Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Monday, December 22, 2008

ഡിജിറ്റല്‍ ഫോട്ടോഗ്രഫി - ആമുഖം

Digital Photography - An Introduction.
മനോഹരമായ വസ്തുക്കളെ കാണുവാനും, ആസ്വദിക്കുവാനും മനുഷ്യന്‍ എന്നും താത്പര്യം കാട്ടിയിരുന്നു. അങ്ങനെയുള്ള ദൃശ്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക എന്നതിനുപരിയായി; പിന്നീടൊരിക്കല്‍ കാണുവാനും, മറ്റൊരാളെ കാട്ടിക്കൊടുക്കുവാനും സാധിക്കുന്ന തരത്തില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നുമവന്‍ ആശിച്ചു. സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന ദൃശ്യം, ക്യാന്‍‌വാസിലേക്ക് ഒരു ചിത്രകാരനെക്കൊണ്ട് പകര്‍ത്തിക്കുകയായിരുന്നു ആദ്യത്തെ പോംവഴി. അധ്വാനം വളരെയേറെ ഉണ്ടായിരുന്ന ഈ പ്രക്രിയയിലൂടെ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് സ്വാഭാവികത അവകാശപ്പെടുവാന്‍ സാധിക്കുമായിരുന്നില്ല. ദൃശ്യങ്ങളെ തന്മയത്വത്തോടെ പകര്‍ത്തി സൂക്ഷിക്കുവാനുള്ള മനുഷ്യന്റെ ആഗ്രഹം, പിന്നീട് അവനെക്കൊണ്ടെത്തിച്ചത് ക്യാമറയിലേക്കും, ഫോട്ടോഗ്രഫിയിലേക്കുമായിരുന്നു.

The first successful permanent photograph.ഗ്രീക്ക് വാക്കുകളായ ഫോസ്, ഗ്രാഫെ എന്നീവാക്കുകളില്‍ നിന്നുമാണ് ഫോട്ടോഗ്രഫി എന്ന വാക്കിന്റെ ഉത്ഭവം. ഫോസ് എന്നാല്‍ വെളിച്ചമെന്നും, ഗ്രാഫെ എന്നാല്‍ ചിത്രമെന്നും അര്‍ത്ഥം. വെളിച്ചത്താല്‍ ഉണ്ടാക്കപ്പെടുന്ന ചിത്രമെന്നാണ് ഇവ രണ്ടും ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ മനസിലാക്കേണ്ടത്. വെളിച്ചത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന വസ്തുക്കളിലേക്ക് പ്രകാശത്തെ കടത്തിവിട്ട്; ചിത്രം രേഖപ്പെടുത്തുന്ന പ്രക്രിയയെയാണ് ഫോട്ടോഗ്രഫി എന്നു പറയുന്നത്. വെളിച്ചത്തോട് പ്രതിപ്രവര്‍ത്തിക്കുനന്ന വസ്തുക്കള്‍ എന്നു പറയുമ്പോള്‍ അത് മുന്‍‌കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതുപോലെയുള്ള ഫിലിമുകളാവാം. അതല്ലെങ്കില്‍ ഇന്ന് സാധാരണമായി കഴിഞ്ഞിരിക്കുന്ന ഡിജിറ്റല്‍ ക്യാമറകളിലേതു പോലെ ഇലക്ട്രോണിക് സെന്‍സറുകളുമാവാം. ഒരു ഇലക്ട്രോണിക് സെന്‍സറിന്റെ സഹായത്തോടെയാണ് ചിത്രം പകര്‍ത്തുന്നതെങ്കില്‍ അതിനെ നമുക്ക് ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്നു വിളിക്കാം.

ഇമേജ് സെന്‍സറുകള്‍
CCD Sensor used inside a consumer-digicam.നമ്മുടെ റെറ്റിനയില്‍ പതിയുന്ന ദൃശ്യങ്ങളെ തലച്ചോര്‍ തിരിച്ചറിയുന്നത് ചുവപ്പ്, പച്ച, നീല എന്നീ പ്രാഥമിക നിറങ്ങളിലൂടെയാണ്. മറ്റുള്ള നിറങ്ങള്‍ ഇവയുടെ സങ്കരങ്ങളായാണ് തലച്ചോര്‍ മനസിലാക്കുക. മൂന്നു പ്രകാശങ്ങളോടും, മൂന്നു രീതിയില്‍ പ്രതികരിക്കുന്ന, മൂന്ന് കെമിക്കല്‍ പാളികള്‍ അടങ്ങുന്നതാണ് ഫോട്ടോയെടുക്കുവാന്‍ ഉപയോഗിക്കുന്ന ഫിലിമുകള്‍. ഇതേ രീതിയില്‍ തന്നെയാണ് ഡിജിറ്റല്‍ സെന്‍സറുകളുടേയും പ്രവര്‍ത്തനം. ഇപ്പോഴുള്ള ക്യാമറകളില്‍ CCD അല്ലെങ്കില്‍ CMOS ഇമേജ് സെന്‍സറുകളാണ് ഉപയോഗിക്കുന്നത്. രണ്ട് സെന്‍സറുകളുടേയും പ്രാഥമികമായ കര്‍ത്തവ്യം, അവയില്‍ പതിയുന്ന പ്രകാശകിരണങ്ങളെ ഡിജിറ്റല്‍ സിഗ്നലുകളാക്കി മാറ്റുക എന്നതാണ്.

എന്താണ് CCD, CMOS സെന്‍സറുകള്‍ തമ്മിലുള്ള വ്യത്യാസം? ഒരു CCD സെന്‍സറില്‍‍, ഓരോ പിക്സല്‍ സ്ഥാനങ്ങളിലും പതിയുന്ന പ്രകാശകിരണങ്ങളെ, ചെറു ചാര്‍ജ്ജുകളായി സൂക്ഷിക്കുന്നു. ഒരു സമയം ഒരു പിക്സല്‍ എന്ന തോതില്‍ ഈ ചാര്‍ജ്ജുകളെ ആനുപാതികമായ വോള്‍ട്ടേജുകളായി മാറ്റുകയാണ് അടുത്ത പടി. സെന്‍സറിനോട് ചേര്‍ന്നുള്ള ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ഈ വോള്‍ട്ടേജുകളെ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച്, ക്യാമറയുടെ മെമ്മറിയിലേക്ക് സൂക്ഷിക്കുന്നു.

CMOS സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ആക്ടീവ് പിക്സല്‍ സെന്‍സറാണ് CMOS സെന്‍സറുകള്‍. പ്രകാശത്തെ തിരിച്ചറിയുവാന്‍ കഴിയുന്ന ഒരോ Photodetector ഈ സെന്‍സറുകളില്‍ ഓരോ പിക്സല്‍ സ്ഥാനത്തും ലഭ്യമായിരിക്കും. ഓരോ പിക്സലിലും പതിയുന്ന പ്രകാശകിരണങ്ങളെ, Photodetector മനസിലാക്കി അവയെ പ്രകാശോര്‍ജ്ജമാക്കി മാറ്റുന്നു. ഈ പ്രകാശോര്‍ജ്ജത്തെ ആമ്പ്ലിഫയറിന്റെ സഹായത്തോടെ ആനുപാതികമായ വോള്‍ട്ടേജാക്കിയ ശേഷം, മറ്റ് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളുടെ സഹായത്തോടെ ഈ വോള്‍ട്ടേജുകളെ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നു. തുടര്‍ന്ന് ഇവ ക്യാമറയുടെ മെമ്മറിയില്‍ സൂക്ഷിക്കപ്പെടുന്നു.

CMOS സെന്‍സറുകള്‍ക്ക് അനുബന്ധ ഘടകങ്ങള്‍ കുറവാണ്. കൂടാതെ CCD-കളെ അപേക്ഷിച്ച് ഇവ കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രകാശത്തെ ഡിജിറ്റല്‍ വിവരങ്ങളാക്കി വേഗത്തില്‍ മാറ്റുവാനുള്ള കഴിവും ഈ സെന്‍സറുകള്‍ക്കുണ്ട്. ഈ കാരണങ്ങളാല്‍; ചെറു ക്യാമറകള്‍, വെബ് ക്യാമറകള്‍, മൊബൈല്‍ ക്യാമറകള്‍ എന്നിവയില്‍ CMOS വ്യാപകമായി ഉപയോഗിച്ചു വരുന്നു. കൂടുതല്‍ മികച്ച ഫലം ഉദ്ദേശിക്കുന്ന ഉപകരണങ്ങളില്‍ CCD അല്ലെങ്കില്‍, CCD-യുടെ വികസിത സാങ്കേതിക വിദ്യയായ Three-CCD (3CCD) ആണ് ഉപയോഗിക്കുന്നത്. ഒരു CCD സെന്‍‍സറിന്റെ സ്ഥാനത്ത് മൂന്ന് CCD സെന്‍സറുകള്‍; ചുവപ്പ്, പച്ച, നീല നിറങ്ങളോരോന്നിനും ഓരോ സെന്‍സര്‍; ഉപയോഗിക്കുന്നു എന്നതാണ് 3CCD യുടെ പ്രത്യേകത. മൂന്നു നിറങ്ങളേയും വേര്‍തിരിച്ച് അതാത് സെന്‍സറുകളിലെത്തിക്കുവാനായി ഒരു പ്രിസവും ഇതിനോടൊപ്പം ഉണ്ടാവും. 3CCD സെന്‍സറുകള്‍ ഉപയോഗിക്കുന്ന ക്യാമറകളില്‍ ലഭ്യമാവുന്ന ചിത്രങ്ങളാണ് ഏറ്റവും മികച്ചതായി ഇപ്പോള്‍ കണക്കാക്കുന്നത്. ഇത്തരം ക്യാമറകള്‍ക്ക് സ്വാഭാവികമായും വിലയും വളരെ കൂടുതലാണ്.

ഫോട്ടോഗ്രഫിയോ ക്യാമറയോ ആദ്യം?
Drawing of a en:Camera obscura box.ഫോട്ടോഗ്രഫി എന്ന സാങ്കേതികവിദ്യയിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ ക്യാമറ കണ്ടുപിടിക്കപ്പെട്ടിരുന്നു. ലാറ്റിനില്‍ ഇരുട്ടുമുറി എന്നര്‍ത്ഥം വരുന്ന ‘ക്യാമറ ഒബ്സ്ക്യൂറ’യായിരുന്നു ആദ്യകാല ക്യാമറ. ക്യാമറ ഒബ്സ്ക്യൂറയാണ് പിന്നീട് ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് പറയാം. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ തന്നെ സൂര്യഗ്രഹണം വീക്ഷിക്കുവാനായും മറ്റും ക്യാമറ ഒബ്സ്ക്യൂറ ഉപയൊഗപ്പെടുത്തിയിരുന്നു. പിന്നീട് ചിത്രം വരയ്ക്കുവാന്‍ സഹായകകരമായ ഒരു ഉപകരണമെന്ന രീതിയില്‍ ക്യാമറ ഒബ്സ്ക്യൂറ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഒരു ചെറുദ്വാരത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട്, അത് ഒരു കറുത്തപ്രതലം ഉപയോഗിച്ച് ഒരു പേപ്പറിലേക്കോ, ക്യാന്‍‍വാസിലേക്കോ പ്രതിഫലിപ്പിക്കുന്നു. പ്രതിഫലനത്തിന്റെ സഹായത്തോടെ ഒരു ചിത്രകാരന് ദൃശ്യം ക്യാന്‍‍വാസിലേക്ക് പകര്‍ത്തുവാന്‍ സാധിക്കും. വളരെ കൃത്യമായി, യഥാര്‍ത്ഥ ദൃശ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയില്‍ ചിത്രം പകര്‍ത്തുവാന്‍ സാധിക്കുന്നു എന്നതായിരുന്നു ഇതുപയോഗിക്കുന്നതുകൊണ്ടുള്ള നേട്ടം. ചെറുദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ലെന്‍സ് ഉപയോഗിക്കുന്ന പതിവും പിന്നീട് ഉണ്ടായി. ഇത് കുറച്ചു കൂടി വ്യക്തതയുള്ള, തെളിച്ചമുള്ള ചിത്രം ക്യാന്‍‍വാസില്‍ പ്രതിഫലിപ്പിക്കുവാന്‍ സഹായകരമായി.

A fire hydrant photographed by a pinhole camera.മറ്റൊരു ആദ്യകാല ക്യാമറയായിരുന്നു പിന്‍ഹോള്‍ ക്യാമറ. ഇവിടെയും ചെറുസുഷിരത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട് അതൊരു പ്രതലത്തില്‍ പതിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ ക്യാമറകളില്‍ ലെന്‍സ് ഉപയോഗപ്പെടുത്തിയിരുന്നില്ല. സുഷിരം എത്ര ചെറുതാവുന്നുവോ, അത്രയും ചിത്രത്തിന് വ്യക്തത കൂടുതല്‍ ലഭിക്കും. പ്രതിഫലിപ്പിക്കുന്ന സ്ക്രീനുമായുള്ള അകലത്തിന്റെ നൂറിലൊരു വിലയിലും കുറവായിരിക്കണം സുഷിരത്തിന്റെ വലുപ്പം. പിന്‍‍ഹോള്‍ ക്യാമറയിലൂടെ ലഭിക്കുന്ന ചിത്രത്തെ ഫോട്ടോഗ്രഫി ഫിലിമിലേക്കോ, CCD സെന്‍സറിലേക്കോ പകര്‍ത്തുവാനും സാധിക്കുന്നതാണ്.

അനുബന്ധം


(2008 ആഗസ്റ്റ് ലക്കം ടെക്‌വിദ്യ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: An introduction to Diigtal Photography. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) blog. The first photograph, CCD and CMOS Sensors used in Digital Cameras, Photography and Digital Photography, Camera, Camera Obscura, Pinholl Camera.
--

9 comments:

Haree said...

ഡിജിറ്റല്‍ ഫോട്ടോഗ്രഫിയെക്കുറിച്ച് ‘ടെക്‌വിദ്യ’ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചു വരുന്ന ലേഖന പരമ്പരയില്‍ നിന്നും...
--

paarppidam said...

നന്നായിരിക്കുന്നൂ....തുടരുമല്ലോ?

ഹരീഷ് തൊടുപുഴ said...

ഞാന്‍ ഫേവറൈറ്റിലാക്കി; വിശദമായി വായിക്കാന്‍... നന്ദി

Anonymous said...

നന്ദി////

siva // ശിവ said...

എനിക്കും ഫോട്ടോഗ്രാഫി പഠിക്കാന്‍ ആഗ്രഹം ഉണ്ട്....ദയവായി തുടരുമല്ലോ....

നവരുചിയന്‍ said...

നന്നായി ഹരി മാഷെ .. ഇനി ക്ലാസുകള്‍ എടുക്കേണ്ടി വരുമ്പോള്‍ ഒന്നു ഓടിച്ചു നോക്കാന്‍ ഒരു ബ്ലോഗ് ആയി .

ASP said...

happy new year, visiting in the morning.. nice blog

Unknown said...

madam,thankyou very much for the informative note on digital photography.
is there any softwate to enable the visually handicapped freinds to access the digital photo graphy?awaiting your response?
SMART,efficiency developmentclub of the physically challenged,p.b.no.29, p.o.calicut university.

Haree said...

@ paarppidam, ഹരീഷ് തൊടുപുഴ, ഫോട്ടോഷോപ്പര്‍, ശിവ, നവരുചിയന്‍,
നന്ദി. :-)

@ cessyaaaa, caroline,
Wish you the same. Thank you.

@ smart,
(madam) !!!???
I didn't get your question. How can a s/w enable the visually handicapped friends to access digital photography? If it's something like Color Blindness, there are some s/w available like New Pigment 1.8. A few other s/w available here.
--

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome