Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Saturday, March 29, 2008

ഫോട്ടോഷോപ്പിലെ ആക്ഷനുകള്‍

Tutorial on Actions in Adobe Photoshop CS3
ഒരുപക്ഷെ തലക്കെട്ട് വായിച്ച് കൂട്ടുകാരില്‍ ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാവും; ‘ഫോട്ടോഷോപ്പിലും ആക്ഷനുകളോ?’ എന്ന്. ശരിയാണ്, ഫോട്ടോഷോപ്പിലും ആക്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ഫ്ലാഷിലും മറ്റും നാം പരിചയപ്പെട്ട ആക്ഷനുകളല്ല ഫോട്ടോഷോപ്പിലെ ആക്ഷനുകളെന്നു മാത്രം. ഒരു പ്രവര്‍ത്തി ഫോട്ടോഷോപ്പില്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടതുണ്ടെന്നിരിക്കട്ടെ. അപ്പോള്‍ ആ പ്രവര്‍ത്തി വീണ്ടും വീണ്ടും പടിപടിയായി ചെയ്യുന്നതിനു പകരമായി, അതു ചെയ്യുവാനുള്ള ആക്ഷന്‍ എഴുതിയാല്‍ എളുപ്പത്തില്‍, ആവര്‍ത്തനത്തിന്റെ മടുപ്പില്ലാതെ ആ പ്രവര്‍ത്തികള്‍ ക്രമമായി ചെയ്യുവാന്‍ സാധിക്കും. ഫോട്ടോഷോപ്പില്‍ ലഭ്യമായ ആക്ഷന്‍സ് പാനല്‍ (പ്രധാനമെനുവില്‍ Window > Actions; കീബോര്‍ഡില്‍ ഡിഫോള്‍ട്ടായി F9 അല്ലെങ്കില്‍ Alt + F9) ഉപയോഗിച്ചാണ് ഇതു സാധ്യമാവുന്നത്.

ഒരു ഉദാഹരണത്തിലൂടെ നമുക്ക് ആക്ഷന്‍സ് പാനലിനെക്കുറിച്ച് കൂടുതലായി മനസിലാക്കാം. 480 x 640 പിക്സല്‍ വീതിയിലും പൊക്കത്തിലുമുള്ള മൂന്ന് ചിത്രങ്ങള്‍ നമ്മുടെ പക്കലുണ്ടെന്നു കരുതുക. നാം അത് ഒരു വെബ് സൈറ്റിലെ ഗാലറിയില്‍ നല്‍കുവാനായി തയ്യാറാക്കിയിരിക്കുന്നതാണ്. നമുക്ക് ഓരോ ചിത്രത്തിന്റേയും പ്രിവ്യൂവായി കാണിക്കുവാനുള്ള തമ്പ്‌നെയില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. താഴെക്കാണുന്നത്രയും കാര്യങ്ങളാണ് ഓരോ ചിത്രത്തിലും ചെയ്യേണ്ടത്.

  • ചിത്രം തുറക്കുക.
  • ചിത്രത്തിന്റെ വീതിയും പൊക്കവും ക്രമപ്പെടുത്തുക. ഇവിടെ 75 പിക്സല്‍ വീതിയും, അതിനനുപാതമായി 100 പിക്സല്‍ പൊക്കവുമാണ് ഉപയോഗിച്ചിരിക്കുന്നത്.
  • ചിത്രം തമ്പ്‌നെയിലായി സേവ് ചെയ്യുക.
ഓരോ ചിത്രവും തുറന്ന് ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനു പകരമായി ഒരു ആക്ഷന്‍ നിര്‍മ്മിച്ച ശേഷം, അത് ചിത്രങ്ങളില്‍ പ്രയോഗിച്ചാല്‍ മതിയാവും. അതിനു തക്കവണ്ണം ഒരു ആക്ഷന്‍ നിര്‍മ്മിക്കുന്നതിനു മുന്‍പായി ആക്ഷന്‍സ് പാനലിനെ നമുക്കൊന്ന് പരിചയപ്പെടാം.

Actions Panel in Adobe Photoshop CS3ഡിഫോള്‍ട്ടായി ലഭിക്കുന്ന Actions പാനലാണ് വശത്തുള്ള ചിത്രത്തില്‍‍ കാണുന്നത്. Default Actions എന്ന ഒരൊറ്റ ആക്ഷന്‍ സെറ്റ് മാത്രമാവും പാനലില്‍ ഇപ്പോള്‍ ലഭ്യമായിരിക്കുക. ഫോള്‍ഡര്‍ ഐക്കണ് സമീപമായി കാണുന്ന നീല നിറത്തിലുള്ള ആരോയില്‍ ക്ലിക്ക് ചെയ്ത് സെറ്റിനുള്ളിലെ ആക്ഷനുകള്‍ ദൃശ്യമാക്കുവാന്‍ സാധിക്കും. ഫോട്ടോഷോപ്പില്‍ ഡിഫോള്‍ട്ടായി ലഭ്യമായ ഒരു ആക്ഷനായ Gradient Map എന്ന ആക്ഷന്‍ എക്സ്‌പാന്‍ഡ് ചെയ്തത് താഴെയുള്ള ചിത്രത്തില്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക.


പാനലിനെ മറ്റ് ഓപ്‌ഷനുകളിലേക്ക്. ചിത്രം ശ്രദ്ധിക്കുക.
Gradient Map Action in Actions Panel
  1. ചില ആക്ഷനുകള്‍ക്കിടയില്‍ ഉപയോക്താവിന്റെ ഇടപെടല്‍ ആവശ്യമുള്ള കടമ്പകള്‍ ഉണ്ടാവും. ഒരു ഡിഫോള്‍ട്ട് സെറ്റിംഗ് ഉപയോഗിച്ചായിരിക്കും ഈ ഭാഗം പ്രയോഗിക്കപ്പെടുക. ഈ ഭാഗത്തുള്ള ബട്ടണ്‍ ടോഗിള്‍ ചെയ്ത്, ഇടപെടല്‍ ആവശ്യമുള്ള ഡയലോഗ് ബോക്സുകള്‍ ടോഗിള്‍ ചെയ്യുവാന്‍ സാധിക്കും.
  2. വിവിധ പ്രവര്‍ത്തികള്‍ സമന്വയിപ്പിച്ചാണല്ലോ ഓരോ ആക്ഷനും ഉണ്ടാക്കുന്നത്. ചില ചിത്രങ്ങളില്‍ ഇടയ്ക്കുള്ള ചില പ്രവര്‍ത്തികള്‍ ഒഴിവാക്കണമെങ്കില്‍ അതിനുള്ള സാധ്യതയാണ് ഈ ഭാഗത്തെ ബട്ടണ്‍ നല്‍കുന്നത്. ടിക്ക് ഒഴിവാക്കി ആക്ഷന്‍ റണ്‍ ചെയ്താല്‍, ആ പ്രവര്‍ത്തി ഒഴിവാക്കി ബാക്കിയുള്ളവ ചിത്രത്തില്‍ പ്രയോഗിക്കപ്പെടും.
  3. ആക്ഷന്‍ റണ്‍ ചെയ്യുന്നതോ, റിക്കാര്‍ഡ് ചെയ്യുന്നതോ അവസാനിപ്പിക്കുവാന്‍ ഈ ബട്ടണ്‍ ഉപയോഗിക്കാം.
  4. പുതുതായി ഒരു ആക്ഷന്‍ റിക്കാര്‍ഡ് ചെയ്തു തുടങ്ങുവാനാണ് ഈ ആക്ഷന്‍ ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള ഒരു ആക്ഷനിലേക്ക് കൂടുതല്‍ പ്രവര്‍ത്തികള്‍ കൂട്ടിച്ചേര്‍ക്കുവാനും ഈ ബട്ടണ്‍ ഉപയോഗിച്ച് സാധിക്കും.
  5. പാലെറ്റില്‍ ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്ന ആക്ഷന്‍ റണ്‍ ചെയ്യുവാന്‍.
  6. പാലെറ്റിലേക്ക് പുതിയ ഒരു സെറ്റ് ചേര്‍ക്കുവാന്‍.
  7. പുതിയ ഒരു ആക്ഷന്‍ പാലെറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുവാന്‍.
  8. പാലെറ്റില്‍ ഇപ്പോള്‍ സെലക്ട് ചെയ്തിരിക്കുന്ന ആക്ഷന്‍/സെറ്റ് ഡിലീറ്റ് ചെയ്യുവാന്‍.
നമുക്ക് ആക്ഷന്‍സ് പാലെറ്റ് ഉപയോഗിച്ച് തമ്പ്‌നെയില്‍ നിര്‍മ്മിക്കുവാനുള്ള ഒരു ആക്ഷന്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കാം. ആദ്യമായി നമ്മുടെ ആക്ഷനുകള്‍ സൂക്ഷിക്കുവാനുള്ള പുതിയ ഒരു സെറ്റ് പാലെറ്റിലേക്ക് കൂട്ടിച്ചേര്‍ക്കാം. പുതിയ സെറ്റ് ചേര്‍ക്കുവാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ ഒരു ഡയലോഗ് ബോക്സ് തുറന്നുവരും. സെറ്റിന് ഇഷ്ടമുള്ള ഒരു പേരു നല്‍കി OK ബട്ടണ്‍ അമര്‍ത്തുക. ആ പേരില്‍ ഒരു സെറ്റ് പാലെറ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും.
New Action Set Dialogue in Adobe Photoshop CS3

അടുത്ത പടിയായി പുതിയ ആക്ഷന്‍ ചേര്‍ക്കുവാനുള്ള ബട്ടണില്‍ മൌസമര്‍ത്തുക. താഴെക്കാണുന്ന രീ‍തിയില്‍ ഒരു ഡയലോഗ് ബോക്സ് തുറന്നുവരും. അതില്‍, Name: എന്ന ടെക്സ്റ്റ് ബോക്സില്‍ ഇഷ്ടമുള്ള ഒരു പേരു നല്‍കുക. ഏതു സെറ്റില്‍ വേണം ചേര്‍ക്കുവാനെന്നുള്ളത് അടുത്ത ഡ്രോപ്പ് ഡൌണ്‍ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. ആവശ്യമിങ്കില്‍ ഒരു ഫംഗ്‌ഷന്‍ കീ എളുപ്പത്തിനായി നിര്‍വ്വചിക്കാം. പെട്ടെന്നു തിരിച്ചറിയുവാനായി Color: എന്ന ഡ്രോപ്പ് ഡൌണ്‍ ബോക്സില്‍ നിന്നും ഒരു നിറം സെലക്ട് ചെയ്യുവാനും സാധിക്കും.
New Action Dialogue in Adobe Photoshop CS3

ഇത്രയും ചെയ്തതിനു ശേഷം Record എന്ന ബട്ടണില്‍ മൌസമര്‍ത്തി ആക്ഷന്‍ പാലെറ്റിലേക്ക് കൂട്ടിച്ചേര്‍ക്കാം. പുതിയ ആക്ഷന്‍ ചേര്‍ക്കുന്നതിനോടൊപ്പം, ആക്ഷന്‍ റിക്കാര്‍ഡ് ചെയ്തു തുടങ്ങുകയും ചെയ്യും. തത്കാലം STOP ബട്ടണ്‍ അമര്‍ത്തി റിക്കാര്‍ഡിംഗ് നിര്‍ത്തിവെയ്ക്കുക. തുടര്‍ന്ന് തമ്പ്‌നെയില്‍ ഉണ്ടാക്കേണ്ട ചിത്രങ്ങളില്‍ ഒരെണ്ണം ഫോട്ടോഷോപ്പില്‍ തുറക്കുക. റിക്കാര്‍ഡിംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് റിക്കാര്‍ഡിംഗ് പുനാരംഭിച്ച ശേഷം തമ്പ്‌നെയില്‍ ചിത്രം ഉണ്ടാക്കുവാന്‍ തുടങ്ങാം.

ചിത്രത്തിന്റെ ടൈറ്റില്‍ ബാറില്‍ വലതു മൌസ് ബട്ടണ്‍ അമര്‍ത്തിയോ, പ്രധാനമെനുവില്‍ Image > Image Size... സെലക്ട് ചെയ്തോ, കീബോര്‍ഡില്‍ Alt + Ctrl + I അമര്‍ത്തിയോ Image Size ഡയലോഗ് ലഭ്യമാക്കുക. അതിനു ശേഷം വീതിയായി 75 പിക്സല്‍ എന്ന് എന്റര്‍ ചെയ്യുക. OK അമര്‍ത്തി പുതിയ സെറ്റിംഗ് ചിത്രത്തില്‍ പ്രയോഗിക്കുക. തുടര്‍ന്ന് പ്രധാനമെനുവില്‍ File > Save for Web & Devices... സെലക്ട് ചെയ്ത് (കീ ബോര്‍ഡില്‍ Alt + Shift + Ctrl + S) വെബ്ബിനുവേണ്ടി സേവ് ചെയ്യുവാനുള്ള ഓ‌പ്‌ഷന്‍ ആക്ടീവാക്കുക. Save ബട്ടണില്‍ മൌ‌സമര്‍ത്തുമ്പോള്‍ എവിടെയാണ് സേവ് ചെയ്യേണ്ടതെന്ന് നല്‍കുവാനുള്ള ഡയലോഗ് ലഭ്യമാവും. അവിടെ ഒരു പുതിയ ഫോള്‍ഡര്‍ കൂട്ടിച്ചേര്‍ത്ത് അതിനുള്ളിലായി സേവ് ചെയ്യുക. പേര് എഡിറ്റ് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് ചിത്രം ക്ലോസ് ചെയ്യുക, സേവ് ചെയ്യണമോ എന്ന ഡയലോഗ് ബോക്സില്‍ No എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വീണ്ടും Stop ബട്ടണ്‍ അമര്‍ത്തി റിക്കാര്‍ഡിംഗ് അവസാ‍നിപ്പിക്കുക.

തുടര്‍ന്നുള്ള ചിത്രങ്ങളുടെ തമ്പ്‌നെയില്‍ നിര്‍മ്മിക്കുവാന്‍, ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ഓപ്പണ്‍ ചെയ്ത ശേഷം, പുതുതായുണ്ടാക്കിയ ആക്ഷന്‍ സെലക്ട് ചെയ്ത്, Play ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയാവും.


(2008 മാര്‍ച്ച് ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Adobe Photoshop CS3 Tutorial on Photoshop Actions. Actions Panel, How to create a new action?, How to run an action?, How to create a new action set? How to resize an image? etc. are explained in this post.
--

7 comments:

Haree said...

അഡോബി ഫോട്ടോഷോപ്പില്‍ ലഭ്യമായ ആക്ഷന്‍സ് പാനലിനേയും, ആക്ഷന്‍സ് പാനലിലെ വിവിധ സാധ്യതകളേയും, ആക്ഷനുകളേയും പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ്.
--

അഹങ്കാരി... said...

ഓ.ടോ.

ഹരിയേട്ടാ, എനിക്കൊരു സംശയമുണ്ടായീരുന്നു..

നമുക്ക് ഒരു ചിത്രം (ഉദാ. നമ്മുടെ വേറൌ ബ്ലൊഗിന്റെ ലിങ്കായി )സൈഡ് പാനലില്‍ കൊടുക്കണം. അതിന് ആ ചിത്രത്തെ ട്രാന്‍സ്പേരന്റ് ആക്കാന്‍ എന്തു ചെയ്യണം?

ഞാന്‍ റ്റ്രാന്‍സ്പേരന്റ് ബ്.ഗ്രൌ. വച്ച് png ആയി സേവ് ചെയ്തു.പക്ഷേ വെള്ള ബ്.ഗ്. ആണു വരുന്നത്?

മറുപടി പ്രതീക്ഷിക്കുന്നു

അഹങ്കാരി... said...

ഓ.ടോ. :


ഹരിയേട്ടാ,

ഒരു ഡൌട്ട്,

എനിക്ക് ഫ്ലാഷിലെ ഒരു ബട്ടണിന്റെ ഇമേജ് റോള്‍ ഓവര്‍ ചെയ്യുമ്പോള്‍ മാറുകയും റോള്‍ ഔട്ടില്‍ പഴയതു പോലെ ആകുകയും വേണം. ടൈം ലൈനില്‍ വച്ച് 3 കീഫ്രെയിം വച്ച് 3 ഇമേജ് വേറെ മാറിമാരികാണിക്കുന്നുണ്ട്...

ഞാന്‍ താങ്കളുടെ ഇന്‍ഫോകൈരളി മാഗിലുള്ള ലെസ്സണ്‍സ് വായിച്ചു ഫ്ലാഷ് (8) പഠിച്ചു തുടങ്ങുന്നേ ഉള്ളേ..
ഒന്നു സഹായിക്കൂ

സാല്‍ജോҐsaljo said...

ഹരീ കൊള്ളാം നല്ല വിവരണം.

കഥ ഇവിടം കൊണ്ടവസാനിക്കുന്നില്ല. ഓട്ടോമേറ്റ് ബാച്ചിലൂടെ തുടങ്ങുന്നതെയുള്ളൂ. വെറുതെ കൈയും കെട്ടിയിരിക്കാം! കമ്പ്യൂട്ടര്‍ തന്നെ ചെയ്തോളും. ഓപ്പണിംഗടക്കം.

രണ്ടുമറുപടി പറഞ്ഞേക്കാം ;)

ആത്മാന്വേഷീ... ഏതു ചിത്രവും പി എന്‍ ജിയില്‍ (പോര്‍ട്ടബിള്‍ നെറ്റ്വര്‍ക്ക് ഗ്രാഫിക്സ്) മാറ്റിയാല്‍ ഫ്ലാറ്റാവും. പി എസ് ഡി -യില്‍ സേവ് ചെയ്യൂ. അപ്പോള്‍ ശരിയാവും.

അഹങ്കാരീ (?) ഒരു മൌസ് ഓവര്‍ എത്ര സെക്കന്റ് നീണ്ടു നില്‍ക്കും? പിന്നെങ്ങനെ താങ്കളുടെ മൂന്നുഫ്രെയിം പ്രത്യക്ഷപ്പെടും? മൂവി ആണെങ്കില്‍ കാണിക്കേണ്ടതാണ്.

:)

Haree said...

@ ആത്മാന്വേഷി,
സേവ് ചെയ്യേണ്ട ഫയല്‍(പി.എസ്.ഡി. ആയിരിക്കുമല്ലോ, അല്ലേ?) തുറക്കുക. തുടര്‍ന്ന് Save for Web (Ctrl+Alt+Shift+S) സെലക്ട് ചെയ്യുക. അവിടെ വലതുഭാഗത്തു കാണുന്ന ഓപ്ഷനുകളില്‍ നിന്നും PNG ഫോര്‍മാറ്റ് സെലക്ട് ചെയ്തതിനു ശേഷം, Transparency എന്ന ഓപ്ഷന്‍ കൂടി സെലക്ട് ചെയ്യുക. ഇപ്പോള്‍ സേവ് ചെയ്യുന്നതിന്റെ ബാക്ക്‍ഗ്രൌണ്ട് ട്രാന്‍സ്പെരന്റ് ആയിരിക്കണം. ഫോട്ടോഷോപ്പിലെ ലെയേഴ്സ് പാലെറ്റില്‍, Background എന്ന ലെയര്‍ ഉണ്ടായിരിക്കരുത് എന്നതും ഓര്‍ക്കുക.

@ അഹങ്കാരി,
ഡൌട്ട് അങ്ങോട്ട് വ്യക്തമായില്ല. ഓരോ ഇന്‍സ്റ്റന്‍സിലും, ആനിമേഷന്‍ കാണിക്കണം എന്നാണോ ഉദ്ദേശിച്ചത്? അങ്ങിനെയെങ്കില്‍, മൌസ് ബട്ടണുള്ളില്‍ ഓരോ ഇന്‍സ്റ്റന്‍സിലും മൂവി ക്ലിപ്പ് ചേര്‍ത്തു നോക്കൂ.

@ സാല്‍ജോ,
:) അതെയതെ. ആക്ഷനുകളെ കൂടുതല്‍ മികച്ചരീതിയില്‍ ഉപയോഗിക്കുവാനുള്ള ഓപ്ഷനാണല്ലോ File > Automate > Batch. Automate എന്ന വിഭാഗത്തിലുള്ള മറ്റ് ഓപ്ഷനുകളും സൌകര്യപ്രദമാണ്. PNG ലെയറുകളെ സപ്പോര്‍ട്ട് ചെയ്യും കേട്ടോ, ഫോട്ടോഷോപ്പില്‍ സേവ് ചെയ്യുമ്പോളല്ലെന്നു മാത്രം. ഫയര്‍വര്‍ക്ക്സില്‍ സേവ് ചെയ്യണം. PNG-യില്‍ ഫ്ലാറ്റായി സേവ് ചെയ്യുമ്പോഴും ട്രാന്‍സ്പെരന്‍സി ലഭ്യമാക്കുവാന്‍ സാധിക്കും. മുകളിലെ ഉത്തരം ശ്രദ്ധിക്കുക.
--

സാല്‍ജോҐsaljo said...

ശരിയാണല്ലോ! ഇതുവരെ കഴിയില്ല എന്നോര്‍ത്തിരിന്നു. ശ്ശോ! :)

നന്ദി.

Unknown said...

engineyanu chetta malayala tipe cheyuka? please onnu parayamo?

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome