പോസ്റ്റുകളെ തിരഞ്ഞെടുക്കാം
മലയാളത്തില്‍ ദിനം പ്രതി നൂറുകണക്കിന് പോസ്റ്റുകളാണ് ഉണ്ടായിക്കൊണ്ടിരിക്കൂന്നത്. ഇവയെല്ലാം ഒന്നോടിച്ചു നോക്കി താത്പര്യമുള്ളവ കണ്ടെത്തുക എന്നത് ആയാസകരമായ ഒരു പ്രവൃത്തിയാണ്. നമുക്ക് താത്പര്യമുള്ളവരുടെ ബ്ലോഗുകള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്യാം, എന്നാല്‍ നമ്മുടെ സബ്‌സ്ക്രിപ്ഷനില്‍ വരാത്ത ഒരാളുടെ ഒരു നല്ല പോസ്റ്റ് ചിലപ്പോള്‍ വിട്ടുപോയി എന്നു വരാം. പിന്മൊഴി/മറുമൊഴി എന്നിവ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കമന്റ് വീണ പോസ്റ്റുകള്‍ നമുക്ക് ലഭ്യമാവും. എന്നാല്‍, പലപ്പോഴും കമന്റുകള്‍ വാരിക്കൂട്ടുക നല്ല പോസ്റ്റുകള്‍ തന്നെയാവണമെന്നില്ല. ഇവിടെയാണ് ഷെയേഡ് ലിസ്റ്റുകളുടെ പ്രസക്തി.
എന്താണ് ഷെയേഡ് ലിസ്റ്റുകള്‍?
സ്വന്തമായി പൈപ്പുണ്ടാക്കാം എന്ന പോസ്റ്റില്‍ ഗൂഗിള്‍ റീഡറിനെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും പറഞ്ഞിരുന്നുവല്ലോ? ഗൂഗിള്‍ റീഡറിന്റെ വിവിധ സാധ്യതകളില്‍ ഒന്നാണ് ഷെയേഡ് ലിസ്റ്റുകള്‍. ഓരോ ഫീഡ് ഐറ്റവും ഗൂഗിള്‍ റീഡറില്‍ ദൃശ്യമാക്കുമ്പോള്‍ അതിനു താഴെയായി കുറച്ച് ഓപ്ഷനുകളും ലഭ്യമാണ്. Add Star, Share, Email, Mark as read, Add tags എന്നിവയാണവ. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.
സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ കാണാവുന്നതാണ്.
ചിത്രത്തില്‍ ഇ-ഗവേണന്‍സ് എന്ന ഫീഡ് ഐറ്റം ഹൈലൈറ്റ് ചെയ്തിരിക്കുന്നു. പ്രസ്തുത പോസ്റ്റ് നിങ്ങള്‍ വായിക്കുന്നു എന്നിരിക്കട്ടെ. വായിച്ചതിനു ശേഷം നിങ്ങള്‍ക്കു തോന്നുകയാണ്; ഇത് നല്ല ഒരു ലേഖനമാണ്, മറ്റുള്ളവരും ഇത് വായിച്ചിരിക്കേണ്ടതാണ് എന്നൊക്കെ, അപ്പോള്‍ അതിന്റെ ചുവട്ടില്‍ കാണുന്ന Share എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആ പോസ്റ്റ് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാവുന്നതാണ്. ഷെയര്‍ ചെയ്തു കഴിയുമ്പോള്‍ ആ ഓപ്ഷന്‍ Unshare എന്നു ദൃശ്യമാക്കും. പിന്നീട് ആ ലേഖനത്തേക്കാള്‍ മികച്ച മറ്റൊന്ന് അതേ വിഷയത്തില്‍ വന്നു എങ്കില്‍, ഇത് ഷെയേഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. അതല്ലാതെ, ഒരാഴ്ചയ്ക്കു ശേഷം എല്ലാം അണ്‍ഷെയര്‍ ചെയ്ത് പുതിയ കുറേയെണ്ണം ഷെയര്‍ ചെയ്യുക എന്ന രീതി പിന്തുടരേണ്ടതില്ല, അത് ഈ സാധ്യതയുടെ പ്രയോജനം കുറയ്ക്കുകയും ചെയ്യും.
ഈ രീതിയില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകളെല്ലാം Shared items എന്ന ലിങ്കില്‍ (ഇടതുഭാഗത്ത് മുകളിലായി) ലഭ്യമാണ്. ആ ലിങ്കില്‍, ഫീഡ് പ്രിവ്യൂ പാനലിലായി നിങ്ങളുടെ ഷെയേഡ് ലിസ്റ്റ് പേജും ഫീഡ് ലിങ്കും ലഭ്യമായിരിക്കും. ഈ ഷെയേഡ് ലിസ്റ്റ് ഇ-മെയിലായി സുഹൃത്തുക്കള്‍ക്കയച്ചു കൊടുക്കാം, അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ ഒരു വിഡ്ജറ്റായി ചേര്‍ക്കാം അതുമല്ലെങ്കില്‍, നിങ്ങളുടെ ഒരു ലിങ്കായി മറ്റു പലസ്ഥലങ്ങളിലും (ഉദാ: ഓര്‍ക്കുട്ട്) ഈ ഷെയേഡ് ലിസ്റ്റ് ലിങ്ക് നല്‍കാം. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.
സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപത്തില്‍ പുതിയ വിന്‍ഡോയില്‍ കാണാവുന്നതാണ്.
ഷെയേഡ് ലിസ്റ്റുകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം?
ഷെയേഡ് ലിസ്റ്റുകള്‍ മറ്റു പലരീതിയിലും പ്രയോജനപ്പെടുത്തുവാനാവും. അതിലൊരു രീതിയാണ് ചെറുവക എന്ന ബ്ലോഗില്‍, ബ്ലോഗ് ഡൈജസ്റ്റിലേക്കുള്ള രചനകള്‍ എന്ന പോസ്റ്റില്‍ സിബു വിശദമാക്കിയിരിക്കുന്നത്. പലരുടേയും ഷെയേഡ് ലിസ്റ്റുകള്‍ ഒരു പൈപ്പ് ഉപയോഗിച്ച് സമാഹരിച്ച്, അവയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ച പോസ്റ്റുകള്‍ ഒരു ഡൈജസ്റ്റായി പ്രസിദ്ധപ്പെടുത്തുന്നു. ഇപ്പോള്‍ ലഭ്യമായ ഷെയേഡ് ലിസ്റ്റുകള്‍ വരമൊഴി-വിക്കിയുടെ ഈ പേജില്‍ ലഭ്യമാണ്.
എന്നാല്‍ ഈ രീതിയില്‍ ഒരു ഡൈജസ്റ്റ് വിജയിപ്പിക്കുവാന്‍, വളരെക്കുറച്ചു പേരുടെ ഷെയേഡ് ലിസ്റ്റുകള്‍ മാത്രം ഉപയോഗിച്ച് സാധ്യമാവില്ല. ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്ന, ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാകാം. ഇതില്‍ പങ്കാളികളാകുവാന്‍ ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ മതിയാവും:
• ഗൂഗിള്‍ റീഡറില്‍ ലോഗ്-ഇന്‍ ചെയ്യുക. നിങ്ങള്‍ക്കു പ്രീയപ്പെട്ട ബ്ലോഗുകള്‍ Add Subscription ലിങ്ക് ഉപയോഗിച്ച് സബ്‌സ്ക്രൈബ് ചെയ്യുക. മലയാളം ബ്ലോഗുകളില്‍ പുതുതായി വരുന്ന പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്ന ഈ പൈപ്പും സബ്‌സ്ക്രൈബ് ചെയ്യുന്നത് നന്നായിരിക്കും.
• നിങ്ങള്‍ വായിക്കുന്ന പോസ്റ്റുകളില്‍ മറ്റുള്ളവരും കാണണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പോസ്റ്റുകള്‍, അതാത് ഫീഡ്-ഐറ്റത്തിലെ Share ഓപ്ഷന്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യുക.
• മുകളില്‍ കാണുന്ന ചിത്രത്തില്‍ കാണുന്നതുപോലെ; ഗൂഗിള്‍ റീഡറില്‍ Shared items എന്ന ലിങ്കില്‍ പൊയി, നിങ്ങളുടെ ലിസ്റ്റിന്റെ യു.ആര്‍.എല്‍ അല്ലെങ്കില്‍ ഫീഡ് യു.ആര്‍.എല്‍ കോപ്പി ചെയ്ത്, ഇവിടെ ഒരു കമന്റായി ചേര്‍ക്കുക. അവ വരമൊഴി വിക്കി പേജിലും, ഡൈജസ്റ്റിലേക്ക് പോസ്റ്റുകള്‍ തിരഞ്ഞെടുക്കുവാനുള്ള പൈപ്പിലും ഉപയോഗിക്കുന്നതാണ്.(ഈ കാര്യത്തില്‍ തീരുമാനമെടുക്കുവാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഡൈജസ്റ്റിന്റെ പിന്നണി പ്രവര്‍ത്തകരിലും സിബുവിലും മാത്രം നിക്ഷിപ്തമാണ്.) ബ്ലോഗ് ഡൈജസ്റ്റിലേക്ക് തിരഞ്ഞെടുക്കുന്ന പോസ്റ്റുകള് സിബുവിന്റെ ഈ പൈപ്പില്‍ ലഭ്യമാണ്.
ശ്രദ്ധിക്കുക:
• ഷെയേഡ് ലിസ്റ്റ് ലിങ്ക് അല്ലെങ്കില്‍ ഷെയേഡ് ലിസ്റ്റ് ഫീഡ് ലിങ്ക് ഇവിടെ കമന്റായി നല്‍കുമ്പോള്‍ അതൊരു ഹൈപ്പര്‍ ലിങ്കായി നല്‍കുവാന്‍ താത്പര്യപ്പെടുന്നു. എങ്ങിനെ ഹൈപ്പര്‍ ലിങ്കായി നല്‍കാം എന്നത് ഇവിടെ വിശദമാക്കിയിട്ടുണ്ട്.
• അവരവരുടെ തന്നെ ബ്ലോഗ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതെയിരിക്കുക.
• ഒന്നില്‍ കൂടുതല്‍ ഫീഡില്‍ ഒരു പോസ്റ്റ് തന്നെ ഷെയര്‍ ചെയ്യാതിരിക്കുക. (ഉദാ: ഒരു ബ്ലോഗ് നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, അത് ആ സബ്സ്ക്രിപ്ഷനിലെ ഫീഡ് ഐറ്റമായും, മലയാളം ബ്ലോഗ് പോസ്റ്റുകള്‍ എന്ന പൈപ്പിലെ ഫീഡ് ഐറ്റമായും റീഡറില്‍ കാണപ്പെടും. രണ്ടു പോസ്റ്റും ഒരു സമയം ഷെയര്‍ ചെയ്യേണ്ടതില്ല.)
• വ്യക്തിബന്ധങ്ങളും ഷെയേഡ് ലിസ്റ്റുകളുമായി കൂട്ടിക്കുഴയ്ക്കാതിരിക്കുക. (ബ്ലോഗുകള്‍ എഴുതുന്നവര്‍ക്കും വായനക്കാര്‍ക്കും ഇതു ബാധകമാണ്.)
ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍ ലഭ്യമായ ഷെയേഡ് ലിസ്റ്റുകള്‍:
(ജൂണ്‍ 29, 2007 വരെ)
• ആഷ • ഇഞ്ചിപ്പെണ്ണ് • തമനു • ദേവരാഗം • ഡാലി • പെരുങ്ങോടന്‍ • പൊന്നപ്പന് • പ്രമോദ് • ബിന്ദു • രാജേഷ് വര്‍മ്മ • വിഷ്ണു • ശ്രീജ • സാജന് • സിദ്ധാര്ത്ഥന് • സിബു • രാധേയന് • ഹരീ • ഇടങ്ങള്‍ • ഉമേഷ് • കല്യാണി • കെവിന് • കേരള ഫാര്‍മര്‍ • സന്തോഷ് • രേഷ്മ • വേണു
(ജൂലൈ 09, 2007 വരെ)
• പരാജിതന് • ഏവൂരാന് • വെമ്പള്ളി • കണ്ണൂസ് • പ്രതിഭ • സാല്‍ജോ • സന്ദീപ് • ഇബ്രു • ഡാന്റിസ് • തുളസി
Keywords: Pipe, Aggregater, Varamozhi Magazine, Blog Digest, Selected Posts, Shared Items, Google Reader, How to share blog posts
--