Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Monday, June 4, 2007

ഫോട്ടോഗ്രഫി മൊബൈലുകളില്‍


ക്യാമറയോടു കൂടിയ മൊബൈല്‍ ഫോണുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. 2 മുതല്‍ 5 മെഗാപിക്സല്‍ വരെയുള്ള ക്യാമറകളാണ് ഒട്ടുമിക്ക മിഡില്‍ റേഞ്ച് മൊബൈല്‍ ഫോണുകളിലും അടങ്ങിയിരിക്കുന്നത്. ഈ ക്യാമറകളില്‍ എടുത്ത ഫോട്ടോകള്‍ വെബ്ബ് ഉപയോഗങ്ങള്‍ക്കും, പോസ്റ്റ്കാര്‍ഡ് വലുപ്പത്തില്‍ വളരെ മോശമല്ലാത്ത രീതിയില്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്യുവാനും അനുയോജ്യമാണ്. എന്നാല്‍ പലപ്പോഴും ഉപയോഗിക്കുന്നതിലെ പിഴവുകള്‍ മൂലം ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ വളരെ നിലവാരം കുറഞ്ഞവയാവാറുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.

► എങ്ങിനെ പിടിക്കണം?
മൊബൈല്‍ ഫോണുകള്‍ വളരെ ഭാരം കുറഞ്ഞവയായതിനാല്‍ ഒരു കൈകൊണ്ട് പിടിച്ചുതന്നെ ഫോട്ടോയെടുക്കുവാന്‍ സാധ്യമാണ്. എന്നിരിക്കിലും ഈ രീതിയില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ മൊബൈല്‍ ഷേക്ക് ചെയ്യുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതുമൂലം പലപ്പോഴും മങ്ങിയ ചിത്രങ്ങളാ‍വും നമുക്കു ലഭിക്കുക. രണ്ടുകൈകൊണ്ടും വളരെ ദൃഢമായി പിടിച്ച് ഫോട്ടൊയെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ, കൈ രണ്ടും മുഴുവന്‍ നീട്ടി, മൊബൈല്‍ ശരീരത്തില്‍ നിന്നും വളരെ അകറ്റി പിടിച്ച് എടുക്കുന്നതും ഒഴിവാക്കുക. കഴിയുന്നതും ശരീരത്തോട് ചേര്‍ന്ന്, എന്നാല്‍ സ്ക്രീനില്‍ ദൃശ്യം കാണാവുന്ന രീതിയില്‍, പിടിച്ച് ഫോട്ടോയെടുക്കുക. കൈ ഏതെങ്കിലും നിശ്ചലമായ വസ്തുവിന്റെ (ഉദാ: അരമതില്‍, കസേരക്കൈ) മുകളിലൂന്നുന്നതും ഷാര്‍പ്പ് ആയ ചിത്രം ലഭിക്കുവാന്‍ സഹായിക്കും.

► എങ്ങിനെ ചിത്രം എടുക്കണം?
മൊബൈല്‍ ശരിയായി പിടിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് എങ്ങിനെ ഫോട്ടോ എടുക്കണമെന്നതും. എടുക്കേണ്ട പ്രധാന സബ്ജക്ട് തീരുമാനിച്ച് ഫ്രയിമില്‍ ആക്കിക്കഴിഞ്ഞാല്‍ ഫോട്ടോ എടുക്കാവുന്നതാണ്. ഷട്ടര്‍ തുറന്നടയുന്ന സമയം ക്യാമറ ഒട്ടും അനങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ബട്ടണ്‍ അമര്‍ത്തുന്ന സമയമല്ല ഡിജിറ്റല്‍ ക്യാമറകളില്‍ ചിത്രം പതിയുന്നത്, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് എന്നതും ഓര്‍മ്മയിരിക്കുക. അതിനാല്‍ തന്നെ ക്ലിക്ക് ചെയ്ത് വിടുമ്പോളുണ്ടാവുന്ന ഷേക്ക് ചിത്രത്തെ ബാധിക്കാവുന്നതാണ്. അതിനാല്‍, ക്ലിക്ക് ചെയ്ത്, ചിത്രം സേവ് ചെയ്തതിനു ശേഷം മാത്രം ക്ലിക്ക് വിടുക. ഈ രീതിയില്‍ എടുക്കുമ്പോള്‍, ഫോട്ടോ ബ്ലര്‍ ആകുവാനുള്ള സാധ്യത വളരെക്കുറവാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എടുക്കേണ്ടതെങ്കില്‍, മൊബൈല്‍ ക്യാമറ വസ്തുവിന്റെ ചലനത്തിന് അനുസൃതമായി ചലിപ്പിച്ച് എടുക്കുന്നതാവും കൂടുതല്‍ നല്ലത്.

► എങ്ങിനെ ഒബ്ജക്ടിനെ ഫ്രയിമിലാക്കണം?
ഒരു ഓബ്ജക്ടിനെ എങ്ങിനെ ഫ്രയിമിലാക്കണമെന്നുള്ളത് ഫോട്ടോഗ്രാഫറുടെ മനോധര്‍മ്മമാണ്. എന്നിരുന്നാലും മൊബൈല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • ഡിജിറ്റല്‍ സൂം ഉപയോഗിക്കാതിരിക്കുക: ഓബ്ജക്ടിനെ കൂടുതല്‍ അടുത്ത് കണ്ട് ഫോട്ടോയെടുക്കുവാന്‍ നമ്മള്‍ പ്രേരിക്കപ്പെടുമെങ്കിലും ഡിജിറ്റല്‍ സൂം ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഡിജിറ്റല്‍ സൂം ചെയ്യുന്നത്, സെന്‍സറില്‍ പതിയുന്ന പിക്സലുകള്‍ വലുതാക്കുക എന്നതുമാത്രമാണ്. അത് പിന്നീട് ഫോട്ടോഷോപ്പ്, ജിം‌പ് മുതലായ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളില്‍ സാധ്യമാവുന്നതാണ്.
  • ശരിയായ ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക: പ്രിന്റ്/വെബ് ഉപയോഗങ്ങള്‍ക്കായാണ് ഈ ചിത്രങ്ങളെങ്കില്‍ ലഭ്യമായവയില്‍ ഏറ്റവും കൂടിയ റെസല്യൂഷന്‍ തന്നെ തിരഞ്ഞെടുക്കുക. കാളര്‍ ഐഡി ഉപയോഗത്തിനും മറ്റുമാണെങ്കില്‍, ഏറ്റവും ചെറിയ റെസല്യൂഷന്‍ മതിയാവും.
  • ഓബജക്ടിനെ അടുത്തു കാണുക: ഓബ്ജക്ടിന്റെ പരമാവധി അടുത്തു ചെന്ന് ഓബ്ജക്ടിനെ ഫ്രയിമില്‍ കൊള്ളിക്കുക. കാലുകള്‍ കൊണ്ടുള്ള ഈ സൂമിംഗ് ചിത്രത്തിന്റെ ക്വാളിറ്റി കൂട്ടുന്നതിന് വളരെ സഹായിക്കും.
  • ആട്ടോ ഫോക്കസ്: ചില മൊബൈല്‍ ക്യാമറകളില്‍ (സോണി എറിക്സണ്‍ K750i) ആട്ടോ ഫോക്കസ് ഓപ്ഷന്‍ ലഭ്യമായിരിക്കും. ക്യാമറ ബട്ടണ്‍ പകുതി അമര്‍ത്തുമ്പോള്‍ ഓബ്ജക്ടിനെ ക്യാമറ ആട്ടോമാറ്റിക്കായി ഫോക്കസ് ചെയ്യും. ഈ രീതിയില്‍ ആവശ്യമുള്ള ഓബ്ജക്ടിനെ ഫോക്കസ് ചെയ്ത ശേഷം ബട്ടണ്‍ മുഴുവന്‍ അമര്‍ത്തി ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ഒന്നില്‍ കൂടുതല്‍ ഓബ്ജക്ടുകള്‍ ഉള്ള ഫ്രയിമുകളില്‍ ഈ രീതിയില്‍ പ്രാധാന്യമുള്ള ഓബ്ജക്ടിനെ തിരഞ്ഞെടുത്ത് ഫോക്കസ് ചെയ്യാവുന്നതാണ്.

► എപ്പോള്‍ എടുക്കണം?
എല്ലാ സമയങ്ങളിലും മൊബൈല്‍ ഫോണിലെ ക്യാമറ നല്ല ചിത്രങ്ങള്‍ നല്‍കണമെന്നില്ല. വളരെ നിലവാരം കുറഞ്ഞ ലെന്‍സ്, സെന്‍സര്‍ എന്നിവയാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും അനുയോജ്യമായ സമയം ചിത്രം എടുക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ചില നിര്‍ദ്ദേശങ്ങള്‍:
  • വെളിച്ചം: നല്ല രീതിയില്‍ വെളിച്ചമുണ്ടെങ്കില്‍, മൊബൈല്‍ ഫോണ്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ നന്നായിരിക്കും. മൊബൈല്‍ ക്യാമറകളിലെ ഫ്ലാഷ് പലപ്പോഴും ഉപയോഗപ്രദമാവാറില്ല. പകല്‍ സമയം, നല്ല തെളിച്ചമുള്ള അവസ്ഥയില്‍ ഫോട്ടോയെടുക്കുന്നതാണ് ഏറ്റവും നല്ലത്.
  • ബ്രൈറ്റ്നസ്/എക്സ്പോഷര്‍: ഇപ്പോഴുള്ള മിക്ക മൊബൈല്‍ ക്യാമറകളിലും ബ്രൈറ്റ്നസ്/എക്സ്പോഷര്‍ ക്രമീകരിക്കുവാനുള്ള ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. ഇവ ഉപയോഗിച്ച് നോക്കുക.
  • മോഡുകള്‍: ഇന്ന് ലഭ്യമായ പല മൊബൈല്‍ ക്യാമറകളിലും മാക്രോ, നൈറ്റ് തുടങ്ങിയ മോഡുകള്‍ ലഭ്യമായിരിക്കും. നൈറ്റ് മോഡിന് പ്രത്യേകിച്ച് വിശദീകരണം ആവശ്യമില്ല. മാക്രോ മോഡ് എന്നാല്‍ ഓബ്ജക്ടിനെ 1:1 അനുപാതത്തില്‍ പകര്‍ത്തുവാന്‍ ഉപയോഗിക്കുന്ന മോഡാണ്. ഓബ്ജക്ടിനോട് ഏറ്റവും അടുത്ത് ക്യാമറ പിടിച്ച് ഈ മോഡില്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കും. എത്രമാത്രം അടുത്തെന്നത് ക്യാമറയുടെ ലെന്‍സിനെ അനുസരിച്ചിരിക്കും. ലഭ്യമായ വിവിധ മോഡുകള്‍ ഉപയോഗിച്ചും പരീക്ഷണങ്ങള്‍ നടത്തുക.
  • വെറ്റ് ബാലന്‍സ്: പല വെളിച്ചങ്ങള്‍ക്കനുസൃതമായി, റഫറന്‍സായ വെളുപ്പ് നിറത്തിന് വ്യത്യാസമുണ്ടാവും. ഇത് ഓബ്ജക്ടിന്റെ ശരിയായ നിറം ക്യാമറയില്‍ പതിയാതിരിക്കുന്നതിന് കാരണമാവുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറകളീല്‍, മാന്വലായി വെറ്റ് ബാലന്‍സ് സെറ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ കാണുകയില്ലെങ്കിലും, വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാനായി ഇന്‍ബില്‍റ്റ് സെറ്റിംഗുകള്‍ ലഭ്യമായിരിക്കും. അവയും ഉപയോഗിച്ചു ശീലിക്കുക.
  • എഫക്ടുകള്‍ ഒഴിവാക്കുക: മൊബൈല്‍ ഫോണുകളില്‍ സേപിയ, ബ്ലാക്ക് & വൈറ്റ് തൂടങ്ങിയ ഇന്‍ബില്‍റ്റ് ഇഫക്ടുകള്‍ ലഭ്യമായിരിക്കും. കഴിയുന്നതും ഇവ ഉപയോഗിക്കാതിരിക്കുക. ഇവയൊക്കെയും പിന്നീട് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് സാധ്യമാണ്.
  • നോര്‍മ്മല്‍ / ഫൈന്‍ മോഡുകള്‍: ചില മൊബൈല്‍ ക്യാമറകളില്‍ നോര്‍മ്മല്‍/ഫൈന്‍ മോഡുകള്‍ ലഭ്യമായിരിക്കും. ഫൈന്‍ മോഡിലെടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മെമ്മറി സൂക്ഷിക്കപ്പെടുവാ‍നായി ഉപയോഗിക്കും. എന്നിരുന്നാലും ഈ മോഡിലുള്ള ചിത്രങ്ങള്‍ക്കാവും കൂടുതല്‍ വ്യക്തത.
  • ലെന്‍സ് വൃത്തിയായി സൂക്ഷിക്കുക: ചില മൊബൈല്‍ ക്യാമറകളില്‍ ലെന്‍സിന് മൂടിയുണ്ടാ‍വാറില്ല. ചിത്രമെടുക്കുന്നതിനു മുന്‍പായി ലെന്‍സിന്റെ പുറം ഭാഗത്ത് പൊടിയോ മറ്റ് അഴുക്കുകളോ ഇല്ല എന്നുറപ്പുവരുത്തുക.

► എങ്ങിനെ ചിത്രങ്ങള്‍ സൂക്ഷിക്കണം?
ഗൂഗിള്‍ പിക്കാസ, അഡോബി ഫോട്ടോഷോപ്പ് എലിമന്റ്സ്, ആപ്പിള്‍ അപ്പേര്‍ച്ചര്‍ തുടങ്ങി, പോസ്റ്റ് പ്രൊഡക്ഷന്‍ ഉപയോഗിക്കാവുന്ന ധാരാളം ടൂളുകള്‍ ഇന്ന് ലഭ്യമാണ്. ഇതില്‍ ഗൂഗിള്‍ പിക്കാസ സൌജന്യമായി ഉപയോഗിക്കാവുന്നതാണ്. ഇവയേതെങ്കിലുമുപയോഗിച്ച്, മൊബൈല്‍ ഫോണ്‍ മെമ്മറിയില്‍ നിന്നും ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്യുന്നതാണ് ഉചിതം. പ്രത്യേകം ഫോള്‍ഡറുകളിലായി, കീ-വേഡുകള്‍, ഡിസ്ക്രിപ്ഷന്‍ എന്നിവ ചേര്‍ത്ത് ചിത്രങ്ങള്‍ സേവ് ചെയ്യുവാന്‍ ഇതിലൂടെ സാധിക്കുന്നു. ചിത്രമെടുക്കുമ്പോള്‍ ഒരു ചിത്രം തന്നെ ഒന്നില്‍ കൂടുതല്‍ തവണ, ആവശ്യമെങ്കില്‍ വിവിധ സെറ്റിംഗുകളില്‍, എടുക്കുന്നത് നന്നായിരിക്കും. ഇത് ഒരു ചിത്രമെങ്കിലും ശരിയായി കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അവസാനമായി എപ്പോഴും മൊബൈല്‍ ഫോണിലുള്ള ക്യാമറ നല്ല രീതിയില്‍ ഉപയോഗിക്കുക. വ്യക്തികളുടെ ഫോട്ടോ എടുക്കുമ്പോഴും മറ്റും അവരോട് അനുവാദം വാങ്ങിയ ശേഷം മാത്രം എടുക്കുക. ചിത്രങ്ങള്‍ കൂ‍ടുതല്‍ മികച്ചതാക്കുവാന്‍ മറ്റെന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഇനിയുമുണ്ടെങ്കില്‍, അതിവിടെ കമന്റായി ഇടുവാന്‍ താത്പര്യപ്പെടുന്നു.

എന്റെ ചില മൊബൈല്‍ ഫോണ്‍ ക്യാമറ (സോണി എറിക്സണ്‍ W700i) പരീക്ഷണങ്ങള്‍:
നടുമുറ്റം
അറിയാതെ മമ
കടല്‍പ്പാലം
മങ്ങി മയങ്ങി
സര്‍പ്പക്കാവ്‌

--

(2007 ജൂണ്‍ 29, ജൂലൈ 6 തീയതികളിലായി ഇൻഫോമാധ്യമം സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്.)



Keywords: Photography, Tips, How to, Mobile, Phone, Camera, Camera Phone, Photo, Shoot

10 comments:

Haree said...

ഞാനൊരു ഫോട്ടൊഗ്രഫി വിദ്യാര്‍ത്ഥി മാത്രം. വായനയിലൂടെയും ഫോട്ടോഗ്രഫി സുഹൃത്തുക്കളിലൂടെയും ലഭിക്കുന്ന ചെറിയ അറിവുകള്‍ സാങ്കേതികത്തിലൂടെ പങ്കുവെയ്ക്കുന്നു. കുറച്ചുപേര്‍ക്കെങ്കിലും ഒരുപക്ഷെ ഇവയൊക്കെ പ്രയോജനപ്പെടുമെന്നു കരുതുന്നു.

മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഇന്ന് വളരെ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു. 2 മുതല്‍ 5 മെഗാപിക്സല്‍ വരെയുള്ള ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്, അതും അധികവിലയില്ലാതെ. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍, ലഭിക്കുന്ന ഫോട്ടോകള്‍ കൂടുതല്‍ മികവുറ്റതാക്കാം. അങ്ങിനെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇനിയുമുണ്ടാവാം ഇതുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അറിയാവുന്നവര്‍ അതിവിടെ പങ്കുവെയ്ക്കൂ... തെറ്റുകളുണ്ടെങ്കില്‍, ബൂലോഗത്തുള്ള പ്രധാന ഫോട്ടോഗ്രാഫര്‍മാര്‍ തിരുത്തുമെന്നും കരുതുന്നു... :)
--

krish | കൃഷ് said...

ഹരീ..മൊബൈല്‍ ഫോട്ടൊ കാര്യങ്ങള്‍ നന്നായി.
( ആദ്യമൊക്കെ മൊബൈല് കൊണ്ട് എടുത്ത ചിത്രങ്ങള് ബ്ലര്‍ ആവുന്നുണ്ടായിരുന്നു. പിന്നീട് ശരിയായി.)

അനൂപ് അമ്പലപ്പുഴ said...

ഡാ, നന്നായിട്ടുണ്ട്. ഏതു കമ്പനിയുടെ മോബൈല്‍ ഫോണാണ്‍(ക്യാമറ) , നിന്റെ അനുഭവത്തില്‍ നല്ല തരം പിക്ച്ചര്‍ തരുന്നത്? ഒരു മീഡിയം ടൈപ്പ്?(rs:1000)

Siju | സിജു said...

അനൂപേ..
ആയിരം രൂപയ്ക്ക് നല്ലൊരു ക്യാമറ മൊബൈല്‍ ഫോണെന്നൊക്കെ പറഞ്ഞാല്‍ ഇച്ചിരി ആഡംബരമായിപ്പോവില്ലേ.. :-)

Haree said...

കൃഷിനോട്,
എനിക്കും പ്രശ്നമുണ്ടായിരുന്നു ആദ്യം. പിന്നെക്കുറേ വായിച്ചപ്പോള്‍ എങ്ങിനെ പടം പിടിക്കണമെന്ന് മനസിലായി... :)

അനൂപിനോട്,
എന്റെ അനുഭവത്തില്‍ പറയുവാന്‍ ബുദ്ധിമുട്ടാവും, കാരണം ഞാനത്തരം മീഡിയം റേഞ്ച് ഉപയോഗിച്ചിട്ടില്ല. പക്ഷെ, സജഷന്‍ തീര്‍ച്ചയായൂം ഉണ്ട്. ഒരു നാല് കൊല്ലം ഉപയോഗിച്ച സോണി എറിക്സണ്‍ K750i കിട്ടുമോന്നു നോക്കൂ, ആയിരം രൂപയില്‍ അല്പം കൂടുമായിരിക്കും... :)

സിജുവിനോട്,
മലയാ‍ളികളങ്ങിനെയാന്നേ... ഏതായാലും അവനിത് ഇവിടെയല്ലേ ചോദിച്ചുള്ളൂ, സഹിക്കാന്‍ നമുക്കാവും. വല്ല കടയിലും കയറി ചോദിച്ചിരുന്നെങ്കിലോ? ;) ഹി ഹി ഹി
--

Haree said...

29.06.2007 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച മാധ്യമം ദിനപ്പത്രത്തോടൊപ്പമുള്ള ‘ഇന്‍ഫോമാധ്യമം’ സപ്ലിമെന്റില്‍ ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു.

എന്നേയും ലേഖനത്തേയും ഇന്‍ഫോമാധ്യമം എഡിറ്റര്‍ക്ക് പരിചയപ്പെടുത്തിയ വി.കെ. ആദര്‍ശിന് പ്രത്യേകം നന്ദി. :)
--

ajith said...

ഹരീ, ഞാനൊരു nokia N73 വാങ്ങിയ കാര്യം ടോജി പറഞ്ഞായിരുന്നോ? ഏതയാലും എനിക്കു വളരെ ഇന്‍ഫോറ്മേറ്റീവ് ആയി തോന്നി ഹരീ എഴുതിയ കാര്യങള്‍. നന്ദി.

sUnIL said...

പ്രിയപ്പെട്ട ഹരീ,
ലേഖനം നന്നായി, അഭിനന്ദനങള്‍. ഞാന്‍ മൊബൈലില്‍ എടുത്ത കുറച്ച് ചിത്രങള്‍ ഈ ബ്ലോഗില്‍ ഉണ്ട്. കണ്ടിട്ട് അഭിപ്രായങള്‍ അറിയിക്കുമല്ലോ..
http://fonpix.blogspot.com

Unknown said...

thi is very good sit engineyanu malayalam fond undakuka

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഹരിയേട്ട‍ാ,


കാലോചിതമായൊരു പോസ്റ്റിട്ടതിനു വളരെ നന്ദി..! മൊബൈല്‍ ക്യാമറയിലെ സീന്‍ മോഡുകളെ കുറിച്ചൊന്നും പറഞ്ഞില്ല...! ഈയുള്ളവന്‍ നോക്കിയ N 73 ഉപയോഗിച്ച് കുറെ കുഞ്ഞാപ്പു ചിത്രങ്ങള്‍ എടുത്ത് നടക്കാറുണ്ട്. N 73-യിലെ ക്ലോസപ് മൊഡുപയോഗിച്ച് കിടിലന്‍ ഫോട്ടോസ് എടുക്കാന്‍ പറ്റുമ്മെന്നറിയാല്ലോ...!! കൂടുതല്‍ പേര്‍ക്കും അതറിയില്ല...(എന്നെപ്പോലുള്ള കുഞ്ഞാപ്പുകളെയാണു ഉദ്ദേശിച്ചത്. പ്രൊഫഷണല്‍സിനെ അല്ല..) അക്കാര്യം കൂടി ഉള്‍പ്പെടുത്തി കുറച്ചുകൂടി വിശാലമായ ഒരു പോസ്റ്റിനു കാത്തിരിക്കട്ടേ..? പ്ലീ​‍ീ​‍ീ​‍ീസ്...!!

ചില കുഞ്ഞാപ്പു ചിത്രങ്ങളിവിടെ...www.naadukaani.blogspot.com പരിശോധിച്ച് പോരായ്മകള്‍ പറഞ്ഞു തരുമല്ലോ (പണി കിട്ടി..)!

നേരമ്പോക്കിനു എടുക്കുന്ന ഫോട്ടോ കളാണേയ്...

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome