Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Monday, February 2, 2009

ഫോട്ടോഷോപ്പില്‍ ചിത്രങ്ങള്‍ക്ക് നിറം നല്‍കാം

Adobe Photosop Tutorial: Coloring images in Photoshop.
പിക്സല്‍ ഗ്രാഫിക് എഡിറ്റിംഗ് ആവശ്യങ്ങള്‍ക്ക് ഫോട്ടോഷോപ്പ് ഉപയോഗിക്കാമെന്ന് നമുക്കേവര്‍ക്കുമറിയാം. എന്നാല്‍ ചിത്രപ്പണികള്‍ക്കല്ലാതെ, നാം പേപ്പറില്‍ വരച്ച ഒരു ചിത്രത്തിന്; അല്ലെങ്കില്‍ കോറല്‍ ഡ്രോ, ഇല്ലുസ്ട്രേറ്റര്‍, ഫ്ലാഷ് മുതലായവയില്‍ വരച്ചുണ്ടാക്കിയ ഒരു ചിത്രത്തിന് നിറം നല്‍കുവാനും ഫോട്ടോഷോപ്പ് ഉപയോഗിക്കാവുന്നതാണ്. പേപ്പറില്‍ വരച്ച ചിത്രമാണെങ്കില്‍ ആദ്യമതിനെ സ്കാന്‍ ചെയ്ത് ഫോട്ടോഷോപ്പില്‍ തുറക്കേണ്ടതുണ്ട്. പ്രധാനമെനുവില്‍ File > Import എന്ന വിഭാഗത്തില്‍ നിന്നും കമ്പ്യൂട്ടറില്‍ ലഭ്യമായ സ്കാനര്‍ സെലക്ട് ചെയ്യുക. സ്കാനിംഗ് ഓപ്ഷനുകള്‍ ലഭ്യമായ ജാലകം നമുക്ക് ലഭ്യമാവും. സ്കാനിംഗ് പൂര്‍ത്തിയാവുമ്പോള്‍, സ്കാന്‍ ചെയ്ത ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കപ്പെടും.

 ചാനലുകള്‍

ചിത്രങ്ങള്‍ക്ക് നിറം നല്‍കുന്നതിനു മുന്‍പായി, ഫോട്ടോഷോപ്പിലെ ചാനലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. RGB, CMYK എന്നിങ്ങനെ വിവിധ ഇമേജ് മോഡുകള്‍ ഉള്ളതായി നമുക്കറിയാം. RGB കളര്‍ മോഡിലുള്ള ഒരു ചിത്രത്തിന് Red, Green, Blue എന്നിങ്ങനെ മൂന്ന് ചാനലുകള്‍ ലഭ്യമായിരിക്കും. ഫോട്ടോഷോപ്പില്‍ RGB മോഡിലുള്ള ഒരു ചിത്രം തുറന്നതിനു ശേഷം, പ്രധാനമെനുവില്‍ നിന്നും Window > Channels സെലക്ട് ചെയ്യുക. ലഭ്യമാവുന്ന ചാനല്‍ പാലെറ്റില്‍ RGB, Red, Green, Blue എന്നിങ്ങനെ നാല് ചാനലുകള്‍ കാണുവാന്‍ സാധിക്കും. RGB എന്ന ചാനല്‍ സൌകര്യത്തിനു വേണ്ടി ചേര്‍ത്തിരിക്കുന്നു എന്നതേയുള്ളൂ, മറ്റ് മൂന്ന് ചാനലുകളും ഒരുമിച്ച് സെലക്ട് ചെയ്യുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഓരോ ചാനലുകളും അതാത് നിറത്തിന്റെ ഗ്രേ-സ്കെയില്‍ ടോണ്‍ വിലകളാണ് പ്രതിനിധാനം ചെയ്യുന്നത്. അതായത് 0 മുതല്‍ 255 വരെയുള്ള ചുവപ്പുനിറത്തിന്റെ വിവിധ ടോണുകളാണ് Red ചാനല്‍ കാണിക്കുന്നത്. ഈ രീതിയില്‍ മൂന്നു നിറങ്ങളുടേയും വിവിധ ടോണ്‍ വിലകളുടെ സങ്കരമാണ് ബഹുവര്‍ണ്ണ ചിത്രമായി നമുക്കു മുന്നില്‍ തെളിയുന്നത്. ഒരു ഉദാഹരണം നോക്കുക.


