Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Tuesday, July 24, 2007

ഫയര്‍ഫോക്സും ആഡ്‌-ഓണുകളും

Firefox, Add-ons, Mozilla, Download, Selected, Recommended, FireFTP, FlashGot, Greasemonkey, Download Manager, Padma, FireFTP, InfoKairali, Info Kairali, Article, Published
ഫയര്‍ഫോക്സെന്നു കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഇന്റര്‍നെറ്റില്‍ ലഭ്യമായ വെബ് പേജുകള്‍ കാണുവാന്‍ നമ്മുടെ കമ്പ്യൂട്ടറില്‍ അത്യാവശ്യം വേണ്ട ഒരു സോഫ്റ്റ്വെയറാണല്ലോ ബ്രൌസര്‍. വിന്‍ഡോസിനൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് അധികം പേരും ഉപയോഗിക്കുക. എന്നാല്‍ ഇതല്ലാതെ ധാരാളം മറ്റ് ബ്രൌസറുകളും ഇന്ന് ലഭ്യമാണ്. അത്തരത്തിലൊരു ബ്രൌസറാണ് മോസില്ല ഫയര്‍ഫോക്സ്. ഒരു ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമായ ഫയര്‍ഫോക്സിന് ഇന്റര്‍നെറ്റ് എക്സ്പ്ലോററിനില്ലാത്ത നിരവധി മേന്മകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ആഡ്-ഓണുകള്‍ ചേര്‍ക്കുവാനുള്ള സൌകര്യം.

എന്താണ് ഫയര്‍ഫോക്സ് ആഡ്-ഓണുകള്‍?
ഇന്റര്‍നെറ്റില്‍ ലഭ്യമായ വെബ് പേജുകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ലഭ്യമാക്കുക എന്നതിലുപരിയായി ഫയര്‍ഫോക്സിനെ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാനും ഫയര്‍ഫോക്സിനെ നമ്മുടെ ആവശ്യങ്ങള്‍ക്കുതകുന്ന തരത്തില്‍ സജ്ജമാക്കുവാനും സഹായിക്കുന്ന ചെറു സോഫ്റ്റ്‌വെയറുകളെയാണ് ആഡ്-ഓണുകള്‍ എന്നു പറയുന്നത്. പല ആവശ്യങ്ങള്‍ക്കായി പല തരത്തിലുള്ള ആഡ്-ഓണുകള്‍ ഇന്ന് ലഭ്യമാണ്. അതൊരു പക്ഷെ പ്ലഗിനുകളാവാം (ഉദാ: ഫ്ലാഷ് മൂവികള്‍ അടങ്ങിയിരിക്കുന്ന ഒരു വെബ് പേജ് ദൃശ്യമാക്കുവാന്‍ ഫ്ലാഷ് പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം), സേര്‍ച്ച് എഞ്ചിനുകളാവാം (ഫയര്‍ഫോക്സില്‍ അഡ്രസ് ബാറിനു സമീപമായി ഒരു സേര്‍ച്ച് ബോക്സ് ലഭ്യമാണ്. അതായത് ഗൂഗിളിന്റെ ഒരു സേര്‍ച്ച് എഞ്ചിന്‍ ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നാല്‍, ഗൂഗിളിന്റെ വെബ് സൈറ്റിലെത്താതെ തന്നെ സേര്‍ച്ച് ചെയ്തു തുടങ്ങാവുന്നതാണ്, റിസള്‍ട്ടുകള്‍ ബ്രൌസറില്‍ തുറന്നുവരും), തീമുകളാവാം (ഫയര്‍ഫോക്സിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുവാന്‍ തീമുകള്‍ ഉപയോഗിക്കാം), എക്സ്റ്റന്‍ഷനുകളാവാം (ബ്രൌസര്‍ എന്നതിലുപരിയായി ഫയര്‍ഫോക്സിനെ മറ്റ് ആവശ്യങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ വിപുലപ്പെടുത്തുവാനുള്ള ആഡ്-ഓണുകള്‍). തിരഞ്ഞെടുത്ത അഞ്ച് ആഡ്-ഓണുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

തിരഞ്ഞെടുത്ത ആഡ്-ഓണുകള്‍
1. ഫ്ലാഷ്‌ഗോട്ട് (FlashGot)
ഫയര്‍ഫോക്സില്‍ ഡൌണ്‍ലോഡുകള്‍ മാനേജ് ചെയ്യുവാനായി ഒരു ഡിഫോള്‍ട്ട് ഡൌണ്‍ലോഡ് മാനേജര്‍ ലഭ്യമാണ്. എന്നാല്‍ ഒരു തേഡ്-പാര്‍ട്ടി ഡൌണ്‍ലോഡ് മാനേജര്‍ നമ്മുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതിലേക്ക് ഡൌണ്‍ലോഡുകളെ തിരിച്ചുവിടുവാനായി ഫ്ലാഷ്‌ഗോട്ട് എന്ന ആഡ്-ഓണ്‍ പ്രയോജനപ്പെടുത്താം. അതുമാത്രവുമല്ല ഒരു പേജിലെ അല്ലെങ്കില്‍ വിവിധ ടാബുകളിലെ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്ന എല്ലാ ഫയലുകളേയും ഒറ്റയടിക്ക് ഡൌണ്‍ലോഡ് ചെയ്യുവാനുള്ള നിരയിലേക്ക് കൂട്ടിച്ചേര്‍ക്കുവാനും ഫ്ലാഷ്‌ഗോട്ട് ഉപയോഗിച്ച് സാധിക്കും. ഒന്നില്‍ കൂടുതല്‍ ഡൌണ്‍ലോഡ് മാനേജറുകള്‍ ഒരേ സമയം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളില്‍, ഓരോ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോഴും ഏതു മാനേജര്‍ ഉപയോഗിക്കണമെന്ന് പ്രത്യേകം തിരഞ്ഞെടുക്കുവാനും ഫ്ലാഷ്‌ഗോട്ട് ഉപയോഗിച്ചു സാധിക്കുന്നു. ഫ്ലാഷ്‌ഗോട്ടിനൊപ്പം ഉപയോഗിക്കാവുന്ന ഒരു സൌജന്യ ഡൌണ്‍ലോഡ് മാനേജറാണ് Free Download Manager (FDM).
ഇന്‍സ്റ്റാള്‍ ചെയ്യുക


2. ഐ.ഇ. ടാബ് (IE Tab)
ഇന്റര്‍നെറ്റില്‍ ഫയര്‍‌ഫോക്സ് ഉപയോഗിച്ച് ബ്രൌസ് ചെയ്യുമ്പോള്‍ ഐ.ഇ-യില്‍ മാത്രം ശരിയായി പ്രവര്‍ത്തിക്കുന്ന പല വെബ് സൈറ്റുകളിലും എത്തിപ്പെടും. അങ്ങിനെയുള്ള അവസരങ്ങളില്‍, ഐ.ഇ തുറന്ന് വെബ്-അഡ്രസ് കോപ്പി-പേസ്റ്റ് ചെയ്ത്, അതേ വെബ്-പേജ് വീണ്ടും ലോഡ് ചെയ്യിക്കുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ ഈ ആഡ്-ഓണ്‍ ഉപയോ‍ഗിക്കാം. കൂടാതെ മലയാളം ബ്ലോഗുകളിലെ ചില്ലക്ഷരങ്ങള്‍ ശരിയായി ദൃശ്യമാക്കുവാനും, അലൈന്മെന്റ് ജസ്റ്റിഫൈ എന്ന് സെലക്ട് ചെയ്തിരിക്കുന്ന മലയാളത്തിലുള്ള പാരഗ്രാഫുകള്‍ ശരിയായി വായിക്കുവാനും ഐ.ഇ. ടാബ് പ്രയോജനപ്പെടുത്താം. ഫയര്‍ഫോക്സിനുള്ളില്‍ നിന്നു തന്നെ ഐ.ഇ. റെന്‍ഡറിംഗ് എഞ്ചിന്‍ ഉപയോഗിച്ച് വെബ് പേജുകള്‍ ദൃശ്യമാക്കുകയാണ് ഐ.ഇ. ടാബ് ചെയ്യുന്നത്. ഈ രീതിയില്‍ ബ്രൌസ് ചെയ്യുമ്പോ‍ള്‍ ഫയര്‍ഫോക്സിന്റെ ബ്രൌസര്‍ ഇന്റര്‍ഫേസ് മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നതും ഓര്‍മ്മയിരിക്കട്ടെ. അതായത്, ഇന്റര്‍നെറ്റ് എക്സ്പ്ലോ‍റര്‍ റെന്‍ഡറിംഗ് എഞ്ചിനുള്ള പോരാ‍യ്മകള്‍ ഇവിടെയും പ്രതിഫലിക്കും.

ഈ ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ സ്റ്റാറ്റസ് ബാറില്‍ വലതു മൂലയ്ക്കായി ഫയര്‍ഫോക്സിന്റെ ഒരു ഐക്കണ്‍ ദൃശ്യമായിരിക്കും. ഇതില്‍ ഇടതുമൌസമര്‍ത്തിയാല്‍ ഇപ്പോള്‍ കാ‍ണുന്ന പേജ് അതേ ടാബില്‍ ഐ.ഇ. എഞ്ചിന്‍ ഉപയോഗിച്ച് റെന്‍ഡര്‍ ചെയ്യും, നടുവിലെ ബട്ടണാണ് അമര്‍ത്തുന്നതെങ്കില്‍ അതേ പേജ് പുതിയൊരു ടാബിലാവും റെന്‍ഡര്‍ ചെയ്യപ്പെടുക. വലതു മൌസ് ബട്ടണ്‍ അമര്‍ത്തിയാല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമായ IE Tab Options ഡയലോഗ് ബോക്സ് ദൃശ്യമാവും. Tools > IE Tab Options സെലക്ട് ചെയ്തും ഈ ഡയലോഗ് ബോക്സ് ലഭ്യമാക്കാം. ഡിഫോള്‍ട്ടായി ചില വെബ് സൈറ്റുകള്‍ ഐ.ഇ. എഞ്ചിനില്‍ തുറക്കുക, ഐ.ഇ. എഞ്ചിനല്ലാതെ മറ്റ് ബ്രൌസറുകളുടെ എഞ്ചിന്‍ ഉപയോഗിക്കുവാനായി സെറ്റ് ചെയ്യുക എന്നിങ്ങനെയുള്ള ചില സാധ്യതകള്‍ കൂടുതലായി ഇവിടെ ലഭ്യമാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


3. പദ്മ (Padma)
നമുക്കറിയാം, മലയാള ദിനപത്രങ്ങളില്‍ പലതും അവരവരുടെ സ്വന്തം ഫൊണ്ടുകളാണ് അവരവരുടെ വെബ്-സൈറ്റുകളില്‍ ഉപയോഗിക്കുന്നത്. യൂണിക്കോഡിലേക്ക് ആരും എത്തിത്തുടങ്ങിയിട്ടില്ല. അതിനാല്‍ തന്നെ ഓരോ വെബ് സൈറ്റിം ശരിയായി കാണുവാന്‍, അതാത് ഫോണ്ടുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇതിനൊരു പരിഹാരമാ‍ണ് പദ്മ എന്ന ആഡ്-ഓണ്‍. ഇത് വിവിധ മലയാളം വെബ് സൈറ്റുകളെ ലഭ്യമായ യൂണിക്കോഡ് മലയാളം ഫോണ്ടില്‍ ദൃശ്യമാക്കുവാന്‍ സഹായിക്കുന്നു. അതായത് ഒരോ വെബ് സൈറ്റും കാണുവാനായി അതാത് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. മലയാളം മാത്രമല്ല; തെലുങ്ക്, തമിഴ്, ദേവനാഗിരി, ഗുജറാത്തി, ബംഗാളി, കന്നട, ഗുര്‍മുഖി തുടങ്ങിയ ഭാഷകളിലുള്ള വെബ് സൈറ്റുകളേയും യൂണിക്കോഡിലേക്ക് മൊഴിമാറ്റി ദൃശ്യമാക്കുവാന്‍ പദ്മ ഉപകരിക്കും.

പദ്മ ഉപയോഗിക്കുമ്പോള്‍, ഒരുപക്ഷെ ചില സൈറ്റുകള്‍ ഡിഫോള്‍ട്ടായി കണ്‍‌വര്‍ട്ട് ചെയ്യപ്പെടില്ല. അങ്ങിനെയുള്ളവ സ്വന്തമായി പ്രത്യേകം എന്റര്‍ ചെയ്തു നല്‍കുക. Tools > Add-ons എന്ന ലിസ്റ്റില്‍ പദ്മ സെലക്ട് ചെയ്യുക. Options എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Padma Preference എന്ന ഡയലോഗ് ലഭ്യമാക്കുക. അവിടെ Enable Auto Trasform എന്നത് ‘ടിക്’ ചെയ്ത് Update ബട്ടണില്‍ മൌസമര്‍ത്തുക. തുറന്നുവരുന്ന വിന്‍ഡോയില്‍ പുതിയ സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


4. ഫയര്‍ എഫ്.ടി.പി (FireFTP)
ഇത് പ്രധാനമായും സ്വന്തമായി ഒരു വെബ് സൈറ്റ്, ഒരു FTP (File Transfer Protocol) ആക്സസ് ഉള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്ന വെബ് സൈറ്റ്, ഉള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു ആഡ്-ഓണ്‍ ആണ്. ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രധാന മെനുവില്‍ Tools > FireFTP എന്ന ഐറ്റം സെലക്ട് ചെയ്ത് ഈ ഓപ്ഷന്‍ റണ്‍ ചെയ്യാവുന്നതാണ്. താഴെക്കാണുന്ന രീതിയിലൊരു ജാലകമാവും നമുക്ക് തുടര്‍ന്നു ലഭിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ കാണുവാന്‍ സാധിക്കും.

ഇടതു വശത്ത് മുകളിലായിക്കാണുന്ന Manage Account എന്ന ടാബില്‍ മൌസമര്‍ത്ത്, ലഭ്യമായ മെനുവില്‍ നിന്നും New... എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. തുറന്നുവരുന്ന Account Manager ഡയലോഗ് ബോക്സില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി Connect എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇടതു ഭാഗത്ത് നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകളും വലതുഭാഗത്ത് റിമോട്ട് സെര്‍വറിലെ ഫയലുകളും ലിസ്റ്റ് ചെയ്യപ്പെടും. ആവശ്യമുള്ള ഫയലുകള്‍ സെലക്ട് ചെയ്ത് നടുവിലെ ആരോ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡിംഗ്/അപ്‌ലോഡിംഗ് എന്നിവ സാധ്യമാക്കാം. ഫയലുകള്‍ സെലക്ട് ചെയ്ത് ഡ്രാഗ് ചെയ്തും അങ്ങോട്ടുമിങ്ങോട്ടും മൂവ് ചെയ്യാവുന്നതാണ്. ഒരു എഫ്.ടി.പി. ക്ലയന്റിനു വേണ്ട പ്രാഥമികമായ എല്ലാ സാധ്യതകളും FireFTP-യില്‍ ലഭ്യമാണ്.
ഇന്‍സ്റ്റാള്‍ ചെയ്യുക


5. ഗ്രീസ്‌മങ്കി (Greasemonkey)
ചെറിയ ജാവ സ്ക്രിപ്റ്റുകളുപയോഗിച്ച് നമ്മള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളുടെ രൂപത്തേയും അതിന്റെ പ്രവര്‍ത്തനത്തേയും നമ്മുടെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയിലാക്കുവാന്‍ ഈ ആഡ്-ഓണ്‍ സഹായിക്കുന്നു. ഗ്രീസ്‌മങ്കിയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന കുറേയധികം സ്ക്രിപ്റ്റുകള്‍ ഇവിടെ ലഭ്യമാണ്. ഇതു കൂടാതെ നമുക്ക് സ്വന്തമായി സ്ക്രിപ്റ്റുകള്‍ എഴുതുവാനും സാധിക്കും.

ഗ്രീസ്‌മങ്കി ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ ഒരു കുരങ്ങന്റെ തല സ്റ്റാ‍റ്റസ് ബാറില്‍ വലത്തേയറ്റത്തായി ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്തി ഗ്രീസ്‌മങ്കി സ്ക്രിപ്റ്റുകള്‍ എനേബിള്‍/ഡിസേബിള്‍ ചെയ്യുവാന്‍ കഴിയും. Tools > Greasemonkey > Manage User Scripts... സെലക്ട് ചെയ്താല്‍ ഓരോ സ്ക്രിപ്റ്റും ഉപയോഗിക്കേണ്ട പേജുകള്‍, ഉപയോഗിക്കരുതാത്ത പേജുകള്‍ എന്നിവയൊക്കെ സെറ്റ് ചെയ്യുവാന്‍ സാധിക്കും. ആവശ്യം കഴിഞ്ഞ സ്ക്രിപ്റ്റുകള്‍ ഇവിടെ നിന്നും ഒഴിവാക്കുകയുമാവാം.
ഇന്‍സ്റ്റാള്‍ ചെയ്യുക
--

(2007 സെപ്റ്റംബര്‍ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Firefox, Add-ons, Mozilla, Download, Selected, Recommended, FireFTP, FlashGot, Greasemonkey, Download Manager, Padma, FireFTP, InfoKairali, Info Kairali, Article, Published
--

9 comments:

Haree said...

ഫയര്‍ ഫോക്സിനേയും, ഫയര്‍ഫോക്സില്‍ ലഭ്യമായിരിക്കുന്ന ആഡ്-ഓണുകളേയും പ്രതിപാദിക്കുന്ന ഒരു ചെറിയ കുറിപ്പ്.
--

G.MANU said...

firefoxil unicode vayikkan patumo hari?

സാജന്‍| SAJAN said...

ഹരി, ഈ രചന ഇഷ്ടപ്പെട്ടു..
സത്യത്തില്‍ ഐ ഈയും ആയി കമ്പയര്‍ ചെയ്യുമ്പോള്‍ തീക്കുറുക്കന് എന്തെങ്കിലും അഡ്വാണ്ടേജ് ഉണ്ടോ? ഞാന്‍ ഒരിക്കല്‍ ഇത് ഡൌണ്‍ ലോഡ് ചെയ്തിട്ട് വേണ്ടന്നു കരുതി തിരിച്ച് ഐ. ഈയിലേക്ക് വന്നതാണ്:)

നന്ദന്‍ said...

ഹരീഷേ,

ഇതേതായാലും അടിപൊളിയായി.. പക്ഷേ എനിക്ക് ഓഫീസില്‍ ഇപ്പോഴും ഫയര്‍ഫോക്സില്‍ മലയാളം കറക്റ്റ് ആയി കിട്ടുന്നില്ല.. ബ്രൌസര്‍ സെറ്റിംഗ് എല്ലാം ചെയ്തിട്ടുണ്ട്. അതിനെന്താ കാരണം??

പിന്നെ ഐ ഇ ടാബ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ കാണൂന്ന പേജ് ഐ ഇ യില്‍ എങ്ങനെ കാണുന്നു എന്നാണോ? അങ്ങിനെയെങ്കില്‍ എനിക്ക് ടെസ്റ്റ് ചെയ്യാന്‍ രണ്ടും കൂടി ഓപ്പണ്‍ ചെയ്യണ്ടായിരുന്നു.. :)

പദ്മ ഉപയോഗിക്കുമ്പോള്‍ വേറെ സെറ്റിംഗ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ??

R. said...

ഹരീ, താങ്ക്സ് !
ഫ്ളാഷ്ഗോട്ട് ഇപ്പത്തന്നെ ഇന്‍സ്റ്റാള് ചെയ്തു, നമ്മടെ പ്രിയപ്പെട്ട ഡൌണ്‍ലോഡ് മാനേജര്‍ 'പ്രോസില്ല' ആയി സെറ്റ് ചെയ്യുകേം ചെയ്തു. മുന്പൊക്കെ ലിങ്ക് കോപ്പി ചെയ്ത്, 'ടെര്‍മിനല്‍' ഓപ്പണ്‍ ചെയ്ത്, 'proz' കമാന്‍ഡ് ടൈപ്പ് ചെയ്ത്, ലിങ്ക് പേസ്റ്റ് ചെയ്ത്... ഹോ എന്തെല്ലാം പങ്കപ്പാടായിരിന്നു! ഇപ്പൊ ആഹാ, ജീവിതം സുന്ദര സുരഭിലം.

Haree said...

മനുവിനോട്,
തീര്‍ച്ചയായും സാധിക്കും. അതെന്തേ അങ്ങിനെയൊരു സംശയം?

സാജനോട്,
ഫയര്‍ഫോക്സ് ലൈറ്റായുള്ള ഒരു ആപ്ലിക്കേഷനായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടാബ് ബ്രൌസിംഗ്, പ്ലഗിനുകള്‍, സ്കിന്നുകള്‍ ഇതൊക്കെ ഫയര്‍ഫോക്സിന്റെ പ്രത്യേകതകളാണ്. ഐ.ഇ 7-ല്‍ കുറേയൊക്കെ ഫയര്‍ഫൊക്സിന്റെ ഗുണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷെ, അതു പിന്നെയും ഒരു ഹെവി ആപ്ലിക്കേഷനായി മാറി. ഐ.ഇ. 7 ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് ഡിലീറ്റ് ചെയ്തു കളഞ്ഞു. ഇപ്പോള്‍ അപൂര്‍വ്വമായേ ഐ.ഇ 6 തന്നെ ഉപയോഗിക്കാറുള്ളൂ.

നന്ദനോട്,
ഈ ലിങ്കില്‍ പറഞ്ഞിരിക്കുന്നവയെല്ലാം ചെയ്തുവെന്നു കരുതട്ടെ. എന്നിട്ടും ശരിയായി കാണിക്കുന്നില്ലെങ്കില്‍, എനിക്ക് ഉത്തരമില്ല. :(
അതെ, ഐ.ഇ-യില്‍ എങ്ങിനെയാണോ ഒരു പേജ് റെന്‍ഡര്‍ ചെയ്യുക അതേ രീതിയില്‍ ഫയര്‍ഫോക്സ് ഇന്റര്‍ഫേസിനുള്ളില്‍ റെന്‍ഡര്‍ ചെയ്യുന്നു. ടെസ്റ്റ് ചെയ്ത് നോക്കിക്കോളൂ. പദ്മ ഉപയോഗിക്കുമ്പോള്‍, ഒരുപക്ഷെ ചില സൈറ്റുകള്‍ കണ്‍‌വര്‍ട്ട് ചെയ്യപ്പെടില്ല. അങ്ങിനെയുള്ളവ സ്വന്തമായി പ്രത്യേകം എന്റര്‍ ചെയ്തു നല്‍കുക. Tools > Add-ons എന്ന ലിസ്റ്റില്‍ പദ്മ സെലക്ട് ചെയ്യുക. Options എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Padma Preference എന്ന ഡയലോഗ് ലഭ്യമാക്കുക. അവിടെ Enable Auto Trasform എന്നത് ‘ടിക്’ ചെയ്ത് Update ബട്ടണില്‍ മൌസമര്‍ത്തുക. തുറന്നുവരുന്ന വിന്‍ഡോയില്‍ പുതിയ സൈറ്റുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

രജീഷിനോട്,
ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)
--

മൂര്‍ത്തി said...

നന്ദി ഹരീ...പദ്മ ഇന്‍സ്റ്റാള്‍ ചെയ്തു..

Inji Pennu said...

ഹരി ഒരു സജഷന്‍. ആദ്യം റീഡര്‍ ലിസ്റ്റില്‍ നിന്ന് ക്ലിക്കേണ്ടി വരുന്നു, പിന്നെ പോസ്റ്റിലും ഒരു കണ്ടിന്യൂ, രണ്ട് ക്ലിക്ക്...അത് വേണൊ?

Haree said...

മൂര്‍ത്തിയോട്,
:) പ്രയോജനപ്പെട്ടുവെന്നു കരുതുന്നു.

ഇഞ്ചിപെണ്ണിനോട്,
അങ്ങിനെയല്ലല്ലോ, ബ്ലോഗ് ലിങ്കിലാവും ക്ലിക്ക് ചെയ്തിരിക്കുക. പോസ്റ്റ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പിന്നെയും Continue കാണിക്കില്ലല്ലൊ!
--

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome