ഫോട്ടോഷോപ്പില്‍ ബ്രഷ് നിര്‍മ്മാണം
അഡോബി ഫോട്ടോഷോപ്പ് സി.എസ്.3, ഒരു ഡിസൈനറെ സംബന്ധിച്ചിടത്തോളം സാധ്യതകളാല്‍ സമ്പന്നമാണ്. ബ്രഷസ് പാലെറ്റ് തന്നെ ഒരു ഉദാഹരണം. ഫോട്ടോഷോപ്പില്‍ ലഭ്യമായിരിക്കുന്ന ബ്രഷസ് പാലെറ്റ് ഉപയോഗപ്പെടുത്തുന്ന ടൂളുകള്‍ നിരവധിയാണ്.സാധാരണ ആവശ്യങ്ങള്‍ക്കായുള്ള ബ്രഷ്, ഇറേസര്‍, പെന്‍സില്‍ എന്നിവയെക്കൂടാതെ; ഹിസ്റ്ററി ബ്രഷ് ടൂളുകള്‍, സ്റ്റാമ്പ് ടൂളുകള്‍, ഇമേജ് കറക്ഷന്‍ ടൂളുകള്‍ എന്നിവയൊക്കെയും ബ്രഷസ് പാലെറ്റില്‍ അടങ്ങിയിരിക്കുന്ന വിവിധ തരത്തിലുള്ള ബ്രഷ് പ്രീസെറ്റിംഗുകള്‍ പ്രയോജനപ്പെടുത്തുന്നവയാണ്. ഇത്രയും മാത്രമല്ല; ബ്രഷസ് പാലെറ്റിലേക്ക്, നമ്മുടെ ഇഷ്ടാനുസരണം ബ്രഷുകള്‍ നിര്‍മ്മിച്ച് ചേര്‍ക്കുവാനുള്ള സാധ്യതകൂടി ഫോട്ടോഷോപ്പിലുണ്ട്. അപ്പോള്‍ ഫോട്ടോഷോപ്പിലെ ബ്രഷുകളുടെ സാധ്യതകള്‍ എത്രത്തോളം വിസ്തൃതമാണെന്ന് ഊഹിക്കാമല്ലോ! ഫോട്ടോഷോപ്പില്‍ എങ്ങിനെ നമുക്കിഷ്ടമുള്ള രീതിയില്‍ ഒരു ബ്രഷുണ്ടാക്കാമെന്ന് ഇവിടെ മനസിലാക്കാം.
ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ ലഭ്യമായിരിക്കുന്ന ബ്രഷസ് പാലെറ്റാണ് ചിത്രത്തില്‍ കാണുന്നത്. പ്രധാനമെനുവില്‍ Window > Brushes സെലക്ട് ചെയ്തോ, കീ-ബോര്‍ഡില്‍ F5 അമര്‍ത്തിയോ ബ്രഷസ് പാലെറ്റ് ലഭ്യമാക്കാം. ബ്രഷ് പ്രീസെറ്റുകളെക്കൂടാതെ, ഓരോ പ്രീസെറ്റിലും പ്രയോഗിക്കാവുന്ന വിവിധതരം ഉപസാധ്യതകളും ഈ പാലെറ്റില്‍ ലഭ്യമാണ്. നമ്മുടെ പ്രത്യേകാവശ്യത്തിനായി ഒരു ബ്രഷ് എങ്ങിനെ നിര്‍മ്മിക്കാമെന്നു നോക്കാം. ആദ്യമായി ഒരു പുതിയ ഫയല്‍ തുറക്കുക. 640 പിക്സല്‍ വീതിയിലും 480 പിക്സല്‍ പൊക്കത്തിലുമുള്ള ഒരു ഫയലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നമുക്കിഷ്ടമുള്ള രീതിയില്‍ ഒരു ബാക്ക്-ഗ്രൌണ്ട് ചിത്രത്തിനു നല്‍കുക. ഇവിടെ താഴെക്കാണുന്ന രീതിയിലൊരു ബാക്ക്-ഗ്രൌണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്.
പുതുതായി ഒരു ലെയര്‍ ലെയേഴ്സ് പാലെറ്റില്‍ കൂട്ടിച്ചേര്‍ത്ത്, അതിന് snow_brush എന്നു പേരു നല്‍കുക. കസ്റ്റം ഷേപ്പ് ടൂള്‍ സെലക്ട് ചെയ്ത്, ഒപ്ഷന്‍സ് ബാറില്‍ ലഭ്യമായ ഷേപ്പ് പ്രീസെറ്റുകളില്‍ നിന്നും ചിത്രത്തില്‍ കാണുന്ന രീതിയില്‍ Snowflake 3 എന്ന ഷേപ്പ് സെലക്ട് ചെയ്യുക.
കസ്റ്റം ഷേപ്പ് ഓപ്ഷന്‍സില്‍ നിന്നും Defined Size എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഫോര്‍ഗ്രൌണ്ട് നിറമായി കറുപ്പ് സെലക്ട് ചെയ്യുക. ബ്രഷുകള്‍ നിര്‍മ്മിക്കുമ്പോള്‍ കറുപ്പു നിറം ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മറ്റു നിറങ്ങള്‍ ബ്രഷിന്റെ ഒപ്പാസിറ്റി വിലയെ ബാധിക്കുമെന്നതിനാലാണത്. തുടര്‍ന്ന് ക്യാന്‍വാസിലെവിടെങ്കിലും ക്ലിക്ക് ചെയ്യുക, ഷേപ്പ് അതിന്റെ യഥാര്‍ത്ഥ വലുപ്പത്തില്‍ ക്യാന്‍വാസില്‍ ചേര്‍ക്കപ്പെടും. ലെയേഴ്സ് പാലെറ്റില്‍ snow_brush എന്ന ലെയര്‍ ആക്ടീവായിരിക്കുമ്പോളാണ് ഇത് ചെയ്യേണ്ടതെന്നത് പ്രത്യേകമോര്‍ക്കുക. ഷേപ്പ് ചേര്‍ത്ത ലെയറില്‍ വലതു മൌസ് ബട്ടണ്‍ അമര്‍ത്തി Rasterize Layer എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇപ്പോള്‍ ആ ലെയര്‍ ഒരു സാധാരണ പിക്സല്‍ ലെയറായി മാറിയിട്ടുണ്ടാവും.
അടുത്ത പടിയായി ലെയറിലെ സ്നോഫ്ലേക്ക് മാത്രമായി സെലക്ട് ചെയ്യുക. അതിനായി Ctrl കീ അമര്‍ത്തി ലെയേഴ്സ് പാലെറ്റില്‍, ലെയറിന്റെ തമ്പ്നെയിലില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും. തുടര്‍ന്ന് പ്രധാനമെനുവില്‍ Edit > Define Brush Preset... എന്ന ഇനത്തില്‍ ക്ലിക്ക് ചെയ്യുക. പുതുതായി ചേര്‍ക്കുന്ന ബ്രഷിന് ഒരു പേരു നല്‍കുവാനുള്ള ഡയലോഗ് ബോക്സ് ദൃശ്യമാവും. ഇവിടെ നമുക്കിഷ്ടമുള്ള ഒരു പേരു നല്‍കാവുന്നതാണ്.
പുതുതായി ചേര്‍ത്ത ബ്രഷ് പ്രീസെറ്റ് ബ്രഷസ് പാലെറ്റില്‍ ലഭ്യമായിരിക്കുന്ന പ്രീസെറ്റുകളില്‍, ഏറ്റവും ഒടുവിലായി ചേര്‍ക്കപ്പെട്ടിരിക്കും. ലെയേഴ്സ് പാലെറ്റില്‍ snow_brush എന്ന ലെയര്‍ ഹൈഡ് ചെയ്ത്, പുതുതായി snowflakes എന്ന ഒരു ലെയര്‍ കൂട്ടിച്ചേര്‍ത്ത്, പുതിയ ലെയറില്‍ ഈ ബ്രഷ് ഉപയോഗിച്ച് വരച്ചു നോക്കുക. ഫോര്‍ഗ്രൌണ്ട് നിറമായി വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ചു നോക്കുക. വീണ്ടും ബ്രഷസ് പാലെറ്റ് തുറന്ന് (പ്രധാനമെനുവില്‍ Window > Brushes) Brush Tip Shape എന്ന ടാബ് സെലക്ട് ചെയ്യുക. അവിടെ സ്പേസിംഗ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് അതിന്റെ വിലയായി 100% എന്നു നല്‍കുക. ബ്രഷ് ഉപയോഗിക്കുമ്പോള്‍, ഓരോ ബ്രഷ് ഇമ്പ്രഷനുകളും തമ്മില്‍ എത്ര അകലം പാലിക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അടുത്തതായി Shape Dynamics എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഏറ്റവും മുകളിലായിക്കാണുന്ന Size Jitter എന്ന ഓപ്ഷന്റെ വിലയായി 50% എന്നു നല്‍കുക. ബ്രഷ് ഇമ്പ്രഷനുകളുടെ വലുപ്പം, ഓരോ പ്രാവശ്യവും ഓരോ രീതിയില്‍ ലഭ്യമാകുവാനാണ് ഈ ഓപ്ഷന്‍ ഉപയോഗിക്കുന്നത്. 50% വരെ വ്യത്യാസത്തിലാവാമെന്നാണ് നാം Size Jitter വിലയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Scattering എന്ന ഓപ്ഷനാണ് അടുത്തത്. ഇവിടെ ബ്രഷ് ഉപയോഗിക്കുന്ന അവസരത്തില്‍, ബ്രഷ് ഉപയോഗിക്കുന്ന സ്ഥലത്തുനിന്നും എത്രമാത്രം വ്യത്യാസത്തില്‍ ഇമ്പ്രഷനുകള്‍ ചിതറണമെന്ന്‍ നല്‍കാവുന്നതാണ്. Both Axis എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത്, നാലു വശത്തേക്കും ഇമ്പ്രഷനുകള്‍ ചിതറുവാനായി നിര്‍ദ്ദേശിക്കാവുന്നതാണ്. ഓരോ ഇമ്പ്രഷനിലും, ബ്രഷ് ടിപ്പ് എത്ര എണ്ണം വീതം ലഭ്യമാക്കണമെന്ന് Count എന്ന വേരിയബിള്‍ ഉപയോഗിച്ച് നിര്‍ദ്ദേശിക്കാവുന്നതാണ്.
Color Dynamics എന്ന ഓപ്ഷന്റെ വിലകള്‍ അടുത്ത ചിത്രത്തില്‍ കാണുന്ന രീതിയില്‍ നല്‍കുക. ഫോര്‍ഗ്രൌണ്ട് നിറമായി #ffffff എന്ന നിറവും, ബാക്ക്ഗ്രൌണ്ട് നിറമായി #ffffcc എന്ന നിറവും സെലക്ട് ചെയ്യുക. ഈ രണ്ടു നിറങ്ങളുടേയും വേരിയേഷനുകളാണ് ഇടകലര്‍ത്തി ഉപയോഗിക്കുവാനാണ് Foreground/Background Jitter എന്ന വേരിയബിള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
അതിനു ശേഷം Other Dynamics എന്ന ടാബ് സെലക്ട് ചെയ്ത്, അവിടെയുള്ള വേരിയബിളുകളുടെ വില താഴെ കാണുന്ന രീതിയില്‍ നല്‍കുക. ഇവിടെ Opacity Jitter, Flow Jitter എന്നിങ്ങനെ രണ്ട് സാധ്യതകളാണ് കാണപ്പെടുക. ഇതില്‍ Opacity Jitter എന്നതിന്റെ വിലയായി 100% നല്‍കുക. ഓരോ ഇമ്പ്രഷനും വ്യത്യസ്ത ഒപ്പാസിറ്റി വിലകള്‍ ഉപയോഗിക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത്രയും ചെയ്തതിനു ശേഷം ബ്രഷ് ഉപയോഗിച്ചു നോക്കുക. താഴെ കാണുന്ന രീതിയിലാവും നമുക്ക് ഫലം ദൃശ്യമാവുക.
(2008 ജനുവരി ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Keywords: Adobe Photoshop CS3 Tutorial in Malayalam, Language, Brushes, Custom Brushes, Brush Presets, Brushes Palette, Define Brush Preset.
--
7 comments:
ഫോട്ടോഷോപ്പിലെ ബ്രഷസ് പാലെറ്റിനേയും, Define Brush Preset... എന്ന ഓപ്‌ഷനേയും പരിചയപ്പെടുത്തുന്ന ഒരു ലേഖനം.
--
നന്ദി ഹരീ
ഡൌണ്‍ലോഡു ചെയ്ത് ബ്രഷ് ഫയലുകള്‍ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്?
താങ്ക്സ് മാഷെ..:)
@ ക്രിസ്‌വിന്‍, പ്രയാസി,
:)
@ പേര്.. പേരക്ക!!,
ബ്രഷസ് പാലെറ്റില്‍ വലതുവശത്ത്-മുകളിലായി കാണുന്ന മെനുബട്ടണില്‍ ക്ലിക്ക് ചെയ്ത്, തുറന്നുവരുന്ന മെനുവില്‍ നിന്നും Load Brushes... ഉപയോഗിച്ച് സിസ്റ്റത്തില്‍ സേവ് ചെയ്യപ്പെട്ടിരിക്കുന്ന ബ്രഷുകള്‍ ലോഡ് ചെയ്യാം.
--
Valuable information, Hari, Carry on
ഇതല്ലെ ഇന്‍ഫോ കൈരളിയില്‍ എഴുതിയെ ??
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--