Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Friday, July 13, 2007

പുതുമകളോടെ അഡോബി ഫ്ലാഷ്

Adobe Flash CS3, Introduction, What's New, InfoKairali, Article, General, Malayalam
മാക്രോമീഡിയയെ അഡോബി ഏറ്റെടുത്തതിനു ശേഷം പുറത്തിറക്കുന്ന ഫ്ലാഷിന്റെ പുതിയ വേര്‍ഷനാണ് അഡോബി ഫ്ലാഷ് സി.എസ്.-3. അഡോബി ക്രിയേറ്റീവ് സ്യൂട്ട് 3-യുടെ ഭാഗമായ ഫ്ലാഷ് സി.എസ്.-3യുടെ വേര്‍ഷന്‍ ഒന്‍പതാണ്. ധാരാളം പുതുമകളോടെയാണ് പുതിയ ഫ്ലാഷ് വിപണിയിലെത്തിയിരിക്കുന്നത്. ഫ്ലാഷ് സി.എസ്.-3-യിലെ പ്രധാനപ്പെട്ട നൂതന സാധ്യതകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ഒന്ന്: ഇന്റര്‍ഫേസ്
അഡോബി ഫ്ലാഷ് സി.എസ്.-3 തുറന്നു വരുമ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ് അതിന്റെ പുതുക്കിയ ഇന്റര്‍ഫേസ്. ക്രിയേറ്റീവ് സ്യൂട്ട് 3-ലെ മറ്റ് ആപ്ലിക്കേഷനുകളുടെ (ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍ മുതലായവ) ഇന്റര്‍ഫേസിന് സമാനമാണ് ഫ്ലാഷിലെ ഇന്റര്‍ഫേസ്.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ ദൃശ്യമാവും.

ഇന്റര്‍ഫേസിലെ ഏറ്റവും വലിയ പ്രത്യേകത അതില്‍ പാലെറ്റുകള്‍ അടുക്കിയിരിക്കുന്ന രീതിയാണ്. സ്ഥലം വളരെ കുറച്ചെടുക്കുന്ന രീതിയില്‍ പാലെറ്റുകളെ സ്ക്രീനില്‍ അടുക്കുവാന്‍ സാധിക്കും. ഐക്കണ്‍ മാത്രമായി, ഐക്കണ്‍ ലേബലോടു കൂടി, പഴയ രീതിയില്‍ പാലെറ്റ് മുഴുവനായി, എന്നിങ്ങനെ മൂ‍ന്ന് സാധ്യതകളാണ് ലഭ്യമായിരിക്കുന്നത്. മറ്റൊരു പ്രധാന വ്യത്യാസം ടൂ‍ള്‍ ബാറിലാണ്. ഒറ്റ നിരയിലും, രണ്ടു നിരയായും ടൂള്‍ ബാര്‍ ദൃശ്യമാക്കുവാന്‍ സാധിക്കും. ഒറ്റ നിരയാണെങ്കില്‍ പിന്നെയും സ്ഥലം ലാഭിക്കാം.

ഒരു പാലെറ്റ് ഏരിയായില്‍ തന്നെ പല ടാബുകളായി പല പാലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കാം എന്നതാണ് മറ്റൊരു സാധ്യത. ആക്ഷന്‍സ് പാനല്‍ പോലും ഈ രീതിയില്‍ ഡോക്ക് ചെയ്യുവാന്‍ സാധിക്കും. ഇതും കുറഞ്ഞ സ്ഥലത്ത് ആവശ്യമുള്ള എല്ലാ പാലെറ്റുകളും എളുപ്പത്തില്‍ തുറക്കാവുന്ന രീതിയില്‍ അടുക്കുവാന്‍ സഹായിക്കുന്നു.


രണ്ട്: ആക്ഷന്‍സ്ക്രിപ്റ്റ് 3
ആക്ഷന്‍സ്ക്രിപ്റ്റിംഗ് ഫ്ലാഷ് സി.എസ്. 3-യില്‍ അടുത്ത വേര്‍ഷനിലേക്ക് കടന്നിരിക്കുന്നു. ആക്ഷന്‍സ്ക്രിപ്റ്റ് രണ്ടിനെ അപേക്ഷിച്ച് കുറച്ചുകൂടി കഠിനമായ ശൈലിയാണ് പുതിയ വേര്‍ഷനിലേത്. ബട്ടണ്‍ ആക്ഷന്‍, മൂവി ക്ലിപ്പ് ആക്ഷന്‍ എന്നിവ ഇതില്‍ ലഭ്യമല്ല. ഫ്രയിം ആക്ഷനായിത്തന്നെ ബട്ടണ്‍/മൂവി ക്ലിപ്പ് ആക്ഷനുകളും നല്‍കേണ്ടതുണ്ട്. എന്നാല്‍ പ്രയോജനകരമായ പുതിയ ഇന്‍ബില്‍റ്റ് ഫംഗ്ഷനുകള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ ദൃശ്യമാവും.

ആക്ഷന്‍സ്ക്രിപ്റ്റ് 2 ഉപയോഗിച്ച് ശീലിച്ചവര്‍ ഭയക്കേണ്ടതില്ല. ആക്ഷന്‍സ്ക്രിപ്റ്റ് 2 ഉപയോഗിച്ച് സ്ക്രിപ്റ്റിംഗ് നടത്തുവാനുള്ള സൌകര്യവും ഇതില്‍ ലഭ്യമാണ്. എന്നാല്‍ പുതിയ ഫംഗ്ഷനുകളുടെ പ്രയോജനങ്ങള്‍ അപ്പോള്‍ ലഭ്യമാവില്ലെന്നുമാത്രം. ഇനി വരുന്ന വേര്‍ഷനുകള്‍ ആക്ഷന്‍സ്ക്രിപ്റ്റ് 2-നെ പിന്തുണയ്ക്കുമോ എന്ന് പറയുവാന്‍ കഴിയാത്തതിനാല്‍, ആക്ഷന്‍സ്ക്രിപ്റ്റ് 3 ഉപയോഗിച്ചു തുടങ്ങുന്നതാവും അഭികാമ്യം.


മൂന്ന്: ഫോട്ടോഷോപ്പ്/ഇല്ലുസ്ട്രേറ്റര്‍ ഇന്റഗ്രേഷന്‍
എടുത്തു പറയേണ്ട ഒരു പുതുമയാണിത്. ഫോട്ടോഷോപ്പ് ഫയലുകളും(*.psd), ഇല്ലുസ്ട്രേറ്റര്‍ ഫയലുകളും(*.ai) അതേപടി ഫ്ലാഷിലേക്ക് ഇം‌പോര്‍ട്ട് ചെയ്യുവാന്‍ ഈ വേര്‍ഷനില്‍ സാധിക്കും. ലെയറുകളും, ഫോള്‍ഡര്‍ സ്ട്രക്ചറും അതേപടി ഇം‌പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഫ്ലാഷിലും ലഭ്യമാവുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇവ രണ്ടിലേയും ടെക്സ്റ്റ് ലെയറുകള്‍, എഡിറ്റബിള്‍ ടെക്സ്റ്റായോ, പിക്സല്‍ ഇമേജായോ ഫ്ലാഷിലേക്ക് കൊണ്ടുവരുവാന്‍ സാധിക്കുമെന്നതാണ്. ഒരു പി.എസ്.ഡി. ഫയല്‍ ഇം‌പോര്‍ട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്സാണ് താഴെക്കാണുന്നത്. ഇം‌പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ചില ലെയറുകളിലെ ഓബ്ജക്ടുകള്‍ പുതിയ മൂവി ക്ലിപ്പ് സിംബലായി ലൈബ്രറിയിലേക്ക് ചേര്‍ക്കുവാനും സാധിക്കും.

സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍ പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ ദൃശ്യമാവും.

ഇല്ലുസ്ട്രേറ്ററിലാവട്ടെ ഒരു പടി കൂടിക്കടന്ന്, അവിടെ നിന്നു തന്നെ ഓബ്ജക്ടുകള്‍ സിംബലുകളായി സേവ് ചെയ്യുവാനും, അവയ്ക്ക് ഇന്‍സ്റ്റന്‍സ് നെയിം നല്‍കുവാനും സാധിക്കും. ഫോട്ടോഷോപ്പില്‍ ലേ-ഔട്ട് ഡിസൈന്‍ ചെയ്ത്, ഫ്ലാഷ് ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍, മള്‍ട്ടിമീഡിയ സി.ഡി.കള്‍ എന്നിവ നിര്‍മ്മിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു ഓപ്ഷനാണിത്.


നാല്: മെച്ചപ്പെട്ട ഡ്രോയിംഗ് സാധ്യതകള്‍
ഡ്രോയിംഗ് ടൂളുകളില്‍ ലഭ്യമായിരിക്കുന്ന പുതിയ സാധ്യതകളും പ്രയോജനകരം തന്നെ. റെക്ടാംഗിള്‍/ഓവല്‍ പ്രിമിറ്റീവ് ടൂളുകള്‍, റെക്ടാംഗിള്‍ കോര്‍ണര്‍ റേഡിയസ് സെലക്ഷന്‍ ഓപ്ഷന്‍, ഇല്ലുസ്ട്രേറ്ററിലും ഫോട്ടോഷോപ്പിലും ലഭ്യമായ പെന്‍ ടൂള്‍, എന്നിവയൊക്കെയാണ് ഈ വിഭാഗത്തില്‍ എടുത്തു പറയേണ്ട പുതുമകള്‍.


അഞ്ച്: മോഷന്‍ എക്സ്പോര്‍ട്ട്
ഒരേ ആനിമേഷന്‍ തന്നെ ഒന്നിലധികം ഓബ്ജക്ടുകളില്‍ സാധ്യമാക്കണമെന്നു കരുതുക. പഴയ വേര്‍ഷനില്‍ ഓരോന്നിലും പോയി പ്രത്യേകം ആനിമേഷന്‍ ചെയ്യുക എന്നതേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഈ വേര്‍ഷനില്‍, നമുക്ക് മോഷന്‍ ആനിമേഷന്‍ കോപ്പി ചെയ്യുവാനും അത് മറ്റ് ഓബ്ജക്ടുകളില്‍ പേസ്റ്റ് ചെയ്യുവാനും സാധിക്കും. ആവശ്യമെങ്കില്‍ പേസ്റ്റ് മോഷന്‍ സ്പെഷ്യല്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത്, ആനിമേഷനിലെ ചില പ്രോപ്പര്‍ട്ടികള്‍ മാത്രം വ്യത്യാസപ്പെടുത്തി ഉപയോഗിക്കുവാന്‍ സാധിക്കും.

മറ്റൊരു സാധ്യത, മോഷന്‍ തന്നെ ആക്ഷന്‍സ്ക്രിപ്റ്റായി എക്സ്പോര്‍ട്ട് ചെയ്യുവാനും കഴിയുമെന്നതാണ്. പിന്നീട് ഈ ആക്ഷന്‍സ്ക്രിപ്റ്റ് ഇന്‍സ്റ്റന്‍സ് നെയിം മാത്രം വ്യത്യാസപ്പെടുത്തി മറ്റുള്ള ഓബ്ജക്ടുകളിലും പ്രയോഗിക്കുവാന്‍ സാധിക്കും.


ആറ്: മറ്റുള്ളവ
എളുപ്പത്തില്‍ സ്കിന്‍ ചെയ്യാവുന്ന കമ്പൊണെന്റുകള്‍, ഡിവൈസ് സെന്‍‌ട്രല്‍ ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡെവലപ് ചെയ്യുവാനുള്ള സൌകര്യം, ഫ്ലാഷ് മൂവി ക്ലിപ്പുകള്‍ ക്വിക്ക് ടൈം മൂവിയായി(ആക്ഷന്‍ സ്ക്രിപ്റ്റ് ഉപയോഗിച്ച് സാധ്യമാക്കുന്ന ആനിമേഷനുകള്‍, മൂവിക്ലിപ്പിനുള്ളിലുള്ള ആനിമേഷനുകള്‍ എന്നിവ സഹിതം) എക്സ്പോര്‍ട്ട് ചെയ്യുവാനുള്ള സൌകര്യം, കൂടുതല്‍ സാധ്യതകള്‍ അടങ്ങിയിരിക്കുന്ന ഫ്ലാഷ് വീഡിയോ ഇം‌പോര്‍ട്ട് ഓപ്ഷന്‍ എന്നിവയൊക്കെയും എടുത്തു പറയേണ്ടവ തന്നെ. പാക്കേജിലെ എല്ലാ സോഫ്റ്റ്‌വെയറുകളും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍, സമയവും പ്രയത്നവും ലാഭിക്കുവാനും കഴിയും. മൊത്തത്തില്‍ ഫ്ലാഷ് പ്രൊഫഷണലുകള്‍ക്ക് ഒട്ടേറെ പുതിയ പരീക്ഷണങ്ങള്‍ക്കുള്ള വേദിയൊരുക്കുകയാണ് അഡോബി, ഫ്ലാഷ് സി.എസ്.-3യിലൂടെ.
--


(2007 ജൂലൈ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)

Keywords: Adobe Flash CS3, Introduction, What's New, InfoKairali, Info Kairali, Published, Article, General, Malayalam
--

11 comments:

Haree | ഹരീ said...

അഡോബി ഫ്ലാഷ് സി.എസ്.-3 എന്ന ന്യൂമീഡിയ ഡിസൈനിംഗ് സോഫ്റ്റ്‌വെയറിന്റെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തുന്ന ഒരു ചെറിയ കുറിപ്പ്. 2007 ജൂലൈ ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചതാണിത്.
--

സിബു::cibu said...

ഫ്ലാഷില്‍ മലയാളം, ദേവനാഗരി, അറബിക് എന്നീ ലിപികളുടെ ഇന്‍പുട് വര്‍ക്ക് ശരിയാക്കാന്‍ വഴിയുണ്ടോ. അതുപോലെ ഗ്ലിഫ് എംബെഡ് ചെയ്ത് ലിനക്സിലും മാക്കിലും ഓടിക്കാന്‍ പറ്റുമോ? ഗള്‍ഫിലുള്ളവര്‍ എങ്ങനെയാണ് ഫ്ലാഷിലെ അറബികിന്റെ പ്രശ്നങ്ങള്‍ സോള്‍വ് ചെയ്യുന്നത്‌?

Haree | ഹരീ said...

യൂണിക്കോഡ്-ഇന്‍പുട്ട് സാധ്യമാണോ എന്നാണ് സിബു ഉദ്ദേശിച്ചതെന്നു കരുതട്ടെ? ഫോണ്ട് എംബഡ് ചെയ്യിച്ച് യൂണിക്കോഡ് ഡൈനാമിക് ടെക്സ്റ്റ് ഫ്ലാഷില്‍ കാണിക്കുവാന്‍ കഴിയും. അതിനായി ഫോണ്ട് ടേബിള്‍ എഡിറ്റ് ചെയ്താല്‍ മതിയാ‍വും. പക്ഷെ എവിടെയും യൂണിക്കോഡ് ഫോണ്ട് ഇന്‍പുട്ടിനെക്കുറിച്ച് പറയുന്നില്ല, അല്ലെങ്കില്‍ ഞാനിതുവരെ അതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത് എവിടെയും കണ്ടിട്ടില്ല. ലിനക്സിന്റേയും മാക്കിന്റേയും കാര്യം എനിക്കു പിടിയില്ല...
--

G.manu said...

ithinte vila ethra hari.....?

സാല്‍ജോҐsaljo said...

കൊള്ളാം ഹരീ, അതിന്റെ ഒരിട്രൊഡക്ഷന്‍ ശരിക്കും നന്നായി. വേര്‍ഷന്‍ വാങ്ങിയില്ല. ഒന്നു രണ്ടു സഹായങ്ങള്‍ വേണം പിന്നെ ചോദിക്കാം.

SHAN said...

അറിവ് വെളിച്ചമാണ്
അത് പകരുന്നത് പുണ്യമാണ്
അതില്ലാത്തവന്‍ വിഢിയാണ്
നേരുന്നു നന്മകള്‍

നിഖില്‍ said...

ബ്ലോഗ് അടിപൊളി. പിന്നെ എനിക്ക് ഒരു സംശയം ഉണ്ട് ഫ്ലാഷില്‍ ഒരു ടെക്സ്റ്റ് ബോക്സില്‍ ടൈപ്പ് ചെയ്യുന്ന കാര്യം ഒരു xml ഫയലില്‍ സ്റ്റോര്‍ ചെയ്യാന്‍ എന്താ ചെയ്യണ്ടത്? ഫ്ലാഷിലെ ടൂട്ടോരിഅല്‍ നോക്കീട്ട് ഒന്നും മനസിലാകുന്നില്ല.

Anonymous said...

hi
this wonder full

ANOOP said...

anganeyanu

Anu said...

For Flash Doubts Visit my Blog and Post a Question on Your Doubts Ok
helpflashdoubts.blogspot.com

ഷമ്മി :) said...

thanks for the post

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome