ഫോട്ടോഗ്രഫിയുടേയും, ക്യാമറകളുടേയും ഉത്ഭവത്തെക്കുറിച്ചും; ഡിജിറ്റല്‍ ഫോട്ടോഗ്രഫിയെക്കുറിച്ചുമെല്ലാം നമ്മള്
കഴിഞ്ഞ പോസ്റ്റില്‍ മനസിലാക്കി. ഡിജിറ്റല്‍ ഫോട്ടോഗ്രഫിയെക്കുറിച്ചാണ് നാം കൂടുതലായി മനസിലാക്കുവാന്‍ ആരംഭിക്കുന്നത്. ക്യാമറയില്ലാതെ ഫോട്ടോഗ്രഫിയില്ലല്ലോ, അതിനാല്‍ തന്നെ നമ്മുടെ വിപണിയില്‍ ലഭ്യമായ ഡിജിറ്റല്‍ ക്യാമറകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ. വില കുറഞ്ഞ, വളരെ വ്യാപകമായ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ മുതല്‍; ലക്ഷങ്ങള്‍ രൂപ വിലമതിക്കുന്ന വിദഗ്ദ്ധോപയോഗ ക്യാമറകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
മൊബൈല്‍ ഫോണ്‍ ക്യാമറകള്‍
മൊബൈല്‍ ഫോണുകള്‍ സംസാരിക്കുവാനും, മെസേജുകള്‍ അയയ്ക്കുവാനും എന്ന സങ്കല്പം ഇന്ന് വളരെ മാറിയിരിക്കുന്നു. ക്യാമറ, എം.പി.3 പ്ലയര്‍, വീഡിയോ പ്ലെയര്‍, റിക്കാര്‍ഡര്‍, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിങ്ങനെ വളരെയധികം സൌകര്യങ്ങള്‍ ഇന്ന് മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണ്. ക്യാമറ ലഭ്യമായ മൊബൈലുകളെ, ക്യാമറ ഫോണുകള്‍ എന്നും വിളിക്കാറുണ്ട്. CMOS സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ലഭ്യമായ ഭൂരിഭാഗം ക്യാമറ ഫോണുകളും പ്രവര്‍ത്തിക്കുന്നത്.
വളരെ സൌകര്യമായി കൊണ്ടു നടക്കാം എന്നതും, എളുപ്പത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താം എന്നതുമാണ് ക്യാമറ ഫോണുകളുടെ പ്രധാന ആകര്ഷണങ്ങള്. ഇവ കൂടാതെ എടുത്ത ചിത്രങ്ങള്‍ ബന്ധുക്കളുമായും, സുഹൃത്തുക്കളുമായും പങ്കുവെയ്ക്കുവാനും നിമിഷങ്ങള്‍ മതി. കൂടിയ ശേഷിയുള്ള മെമ്മറി കാര്‍ഡുകളുടെ വരവോടെ ചിത്രങ്ങളുടെ എണ്ണത്തിനും പരിധിയില്ലാതെയായി. ഡിജിറ്റല്‍ ക്യാമറകളിലെന്ന പോലെ; വ്യത്യസ്തമായ മോഡുകളും, ഓപ്ഷനുകളും, ഇഫക്ടുകളുമൊക്കെ അടങ്ങിയ മൊബൈല്‍ ഫോണ്‍ ക്യാമറകളും ഇന്ന് ലഭ്യമാണ്.
ക്യാമറ ഫോണുകളെ VGA ക്യാമറ എന്നും, മെഗാപിക്സല്‍ ക്യാമറ എന്നും രണ്ടായി തിരിക്കാം. 640 x 480 ആണ് VGA ക്യാമറകള്‍ പരമാവധി അനുവദിക്കുന്ന റെസലൂഷന്‍ (ഉദാ: നോക്കിയ 6230; 640 x 480). മെഗാപിക്സല്‍ കണക്കില്‍ പറഞ്ഞാല്‍ .3 മെഗാപിക്സലുകള് (640 x 480 = 307200; 307200/1000000 = .3072; .3 Megapixels). ഒരു മെഗാപിക്സല്‍ എന്നാല്‍ ഒരു ദശലക്ഷം പിക്സലുകള്‍, അഥവാ അത്രയും ഇമേജ് സെന്‍സറുകള്‍ അടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥം. 3 ലക്ഷത്തിനു മേല്‍ സെന്‍സറുകള്‍ മാത്രമേ ഒരു VGA ക്യാമറയില്‍ അടങ്ങിയിട്ടുള്ളൂ, അതിനാല്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ നിലവാരവും കുറവായിരിക്കും.
എന്നാല്‍ ചില VGA ക്യാമറകള്‍ 640 x 480 പിക്സല്‍ റെസലൂഷനു മുകളിലുള്ള ചിത്രങ്ങളും ലഭ്യമാക്കാറുണ്ട്. ഇന്റര്‍പൊലേഷന്‍ എന്ന വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അതായത് 640 x 480 വലുപ്പത്തില്‍ പകര്‍ത്തപ്പെടുന്ന ചിത്രത്തില്‍, കൂടുതല്‍ പിക്സലുകല് ആവശ്യാനുസരണം കൂട്ടിച്ചേര്‍ത്ത്, കൂടിയ റെസലൂഷനിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നു. ഇങ്ങിനെ ചെയ്യുമ്പോഴും, ചിത്രങ്ങളുടെ ഗുണനിലവാരത്തിന് മെച്ചമൊന്നും ഉണ്ടാവുന്നില്ല എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!
മെഗാപിക്സല്‍ ക്യാമറ ഫോണുകളുടെ കാര്യം പറയുകയാണെങ്കില്‍, 8 മെഗാപിക്സല്‍ ക്യാമറ ഫോണുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. (ഉദാ: സോണി എറിക്സണ് C905; 3264x2448; 7990272 Effective Pixels; 7.99 മെഗാപിക്സല്‍) എന്നാല്‍ മെഗാപിക്സലുകള് വളരെക്കൂടുതലുണ്ട് എന്നതുകൊണ്ടുമാത്രം ചിത്രങ്ങള്‍ മികച്ചതാവണമെന്നില്ല. ലഭ്യമായ സെന്‍സറുകളില്‍ എത്രയെണ്ണം ചിത്രം പകര്‍ത്തുവാനായി ഉപയോഗിക്കപ്പെടുന്നു(Effective Pixels) എന്നതിനും ഇവിടെ പ്രാധാന്യമുണ്ട്. അതായത് ലഭ്യമായ മുഴുവന്‍ സെന്‍സറുകളും ചിത്രം പകര്‍ത്തുന്നതിനായി ഉപയോഗിക്കപ്പെടണമെന്നില്ല. അരികുകളിലും മറ്റുമുള്ള സെന്‍സറുകള്‍ പലപ്പോഴും ഉപയോഗിക്കപ്പെടാറില്ല. എന്നാല്‍ മിക്ക ക്യാമറ ഫോണ്‍/ഡിജിറ്റല്‍ ക്യാമറ നിര്‍മ്മാതാക്കളും Total Pixels-ന് അനുസൃതമായ മെഗാപിക്സല്‍ വിലയാവും ക്യാമറയുടെ വിവരണത്തില്‍ നല്കിയിരിക്കുക. അതിനാല്‍ ക്യാമറയില്‍ ലഭ്യമായ ഏറ്റവും കൂടിയ റെസലൂഷന്‍ അനുസൃതമായ ഇഫക്ടീവ് പിക്സലുകള്‍ മനസിലാക്കിയതിനു ശേഷം ക്യാമറ വാങ്ങുവാന്‍ തീരുമാനിക്കുക.
പോയിന്റ്-ആന്റ്-ഷൂട്ട് ക്യാമറകള്‍
പോയിന്റ്-ആന്റ്-ഷൂട്ട് ക്യാമറകള്‍ അഥവാ കോംപാക്ട് ക്യാമറകള്‍ വലുപ്പം കുറഞ്ഞ ഡിജിറ്റല്‍ ക്യാമറകളാണ്. സെന്‍സറില്‍ പതിയുന്ന, ലെന്‍സിലൂടെ കടന്നുവരുന്ന ചിത്രവും; വ്യൂഫൈന്‍ഡറില്‍ അല്ലെങ്കില്‍ എല്‍.സി.ഡി. സ്ക്രീനില്‍ കാണുന്ന ചിത്രവും തമ്മില്‍ ബന്ധമൊന്നുമില്ല എന്നതാണ് SLR ക്യാമറകളില്‍ നിന്നും ഇവയെ വ്യത്യാസപ്പെടുത്തുന്ന പ്രധാന ഘടകം. വ്യൂഫൈന്‍ഡറിലൂടെ കാണുന്ന ചിത്രം മറ്റൊരു ലെന്‍സിലൂടെ കടന്നുവരുന്നതാണെന്ന് സാരം. മിക്ക കോംപാക്ട് ക്യാമറകള്‍ക്കും ആട്ടോ-ഫോക്കസുള്ള ലെന്സുകളാവും ഉപയോഗിക്കുക. അകലെയുള്ള വസ്തുക്കളെ, നിലവാരം നഷ്ടപ്പെടാതെ പകര്‍ത്തുവാന്‍ സഹായിക്കുന്ന ഒപ്റ്റിക്കല്‍ സൂം എന്ന സാധ്യതയും ഇത്തരം ക്യാമറകളില്‍ ലഭ്യമായിരിക്കും. വിവിധ കളര്‍ മോഡുകള്‍, ഇഫക്ടുകള്‍, ക്യാമറയോട് ഘടിപ്പിച്ചിരിക്കുന്ന ഫ്ളാഷ്, റെഡ്-ഐ ഒഴിവാക്കുവാനുള്ള സംവിധാനം എന്നിവയൊക്കെയും സാധാരണയായി ഇത്തരം ക്യാമറകളില്‍ ഉണ്ടാകുവാറുണ്ട്. കാനന്‍ പവര്‍ഷോട്ട് IXUS 950 IS, സോണി സൈബര്‍-ഷോട്ട് W80 എന്നിവയൊക്കെ കോംപാക്ട് ക്യാമറകള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു ക്യാമറ ഫോണ്‍ എന്നതുപോലെ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമാണ് എന്നതു തന്നെയാണ് ഇതിന്റെയും ജനപ്രീതിക്ക് കാരണം. ആട്ടോ മോഡില്‍ ചിത്രങ്ങളെടുത്താല്‍, ആ സാഹചര്യത്തില്‍ ലഭിക്കാവുന്ന മികച്ച ചിത്രം ക്യാമറ തന്നെ സെറ്റിംഗുകള്‍ ക്രമീകരിച്ച് പകര്‍ത്തുന്നതാണ്. ഇതുകൂടാതെ ചെറിയ രീതിയില്‍ മാനുവല്‍ ക്രമീകരണങ്ങള്‍ നടത്തുവാനും സാധ്യതയുള്ള കോംപാക്ട് ക്യാമറകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.
അനുബന്ധം
(2008 സെപ്റ്റംബര്‍ ലക്കം ടെക്വിദ്യ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: An introduction to Digtal Cameras, Mobile Cameras (Camera Phones), Point-&-Shoot (Point-and-shoot) Cameras. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) blog. Published in TechVidya Computer Magazine, 2008 September Edition.
--