മൂന്നു ചാനലുകളും ചിത്രം 1-ല്‍ ദൃശ്യമാണ്. താഴെ ഇടതു ഭാഗത്തു കാണുന്ന മൂന്നു ചതുരക്കട്ടകള്‍ Red (255, 0, 0), Green (0, 255, 0), Blue (0, 0, 255) എന്ന ക്രമത്തില്‍ ഓരോ നിറത്തെ സൂചിപ്പിക്കുന്നു. ചിത്രം 2-ല്‍ Red ചാനല്‍ മാത്രമായി ദൃശ്യമാക്കിയിരിക്കുന്നു. ചതുരക്കട്ടകളില്‍ ആദ്യത്തേത് പൂര്‍ണ്ണമായി വെളുത്ത നിറത്തിലും, മറ്റു രണ്ടും പൂര്‍ണ്ണമായി കറുത്ത നിറത്തിലും കാണാവുന്നതാണ്. ചുവപ്പ് നിറം ആദ്യത്തെ ചതുരത്തില്‍ അടങ്ങിയിരിക്കുന്നു, മറ്റു രണ്ടിലും ചുവപ്പിന്റെ ഒരു ടോണും ലഭ്യമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചുവപ്പിന്റെ വിവിധ ടോണുകള്‍ അടങ്ങുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ് രണ്ടില്‍ കാണുവാന്‍ സാധിക്കുന്നത്. ഇപ്രകാരം പച്ച, നീല എന്നീ ചാനലുകള്‍ മാത്രമായി കാണിക്കുന്ന 3, 4 ചിത്രങ്ങളും ശ്രദ്ധിക്കുക.


ഇവ കൂടാതെ പുതിയതായി ചാനലുകള്‍ ചേര്‍ക്കുവാനും ഫോട്ടോഷോപ്പില്‍ സാധ്യതയുണ്ട്. ഈ ചാനലുകള്‍ ചിത്രത്തിലേക്ക് എന്തെങ്കിലും ചേര്‍ക്കുന്നില്ല മറിച്ച് ഒരു മാസ്ക് ലെയ‌റിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പുതുതായി ചേര്‍ക്കുന്ന ചാനലുകളെ Alpha ചാനലുകള്‍ എന്നാണ് സൂചിപ്പിക്കുന്നത്. പ്രധാനമായും സെലക്ഷനുകള്‍ സേവ് ചെയ്യുവാനാണ് ആല്‍ഫാ ചാനലുകള്‍ ഉപകരിക്കുന്നത്. ഉദാഹരണത്തിന് മുകളില്‍ കാണുന്ന ചിത്രത്തിന്റെ റെഡ് ചാനല്‍ കോപ്പി ചെയ്യുക. (ലെയറുകള്‍ കോപ്പി ചെയ്യുന്ന രീതിയില്‍, റെഡ് ചാനല്‍ ഡ്രാഗ് ചെയ്ത് ചാനല്‍ പാലെറ്റിന്റെ താഴെ-വലത് ഭാഗത്ത് ലഭ്യമായിരിക്കുന്ന Create new channel ഐക്കണില്‍ ഡ്രോപ്പ് ചെയ്താല്‍ മതിയാവും.) Red copy എന്നൊരു പുതിയ ചാനല്‍ നമുക്ക് ലഭിക്കും. പ്രധാനമെനുവില്‍ Select > Load Selection... എന്ന ഇനം തിരഞ്ഞെടുക്കുക. തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ Channel: എന്ന കോംബോ ബോക്സിന്റെ വിലയായി Red copy സെലക്ട് ചെയ്യുക. OK ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവപ്പിന്റെ സാന്ദ്രതയ്ക്ക് അനുസൃതമായി ഒരു സെലക്ഷന്‍ ദൃശ്യമാവുന്നതാണ്. ചിത്രം ശ്രദ്ധിക്കുക.

 നിറം പകരല്‍


അഡോബി ഫ്ലാഷില്‍ വരച്ചുണ്ടാക്കിയ ഒരു സാന്റാ ക്ലോസിന്റെ ചിത്രത്തിനാണ് ഇവിടെ നിറം നല്‍കുവാന്‍ പോവുന്നത്. ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കുക. ഇമേജ് മോഡ് RGB ആണെന്ന് ഉറപ്പുവരുത്തുക. (പ്രധാനമെനുവില്‍ Image > Mode) ലെയേഴ്സ് പാലെറ്റില്‍ ലഭ്യമായ Background എന്ന ലെയ‌റില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അതിനെ ഒരു സാധാരണ ലെയ‌റാക്കി മാറ്റുക. ഈ ലെയ‌റിനെ നമുക്ക് Santa എന്നു വിളിക്കാം. ചാനത്സ് പാലെറ്റ് തുറക്കുക. കറുത്ത ഔട്ട്‌ലൈന്‍ ആയതിനാല്‍ എല്ലാ ചാനലുകളിലും ചിത്രം ലഭ്യമായിരിക്കും. എതെങ്കിലുമൊരു ചാനല്‍ കോപ്പി ചെയ്യുക. Blue copy എന്ന ഒരു പുതിയ ചാനലാണ് ഇവിടെ ഉണ്ടാക്കിയത്. തുടര്‍ന്ന് ഈ ചാനല്‍ ഇന്‍‌വേര്‍ട്ട് (Ctrl + I അമര്‍ത്തുക) ചെയ്യുക. Blue copy എന്ന ചാനല്‍ ഇപ്പോള്‍ ഒരു ഫിലിം നെഗറ്റീവിനു സമാനമായ രീതിയിലാവും കാണപ്പെടുക. ഇവിടെ ചാനല്‍ ഇന്‍‌വേര്‍ട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പകരം അടുത്ത ഘട്ടത്തില്‍ Load Selection... ഉപയോഗിച്ച്, ലഭ്യമാവുന്ന സെലക്ഷന്‍ ഇന്‍‌വേര്‍ട്ട് ചെയ്താലും മതിയാവും.


ലെയേഴ്സ് പാലെറ്റിലേക്ക് മടങ്ങിയെത്തുക. Santa എന്ന ലെയര്‍ നമുക്ക് പൂര്‍ണ്ണമായും ഗ്രേ (R: 153, G: 153, B: 153) നിറമാക്കാം (ഗ്രേ ഫോര്‍‌ഗ്രണ്ട് നിറമായി സെലക്ട് ചെയ്ത ശേഷം Alt + Del അമര്‍ത്തുക). പുതിയൊരു ലെയര്‍ ചേര്‍ക്കുക. ഇതിനെ നമുക്ക് Strokes എന്നു വിളിക്കാം. പ്രധാനമെനുവില്‍ Select > Load Selection... സെലക്ട് ചെയ്യുക. തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ Channel: എന്നതിന്റെ വിലയായി Blue copy സെലക്ട് ചെയ്യുക. ഫോര്‍‌ഗ്രൌണ്ട് നിറമായി കറുപ്പ് സെലക്ട് ചെയ്തതിനു ശേഷം, Alt + Del അമര്‍ത്തി സെലക്ഷനുള്ളില്‍ ഫില്‍ ചെയ്യുക. ഇപ്പോള്‍ സ്ട്രോക്ക് മാത്രമായി ഒരു ലെയര്‍ നമുക്ക് ലഭ്യമാവും.


മറ്റൊരു ലെയര്‍ കൂടി ലെയേഴ്സ് പാലെറ്റിലേക്ക് ചേര്‍ക്കുക. ഇതിനെ നമുക്ക് Fills എന്നു വിളിക്കാം. Strokes ലെയ‌റില്‍ മാജിക് വാന്‍ഡ് ടൂള്‍ ഉപയോഗിച്ച് ഓരോ ഭാഗവും പ്രത്യേകം സെലക്ട് ചെയ്തതിനു ശേഷം, Fills ലെയറില്‍ കളര്‍ ഫില്‍ ചെയ്യുക. സോളിഡ് കളറുകളാണ് ഇപ്രകാരം ചെയ്യുവാനായി ഉപയോഗിക്കേണ്ടത്. എല്ലാ ഭാഗത്തും നിറം നല്‍കിയതിനു ശേഷം Strokes എന്ന ലെയറിനെ ഏറ്റവും മുകളിലായി അടുക്കുക.


ഫില്‍ എന്ന ലെയര്‍ പൂര്‍ണ്ണമായും കോപ്പി ചെയ്ത് (Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്യുക, Ctrl + C അമര്‍ത്തി കോപ്പി ചെയ്യുക); ചാനത്സ് പാലെറ്റിലെത്തി, അവിടെ പുതുതായി ഒരു ചാനല്‍ ചേര്‍ത്ത് (Create new channel ഐക്കണില്‍ ക്ലിക്ക് ചെയ്യുക, ചാനലിന്റെ പേര് Colors എന്നു നല്‍കുക.), കോപ്പി ചെയ്ത ചിത്രം പേസ്റ്റ് ചെയ്യുക.


തിരികെ ലെയേഴ്സ് പാലെറ്റിലെത്തുക. Shades എന്ന പേരില്‍ മറ്റൊരു ലെയര്‍ കൂടി ചേര്‍ക്കുക. (Colors, Strokes എന്നീ ലെയറുകളുടെ മധ്യത്തിലായി വേണം Shades ചേര്‍ക്കുവാന്‍.) ചാനത്സ് പാലെറ്റിലെത്തി ആവശ്യമുള്ള ഭാഗം മാജിക് വാന്‍ഡ് ടൂള്‍ ഉപയോഗിച്ച് സെലക്ട് ചെയ്യുക. തിരികെ Shades ലെയ‌റിലെത്തി ബ്രഷ് ടൂള്‍ ഉപയോഗിച്ച് നിറങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ഷേഡുകള്‍ നല്‍കാവുന്നതാണ്. ഭാവനയ്ക്ക് അനുസൃതമായി ഇഷ്ടമുള്ള നിറങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമുപയോഗിച്ച് സോളിഡ് കളറുകളെ ചാനലായി സൂക്ഷിച്ചിരിക്കുന്നതിനാല്‍, എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള സെലക്ഷന്‍ ചിത്രത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കും. സങ്കീര്‍ണമായ ചിത്രങ്ങള്‍ക്ക് നിറം നല്‍കുമ്പോള്‍ ഈ രീതി ഏറെ പ്രയോജനപ്രദമാണ്. അല്പം കലാഭിരുചി കൂടിയുണ്ടെങ്കില്‍ മികച്ച രീതിയില്‍ ലൈന്‍‌ആര്‍ട്ടുകള്‍ക്ക് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിറം നല്‍കുവാന്‍ സാധിക്കും.

അനുബന്ധം

(2009 ജാനുവരി ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Coloring images in Adobe Photoshop. Channels, Creating alpha channels, Loading selection from channels, Filling colors. Tutorial on Adobe Photoshop by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog. Also published in InfoKairali January Issue.
--

9 comments:

Haree said...

ഫോട്ടോഷോപ്പില്‍ ചാനലുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് എങ്ങിനെ നിറം നല്‍കാം എന്നു വിശദമാക്കുന്ന ഒരു ട്യൂട്ടോറിയല്‍.

ജോ l JOE said...

Good Tutorial.
I have a doubt..Are you Hareesh, who wrotes articles regularly in info kairaly?

പ്രയാസി said...

ഉപകാരപ്രദം

നന്ദി മാഷെ..

Munna said...

ഹരീ netbooks നെ പറ്റി കേട്ടു

ഒന്നു വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്‌

ഒരു buyers ഗൈഡ് പബ്ലിഷ് ചെയ്യാമോ. . .?

Haree said...

@ ജോ l JOE,
പോസ്റ്റിന്റെ ഒടുവില്‍ പറയുന്നുണ്ടല്ലോ അത്!

@ പ്രയാസി,
നന്ദി. :-)

@ Munna,
Buyers Guide ഇടണമെങ്കില്‍ പല netbook-കള്‍ ഉപയോഗിച്ച് നോക്കണ്ടേ? അതെങ്ങിനെയാണ് കഴിയുക! വിക്കിയിലെ ലേഖനം കണ്ടിരുന്നുവോ? Asus-ന്റെ ASUS Eee PC-യെക്കുറിച്ച് നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്.
--

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

what is the advantage of working in photoshop by creating new layers, from simply dragging and dropping images.? how to work with layers..?

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

I'm a beginner...

Ziya said...

ഹരീ...നന്നായി. സന്തോഷം :)

dhanesh mankulam,
This post might be useful to you... ഫോട്ടോഷോപ്പ് ലേയറുകള്‍: ഒരാമുഖം

കുക്കു.. said...

ഫോട്ടോഷോപ്പ് പഠിക്കണം എന്നാ ആഗ്രഹത്തില്‍ ഇരിക്കുക ആയിരുന്നു ഞാന്‍.....

ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ...
thanks for sharing ur information...

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome