ചിത്രങ്ങളും ബോര്‍ഡറുകളും (ഭാഗം 2)
ചിത്രങ്ങള്‍ക്ക് സാധാരണരീതിയിലുള്ള ബൊര്ഡറുകള് എങ്ങിനെ നല്‍കാമെന്ന് ഒന്നാം ഭാഗത്തില്‍ നാം മനസിലാക്കിയല്ലോ. കൂടുതല്‍ ആകര്‍ഷകമായ, പ്രത്യേകതകളുള്ള ബോര്‍ഡറുകള്‍ എങ്ങിനെ നല്‍കാമെന്ന് ഈ ഭാഗത്തില്‍ നമുക്കു കാണാം. ഫോട്ടോഷോപ്പിനെക്കുറിച്ച് കുറച്ചുകൂടി ധാരണ ഈ രീതിയില്‍ ബോര്‍ഡര്‍ നല്കുവാന് ആവശ്യമാണ്. എന്നിരിക്കിലും ഒരിക്കല്‍ പരിചയപ്പെട്ടുകഴിഞ്ഞാല്‍ വളരെയെളുപ്പം ഈ രീതിയില്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡറുകള്‍ നിര്‍മ്മിക്കുവാന്‍ സാധ്യമാണ്. അഡോബി ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ സി.എസ്.3-ല്‍ (വിന്‍ഡോസ്) അധിഷ്ഠിതമായാണ് ഈ പരീക്ഷണം ഇവിടെ വിവരിച്ചിരിക്കുന്നത്.
ഒന്നാം ഭാഗത്ത് നാം ഉപയോഗിച്ച ചിത്രം തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ് സി.എസ്. 3-യുടെ ആക്ഷന്‍സ് പാലെറ്റില്‍ ഡിഫോള്‍ട്ടായി ലഭ്യമായ Wood Frame എന്ന ആക്ഷനാണ് ആദ്യമായി നാം പരിചയപ്പെടുന്നത്. വളരെ എളുപ്പത്തില്‍ തടികൊണ്ട് നിര്‍മ്മിച്ച ഒരു ഫ്രയിമിലേക്ക് നമ്മുടെ ചിത്രം ചേര്‍ക്കുന്നതിന് ഈ ആക്ഷന്‍ ഉപയോഗിക്കാം. ബോര്‍ഡര്‍ നല്‍കേണ്ട ചിത്രം തുറന്നതിനു ശേഷം, Window > Actions എന്ന മെനുവില്‍ നിന്നോ Alt + F9 അമര്‍ത്തിയോ ആക്ഷന്‍സ് പാലെറ്റ് ലഭ്യമാക്കുക. തുടര്‍ന്ന് താഴെക്കാണുന്ന ചിത്രത്തില്‍ കാണുന്നതുപോലെ Wood Frame - 50 pixel സെലക്ട് ചെയ്ത്, Play selection ബട്ടണില്‍ മൌസമര്‍ത്തുക. തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ 'Continue' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. ഇത്രയും ചെയ്തു കഴിയുമ്പോള്‍ ചിത്രത്തിനു ചുറ്റും താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ തടികൊണ്ടുള്ള ഒരു ഫ്രയിം ഫോട്ടോഷോപ്പ് നല്കിയിരിക്കും.
കൂടുതല്‍ വ്യത്യസ്തതയുള്ള ബോര്‍ഡറുകളും ഫോട്ടോഷോപ്പില്‍ സാധ്യമാണ്. ബോര്‍ഡര്‍ നല്‍കേണ്ട ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കുക. മറ്റൊരു പുതിയ ലെയര്‍ അതിലേക്ക് കൂട്ടിച്ചേര്‍ക്കുക. നമുക്ക് ആ ലെയറിനെ Area എന്നുവിളിക്കാം. ബ്രഷ് ടൂള്‍ സെലക്ട് ചെയ്ത് (കീ ബോര്‍ഡില്‍ 'B' അമര്‍ത്തുക), വലുപ്പം കൂടിയ ഒരു ബ്രഷ് സെലക്ട് ചെയ്യുക. ഇതുപയോഗിച്ച് തുടര്‍ന്നു തന്നിട്ടുള്ള ചിത്രങ്ങളില്‍ ആദ്യത്തേതില്‍ കാണുന്നരീതിയില്‍ ഒരു രൂപം വരയ്ക്കുക. തുടര്‍ന്ന് ചെറിയ ബ്രഷുകള്‍ സെലക്ട് ചെയ്ത് അരികുകള്‍ രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന രീതിയിലാക്കുക. ബ്രഷ് ടൂള്‍ സെലക്ട് ചെയ്ത്, ചിത്രത്തിനു മുകളില്‍ വലത് മൌസ് ബട്ടണ്‍ അമര്‍ത്തിയാല്‍ ആവശ്യമുള്ള ബ്രഷുകള്‍ സെലക്ട് ചെയ്യുവാനുള്ള മെനു ലഭ്യമാവുന്നതാണ്. അവിടെ Diameter: എന്ന സ്ലൈഡര്‍ വ്യത്യാസപ്പെടുത്തി ബ്രഷിന്റെ വലുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്. കൃത്യമായ അരികുകളോടുകൂടിയ വൃത്തത്തിലുള്ള ബ്രഷാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കീ ബോര്‍ഡില്‍ [, ] എന്നീ കീകളും ബ്രഷിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
മുകളിലെ ചിത്രത്തില്‍ കാണുന്ന രീതിയില്‍ Area എന്ന ലെയറിലെ രൂപം പൂര്‍ത്തിയാക്കിയതിനു ശേഷം, Ctrl കീ അമര്‍ത്തി ലെയേഴ്സ് പാലെറ്റില്‍ Area എന്ന ലെയറില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ ലെയറിലുള്ള രൂപം പൂര്‍ണ്ണമായും സെലക്ട് ചെയ്തിരിക്കുന്നതായി കാണുവാന്‍ സാധിക്കും. തുടര്‍ന്ന് Ctrl + Shift + I അമര്‍ത്തി സെലക്ഷന് റിവേഴ്സ് ചെയ്യുക. അടുത്ത ചിത്രത്തില്‍ കാണുന്ന രീതിയിലാവും ക്യാന്‍വാസ് ഇപ്പോള്‍ നമുക്ക് ലഭ്യമാവുക.
ചിത്രത്തിലേക്ക് Border എന്ന പേരില്‍ മറ്റൊരു ലെയര്‍ കൂടി കൂട്ടിച്ചേര്‍ത്ത ശേഷം, അതിലേക്ക് ഇഷ്ടമുള്ള നിറം ഫില്‍ ചെയ്യുക. തുടര്‍ന്ന് Area എന്ന ലെയര്‍ അദൃശ്യമാക്കുക. ആവശ്യമെങ്കില്‍ Border എന്ന ലെയറിന്റെ ലെയര്‍ സ്റ്റൈലുകളില്‍ നിന്നും Outer Glow, Drop Shadow എന്നിങ്ങനെയുള്ള ഇഫക്ടുകള്‍ സെലക്ട് ചെയ്ത് കൂടുതല്‍ മനോഹരമാക്കാവുന്നതാണ്. നമുക്ക് അവസാനം ലഭിക്കുന്ന ക്യാന്‍വാസാണ് അടുത്തതായി നല്‍കിയിരിക്കുന്നത്.
ഇവിടെ ഉപയോഗിച്ച ബ്രഷിനു പകരം മറ്റൊരു സ്റ്റൈലിലുള്ള ബ്രഷ് ഉപയോഗിച്ചാല്‍ വ്യത്യസ്തമായൊരു ബോര്ഡറാവും നമുക്കു ലഭിക്കുക. ബ്രഷ് വ്യത്യാസപ്പെടുത്തി ഇതെ രീതിയില്‍ സൃഷ്ടിച്ച ഒരു ബോര്‍ഡറാണ് താഴെ നല്‍കിയിരിക്കുന്നത്. ഇതേ രീതിയിലൊരു ബോര്‍ഡര്‍ സ്വയം ഉണ്ടാക്കുവാന്‍ ശ്രമിച്ചു നോക്കൂ.
--
(2007 ഒക്ടോബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Photoshop, Tutorial, Border, Borders, Pictures, Info Kairali, InfoKairali, General, Article, Published, Frames, Photos, How to
--
7 comments:
ചിത്രങ്ങളും ബോര്‍ഡറുകളും എന്ന ഫോട്ടോഷോപ്പ് ട്യൂട്ടോറിയലിന്റെ രണ്ടാം ഭാഗം.
--
ഹരീ, വളരെ നല്ല ഉദ്യമം. ആദ്യഭാഗം ഇനി വായിക്കണം. ഇത് സി. എസ് -2 ഇല് പറ്റുമോ?
ഹരീ... നല്ലത്...നല്ലത്...
:)
@ ആഷ,
Actions ഉപയോഗിച്ച് വുഡ്-ഫ്രയിം നല്കുന്നതൊഴികെ (അതേതൊക്കെ വേര്ഷനിലുണ്ടാവുമെന്ന് അറിയില്ല); ബാക്കിയുള്ളവ സെലക്ഷന്, ബ്രഷ്, ലെയേഴ്സ് എന്നിവ ലഭ്യമായ ഫോട്ടോഷോപ്പിന്റെ ഏതു വേര്‍ഷനിലും സാധിക്കും.
@ സഹയാത്രികന്,
നന്ദി. :)
--
ഹരീ,
രണ്ട് ഭാഗങ്ങളും വായിച്ചു. നല്ല പ്രയോജനം ചെയ്തു. എനിയ്ക്കാകെ അറിയാവുന്ന ഒരു ഇമേജ് മാനേജര്‍ MS Image Composer ആയിരുന്നു. തുടക്കത്തിലേ യൂസ് ചെയ്തങ്ങനായിപ്പോയി. ഇപ്പോള്‍ ഫോട്ടോഷോപ്പിലും ഒരു കൈനോക്കുന്നു. നന്ദി
ഹരീ,
ഒക്കെ പരീക്ഷിച്ചുകഴിഞ്ഞിട്ട് പറയാം. എപ്പോള്‍ പരീക്ഷിക്കും എന്നറിയില്ല.
ഇതേക്കുറിച്ചൊന്നും കാര്യമായ വിവരമില്ലെങ്കിലും ഞാനും ഒരു പരീക്ഷണം നടത്താന്പോകുവാ. പിന്നെ ബുദ്ധിമുട്ടാവില്ലെങ്കില്‍ ഈ ബ്ലോഗ് ഹരീമോഡലില് ഡിസൈന്‍ ചെയ്യുന്നത് എങ്ങനാന്നൊന്ന് പറഞ്ഞുതന്നാല്‍ ഉപകാരം.
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--