Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Thursday, June 21, 2007

സ്വന്തമായി പൈപ്പുണ്ടാക്കാം


യാഹൂവിന്റെ പുതിയ സേവനമായ Pipes-നെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിവുണ്ടാവും. എന്താണ് പൈപ്പുകള്‍, ഇവ എങ്ങിനെ നമുക്ക് ബ്ലോഗിംഗില്‍ പ്രയോജനപ്പെടുത്താം എന്നൊക്കെ ലളിതമായി വിശദീകരിക്കുവാന്‍ ശ്രമിച്ചിരിക്കുന്നു ഇവിടെ. പൈപ്പുകളെക്കുറിച്ച് യാഹൂ പറയുന്നത് ഇങ്ങിനെ: Pipes is an interactive data aggregator and manipulator that lets you mashup your favorite online data sources.

എന്താണ് പൈപ്പുകള്‍?
വെബ് സൈറ്റുകളിലെ RSS ഫീഡുകള്‍ എല്ലാവര്‍ക്കും ഇന്ന് പരിചിതമാണ്. വെബ് സൈറ്റില്‍ പുതുതായി എന്തൊക്കെ ചേര്‍ക്കപ്പെട്ടു എന്നറിയുവാന്‍, ദിനവും വെബ് സൈറ്റ് സന്ദര്‍ശിക്കുക, എന്ന ബുദ്ധിമുട്ട് ഫീഡുകളുടെ വരവോടെ ഇല്ലാതായി. അതാത് സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന ഫീഡുകള്‍ സബ്‌സ്ക്രൈബ് ചെയ്താല്‍ മാത്രം മതിയാവും, വെബ് സൈറ്റിലെ ഓരോ പുതു കൂട്ടിച്ചേര്‍ക്കലുകളും നിങ്ങളുടെ ഫീഡ് റീഡറില്‍ (ഉദാ: ഗൂഗിള്‍ റീഡര്‍, ബ്ലോഗ് ലൈന്‍സ്, മൈ യാഹൂ) എത്തിച്ചേരും. നിങ്ങളുടെ റീഡര്‍ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ സബ്‌സ്ക്രൈബ് ചെയ്തിരിക്കുന്ന എല്ലാ വെബ് സൈറ്റുകളിലും വന്നിട്ടുള്ള അപ്‌ഡേറ്റ്സ് നിങ്ങളുടെ റീഡറില്‍ ദൃശ്യമാവും. ചില വെബ് സൈറ്റുകള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും ഫീഡില്‍ അനുവദിക്കുമ്പോള്‍, ചിലവ ഉള്ളടക്കം മാത്രം നല്‍കുന്നു. താത്പര്യം തോന്നുന്നെങ്കില്‍ ഉള്ളടക്കത്തില്‍ ക്ലിക്ക് ചെയ്ത് അവരുടെ വെബ് പേജിലെത്തി മുഴുവനും കാണാവുന്നതാണ്.

ഇതില്‍ പൈപ്പുകള്‍ എന്താണ് ചെയ്യുന്നത്? ഇങ്ങിനെ ധാരാളം ഫീഡുകള്‍ നമ്മള്‍ സബ്സ്ക്രൈബ് ചെയ്തു എന്നിരിക്കട്ടെ. എന്നാല്‍, ഓരോ സൈറ്റിലേയും ഫീഡുകളില്‍, എല്ലാ വിഷയത്തിലും നമുക്ക് താത്പര്യമുണ്ടാവണമെന്നില്ല. ഉദാ: ഒരു വെബ് സൈറ്റ് സിനിമയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും വിവരങ്ങള്‍ തരുന്നു എന്നു കരുതുക. നമുക്ക് പുസ്തകങ്ങളെക്കുറിച്ച് മാത്രം അറിഞ്ഞാല്‍ മതി. എന്നാല്‍ അവരുടെ ഫീഡില്‍ രണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അപ്പോള്‍, പൈപ്പ് ഉപയോഗിച്ച് നമുക്ക് പുസ്തകങ്ങളുടെ വിവരങ്ങള്‍ മാത്രമായി ഫില്‍റ്റര്‍ ചെയ്യുവാന്‍ സാധിക്കും. ഇത് ഒരു ഉദാഹരണം മാത്രം. ഒന്നിലധികം ഫീഡുകള്‍ ഒറ്റക്കെട്ടാക്കി ഒരു ടൈറ്റിലില്‍ സബ്സ്ക്രൈബ് ചെയ്യുക. ഒരു ഫീഡിനെ തന്നെ രണ്ട് പേരുകളില്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്യുക, ഇങ്ങിനെ കുറേയധികം സാധ്യതകള്‍ പൈപ്പിനുണ്ട്.

പൈപ്പുകളും ബ്ലോഗിംഗും
പൈപ്പുകള്‍ എങ്ങിനെ ബ്ലോഗിംഗില്‍ പ്രയോജനപ്പെടുത്താം? പൈപ്പ് എങ്ങിനെ ഉണ്ടാക്കാം എന്നറിഞ്ഞുകഴിഞ്ഞാല്‍ നിങ്ങള്‍ക്കു തന്നെ സ്വന്തമായി ധാരാളം പ്രയോജനങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. അതിനായി പൈപ്പിന്റെ ഒരു ഉപയോഗവും അതെങ്ങിനെ സാധ്യമാക്കാം എന്നും ഇവിടെ വിശദമാക്കുന്നു.

നിങ്ങള്‍ക്ക് ഒന്നിലധികം ബ്ലോഗുകളുണ്ടെന്നു കരുതുക. എല്ലാ ബ്ലോഗിലും പല പോസ്റ്റുകളിലായി വരുന്ന കമന്റുകള്‍ ചിലപ്പോള്‍ കണ്ടു എന്നു തന്നെ വരില്ല, പിന്നല്ലേ അവയ്ക്ക് മറുപടി നല്‍കുന്നത്! ഒരു പോംവഴി, എല്ല ബ്ലോഗിന്റേയും കമന്റ് ഫീഡ് നിങ്ങളുടെ റീഡറില്‍ ചേര്‍ക്കുക എന്നതാണ്. എന്നാല്‍ പൈപ്പുകള്‍ ഉപയോഗിച്ച് എല്ലാ കമന്റ് ഫീഡുകളും ഒരൊറ്റ ഫീഡാക്കി നിങ്ങളുടെ റീഡറില്‍ കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയും. ഇത് എത്രമാത്രം ഉപകാരപ്രദമാണെന്ന് ഉപയോഗിച്ചു തന്നെ മനസിലാക്കണം.

ഇതിനായി ആദ്യം, നിങ്ങളുടെ ഓരോ ബ്ലോഗിന്റേയും ഫീഡ് സെറ്റിംഗുകള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. ബ്ലോഗറില്‍ Settings > Site Feed എന്ന ടാബിലാണ് ഫീഡ് സെറ്റിംഗ്സ് ലഭ്യമായിരിക്കുന്നത്. Switch to: Advanced Mode സെലക്ട് ചെയ്താല്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാവും. Blog Posts Feed, Blog Comment Feed, Per-Post Comment Feeds എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാവും. ഇവയ്ക്ക് മൂന്നിനും None, Short, Full എന്നിങ്ങനെ മൂന്ന് സബ്ബ്-ഓപ്ഷനുകളും ലഭ്യമായിരിക്കും. Blog Posts Feed എന്നത് ബ്ലോഗിലെ പോസ്റ്റുകളുടെ ഫീഡിനെക്കുറിക്കുന്നു. ബ്ലോഗില്‍ ഓരോ പുതിയ പോസ്റ്റ് ചേര്‍ക്കപ്പെടുമ്പോഴും ഈ ഫീഡ് സബ്‌സ്ക്രൈബ് ചെയ്തിരിക്കുന്നവരുടെ റീഡറില്‍ ആ പോസ്റ്റ് ദൃശ്യമാവും. അങ്ങിനെ ദൃശ്യമാക്കണമെന്നില്ലെങ്കില്‍, None സെലക്ട് ചെയ്യുക. പോസ്റ്റിന്റെ കുറച്ചു ഭാഗം മാത്രം ദൃശ്യമാക്കുവാന്‍ Short എന്ന ഓപ്ഷനും, മുഴുവനായും ദൃശ്യമാക്കുവാന്‍ Full എന്ന ഓപ്ഷനും സെലക്ട് ചെയ്യാവുന്നതാണ്. Blog Comment Feed എന്നത്, ആ ബ്ലോഗിലെ എല്ലാ പോസ്റ്റിലും വരുന്ന കമന്റുകള്‍ അഗ്രിഗേറ്റ് ചെയ്യുന്ന ഫീഡിനേയും, Per-Post Comment Feeds എന്നത് ഓരോ പോസ്റ്റിലും വരുന്ന കമന്റുകള്‍ പ്രത്യേകമായി അഗ്രിഗേറ്റ് ചെയ്യുന്ന ഫീഡുകളേയും സൂചിപ്പിക്കുന്നു. ഇതില്‍ Blog Comment Feed എന്നത് Full എന്ന് സെലക്ട് ചെയ്യുക. ഈ ഫീഡാണ് നമ്മള്‍ പൈപ്പ് ചെയ്ത് റീഡറില്‍ എത്തിക്കുവാന്‍ പോകുന്നത്. ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍, ചിത്രത്തെ പുതിയ വിന്‍ഡോയില്‍ വലുതായി കാണാവുന്നതാണ്.

ഒരു പൈപ്പ് എങ്ങിനെ സ്വന്തമായുണ്ടാക്കാം?
സ്വന്തമായി യാഹൂവില്‍ ഒരു പൈപ്പുണ്ടാക്കുവാന്‍ http://pipes.yahoo.com എന്ന വെബ് സൈറ്റിലെത്തുകയാണ് ആദ്യം വേണ്ടത്. അവിടെ നിങ്ങളുടെ യാഹൂ! യൂസര്‍ നെയിം/പാസ്‌വേഡ് എന്റര്‍ ചെയ്ത് ലോഗിന്‍ (വലതു വശത്ത് മുകള്‍ ഭാഗത്തായി Login ലിങ്ക് ലഭ്യമാണ്) ചെയ്യുക. തുടര്‍ന്ന് പ്രധാന നാവിഗേഷനില്‍ ലഭ്യമായ Create a Pipe എന്ന ബട്ടണില്‍ മൌസമര്‍ത്തി പൈപ്പ് എഡിറ്റിംഗ് പേജിലെത്തുക. താഴെ ചിത്രത്തില്‍ കാണുന്നതിനു സമാനമായ ഒരു ജാലകമാവും നിങ്ങള്‍ക്ക് ലഭിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍, ചിത്രത്തെ പുതിയ വിന്‍ഡോയില്‍ വലുതായി കാണാവുന്നതാണ്.

നമുക്ക് ഈ ജാലകത്തെ നാല് പ്രധാന ഭാഗങ്ങളായി തിരിക്കാം. (മുകളില്‍ കാണുന്ന ചിത്രം ശ്രദ്ധിക്കുക)
1. ഇവിടെയാണ് പൈപ്പ് നിര്‍മ്മാണത്തിനാവശ്യമായ വിവിധ കമ്പൊണെന്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. ആവശ്യമുള്ള കമ്പൊണെന്റ് 2-ലേക്ക് ഡ്രാഗ് ചെയ്ത് ഡ്രോപ്പ് ചെയ്യുകയേ വേണ്ടൂ.
2. ഇവിടെയാണ് പൈപ്പിന്റെ നിര്‍മ്മാണം നടത്തുന്നത്. ഏതെങ്കിലും ഒരു കമ്പൊണെന്റ് ആഡ് ചെയ്തു കഴിഞ്ഞാല്‍, Pipe Output എന്നൊരു ബ്ലോക്ക് സ്വയം നിര്‍മ്മിക്കപ്പെടും.
3. ഓരോ കമ്പൊണെന്റിനെക്കുറിച്ചും വളരെ ചുരുങ്ങിയ ഒരു ഹെല്പ് ഇവിടെ ലഭിക്കും. 2-ല്‍ ചേര്‍ത്തിരിക്കുന്ന ഏതെങ്കിലും ഒരു കമ്പൊണെന്റിലെ ഹെല്‍പ്പ് ഐക്കണില്‍ (ടൈറ്റില്‍ ബാറില്‍) ക്ലിക്ക് ചെയ്യുക, ഇവിടെ അതിന്റെ വിവരണം കാണുവാന്‍ കഴിയും.
4. ഇത് ഡിബഗ്ഗര്‍ ഏരിയ. ഓരോ കമ്പൊണെന്റിലെത്തുമ്പോഴും അതിന്റെ ഔട്ട്പുട്ട് എന്താണെന്ന് ഇവിടെ ദൃശ്യമാക്കുന്നു.

ആദ്യമായി ആവശ്യമുള്ള കമന്റ് ഫീഡുകള്‍ പൈപ്പിലേക്ക് കൊണ്ടുവരണം. അതിനായി Source എന്ന ഗ്രൂപ്പില്‍ ആദ്യം കാണുന്ന Fetch Feed എന്ന കമ്പൊണെന്റ് എഡിറ്ററിലേക്ക് ചേര്‍ക്കുക. കൂട്ടത്തില് Pipe Output എന്ന കമ്പൊണെന്റും ദൃശ്യമാവും. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.


ബ്ലോഗിന്റെ കമന്റുകള്‍ പൈപ്പിലേക്ക് ചേര്‍ക്കുവാനായി, Fetch Feed കമ്പൊണെന്റില്‍, ഒരു ക്രോസ് [X] ബട്ടണ് വലതു ഭാഗത്തായി കാണുന്ന ടെക്സ്റ്റ് ഏരിയായില്‍ കമന്റ് ഫീഡ് എന്റര്‍ ചെയ്യുക. കൂടുതല്‍ ബ്ലോഗുകള്‍ എന്റര്‍ ചെയ്യുവാനായി, URL എന്നതിന്റെ ഇടതു ഭാ‍ഗത്ത് കാണുന്ന [+] ബട്ടണില്‍ മൌസമര്‍ത്തുക. ചേര്‍ത്ത URL ടെക്സ്റ്റ് ബോക്സ് ഒഴിവാക്കുവാനായി [X] ബട്ടണ്‍ ഉപയോഗിക്കാം.
http://your-blog-name.blogspot.com/feeds/comments/default
എന്ന രീതിയിലാണ് ഫീഡുകള്‍ നല്‍കേണ്ടത്. ഇതേ രീതിയില്‍ കൂടുതല്‍ URL ഫീ‍ല്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് ആവശ്യമുള്ള ബ്ലോഗുകളുടെയെല്ലാം ഫീഡ് എന്റര്‍ ചെയ്യുക.

Fetch Feed കമ്പൊണെന്റും Pipe Output കമ്പൊണെന്റും കൂട്ടിച്ചേര്‍ക്കുവാനായി Fetch Feed ഐറ്റത്തിന്റെ കീഴ്‌ഭാഗത്ത് മധ്യത്തിലായി കാണുന്ന ചെറിയ വൃത്തത്തില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക. ഒരു പൈപ്പ് ദൃശ്യമാവും. മറ്റ് ഐറ്റങ്ങളുടെ മുകള്‍ ഭാഗത്ത് സമാനമായ ഒരു വൃത്തം കാണപ്പെടും. അതില്‍ ഏതാണോ ഹൈലൈറ്റ് ചെയ്യപ്പെടുക അതിലേക്കാവും ക്ലിക്ക് വെടുമ്പോള്‍ പൈപ്പ് കൂട്ടിച്ചേര്‍ക്കപ്പെടുക. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.


Pipe Output എന്ന ഐറ്റം സെലക്ട് ചെയ്യുക. Debugger ഏരിയായില്‍ ഇപ്പോള്‍ നമുക്ക് ലഭിക്കുന്ന ഔട്ട്പുട്ട് ദൃശ്യമാവും. എന്നാല്‍ ഇതിലൊരു കുഴപ്പമുണ്ട്. ആദ്യം ഏതു ഫീഡ് ലോഡാവുന്നോ അതിലെ കമന്റുകള്‍ ആദ്യം കാണിക്കും, രണ്ടാമത് ലോഡാവുന്ന ഫീഡിന്റെ കമന്റുകള്‍ മുഴുവന്‍ അടുത്തതായി, അങ്ങിനെയങ്ങിനെ മുഴുവന്‍ ഫീഡുകളും ലോഡാവുന്നതനുസരിച്ചാവും പൈപ്പിന്റെ ഔട്ട്പുട്ട്. നമുക്ക് ഏറ്റവും പുതുതായി വന്ന കമന്റല്ലേ ആദ്യം കാണേണ്ടത്? അതായത്, ഏറ്റവും അവസാനമാണ്, പുതിയ കമന്റ് അടങ്ങുന്ന ഒരു ഫീഡ് ലോഡാവുന്നതെങ്കില്‍ ഈ ഔട്ട്പുട്ട് പ്രയോജനപ്പെടുകയില്ലല്ലോ? അതിനാല്‍ ഈ ഫീഡുകളിലെ കമന്റുകള്‍ സോര്‍ട്ട് ചെയ്യുകയാണ് അടുത്ത പടി.

Operators എന്ന ഗ്രൂപ്പില്‍ നിന്നും നമുക്ക് Sort കമ്പൊണെന്റ് ലഭ്യമാവും. Sort കമ്പൊണെന്റില്‍ എന്തിനെ അധികരിച്ച് സോര്‍ട്ടിംഗ് നടത്തണം എന്നത് നല്‍കുവാന്‍ കഴിയും. ഇവിടെ നമുക്ക് കമന്റ് പബ്ലിഷ് ചെയ്ത ദിവസത്തെ അധികരിച്ചാണ് സോര്‍ട്ടിംഗ് ചെയ്യേണ്ടത്. അതിനാല്‍ ആദ്യത്തെ ഡ്രോപ്പ് ഡൌണ്‍ ബോക്സില്‍ നിന്നും item.pubDate എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. രണ്ടമത്തേതില്‍ നിന്നും descending എന്നതും സെലക്ട് ചെയ്യുക. പൈപ്പ് Fetch Feed-ല്‍ നിന്നും Sort-ലേക്കും തുടര്‍ന്ന് Pipe Output-ലേക്കും മാറ്റി കണക്ട് ചെയ്യുക. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍, ചിത്രത്തെ പുതിയ വിന്‍ഡോയില്‍ വലുതായി കാണാവുന്നതാണ്.

ഇപ്പോള്‍ പുതിയ കമന്റുകള്‍ ഏറ്റവും മുകളിലെന്ന രീതിയില്‍ ദൃശ്യമാവും. എന്നാല്‍ ഇപ്പോഴും ഒരു പ്രശ്നമുണ്ട്. ബ്ലോഗിന്റെ ഉടമയിട്ട മറുപടി കമന്റുകളും ഫീഡിലെത്തും. അത് റീഡറില്‍ എത്തേണ്ട കാര്യമില്ലല്ലോ! ബ്ലോഗ് ഓണറുടെ കമന്റുകള്‍ ഒഴിവാക്കുവാനായി നമുക്ക് Filter എന്ന കമ്പൊണെന്റ് ഉപയോഗിക്കാം.

Operators എന്ന ഗ്രൂപ്പില്‍ തന്നെയാണ് Filter എന്ന ഐറ്റവും ലഭ്യമായിരിക്കുക. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍, ചിത്രത്തെ പുതിയ വിന്‍ഡോയില്‍ വലുതായി കാണാവുന്നതാണ്.

ചിത്രത്തില്‍ കാണുന്ന രീതിയില്‍ [Block] items that match [any] of the following എന്ന് സെറ്റ് ചെയ്യുക. അതിനുശേഷം ആദ്യത്തെ Rule ഫീല്‍ഡില്‍ [item.author.name] [Contains] [your-display-name] എന്നു നല്‍കുക. എന്റെ ഡിസ്‌പ്ലേ നെയിമില്‍ ‘ഹരീ’ എന്നുള്ളതിനാല്‍ അതു നല്‍കിയിരിക്കുന്നു. ഒരേ പേരിലുള്ള രണ്ടുപേരുണ്ടെങ്കില്‍ ഇത് പ്രശ്നമാവും, അതിനാല്‍ ഡിസ്‌പ്ലേ നെയിമില്‍ എന്തെങ്കിലും സ്പെഷ്യല്‍ ക്യാരക്ടറോ മറ്റോ ചേര്‍ത്ത് വ്യത്യാസം വരുത്തുക.

ധാരാളം കമന്റുകള്‍ വരുന്ന ബ്ലോഗുകളാണെങ്കില്‍, ഓരോ പ്രാവശ്യവും എല്ലാ കമന്റും റീഡറിലേക്ക് ലോഡ് ചെയ്യേണ്ടതില്ലല്ലോ? അതിനായി നമുക്ക് Truncate എന്ന കമ്പൊണെന്റ് ഉപയോഗിക്കാം. Truncate feed after [desired-number] എന്നു നല്‍കുക. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍, ചിത്രത്തെ പുതിയ വിന്‍ഡോയില്‍ വലുതായി കാണാവുന്നതാണ്.

ഇത്രയും ചെയ്തു കഴിഞ്ഞ്, മുകളില്‍ pipes ലോഗോയ്ക്ക് സമീപം untitled* എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള പേര്‍ നല്‍കി, വലതു ഭാഗത്തു കാണുന്ന Save ബട്ടണില്‍ അമര്‍ത്തി, ഈ പൈപ്പ് സേവ് ചെയ്യാവുന്നതാ‍ണ്. Back to My Pipes എന്നതില്‍ ക്ലിക്ക് ചെയ്ത് My Pipes എന്ന വിഭാഗത്തിലേക്ക് പോകാവുന്നതാണ്. അവിടെ ഈ പൈപ്പ് സേവ് ചെയ്തിട്ടുണ്ടാവും. ഇത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാന്‍ Publish... എന്ന ബട്ടണ്‍ അമര്‍ത്തുക. My Pipes-ല്‍ പൈപ്പിന്റെ പേരില്‍ ക്ലിക്ക് ചെയ്ത് പൈപ്പ് റണ്‍ ചെയ്യാവുന്നതാണ്. റണ്‍ ചെയ്തതിനു ശേഷം ഇടതുഭാഗത്തായി കാണുന്ന Subscribe ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫീഡ് റീഡറിലേക്ക് ഈ പൈപ്പ് ചേര്‍ക്കാവുന്നതാണ്. ഇനി മുതല്‍ നിങ്ങളുടെ വിവിധ ബ്ലോഗുകളിലെ കമന്റുകള്‍ നിങ്ങളുടെ റീഡറില്‍ ലഭ്യമാവും. താഴെക്കാണുന്ന ചിത്രം ശ്രദ്ധിക്കുക.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍, ചിത്രത്തെ പുതിയ വിന്‍ഡോയില്‍ വലുതായി കാണാവുന്നതാണ്.

ഉദാഹരണമായി എന്റെ ബ്ലോഗുകളിലെ കമന്റുകള്‍ ശേഖരിക്കുവാനുള്ള പൈപ്പ് ഇവിടെ കാണാവുന്നതാണ്: കമന്റ് ഫീഡ്
മുകളില്‍ കാണുന്ന ലിങ്കില്‍ പോയതിനു ശേഷം, Clone എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഈ ഫീഡിന്റെ ഒരു കോപ്പി നിങ്ങളുടെ പൈപ്പുകളുടെ കൂട്ടത്തിലേക്ക് ചേര്‍ക്കാവുന്നതാണ്. അതിന്റെ സോഴ്സ് എഡിറ്റ് ചെയ്ത്, ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തിയും ഉപയോഗിക്കാം.

ഉപയോഗപ്രദമായ ചില പൈപ്പുകള്‍
• മലയാളത്തിലെ എല്ലാ ബ്ലോഗ് പോസ്റ്റുകളും റീഡറില്‍ കാണുവാന്‍: മലയാളം ബ്ലോഗ് പോസ്റ്റുകള്‍
• വിവിധാ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ റീഡറില്‍ കാണുവാന്‍: പിന്മൊഴികള്‍
--


Keywords: Yahoo, Yahoo!, Pipes, Pipe, Pinmozhikal, Malayalam Blogs, Malayalam Blog Posts, Marumozhikal, Comments, Comment, Posts, Post, Aggregator, How to, Make a, Tutorial, Instruction

--

24 comments:

Haree said...

യാഹൂ പൈപ്പുകളെന്താണ്, അവ എങ്ങിനെ ബ്ലോഗില്‍ പ്രയോജനപ്പെടുത്താം, എങ്ങിനെ ഒരു പൈപ്പ് നിര്‍മ്മിക്കാം എന്നൊക്കെ ലളിതമായി വിവരിക്കുവാന്‍ ശ്രമിച്ചിരിക്കുന്നു ഇവിടെ.
--

asdfasdf asfdasdf said...

ഹരി, എത്ര സിമ്പിളായാണ് താങ്കള്‍ ഇത് വിവരിച്ചിരിക്കുന്നത്.അഭിനന്ദനങ്ങള്‍
qw_er_ty

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹരീ,
ഇതിനെ കുറിച്ചൊന്നും ഒരു പിണ്ണാക്കും അറിയുവാന്‍ വയ്യാത്ത എനിക്കു വളരെ സന്തോഷവും നന്ദിയും ഉണ്ട്‌.
പക്ഷെ ഒരു സംശയം . ഇപ്പറഞ്ഞ സാധനഗളൊക്കെ - gmail sign in ചെയ്യാന്‍ 15 മിനുട്ടും മറ്റും കാത്തിരിക്കുന്നത്ര" ഭയങ്കര സ്പീഡുള്ള"ഞങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുമൊ?

can we use readers pipes etc with our limited speed?

Haree said...

കുട്ടമ്മേനോനോട്,
വളരെ നന്ദി.. ഉപയോഗിച്ചു നോക്കൂ... :)

ഇന്‍ഡ്യാഹെറിറ്റേജിനോട്,
പൈപ്പ് ഒരിക്കല്‍ ഉണ്ടാക്കി റീഡറില്‍ ചേര്‍ത്തുകഴിഞ്ഞാല്‍, പിന്നെ അതിനെക്കുറിച്ച് ഓര്‍ക്കേണ്ടതില്ല. ഗൂഗിള്‍ റീഡറില്‍, ഫീഡുകള്‍ എത്തുവാന്‍ അല്പം സമയമെടുക്കുകയും ചെയ്യും. ജി-മെയിലില്‍ സൈന്‍-ഇന്‍ ചെയ്യുവാനും, ഇവിടെയൊക്കെ കമന്റുചെയ്യുവാനും സാധിക്കുമ്പോ‍ള്‍, റീഡറും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കേണ്ടതാണ്. :)
--

അങ്കിള്‍. said...

ഇത്രയും വിവരം പൈപ്പുകളെ സംബന്ധിച്ച്‌ നല്‍കിയ ഹരിക്ക്‌ വെറും നന്ദി എന്ന രണ്ട്‌ വാക്ക്‌ ഒരിക്കലും മതിയാകില്ല. അതുകൊണ്ട്‌ ഒന്നു രണ്ട്‌ പ്രാവിശ്യം കൂടി നന്ദി... നന്ദി.....

സിബു ചെയ്തുവെച്ചിരുന്ന കാര്യം ഇത്രമഹത്തായതെന്ന്‌ ഇപ്പോഴാണ്‌ മനസ്സിലായത്‌. വരമൊഴിഗുരുവേ, ഹരി വേണ്ടിവന്നു ഈ കാര്യം മനസ്സിലാക്കിയെടുക്കാനെന്ന്‌ പറഞ്ഞാല്‍, അതെന്റെ ക്ഴിവ്‌കേടന്നല്ലാതെ മറ്റൊരര്‍ത്ഥവും കൊടുക്കരുതേ.

സിബു ഉണ്ടാകിവച്ചിരുന്ന, ഹരി ഇപ്പോള്‍ വിവരിച്ചു തന്ന "പിന്‍മൊഴികള്‍" പൈപ്പ്‌ പിന്‍മൊഴി സൂചികക്ക്‌ പകരമാവുമല്ലോ? അപ്പോള്‍ മനസ്സില്ലാമനസ്സോടെയെങ്കിലും 'പിന്‍മൊഴി സൂചിക' ക്ക്‌ വിട പറയാന്‍ ഞാനും തയ്യറെടുക്കുന്നു.

കരീം മാഷ്‌ said...

ഒരു വിധമൊക്കെ സെറ്റു ചെയ്തു വന്നപ്പോള്‍ യാഹു തന്ന സമ്മാനം താഴെ! ഇതു എനിക്കു മാത്രമോ? അറിയില്ല. ആരെങ്കിലും ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ? പ്ലീസ്.

Yahoo! - Help
Sorry, Unable to process request at this time -- error 999.
Unfortunately we are unable to process your request at this time. This error is usually temporary. Please try again later.

If you continue to experience this error, it may be caused by one of the following:

You may want to scan your system for spyware and viruses, as they may interfere with your ability to connect to Yahoo!. For detailed information on spyware and virus protection, please visit the Yahoo! Security Center.
This problem may be due to unusual network activity coming from your Internet Service Provider. We recommend that you report this problem to them.
While this error is usually temporary, if it continues and the above solutions don't resolve your problem, please let us know.

Return to Yahoo!


Please try Yahoo! Help Central if you need more assistance.

Copyright © 2006 Yahoo! Inc. All rights reserved. Privacy Policy Terms of Service

mumsy-മുംസി said...

നന്ദി ഹരി,
വളരെ ലളിതമായി മനസിലാക്കി തരുന്നു.
വിശദമായി വായിച്ചു പഠിച്ചിട്ട് പ്രയോഗിക്കണം.

Haree said...

അങ്കിളിനോട്,
വളരെ നന്ദി, സന്തോഷം. :) എനിക്കു തോന്നുന്നു പൈപ്പ് - റീഡര്‍ കോംബിനേഷന്റെ സാധ്യതകള്‍ ശരിയായി മനസിലാക്കിയതിനാ‍ലാവണം, പിന്മൊഴിയുടെ അണിയറക്കാര്‍ ആ സേവനം മതിയാക്കുവാന്‍ തുനിഞ്ഞത്, കൂട്ടത്തില്‍ അടുത്തുണ്ടായ പ്രശ്നങ്ങള്‍ തീരുമാനമെടുക്കല്‍ പെട്ടെന്നാക്കുകയും ചെയ്തിരിക്കാം.

പിന്മൊഴി പൈപ്പിനെക്കുറിച്ച്: ഇതില്‍ യാതോരു വിധത്തിലുള്ള ഫില്‍റ്ററുകളുമില്ല(ആവശ്യമെങ്കില്‍ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് വേണ്ട വിധത്തില്‍ പിന്മൊഴികള്‍ ഫില്‍റ്റര്‍ ചെയ്തെടുക്കാവുന്നതാണ്), ബ്ലോഗിലെ കമന്റുകള്‍ എങ്ങോട്ടും ഫൊര്‍വേഡ് ചെയ്യേണ്ടതില്ല, അതാത് ബ്ലോഗുകളിലല്ലാതെ അത് മറ്റെവിടെയും സൂക്ഷിക്കപ്പെടുന്നില്ല, ആരെയും പുറത്താക്കുന്നില്ല/അകത്താക്കുന്നില്ല, പിന്മൊഴി/മറുമൊഴി/മറ്റുമൊഴികള്‍ എന്നിവയിലൊക്കെ ശേഖരിക്കപ്പെടുന്നവയും ഈ പൈപ്പില്‍ ദൃശ്യമാവും, ആരുടേയും ഉടമസ്ഥതയിലല്ല, പ്രത്യേകം സെര്‍വറുകള്‍ സെറ്റ് ചെയ്യേണ്ടതില്ല... സത്യത്തില്‍ ഇതിന്റെ സൌകര്യം അറിയണമെങ്കില്‍ പിന്മൊഴികള്‍ എന്ന പൈപ്പ് റീഡറില്‍ ഉപയോഗിച്ചു തന്നെ നോക്കണം. ആകെ ഒരു കുഴപ്പം ഞാന്‍ കാണുന്നത്, റീഡറില്‍ ഫീഡ് അപ്ഡേറ്റ് ആകുവാന്‍ അല്പം കാലതാമസം നേരിടുന്നുണ്ടെന്നതാണ്, പക്ഷെ അത് നാം അറിയുന്നത് ഇപ്പോള്‍ വേഗത കൂടിയ പിന്മൊഴി ഉള്ളതുകൊണ്ടാണ്. ഈ പൈപ്പിന്റെ ഒറിജിനല്‍ കോഡ് സിബു എഴുതിയതാണ്, ഞാനതില്‍ ചെറിയ ചില മിനുക്കുപണികള്‍ നടത്തിയെന്നുമാത്രം.

കരീം മാഷിനോട്,
ഇങ്ങിനെയൊരു പ്രശ്നം എനിക്ക് വന്നിട്ടില്ല, പക്ഷെ, എന്ത് ചെയ്തപ്പോഴാണ് ഇതു വന്നതെന്ന് ഒന്നു പറയാമോ? തുടക്കം മുതല്‍ പറയണമേ... യാഹൂ പറഞ്ഞ പോലെ ആ സമയത്തെ എന്തെങ്കിലും പ്രശ്നമാവാം...

മുംസിയോട്,
വളരെയെളുപ്പമാണിത്. തീര്‍ച്ചയായും ഉപയോഗിക്കൂ... :)
--

absolute_void(); said...

സാങ്കേതിക വിദ്യയുമായി ബന്ധമുള്ള കാര്യങ്ങള് മനസ്സിലാവുന്ന മലയാളത്തില് എഴുതുന്നവര് വളരെ കുറവാണ്. കുറച്ചുകാലം ഇന്ഫര്മേഷന് കേരള മിഷനിലെ അന്വര് സാദത്ത് വിവിധ മാദ്ധ്യമങ്ങളില് ഇത്തരം ശ്രമങ്ങള് നടത്തിയിരുന്നു. ഹരി ഇപ്പോള് ചെയ്യുന്ന കാര്യം ഇന്റര്നെറ്റ് ഇല്ലാത്തവര്ക്കു കൂടി പ്രാപ്യമാകേണ്ടതുണ്ട്. കഴിയുമെങ്കില് നാട്ടില് നിന്ന് പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ജേണലുകളില് ഇവ ഉളപ്പെടുത്താന് ശ്രമിക്കരുതോ? നല്ല പത്രാധിപന്മാര് ഉള്ള സ്ഥാപനങ്ങള് ഇവ ഉപേക്ഷിക്കുമെന്ന് കരുതാനാവില്ല.

സ്നേഹത്തോടെ,
സെബിന്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹരീ,
പൈപ്‌ ഉണ്ടാക്കി. അതിന്റെ debugger window ല്‍ ചതുരക്കട്ടകളും englishഉം മാത്രമേ കാണുന്നുള്ളു- മലയാളം വരില്ലേ?
ഏതായാലും ഇത്രയും ഉപകാരത്തിനു നന്ദി
ഫീഡിനെ കുറിച്ചും റീഡര്‍ നെ കുറിച്ചും കുറച്ചു കൂടി വിശദമായി ഒന്നുപോസ്റ്റിയാല്‍ ഞങ്ങള്‍ക്കു കൂടൂതല്‍ സഹായകമായേനേ.
Can we use yahoo instead of google reader. Does it provide malayalam? which are the fonts needed?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

how to incorporate this pipe into a reader?
I have subscribed the pipe (that i made) to my yahoo.But nothing is shown there. waht to do next?
qw_er_ty

Haree said...

സെബിനോട്,
ഇന്‍ഫോ കൈരളിയില്‍ സ്ഥിരമായി എന്റെ ലേഖനങ്ങള്‍ (ഫ്ലാഷ്, ഫോട്ടോഷോപ്പ് എന്നിവയെക്കുറിച്ച്) പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാ പത്രങ്ങള്‍ക്കും ഇപ്പോള്‍ ഏതെങ്കിലുമൊരു ദിവസം ഐ.ടി. പേജ് ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. അവരാരെങ്കിലും താത്പര്യം കാട്ടുകയാണെങ്കില്‍ എനിക്ക് സന്തോഷമെയുള്ളൂ... :)

ഇന്‍ഡ്യാഹെറിറ്റേജിനോട്,
ഞാന്‍ ഉപയോഗിച്ചത് മോസില്ല ഫയര്‍ഫോക്സ് 2, വിന്‍ഡോസ് എക്സ്.പി. സിസ്റ്റത്തില്‍. ഡിബഗ്ഗറില്‍ മലയാളം ദൃശ്യമാവും. ഫയര്‍ഫോക്സില്‍ Tools > Options > Content സെലക്ട് ചെയ്ത് Fonts & Colors > Advanced എന്നതില്‍ Fonts for [Malayalam] ആയി AnjaliOldLipi സെറ്റ് ചെയ്തു നോക്കൂ... താഴെക്കാണുന്ന Character Encoding എന്നത് UTF-8 സെലക്ട് ചെയ്യുവാനും മറക്കണ്ട... തീര്‍ച്ചയായും ഗൂഗിള്‍ റീഡര്‍ തന്നെ ഉപയോഗിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല, പക്ഷെ ഗൂഗിളിന്റെ എല്ലാ സേവനങ്ങളേയും പോലെ ഇതും ഒരു പടി മുകളിലാണ്(എന്റെ അഭിപ്രായം), മറ്റുള്ളവയേക്കാള്‍. RSS ഫീഡ് റീഡേഴ്സിനെക്കുറിച്ച് വിക്കിയിലെ ലേഖനം ഇവിടെ വായിക്കാം.
--

Haree said...

പൈപ്പ് സേവ് ചെയ്യുക. അതിനുശേഷം, പൈപ്പ് റണ്‍ ചെയ്യേണ്ടതുണ്ട്. അതിനായി My Pipes എന്നതില്‍ ആ പൈപ്പില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും. തുടര്‍ന്ന് പൈപ്പിന്റെ റിസള്‍ട്ട് ലിസ്റ്റ് ചെയ്യും (പൈപ്പ് ശരിയായി പ്രവര്‍ത്തിക്കുന്നെങ്കില്‍). അതോടൊപ്പം ഇടതു ഭാഗത്ത് മുകളിലായി Subscribe എന്നൊരു ബട്ടാണ്‍ ദൃശ്യമാവും. അതില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന മെനുവില്‍ നിന്നും ആവശ്യമുള്ള റീഡര്‍ സെലക്ട് ചെയ്യാം. അതല്ലെങ്കില്‍, Get as RSS എന്നതില്‍ ക്ലിക്ക് ചെയ്യുക, ഡിഫോള്‍ട്ട് റീഡറിലേക്ക് ഫീഡ് ചേര്‍ക്കപ്പെടും.
--
qw_er_ty ഒക്കെ ഇനിയും പ്രയോഗത്തിലുണ്ടോ?
--

SunilKumar Elamkulam Muthukurussi said...

ഹരി കുട്ടാ, എന്റെ സംശയം എങിനെ ഉണ്ടക്കുന്നു എന്നല്ല, ഇതിനെ ഈനിക്ക്ക്kഷ്ട്Tഅമുള്ള രീതിയില്‍ ഫോര്‍rമാറ്റ് ചെയ്യാനാകുമോ? എനിക്ക്‌ ഫീഡില്‍, ബ്ലോഗ് പേര്, പോസ്റ്റ് പേര്, ബ്ലോഗന്റെ പേര്‍ എന്നിവയെല്ലാം കാണിക്കണം. തീയ്യതിയും വേണം. അതിനുള്ള വകുപ്പുണ്ടോ? ഒന്നിച്ചൊരു ലിസ്റ്റ് അല്ലാതെ 2 കോളം ആക്കി കാണിക്കണം. എന്താ ചെയ്യാ? -സു-

Haree said...

സുനിലിനോട്,
മാഷെ, ഇതില്‍ പലതും റീഡറില്‍ സാധ്യമാവേണ്ടതാണ് (ഇപ്പോള്‍ ഗൂഗിള്‍ റീഡറില്‍ ഇത്രയൊന്നും സാധ്യതകളില്ല). പൈപ്പ് ഉപയോഗിച്ചും കുറച്ചൊക്കെ സാധ്യമാണെന്നു കരുതുന്നു. പക്ഷെ, പറഞ്ഞു തരുവാനും മാത്രം എനിക്ക് പൈപ്പ്-കോഡിംഗ് വശമായിട്ടില്ല. സിബുവിനോടോ മറ്റോ ചോദിക്കുന്നതാവും നല്ലത്. ഉദാഹരണമായി മലയാളത്തിലെ തിരഞ്ഞെടുത്ത പോസ്റ്റുകള്‍ എന്ന പൈപ്പ് ഒന്നു നോ‍ക്കൂ. ഏത് ബ്ലോഗില്‍ നിന്നാണെന്നും എത്രപേര്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ആ പൈപ്പിന്റെ ഫീഡില്‍ കാണിക്കുന്നുണ്ട്. അതുപോലെ പോസ്റ്റിന്റെ പേര്, തീയതി ഒക്കെ കാണിക്കുവാന്‍ കഴിഞ്ഞേക്കും.
--

Ajith Pantheeradi said...

സാങ്കേതികമായ കാര്യങ്ങള്‍ ഇതിലും സിമ്പിളായി പറയാന്‍ വിഷമമാണ് . ഹരീ , വളരെ നന്ദി

keralafarmer said...

ഹരീ: ഞാന്‍ Tools > Options > Content സെലക്ട് ചെയ്ത് Fonts & Colors > Advanced എന്നതില്‍ Fonts for [Malayalam] ആയി AnjaliOldLipi സെറ്റ് ചെയ്തു നോക്കൂ... ആക്കി. എന്നാല്‍ താഴെക്കാണുന്ന Character Encoding എന്നത് UTF-8 സെലക്ട് ചെയ്യുവാനും മറക്കണ്ട... എന്നത്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല. അതിനാലാണോ ചില്ലുകള്‍ക്ക്‌ പ്രശ്നം.

keralafarmer said...

കിട്ടീ ഞാന്‍ എന്‍‌കോര്‍ഡിിംഗ്‌ യു.ടി.എഫ്‌ 8 ആക്കി

അനൂപ് അമ്പലപ്പുഴ said...

ഇതും മികച്ചതുതന്നെ , പരീക്ഷിച്ചു നോക്കണം ..... നന്ദി.

മഴ said...

ഹരീ ഇത്‌ കൊള്ളാം, നല്ല ഉപകാരമായി. ഫ്‌ളാഷിന്റെ മലയാളം ടൂട്ടോറിയല്‍ കിട്ടാന്‍ വഴിയുണ്ടോ?

ബഷീർ said...

വളരെ ലളിതമായ വിവരണങ്ങള്‍ക്ക്‌ നന്ദി.. ഞാന്‍ എന്റെ ബ്ലോഗ്‌ സെറ്റിഗ്‌ ശരിയാക്കി, പിന്നെ യാഹൂ പൈപ്പില്‍ ലോഗിന്‍ ചെയ്തു..ക്രിയേറ്റ്‌ പൈപ്പ്‌ ഓപ്ഷനില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ കിട്ടിയ മെസേജ്‌ ഇങ്ങിനെ..

your browser is not supported by the pipe editor ..
we recomment to using Firefox, IE7 or safari..
press OK to contiune enyway or cancell ( recommended )

വിശദീകരിക്കാമോ ?

Haree said...

@ മാരാര്‍,
നന്ദി :)

@ ചന്ദ്രശേഖരന്‍ നായര്‍,
:)

@ അനൂപ് അമ്പലപ്പുഴ,
പരീക്ഷിച്ചു നോക്കിയോ? :)

@ മഴ,
:) സാങ്കേതികത്തില്‍ തന്നെ ചില ഫ്ലാഷ് ട്യൂട്ടോറിയലുകള്‍ ചേര്‍ത്തിട്ടുണ്ട്.

@ ബഷീര്‍ വെള്ളറക്കാട്,
:) കാര്യം വളരെ വ്യക്തമല്ലേ? ബഷീര്‍ ഉപയോഗിച്ചത് ഐ.ഇ./ഫയര്‍ഫോക്സ് എന്നീ ബ്രൌസറുകളില്‍ ഒന്നല്ല. അതിലൊന്ന് ഉപയോഗിക്കുന്നതാവും കൂടുതല്‍ നല്ലതെന്ന് യാഹൂ! കരുതുന്നു. അതായത്, ആ ബ്രൌസറുകളില്‍ മാ‍ത്രമാണ് പൈപ്പുകള്‍ യാഹൂ! പരിശോധിച്ച്, പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളത്. ഈ ബ്രൌസറുകളില്‍ ഏതെങ്കിലും ഉപയോഗിച്ച് പൈപ്പ് എഡിറ്റിംഗ് തുടങ്ങുന്നതാവും ഉചിതം.
--

ബഷീർ said...

അത്‌ ഒന്ന് വിശദമാക്കാമോ .. അതിന്റെ സ്റ്റെപ്സ്‌...ചെയ്യേണ്ടത്‌ എങ്ങിനെയെന്ന്..പ്ലീസ്‌.. താങ്ക്സ്‌

thasli said...

നന്ദി ഹരി വലരെ ഉപയൊഗപ്രദമായിരുന്നു

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome