപ്പുകള്‍ക്ക്, fan എന്നും mid എന്നും ഇന്‍സ്റ്റന്‍സ് നെയിമുകള്‍, പ്രോപ്പര്‍ട്ടി പാനലില്‍ നല്‍കുവാനും മറക്കരുത്.


ആക്ഷനുകളിലേക്ക്
ആവശ്യമുള്ള ആക്ഷനുകള്‍ നല്‍കുകയാണ് അടുത്തപടി. ലെയര്‍ actions-ല്‍ ആദ്യ ഫ്രയിമിലാണ് ആക്ഷനുകള്‍ എന്റര്‍ ചെയ്യേണ്ടത്. ചിത്രം ശ്രദ്ധിക്കുക. ഓരോ വരിയിലേയും ആക്ഷന്‍‌സ്ക്രിപ്റ്റുകളെക്കുറിച്ചുള്ള വിശദീകരണം ചിത്രത്തിനു ശേഷം നല്‍കിയിരിക്കുന്നു.
Adobe Flash CS3 Tutorial: Defining & Using Custom Functions.
  1. ഒരു ബൂളിയന്‍ വേരിയബിള്‍, rotates എന്ന പേരില്‍, ഡിഫൈന്‍ ചെയ്തിരിക്കുന്നു. പങ്ക ഇപ്പോള്‍ കറങ്ങുന്നുണ്ടോ ഇല്ലയോ എന്നു സൂചിപ്പിക്കുകയാണ് ഈ വേരിയബിളിന്റെ ധര്‍മ്മം.
  2. അടുത്തതില്‍ cnt എന്ന പേരില്‍ ഒരു വേരിയബിള്‍ ഡിഫൈന്‍ ചെയ്തിരിക്കുന്നു. സംഖ്യകളാണ് ഇതില്‍ സൂക്ഷിക്കുവാന്‍ കഴിയുക. ഒരു കൌണ്ടറായി ഉപയോഗിക്കുവാനാണിതിനെ ഡിഫൈന്‍ ചെയ്തിരിക്കുന്നത്.
  3. 3...
  4. ഫംഗ്‌ഷന്‍ എന്തിനെ സൂചിപ്പിക്കുന്നു എന്നു പിന്നീടു മനസിലാകുവാനായി, അനുയോജ്യമായ ഒരു വിശേഷണം ഇവിടെ നല്‍കിയിരിക്കുന്നു.
  5. ഫംഗ്‌ഷന്‍ തുടങ്ങുന്നത് ഇവിടെ നിന്നുമാണ്.
    function() {
    }
    എന്ന രീതിയിലാണ് ഒരു ഫംഗ്‌ഷന്‍ ഡിഫൈന്‍ ചെയ്യേണ്ടത്. രണ്ട് { } ഇടയിലായി ഫംഗ്‌ഷന്റെ ബോഡി നല്‍കാവുന്നതാണ്.
  6. trace(cnt) എന്ന ഫംഗ്‌ഷന്‍ ഉപയോഗിച്ച് cnt എന്ന വേരിയബിളിന്റെ വില ഔട്ട്പുട്ട് വിന്‍ഡോയില്‍ ലഭ്യമാക്കാവുന്നതാണ്. ആവശ്യം കഴിഞ്ഞാല്‍ // എന്നു തുടക്കത്തില്‍ നല്‍കിയാല്‍ അത് കമന്റായി കണക്കാക്കുന്നതാണ്.
  7. ഒരു കണ്ടീഷനനുസൃതമായി രണ്ട് കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന if () എന്ന കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ് ഇവിടെ തുടങ്ങിയിരിക്കുന്നു. rotates എന്ന ബൂളിയന്‍ വാല്യു true ആണെങ്കില്‍...
  8. fan എന്ന പേരില്‍ സ്റ്റേജില്‍ ചെര്‍ത്തിരിക്കുന്ന മൂവിക്ലിപ്പിന്റെ rotation എന്ന പ്രോപ്പര്‍ട്ടിയോടൊപ്പം cnt-യെന്ന വേരിയബിളിന്റെ വില കൂട്ടുക.
  9. മറ്റൊരു if () തുടങ്ങിയിരിക്കുന്നു. ഇവിടെ cnt എന്ന വേരിയബിളിന്റെ വില രണ്ടില്‍ കുറവാണെങ്കില്‍...
  10. cnt എന്ന വേരിയബിളിന്റെ ഇപ്പോഴുള്ള വിലയോടൊപ്പം .005 കൂട്ടുക എന്നര്‍ത്ഥമാക്കുന്നു. ഇവിടെ else എന്ന ഭാഗം ഒഴിവാക്കിയിരിക്കുന്നു.
  11. if () കണ്ടീഷന്‍, രണ്ടാമതു തുടങ്ങിയത് (വരി: 9) ഇവിടെ അവസാനിക്കുന്നു.
  12. ആദ്യം തുടങ്ങിയ if () കണ്ടീഷനില്‍ (വരി: 7); ബൂളിയന്‍ വാല്യു false ആണെങ്കില്‍...
  13. വീണ്ടും മറ്റൊരു if () കണ്ടീഷന്‍; ഇവിടെ cnt എന്ന വേരിയബിളിന്റെ വില പൂജ്യത്തിനു മേലെയാണെങ്കില്‍...
  14. fan എന്ന മൂവിക്ലിപ്പ് ഇന്‍സ്റ്റന്‍സിന്റെ rotation പ്രോപ്പര്‍ട്ടിയോടൊപ്പം cnt-യെന്ന വേരിയബിളിന്റെ വില കൂട്ടുക.
  15. കൂടാതെ cnt എന്ന വേരിയബിളിന്റെ വിലയില്‍ നിന്നും .005 കുറയ്ക്കുക.
  16. വരി: 13-ല്‍ തുടങ്ങിയ if () കണ്ടീഷന്റെ else ഭാഗത്തിന്റെ ആരംഭം. cnt എന്ന വേരിയബിളിന്റെ വില പൂജ്യത്തിലും കുറവാണെങ്കില്‍...
  17. rotator എന്ന ഇന്റര്‍വല്‍ ഒഴിവാക്കുക. (setInterval() എന്ന ഫംഗ്‌ഷന്‍ ഉപയോഗിച്ച് rotator എന്നൊരു ഇന്റര്‍വെല്‍ പിന്നീട് തുടങ്ങുന്നുണ്ട്.)
  18. cnt എന്ന വേരിയബിളിന്റെ വിലയായി 0 എന്നു നല്‍കുക.
  19. വരി: 13-ല്‍ തുടങ്ങിയ if () കണ്ടീഷന്‍ അവസാനിക്കുന്നു.
  20. വരി: 7-ല്‍ തുടങ്ങിയ if () കണ്ടീഷന്‍ അവസാനിക്കുന്നു.
  21. വരി: 5-ല്‍ തുടങ്ങിയ ഫംഗ്‌ഷന്‍ അവസാനിക്കുന്നു.
ഇപ്പോള്‍ പങ്ക കറക്കുവാനുള്ള ഫംഗ്‌ഷന്‍ തയ്യാറായിക്കഴിഞ്ഞു. പങ്ക കറങ്ങിത്തുടങ്ങി വേഗതയാര്‍ജ്ജിക്കുന്നതെങ്ങിനെയെന്നും, തിരികെ നിര്‍ത്തുമ്പോള്‍ ക്രമമായി വേഗതകുറഞ്ഞ് നിശ്ചലമാവുന്നതെങ്ങിനെയെന്നും ആക്ഷനുകള്‍ ശ്രദ്ധിച്ച് സ്വയം മനസിലാക്കുക.

ബട്ടണ്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമുള്ള ആക്ഷനുകളാണ് ഇനി നല്‍കേണ്ടത്. അടുത്ത ചിത്രം ശ്രദ്ധിക്കുക. ഈ ആക്ഷനുകളും ആദ്യ ഫ്രയിമില്‍ തന്നെ, നേരത്തേ നല്‍കിയ ഫംഗ്‌ഷനു താഴെയായി ചേര്‍ത്താല്‍ മതിയാവും.
Adobe Flash CS3 Tutorial: Defining & Using Custom Functions.
  1. Button Actions ആണിനി എഴുതുന്നതെന്ന് സൂചന നല്‍കിയിരിക്കുന്നു.
  2. mid എന്ന ഇന്‍സ്റ്റന്‍സ് നെയിമോടു കൂടിയ ബട്ടണില്‍ മൌസ് ക്ലിക്ക് ചെയ്യുമ്പോള്‍; തുടര്‍ന്നു വരുന്ന ഫംഗ്‌ഷന്‍ റണ്‍ ചെയ്യുക.
  3. rotates എന്ന ബൂളിയന്‍ വേരിയബിളിന്റെ വില true എന്നു നല്‍കുന്നു.
  4. rotator എന്ന ഇന്‍‌റ്റെര്‍വല്‍ ഇവിടെ സെറ്റ് ചെയ്യുന്നു.
  5. വരി: 2-ല്‍ തുടങ്ങിയ ഫംഗ്‌ഷന്‍ ഇവിടെ അവസാനിക്കുന്നു.
  6. mid എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം റിലീസ് ചെയ്യുമ്പോള്‍; തുടര്‍ന്നു വരുന്ന ഫംഗ്‌ഷന്‍ റണ്‍ ചെയ്യുക.
  7. rotates എന്ന വേരിയബിളിന്റെ വില false എന്നു നല്‍കുക.
  8. വരി: 6-ല്‍ തുടങ്ങുന്ന ഫംഗ്‌ഷന്‍ ഇവിടെ അവസാനിക്കുന്നു.
  9. മൌസ് റിലീസ് ചെയ്യുന്നത് ബട്ടണിനു മുകളിലല്ലാതെ പുറത്തായാലും, പങ്ക നില്‍ക്കുവാന്‍ ഈ മൌസ് ഇവന്റിലും ഒരു ഫംഗ്‌ഷന്‍ ചേര്‍ത്തിരിക്കുന്നു.
  10. rotates എന്ന വേരിയബിളിന്റെ വില false എന്നു നല്‍കുക.
  11. വരി: 9-ല്‍ തുടങ്ങുന്ന ഫംഗ്‌ഷന്‍ ഇവിടെ അവസാനിക്കുന്നു.
ഇത്രയും ശരിയായി ചെയ്തു കഴിഞ്ഞാല്‍, തുടക്കത്തില്‍ നാം ഉദ്ദേശിച്ച രീതിയില്‍ പങ്ക കറങ്ങുവാന്‍ തുടങ്ങും. ആക്ഷന്‍‌സ്ക്രിപ്റ്റില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ സ്വയം ചെയ്‌ത് ഫംഗ്‌ഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ നന്നായി മനസിലാക്കാവുന്നതാണ്.


(2008 ഏപ്രില്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Description: Adobe Flash CS3 Tutorial: Creating and using custom user defined functions in Adobe Flash CS3. Tutorial by Hareesh N. Nampoothiri aka Haree | ഹരീ. Creating functions, user defined functions, function(){} statement, clearInterval(), setInterval().
--



Saturday, May 31, 2008

ആഡിയോ പ്ലെയര്‍ ഒന്ന്

Audio Player 1: A simple solution to add sound files to your blog.
ഒരുപക്ഷെ, എന്നോട് ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്; “ബ്ലോഗറില്‍ എങ്ങിനെയാണ് ഒരു സൌണ്ട് ഫയല്‍ ചേര്‍ക്കുക?”. പലപ്പോഴും MOG, esnips, Odeo പോലെയുള്ള മറ്റ് സര്‍വ്വീസുകള്‍ ഉപയോഗിച്ചു ചെയ്യുവാനോ; അതല്ലെങ്കില്‍, MP3 ഫയലിനെ ഒരു FLV ഫയലാക്കി മാറ്റി യുട്യൂബില്‍ ചേര്‍ത്തതിനു ശേഷം, ബ്ലോഗറില്‍ വീഡിയോ ചേര്‍ക്കുവാനുള്ള ഓപ്‌ഷനുപയോഗിച്ച് FLV ചേര്‍ക്കുക എന്ന ഉപായമോ ആണ് പറഞ്ഞുകൊടുക്കാറുള്ളത്. ആദ്യത്തെ വഴിയില്‍ അതാത് സൈറ്റില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ശേഷം സൌണ്ട് ഫയല്‍ അവരുടെ സെര്‍വ്വറില്‍ അപ്‌ലോഡ് ചെയ്യുകയും മറ്റും വേണം. രണ്ടാമത്തെ പോംവഴിയില്‍, MP3 ഫയലിനെ FLV-യാക്കി മാറ്റുക, യുട്യൂബില്‍ ചേര്‍ക്കുക തുടങ്ങിയ കടമ്പകളാണുള്ളത്. എളുപ്പത്തില്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റില്‍ എങ്ങിനെ ശബ്ദലേഖനങ്ങള്‍ ചേര്‍ക്കാമെന്നതിനൊരു പോംവഴിയാണ് ‘ആഡിയോ പ്ലെയര്‍’. പരിഷ്കരിച്ച ‘ആഡിയോ പ്ലെയർ 2’ ഇവിടെ ലഭ്യമാണ്.

ആഡിയോ പ്ലെയറിന്റെ ഒന്നാം പതിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ അത്യാവശ്യം വേണ്ട സാധ്യതകള്‍ മാത്രമാണ് ഇതില്‍ ലഭ്യമായിരിക്കുന്നത്. Play/Pause, Stop, Mute എന്നിവയാ‍ണവ. ഫയല്‍ എത്രമാത്രം ലോഡായി, എത്രഭാ‍ഗം പ്ലേ ചെയ്തു കഴിഞ്ഞു എന്നറിയുവാനുള്ള സാധ്യതയും ഇതിലുണ്ട്. സ്വന്തമായി സെര്‍വ്വര്‍ സ്പേസ് വാങ്ങിക്കുവാന്‍ സാധിക്കുന്നവര്‍ക്ക്, അവിടെ സൌണ്ട് ഫയലുകള്‍ (MP3 ആഡിയോ ഫയലുകളായി‍) ചേര്‍ത്ത ശേഷം യു.ആര്‍.എല്‍. താഴെക്കാണുന്ന കോഡ് ജനറേറ്ററില്‍ നല്‍കിയാല്‍ മതിയാവും. അങ്ങിനെ സെര്‍വ്വര്‍ സ്പേസ് സ്വന്തമായില്ലാത്തവരോ? അവര്‍ക്ക് ഗൂഗിൾ ഗ്രൂപ്പ്സ്, യാഹൂ ഗ്രൂപ്പ്സ് എന്നിവയെ ആശ്രയിക്കാവുന്നതാണ്.

ഗൂഗിൾ ഗ്രൂപ്പ്സ് - ഗൂഗിൾ പേജസ് സർവ്വീസ് അവസാനിപ്പിച്ചതിനാലും, പകരമുള്ള ഗൂഗിൾ സൈറ്റ്സ് ഫയലുകൾ അപ്‍ലോഡ് ചെയ്ത ശേഷം, പുറത്തുനിന്ന് ഉപയോഗിക്കുവാൻ അനുവദിക്കാത്തതിനാലും; ഗൂഗിൾ ഗ്രൂപ്പ്സ് ഉപയോഗിക്കുക എന്നതാണ്, ആഡിയോ പ്ലെയർ പ്രയോജനപ്പെടുത്തുവാനുള്ള മറ്റൊരു മാർഗം. ഗൂഗിൾ ഗ്രൂപ്പ്സിലെത്തി, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. അത് എല്ലാവർക്കും കാണാവുന്ന രീതിയിലായിരിക്കണമെന്നത്(Public) പ്രത്യേകമോർക്കുക. ഗ്രുപ്പ് ഹോം പേജിന്റെ വലതുഭാഗത്തായി Files എന്നൊരു ടാബ് കാണാം. ഇതിൽ ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജിൽ ഫയൽ അപ്‍‍ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. അപ്‍ലോഡ് ചെയ്തതിനു ശേഷം അതാത് ഫയലിൽ വലത് മൌസ് ബട്ടൺ അമർത്തി ലിങ്ക് കോപ്പി ചെയ്യുക. ലിങ്കിൽ മാറ്റമൊന്നും വരുത്താതെ കോഡ് ജനറേറ്ററിൽ നൽകി, പ്ലെയർ ലഭ്യമാക്കാവുന്നതാണ്. ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്ലെയറാണ് താഴെക്കാണുന്നത്.

ശ്രദ്ധിക്കുക: ഗൂഗിൾ ഗ്രൂപ്പ്സിൽ ചേർത്തിരിക്കുന്ന ഫയലുകളുടെ സൈസ് ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. അതിനാൽ സീക്ക് ബാർ ശരിയായി പ്രവർത്തിക്കുകയില്ല.

യാഹൂ ഗ്രൂപ്പ്സ് - ഗൂഗിൾ ഗ്രൂപ്പ്സിൽ ചെയ്തതുപോലെ, ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക. Web Features എനേബിൾ ചെയ്തിരിക്കണം. (ഗ്രൂപ്പ് തുടങ്ങുന്ന സമയത്ത് ഇവ എനേബിൾ ചെയ്യണമോ എന്നു ചോദിക്കുന്ന ഒരു പേജ് ദൃശ്യമാവുന്നതാണ്.) ഇടതുഭാഗത്തുള്ള ലിങ്കുകളിൽ Files തിരഞ്ഞെടുത്ത്, തുറന്നുവരുന്ന പേജിൽ വലത്-മുകളിൽ കാണുന്ന Add Files ലിങ്കിൽ ക്ലിക്ക് ചെയ്ത് സൌണ്ട് ഫയൽ കൂട്ടിച്ചേർക്കാവുന്നതാണ്. യാഹൂ ഗ്രൂപ്പിൽ ചേർക്കുന്ന ഫയലുകളുടെ സൈസ് കൃത്യമായി ലഭിക്കുന്നുണ്ട്. അതിനാൽ ഗൂഗിൾ ഗ്രൂപ്പ്സിനെ അപേക്ഷിച്ച്, യാഹൂ ഗ്രൂപ്പ്സാണ് ആഡിയോ പ്ലെയറിന് കൂടുതൽ അനുയോജ്യം. യാഹൂ ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന സൌണ്ട് ഫയൽ പ്ലേ ചെയ്യുന്ന പ്ലെയറാണ് താഴെ.


ശ്രദ്ധിക്കുക: ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ആഡിയോ പ്ലെയര്‍ നിങ്ങളുടെ പോസ്റ്റിലേക്ക് ചേര്‍ക്കപ്പെടുക. അതിനാല്‍ ബ്ലോഗര്‍ എഡിറ്റ് വിന്‍ഡോയില്‍ ലഭ്യമായ Preview-വില്‍ പ്ലെയര്‍ കാണുവാന്‍ സാധിക്കുകയില്ല. എന്നാല്‍ പബ്ലിഷ് ചെയ്തതിനു ശേഷം, പോസ്റ്റ് ബ്രൌസറില്‍ തുറക്കുമ്പോള്‍ ആഡിയോ പ്ലെയര്‍ ലോഡാവുന്നതാണ്. (ബ്രൌസറില്‍ ജാവ സ്ക്രിപ്റ്റുകള്‍ റണ്‍ ചെയ്യുന്നത് അനുവദിച്ചിരിക്കണമെന്നു മാത്രം.)



മുകളിൽ ഉപയോഗിച്ചിരിക്കുന്ന കീര്‍ത്തനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ ലഭ്യമാണ്.


Description: How to add sound files to your blog? Presenting Audio Player 1, a simple solution to add sound files to your blog. No registration, no user-account required. Just use your Google Account along with Google Pages service. Upload files to Google Pages and then generate your code using the Audio Player Code Generator. Add the player code in your blog post and you are done! Add Sound/Audio/MP3 Files, Audio Player 1, AudioPlayer 1, Odio/MOG/esnips Alternative, Sankethikam, Haree | ഹരീ, Hareesh N. Nampoothiri.
--



Saturday, March 29, 2008

ഫോട്ടോഷോപ്പിലെ ആക്ഷനുകള്‍

Tutorial on Actions in Adobe Photoshop CS3
ഒരുപക്ഷെ തലക്കെട്ട് വായിച്ച് കൂട്ടുകാരില്‍ ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാവും; ‘ഫോട്ടോഷോപ്പിലും ആക്ഷനുകളോ?’ എന്ന്. ശരിയാണ്, ഫോട്ടോഷോപ്പിലും ആക്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ഫ്ലാഷിലും മറ്റും നാം പരിചയപ്പെട്ട ആക്ഷനുകളല്ല ഫോട്ടോഷോപ്പിലെ ആക്ഷനുകളെന്നു മാത്രം. ഒരു പ്രവര്‍ത്തി ഫോട്ടോഷോപ്പില്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടതുണ്ടെന്നിരിക്കട്ടെ. അപ്പോള്‍ ആ പ്രവര്‍ത്തി വീണ്ടും വീണ്ടും പടിപടിയായി ചെയ്യുന്നതിനു പകരമായി, അതു ചെയ്യുവാനുള്ള ആക്ഷന്‍ എഴുതിയാല്‍ എളുപ്പത്തില്‍, ആവര്‍ത്തനത്തിന്റെ മടുപ്പില്ലാതെ ആ പ്രവര്‍ത്തികള്‍ ക്രമമായി ചെയ്യുവാന്‍ സാധിക്കും. ഫോട്ടോഷോപ്പില്‍ ലഭ്യമായ ആക്ഷന്‍സ് പാനല്‍ (പ്രധാനമെനുവില്‍ Window > Actions; കീബോര്‍ഡില്‍ ഡിഫോള്‍ട്ടായി F9 അല്ലെങ്കില്‍ Alt + F9) ഉപയോഗിച്ചാണ് ഇതു സാധ്യമാവുന്നത്.

ഒരു ഉദാഹരണത്തിലൂടെ നമുക്ക് ആക്ഷന്‍സ് പാനലിനെക്കുറിച്ച് കൂടുതലായി മനസിലാക്കാം. 480 x 640 പിക്സല്‍ വീതിയിലും പൊക്കത്തിലുമുള്ള മൂന്ന് ചിത്രങ്ങള്‍ നമ്മുടെ പക്കലുണ്ടെന്നു കരുതുക. നാം അത് ഒരു വെബ് സൈറ്റിലെ ഗാലറിയില്‍ നല്‍കുവാനായി തയ്യാറാക്കിയിരിക്കുന്നതാണ്. നമുക്ക് ഓരോ ചിത്രത്തിന്റേയും പ്രിവ്യൂവായി കാണിക്കുവാനുള്ള തമ്പ്‌നെയില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. താഴെക്കാണുന്നത്രയും കാര്യങ്ങളാണ് ഓരോ ചിത്രത്തിലും ചെയ്യേണ്ടത്.
  • ചിത്രം തുറക്കുക.
  • ചിത്രത്തിന്റെ വീതിയും പൊക്കവും ക്രമപ്പെടുത്തുക. ഇവിടെ 75 പിക്സല്‍ വീതിയും, അതിനനുപാതമായി 100 പിക്സല്‍ പൊക്കവുമാണ് ഉപയോഗിച്ചിരിക്കുന്നത്.
  • ചിത്രം തമ്പ്‌നെയിലായി സേവ് ചെയ്യുക.
ഓരോ ചിത്രവും തുറന്ന് ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനു പകരമായി ഒരു ആക്ഷന്‍ നിര്‍മ്മിച്ച ശേഷം, അത് ചിത്രങ്ങളില്‍ പ്രയോഗിച്ചാല്‍ മതിയാവും. അതിനു തക്കവണ്ണം ഒരു ആക്ഷന്‍ നിര്‍മ്മിക്കുന്നതിനു മുന്‍പായി ആക്ഷന്‍സ് പാനലിനെ നമുക്കൊന്ന് പരിചയപ്പെടാം.

Actions Panel in Adobe Photoshop CS3ഡിഫോള്‍ട്ടായി ലഭിക്കുന്ന Actions പാനലാണ് വശത്തുള്ള ചിത്രത്തില്‍‍ കാണുന്നത്. Default Actions എന്ന ഒരൊറ്റ ആക്ഷന്‍ സെറ്റ് മാത്രമാവും പാനലില്‍ ഇപ്പോള്‍ ലഭ്യമായിരിക്കുക. ഫോള്‍ഡര്‍ ഐക്കണ് സമീപമായി കാണുന്ന നീല നിറത്തിലുള്ള ആരോയില്‍ ക്ലിക്ക് ചെയ്ത് സെറ്റിനുള്ളിലെ ആക്ഷനുകള്‍ ദൃശ്യമാക്കുവാന്‍ സാധിക്കും. ഫോട്ടോഷോപ്പില്‍ ഡിഫോള്‍ട്ടായി ലഭ്യമായ ഒരു ആക്ഷനായ Gradient Map എന്ന ആക്ഷന്‍ എക്സ്‌പാന്‍ഡ് ചെയ്തത് താഴെയുള്ള ചിത്രത്തില്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.


പാനലിനെ മറ്റ് ഓപ്‌ഷനുകളിലേക്ക്. ചിത്രം ശ്രദ്ധിക്കുക.
Gradient Map Action in Actions Panel
  1. ചില ആക്ഷനുകള്‍ക്കിടയില്‍ ഉപയോക്താവിന്റെ ഇടപെടല്‍ ആവശ്യമുള്ള കടമ്പകള്‍ ഉണ്ടാവും. ഒരു ഡിഫോള്‍ട്ട് സെറ്റിംഗ് ഉപയോഗിച്ചായിരിക്കും ഈ ഭാഗം പ്രയോഗിക്കപ്പെടുക. ഈ ഭാഗത്തുള്ള ബട്ടണ്‍ ടോഗിള്‍ ചെയ്ത്, ഇടപെടല്‍ ആവശ്യമുള്ള ഡയലോഗ് ബോക്സുകള്‍ ടോഗിള്‍ ചെയ്യുവാന്‍ സാധിക്കും.
  2. വിവിധ പ്രവര്‍ത്തികള്‍ സമന്വയിപ്പിച്ചാണല്ലോ ഓരോ ആക്ഷനും ഉണ്ടാക്കുന്നത്. ചില ചിത്രങ്ങളില്‍ ഇടയ്ക്കുള്ള ചില പ്രവര്‍ത്തികള്‍ ഒഴിവാക്കണമെങ്കില്‍ അതിനുള്ള സാധ്യതയാണ് ഈ ഭാഗത്തെ ബട്ടണ്‍ നല്‍കുന്നത്. ടിക്ക് ഒഴിവാക്കി ആക്ഷന്‍ റണ്‍ ചെയ്താല്‍, ആ പ്രവര്‍ത്തി ഒഴിവാക്കി ബാക്കിയുള്ളവ ചിത്രത്തില്‍ പ്രയോഗിക്കപ്പെടും.
  3. ആക്ഷന്‍ റണ്‍ ചെയ്യുന്നതോ, റിക്കാര്‍ഡ് ചെയ്യുന്നതോ അവസാനിപ്പിക്കുവാന്‍ ഈ ബട്ടണ്‍ ഉപയോഗിക്കാം.
  4. പുതുതായി ഒരു ആക്ഷന്‍ റിക്കാര്‍ഡ് ചെയ്തു തുടങ്ങുവാനാണ് ഈ ആക്ഷന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള ഒരു ആക്ഷനിലേക്ക് കൂടുതല്‍ പ്രവര്‍ത്തികള്‍ കൂട്ടിച്ചേര്‍ക്കുവാനും ഈ ബട്ടണ്‍ ഉപയോഗിച്ച് സാധിക്കും.
  5. പാലെറ്റില്‍ ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്ന ആക്ഷന്‍ റണ്‍ ചെയ്യുവാന്‍.
  6. പാലെറ്റിലേക്ക് പുതിയ ഒരു സെറ്റ് ചേര്‍ക്കുവാന്‍.
  7. പുതിയ ഒരു ആക്ഷന്‍ പാലെറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുവാന്‍.
  8. പാലെറ്റില്‍ ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്ന ആക്ഷന്‍/സെറ്റ് ഡിലീറ്റ് ചെയ്യുവാന്‍.
നമുക്ക് ആക്ഷന്‍സ് പാലെറ്റ് ഉപയോഗിച്ച് തമ്പ്‌നെയില്‍ നിര്‍മ്മിക്കുവാനുള്ള ഒരു ആക്ഷന്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കാം. ആദ്യമായി നമ്മുടെ ആക്ഷനുകള്‍ സൂക്ഷിക്കുവാനുള്ള പുതിയ ഒരു സെറ്റ് പാലെറ്റിലേക്ക് കൂട്ടിച്ചേര്‍ക്കാം. പുതിയ സെറ്റ് ചേര്‍ക്കുവാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ ഒരു ഡയലോഗ് ബോക്സ് തുറന്നുവരും. സെറ്റിന് ഇഷ്ടമുള്ള ഒരു പേരു നല്‍കി OK ബട്ടണ്‍ അമര്‍ത്തുക. ആ പേരില്‍ ഒരു സെറ്റ് പാലെറ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും.
New Action Set Dialogue in Adobe Photoshop CS3

അടുത്ത പടിയായി പുതിയ ആക്ഷന്‍ ചേര്‍ക്കുവാനുള്ള ബട്ടണില്‍ മൌസമര്‍ത്തുക. താഴെക്കാണുന്ന രീ‍തിയില്‍ ഒരു ഡയലോഗ് ബോക്സ് തുറന്നുവരും. അതില്‍, Name: എന്ന ടെക്സ്റ്റ് ബോക്സില്‍ ഇഷ്ടമുള്ള ഒരു പേരു നല്‍കുക. ഏതു സെറ്റില്‍ വേണം ചേര്‍ക്കുവാനെന്നുള്ളത് അടുത്ത ഡ്രോപ്പ് ഡൌണ്‍ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. ആവശ്യമിങ്കില്‍ ഒരു ഫംഗ്‌ഷന്‍ കീ എളുപ്പത്തിനായി നിര്‍വ്വചിക്കാം. പെട്ടെന്നു തിരിച്ചറിയുവാനായി Color: എന്ന ഡ്രോപ്പ് ഡൌണ്‍ ബോക്സില്‍ നിന്നും ഒരു നിറം സെലക്ട് ചെയ്യുവാനും സാധിക്കും.
New Action Dialogue in Adobe Photoshop CS3

ഇത്രയും ചെയ്തതിനു ശേഷം Record എന്ന ബട്ടണില്‍ മൌസമര്‍ത്തി ആക്ഷന്‍ പാലെറ്റിലേക്ക് കൂട്ടിച്ചേര്‍ക്കാം. പുതിയ ആക്ഷന്‍ ചേര്‍ക്കുന്നതിനോടൊപ്പം, ആക്ഷന്‍ റിക്കാര്‍ഡ് ചെയ്തു തുടങ്ങുകയും ചെയ്യും. തത്കാലം STOP ബട്ടണ്‍ അമര്‍ത്തി റിക്കാര്‍ഡിംഗ് നിര്‍ത്തിവെയ്ക്കുക. തുടര്‍ന്ന് തമ്പ്‌നെയില്‍ ഉണ്ടാക്കേണ്ട ചിത്രങ്ങളില്‍ ഒരെണ്ണം ഫോട്ടോഷോപ്പില്‍ തുറക്കുക. റിക്കാര്‍ഡിംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് റിക്കാര്‍ഡിംഗ് പുനാരംഭിച്ച ശേഷം തമ്പ്‌നെയില്‍ ചിത്രം ഉണ്ടാക്കുവാന്‍ തുടങ്ങാം.

ചിത്രത്തിന്റെ ടൈറ്റില്‍ ബാറില്‍ വലതു മൌസ് ബട്ടണ്‍ അമര്‍ത്തിയോ, പ്രധാനമെനുവില്‍ Image > Image Size... സെലക്ട് ചെയ്തോ, കീബോര്‍ഡില്‍ Alt + Ctrl + I അമര്‍ത്തിയോ Image Size ഡയലോഗ് ലഭ്യമാക്കുക. അതിനു ശേഷം വീതിയായി 75 പിക്സല്‍ എന്ന് എന്റര്‍ ചെയ്യുക. OK അമര്‍ത്തി പുതിയ സെറ്റിംഗ് ചിത്രത്തില്‍ പ്രയോഗിക്കുക. തുടര്‍ന്ന് പ്രധാനമെനുവില്‍ File > Save for Web & Devices... സെലക്ട് ചെയ്ത് (കീ ബോര്‍ഡില്‍ Alt + Shift + Ctrl + S) വെബ്ബിനുവേണ്ടി സേവ് ചെയ്യുവാനുള്ള ഓ‌പ്‌ഷന്‍ ആക്ടീവാക്കുക. Save ബട്ടണില്‍ മൌ‌സമര്‍ത്തുമ്പോള്‍ എവിടെയാണ് സേവ് ചെയ്യേണ്ടതെന്ന് നല്‍കുവാനുള്ള ഡയലോഗ് ലഭ്യമാവും. അവിടെ ഒരു പുതിയ ഫോള്‍ഡര്‍ കൂട്ടിച്ചേര്‍ത്ത് അതിനുള്ളിലായി സേവ് ചെയ്യുക. പേര് എഡിറ്റ് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് ചിത്രം ക്ലോസ് ചെയ്യുക, സേവ് ചെയ്യണമോ എന്ന ഡയലോഗ് ബോക്സില്‍ No എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വീണ്ടും Stop ബട്ടണ്‍ അമര്‍ത്തി റിക്കാര്‍ഡിംഗ് അവസാ‍നിപ്പിക്കുക.

തുടര്‍ന്നുള്ള ചിത്രങ്ങളുടെ തമ്പ്‌നെയില്‍ നിര്‍മ്മിക്കുവാന്‍, ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ഓപ്പണ്‍ ചെയ്ത ശേഷം, പുതുതായുണ്ടാക്കിയ ആക്ഷന്‍ സെലക്ട് ചെയ്ത്, Play ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയാവും.


(2008 മാര്‍ച്ച് ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Adobe Photoshop CS3 Tutorial on Photoshop Actions. Actions Panel, How to create a new action?, How to run an action?, How to create a new action set? How to resize an image? etc. are explained in this post.
--



Wednesday, March 19, 2008

ഫോണ്ട് വിഡ്ജറ്റ് ബി

Font Widget vB - Clock | Search | Fonts | Help
മലയാളം ഫോണ്ട് വിഡ്‌ജറ്റ്’ എന്ന പോസ്റ്റോടു കൂടിയായിരുന്നു ‘സാങ്കേതികം’ എന്ന ബ്ലോഗിന്റെ തുടക്കം. മലയാളം ബ്ലോഗുകള്‍ തുറക്കുന്ന കമ്പ്യൂട്ടറുകളില്‍, മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ ലഭ്യമാണോ അല്ലയോ എന്ന് കണ്ടെത്തി, ഫോണ്ടുകള്‍ ലഭ്യമല്ലെങ്കില്‍ ആ വിവരവും, കൂടുതല്‍ സഹായം ഉള്‍ക്കൊള്ളുന്ന പേജ് ലിങ്കുകളും ദൃശ്യമാക്കുക എന്നതായിരുന്നു ഈ വിഡ്‌‌‌ജറ്റിന്റെ സാധ്യത. ഇതേ ഉപയോഗത്തിനു തന്നെ, എന്നാല്‍ കൂടുതല്‍ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച പുതിയ പതിപ്പിനെയാണ് ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്.

Font Widget - Default Tabനാലു ടാബുകളിലായാണ് ഈ വിഡ്‌ജറ്റിന്റെ സാധ്യതകള്‍ ചേര്‍ത്തിരിക്കുന്നത്. വലത്തു നിന്നും യഥാക്രമം Clock, Search, Fonts, Help എന്നിവയാണ് ആ ടാബുകള്‍.
Clock: ബ്ലോഗ് തുറന്നിരിക്കുന്ന കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തിരിക്കുന്ന സമയം അനലോഗ് ക്ലോക്കിന്റെ രൂപത്തില്‍ ദൃശ്യമാക്കുകയാണിവിടെ. കൂട്ടത്തില്‍ തീയതി, ദിവസം, മാസം, വര്‍ഷം എന്നിവയും ദൃശ്യമാക്കുന്നു.
Search: ബ്ലോഗ് സേര്‍ച്ച് ചെയ്യുവാനുള്ള സാധ്യതയാണ് ഈ ടാബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Fonts: ബ്ലോഗ് തുറന്നിരിക്കുന്ന കമ്പ്യൂട്ടറില്‍; ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ളതും, ഇല്ലാത്തവയുമായ മലയാളം യൂണിക്കോഡ് ഫോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ. Anjali Old Lipi, Arial Unicode MS, Kartika, Meera, Rachana, Thoolika എന്നിവയെയാണ് സിസ്റ്റത്തില്‍ ഈ വിഡ്‌ജറ്റ് തിരയുക.
Help: ബ്ലോഗുകളില്‍ മലയാളം വായിക്കുവാനും, എഴുതുവാനുമുള്ള സാങ്കേതിക സഹായം ലഭ്യമായ പേജിലേക്കുള്ള ലിങ്കുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ Blogger Malayalam എന്നെഴുതിയിരിക്കുന്ന ഭാഗത്ത് മൌസമര്‍ത്തിയാല്‍, നല്‍കിയിരിക്കുന്ന പ്രൊഫൈല്‍ ലിങ്കിലേക്ക് പോകുവാനും സാധിക്കും.

ഓരോ ബ്ലോഗിനും പ്രത്യേകം കോഡ് ജനറേറ്റ് ചെയ്യേണ്ടതുണ്ട്. താഴെ നല്‍കിയിരിക്കുന്ന കോഡ് ജനറേറ്റര്‍ അതിനായി ഉപയോഗിക്കാവുന്നതാണ്.




ബ്ലോഗിന്റെ യു.ആര്‍.എല്‍. എന്ന ടെക്സ്റ്റ് ബോക്സില്‍, ഫോണ്ട് വിഡ്‌ജറ്റ് ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗിന്റെ പൂര്‍ണ്ണമായ യു.ആര്‍.എല്‍. ആണ് നല്‍കേണ്ടത്.
ഉദാ: http://grahanam.blogspot.com/

പ്രൊഫൈല്‍ യു.ആര്‍.എല്‍. എന്ന ടെക്സ്റ്റ് ബോക്സില്‍ ബ്ലോഗറില്‍ നിങ്ങള്‍ക്കു ലഭ്യമായ പ്രൊഫൈല്‍ പേജിന്റെ പൂര്‍ണ്ണമായ യു.ആര്‍.എല്‍. നല്‍കുക.
ഉദാ: http://www.blogger.com/profile/08860330007453208252

ബ്ലോഗിനു പുറത്തേക്കുള്ള ലിങ്കുകള്‍, പ്രൊഫൈല്‍ പേജിലേക്കുള്ള ലിങ്ക് എന്നിവ ബ്രൌസറില്‍ അതേ പേജിലാണോ, അതോ പുതിയ പേജിലാണോ തുറക്കേണ്ടതെന്ന് പ്രത്യേകം നല്‍കാവുന്നതാ‍ണ്. ലഭ്യമായ നാലു ടാ‍ബുകളില്‍ ഡിഫോള്‍ട്ടായി ഏത് ഉപയോഗിക്കണമെന്ന് നിര്‍ണ്ണയിക്കുവാനുള്ള സാധ്യതയും ലഭ്യമാണ്.

Font Widget - Error Dialogueവിഡ്‌ജറ്റ് തിരയുന്ന യൂണിക്കോഡ് ഫോണ്ടുകളില്‍ ഒന്നുപോലും സിസ്റ്റത്തില്‍ ലഭ്യമല്ലാത്ത അവസരങ്ങളില്‍ മാത്രം, ബ്ലോഗ് ഉടമ സെലക്ട് ചെയ്തിരിക്കുന്ന ടാബിനു പകരം, ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അറിയിപ്പു നല്‍കുന്ന ഒരു ഡയലോഗാവും (ചിത്രം ശ്രദ്ധിക്കുക) ദൃശ്യമാവുക. അവിടെ എങ്ങിനെ ഇ-മലയാളം വായന സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളടങ്ങുന്ന പേജിലേക്കുള്ള ലിങ്കും ലഭ്യമായിരിക്കും.‘


എങ്ങിനെ ഇത് ഒരു ബ്ലോഗില്‍ പ്രയോജനപ്പെടുത്താം?
ഇത് നിങ്ങളുടെ ബ്ലോഗില്‍ ഉപയോഗിക്കുവാന്‍ വളരെയെളുപ്പമാണ്. ഉപയോഗിക്കേണ്ട ബ്ലോഗിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും Layout > Page Elements സെലക്ട് ചെയ്യുക. ഉപയോഗിക്കുവാന്‍ താത്പര്യമുള്ള ഭാഗത്തുള്ള Add a Page Element ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വിന്‍ഡോയില്‍ HTML/JavaScript എന്ന ഐറ്റം സെലക്ട് ചെയ്യുക. ഇവിടെ നേരത്തേ കോഡ് ജനറേറ്ററില്‍ നിന്നും ലഭിച്ച കോഡ് കോപ്പി-പേസ്റ്റ് ചെയ്യുക. Save Changes എന്ന ബട്ടണ്‍ അമര്‍ത്തി വിഡ്‌ജറ്റ് സേവ് ചെയ്യുക. ഇപ്പോള്‍ ഇത് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാവണം.

ചില ബ്ലോഗര്‍ ടെമ്പ്ലേറ്റുകളില്‍ വിഡ്‌ജറ്റിന്റെ വലുപ്പം അധികമായിരിക്കും. ലഭ്യമാവുന്ന കോഡില്‍ width, height എന്നീ വേരിയബിളുകളുടെ വില വ്യത്യാസപ്പെടുത്തി വലുപ്പം ക്രമീകരിക്കാമെങ്കിലും, ഒരുപക്ഷെ വിഡ്‌ജറ്റിലടങ്ങിയിരിക്കുന്ന കണ്ടന്റ് വായിക്കുവാന്‍ പ്രയാസം അനുഭവപ്പെട്ടുവെന്നു വരാം.

വേര്‍ഷന്‍ ഹിസ്റ്ററി
B (March 18, 2008)
• തുടക്കം.
• അനലോഗ് ക്ലോക്ക്, സേര്‍ച്ച്, ഫോണ്ട്, ഹെല്‍പ്പ് ടാബുകള്‍.
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, കാര്‍ത്തിക, രചന, തൂലിക.
• പ്രൊഫൈല്‍ ലിങ്ക് നല്‍കുവാനുള്ള സാധ്യത.

B.a (March 20, 2008)
• പരിശോധിക്കുന്ന ഫോണ്ടുകള്‍: അഞ്ജലി ഓള്‍ഡ് ലിപി, ഏരിയല്‍ യൂണിക്കോഡ് എം.എസ്, മീര, കാര്‍ത്തിക, രചന, തൂലിക.
• ബ്ലോഗിന്റെ ബാക്ക്‍ഗ്രൌണ്ട് നിറം തന്നെ കൂടുതല്‍ കാണുന്ന രീതിയില്‍ വിഡ്‌ജറ്റിലെ നിറങ്ങള്‍ ക്രമീകരിച്ചു.


Description: Font Widget Version B - A Blogger Widget (Utility) to detect Malayalam Unicode Fonts installed in a Windows machine. If fonts are not available, the widget will display an error message. If fonts are available, the blog owner may set it to display either an Analog Clock, Search Options, Fonts Available or Help.
--



 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome