Chithravishesham
Sankethikam
Kaliyarangu Grahanam Nishchalam
സാങ്കേതികം - ഗ്രാഫിക് ഡിസൈന്‍ ട്യൂട്ടോറിയലുകള്‍, ബ്ലോഗര്‍ വിഡ്ജറ്റുകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Saturday, February 21, 2009

ഡിജിറ്റല്‍ ഫോട്ടോഗ്രഫി - ക്യാമറകളിലെ മുന്‍‌നിരക്കാര്‍

High-end Digital Cameras: Bridge Cameras and Digital Single Lens Reflex Cameras.
ക്യാമറകളിലെ കുഞ്ഞന്മാരായ ക്യാമറ ഫോണുകളേയും, പോയിന്റ്-&-ഷൂട്ട് ക്യാമറകളേയും നാം ‘ക്യാമറകളുടെ ലോകം’ എന്ന പോസ്റ്റില്‍ പരിചയപ്പെട്ടു. ക്യാമറകളുടെ സാധ്യതകള്‍ വിപുലമാക്കുന്ന ബ്രിഡ്ജ് ക്യാമറകളെക്കുറിച്ചും, ഡിജിറ്റല്‍ SLR ക്യാമറകളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. കൂടുതല്‍ വിപുലമായ സാധ്യതകളോടു കൂടിയ ഈ വിഭാഗത്തിലുള്ള ക്യാമറകള്‍, കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ കുറഞ്ഞ പ്രകാശത്തില്‍ പോലും എടുക്കുവാന്‍ സഹായിക്കുന്നവയാണ്.

 ബ്രിഡ്ജ് ക്യാമറകള്‍

എന്താണ് ബ്രിഡ്ജ് ക്യാമറകള്‍? പോയിന്റ്-&-ഷൂട്ട് വിഭാഗത്തിലുള്ള ചെറുക്യാമറകള്‍, വിദഗ്ദ്ധോപയഗങ്ങള്‍ക്കുപയോഗിക്കുന്ന ഡിജിറ്റല്‍ SLR ക്യാമറകള്‍; ഇവ തമ്മിലുള്ള അന്തരം കുറയ്ക്കുന്ന, ഇവയ്ക്കിടയിലുള്ള ക്യാമറകളെയാണ് ബ്രിഡ്ജ് ക്യാമറകള്‍ എന്നു പറയുന്നത്. പോയിന്റ്-&-ഷൂട്ട് ക്യാമറകളിലേതു പോലെ ആട്ടോമേറ്റിക് സെറ്റിംഗുകള്‍, ഇന്‍-ബില്‍റ്റ് ഫ്ലാഷ്, ലൈവ് പ്രിവ്യൂ എന്നിവയൊക്കെ ഇവയിലും ലഭ്യമായിരിക്കും. എന്നാല്‍ ഇതു കൂടാതെ ഡിജിറ്റല്‍ SLR ക്യാമറകളില്‍ ലഭ്യമായ മാന്വല്‍ ക്രമീകരണ സാധ്യതകളും ഇവയില്‍ ഉണ്ടെന്നതാണ് പോയിന്റ്-&-ഷൂട്ട് ക്യാമറകളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ SLR ക്യാമറകളിലേതു പോലെ വിവിധ ലെന്‍സുകള്‍ മാറ്റിവെയ്ക്കുവാനോ, പ്രത്യേക ഫ്ലാഷുകള്‍ ഘടിപ്പിച്ച് അവയെ ക്യാമറയില്‍ നിന്നു തന്നെ നിയന്ത്രിക്കുവാനോ ഇവയില്‍ കഴിയുകയില്ല.


കാനണ്‍ പവര്‍ഷോട്ട് S5 IS, സോണി സൈബര്‍-ഷോട്ട് DSC-H50 എന്നിവയൊക്കെ ഈ വിഭാഗത്തില്‍ വരുന്ന ക്യാമറകളാണ്. പ്രത്യേക ലെന്‍സുകള്‍ ഉപയോഗിക്കാതെ തന്നെ 12x(ചിലപ്പോള്‍ അതില്‍ കൂടുതലും) വരെ സൂം ചെയ്യുവാനുള്ള കഴിവ്; മാക്രോ മോഡില്‍ ചിത്രങ്ങളെടുക്കുവാനുള്ള സാധ്യത; വ്യൂഫൈന്‍ഡറിലൂടെയും, LCD ഡിസ്പ്ലേയിലൂടെയും എടുക്കുവാന്‍ പോവുന്ന ചിത്രത്തിന്റെ ലൈവ് പ്രിവ്യൂ; ഫ്ലാഷ് ലൈറ്റിന്റെ ശക്തി ക്രമീകരിക്കുവാനുള്ള സാധ്യത ഉള്‍പ്പെടുന്ന ഇന്‍ബില്‍റ്റ് ഫ്ലാഷ് എന്നിവയൊക്കെയാണ് ഈ ക്യാമറകളുടെ പ്രധാന സവിശേഷതകള്‍. ഇതു കൂടാതെ കൂടുതല്‍ മികച്ച രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കത്തക്കരീതിയില്‍; ഷട്ടര്‍ സ്പീഡ്, അപ്പേര്‍ച്ചര്‍, ISO, വൈറ്റ്-ബാലന്‍സ് എന്നിവയൊക്കെ ക്രമീകരിക്കുവാനുള്ള കഴിവും ഈ ക്യാമറകള്‍ക്കുണ്ടാവും. ഡിജിറ്റല്‍ SLR ക്യാമറകളുടേതിനു സമാനമായ മെനു ഓപ്‌ഷനുകളാവും ഇവയ്ക്കും ഉണ്ടായിരിക്കുക. എന്നാല്‍ ISO-യുടെ വിലയിലും, സെന്‍സറില്‍ പതിയുന്ന ചിത്രങ്ങളുടെ ഗുണനിലവാരത്തിലും ഇവ ഡിജിറ്റല്‍ SLR-നെ അപേക്ഷിച്ച് വളരെ പിന്നിലായിരിക്കും. മാത്രവുമല്ല, RAW ഫോര്‍മ്മാറ്റിലുള്ള ചിത്രങ്ങള്‍, വളരെക്കൂടിയ റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ എന്നിവയൊന്നും ഈ ക്യാമറകളില്‍ ലഭ്യമായിരിക്കണമെന്നില്ല. ചില ബ്രിഡ്ജ് ക്യാമറകളില്‍, രണ്ടാംഘട്ട ലെന്‍സുകള്‍ ഉപയോഗിച്ച് മാക്രോ, സൂം എന്നിവ കൂടുതല്‍ മികവുറ്റതാക്കുവാനുള്ള സാധ്യതയും ലഭ്യമാണ്. വെബ് ഡിസൈനിംഗ്, മള്‍ട്ടിമീഡിയ എന്നിവിടങ്ങളില്‍ ഉപയോഗിക്കുവാനുള്ള; ഗുണമേന്മ കുറയാത്ത ചിത്രങ്ങളെടുക്കുവാന്‍ ഈ ക്യാമറകള്‍ പ്രയോജനപ്പെടുത്താം. ചെറിയ പ്രിന്റ് ആവശ്യങ്ങള്‍ക്ക് ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ ഉതകുമെങ്കിലും, അല്പം വലുപ്പത്തില്‍ എടുക്കുമ്പോള്‍ ചിത്രത്തിന്റെ നിലവാരം നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. കൂടിയ ISO-യില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ നോയിസ് കൂടുതലായി ഉണ്ടാവുമെന്നതും ഈ ക്യാമറകളുടെ ഒരു അപര്യാപ്തതയാണ്.

 ഡിജിറ്റല്‍ SLR ക്യാമറകള്‍

ലെന്‍സില്‍ പതിയുന്ന പ്രകാശസ്രോതസ് തന്നെ, ഒരു കണ്ണാടിയുടെ സഹായത്തോടെ പ്രതിഫലിപ്പിച്ച് വ്യൂഫൈന്‍ഡറില്‍ എത്തിക്കുന്ന ഡിജിറ്റല്‍ ക്യാമറകളെയാണ് Digital Single-Lens Reflex അഥവാ DSLR എന്നു വിളിക്കുന്നത്. ഒരു DSLR ക്യാമറയിലൂടെ പ്രകാശം സഞ്ചരിക്കുന്നതെങ്ങിനെയെന്ന് ചിത്രത്തില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും.


ലെന്‍സിലൂടെ കടന്നു വരുന്ന പ്രകാശത്തെ, ഒരു കണ്ണാടിയുടെ അല്ലെങ്കില്‍ ഒരു പെന്റാപ്രിസത്തിന്റെ (അഞ്ചു വശങ്ങളുള്ള ഒരു പ്രിസം, ചിത്രം ശ്രദ്ധിക്കുക.) സഹായത്തോടെ വ്യൂഫൈന്‍ഡറില്‍ ദൃശ്യം ലഭ്യമാക്കിയതിനു ശേഷം; ഫോട്ടോയെടുക്കുവാനായി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സെന്‍സറിനു മുന്‍പിലുള്ള കണ്ണാടി മുകളിലേക്ക് മടങ്ങി, ചിത്രം സെന്‍സറില്‍ പതിയുകയുമാണ് ചെയ്യുക. ആദ്യകാല DSLR ക്യാമറകളില്‍, LCD സ്ക്രീന്‍ ലഭ്യമായിരുന്നെങ്കിലും അവയില്‍ ലൈവ് പ്രിവ്യൂ കാണുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ആധുനിക DSLR ക്യാമറകളില്‍ ആ സാധ്യതയും മിക്ക ക്യാമറ നിര്‍മ്മാതാക്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


DSLR ക്യാമറകളെ ക്യാമറ ബോഡി, ലെന്‍സ്, ഫ്ലാഷ് എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്. ഒരു ക്യാമറ ബോഡിയില്‍ തന്നെ സാഹചര്യങ്ങള്‍ക്കനുസൃതമായി ലെന്‍സുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്. ആവശ്യാനുസരണം ഫ്ലാഷും തിരഞ്ഞെടുക്കുവാന്‍ സാധിക്കും. DSLR ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ വിവിധ വലുപ്പങ്ങളില്‍ ലഭ്യമാണ്. മീഡിയം ഫോര്‍മ്മാറ്റ്, ഫുള്‍ ഫ്രയിം എന്നിങ്ങനെ സെന്‍സറുകളുടെ വലുപ്പത്തിനനുസരിച്ച് DSLR ക്യാമറകള്‍ വിവിധ തരത്തിലുണ്ട്. സെന്‍സറുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ചിത്രങ്ങളുടെ നിലവാരവും, വ്യക്തതയും വര്‍ദ്ധിക്കുന്നു. കാനണ്‍ EOS 5D, Nikon D700, സോണി α900 എന്നിവയൊക്കെ ഈ DSLR ക്യാമറകള്‍ക്ക് ഉദാഹരണങ്ങളാണ്.

വിപണിയില്‍ ലഭ്യമായ വിവിധയിനം ക്യാമറകളെ ഇതിനോടകം നമ്മള്‍ പരിചയപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഒരു ക്യാമറ ഉപയോഗിക്കുവാന്‍ മറ്റ് അനുബന്ധ സാമഗ്രികളും ആവശ്യമാണ്. ബാറ്ററി മുതല്‍ മികച്ച ട്രൈപ്പോഡുകള്‍ വരെ ഈ ശ്രേണിയില്‍ വരും. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍‍.

അനുബന്ധം

(2008 നവംബര്‍ ലക്കം ടെക്‌വിദ്യ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Bridge cameras and high-end cameras in Digital Photography. Digital Single Lens Reflex Cameras and Pentaprism technology. Aa article on digital photography by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog. Also published in TechVidya 2008 November Issue.
--


Monday, February 2, 2009

ഫോട്ടോഷോപ്പില്‍ ചിത്രങ്ങള്‍ക്ക് നിറം നല്‍കാം

Adobe Photosop Tutorial: Coloring images in Photoshop.
പിക്സല്‍ ഗ്രാഫിക് എഡിറ്റിംഗ് ആവശ്യങ്ങള്‍ക്ക് ഫോട്ടോഷോപ്പ് ഉപയോഗിക്കാമെന്ന് നമുക്കേവര്‍ക്കുമറിയാം. എന്നാല്‍ ചിത്രപ്പണികള്‍ക്കല്ലാതെ, നാം പേപ്പറില്‍ വരച്ച ഒരു ചിത്രത്തിന്; അല്ലെങ്കില്‍ കോറല്‍ ഡ്രോ, ഇല്ലുസ്ട്രേറ്റര്‍, ഫ്ലാഷ് മുതലായവയില്‍ വരച്ചുണ്ടാക്കിയ ഒരു ചിത്രത്തിന് നിറം നല്‍കുവാനും ഫോട്ടോഷോപ്പ് ഉപയോഗിക്കാവുന്നതാണ്. പേപ്പറില്‍ വരച്ച ചിത്രമാണെങ്കില്‍ ആദ്യമതിനെ സ്കാന്‍ ചെയ്ത് ഫോട്ടോഷോപ്പില്‍ തുറക്കേണ്ടതുണ്ട്. പ്രധാനമെനുവില്‍ File > Import എന്ന വിഭാഗത്തില്‍ നിന്നും കമ്പ്യൂട്ടറില്‍ ലഭ്യമായ സ്കാനര്‍ സെലക്ട് ചെയ്യുക. സ്കാനിംഗ് ഓപ്ഷനുകള്‍ ലഭ്യമായ ജാലകം നമുക്ക് ലഭ്യമാവും. സ്കാനിംഗ് പൂര്‍ത്തിയാവുമ്പോള്‍, സ്കാന്‍ ചെയ്ത ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കപ്പെടും.

 ചാനലുകള്‍

ചിത്രങ്ങള്‍ക്ക് നിറം നല്‍കുന്നതിനു മുന്‍പായി, ഫോട്ടോഷോപ്പിലെ ചാനലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. RGB, CMYK എന്നിങ്ങനെ വിവിധ ഇമേജ് മോഡുകള്‍ ഉള്ളതായി നമുക്കറിയാം. RGB കളര്‍ മോഡിലുള്ള ഒരു ചിത്രത്തിന് Red, Green, Blue എന്നിങ്ങനെ മൂന്ന് ചാനലുകള്‍ ലഭ്യമായിരിക്കും. ഫോട്ടോഷോപ്പില്‍ RGB മോഡിലുള്ള ഒരു ചിത്രം തുറന്നതിനു ശേഷം, പ്രധാനമെനുവില്‍ നിന്നും Window > Channels സെലക്ട് ചെയ്യുക. ലഭ്യമാവുന്ന ചാനല്‍ പാലെറ്റില്‍ RGB, Red, Green, Blue എന്നിങ്ങനെ നാല് ചാനലുകള്‍ കാണുവാന്‍ സാധിക്കും. RGB എന്ന ചാനല്‍ സൌകര്യത്തിനു വേണ്ടി ചേര്‍ത്തിരിക്കുന്നു എന്നതേയുള്ളൂ, മറ്റ് മൂന്ന് ചാനലുകളും ഒരുമിച്ച് സെലക്ട് ചെയ്യുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഓരോ ചാനലുകളും അതാത് നിറത്തിന്റെ ഗ്രേ-സ്കെയില്‍ ടോണ്‍ വിലകളാണ് പ്രതിനിധാനം ചെയ്യുന്നത്. അതായത് 0 മുതല്‍ 255 വരെയുള്ള ചുവപ്പുനിറത്തിന്റെ വിവിധ ടോണുകളാണ് Red ചാനല്‍ കാണിക്കുന്നത്. ഈ രീതിയില്‍ മൂന്നു നിറങ്ങളുടേയും വിവിധ ടോണ്‍ വിലകളുടെ സങ്കരമാണ് ബഹുവര്‍ണ്ണ ചിത്രമായി നമുക്കു മുന്നില്‍ തെളിയുന്നത്. ഒരു ഉദാഹരണം നോക്കുക.


മൂന്നു ചാനലുകളും ചിത്രം 1-ല്‍ ദൃശ്യമാണ്. താഴെ ഇടതു ഭാഗത്തു കാണുന്ന മൂന്നു ചതുരക്കട്ടകള്‍ Red (255, 0, 0), Green (0, 255, 0), Blue (0, 0, 255) എന്ന ക്രമത്തില്‍ ഓരോ നിറത്തെ സൂചിപ്പിക്കുന്നു. ചിത്രം 2-ല്‍ Red ചാനല്‍ മാത്രമായി ദൃശ്യമാക്കിയിരിക്കുന്നു. ചതുരക്കട്ടകളില്‍ ആദ്യത്തേത് പൂര്‍ണ്ണമായി വെളുത്ത നിറത്തിലും, മറ്റു രണ്ടും പൂര്‍ണ്ണമായി കറുത്ത നിറത്തിലും കാണാവുന്നതാണ്. ചുവപ്പ് നിറം ആദ്യത്തെ ചതുരത്തില്‍ അടങ്ങിയിരിക്കുന്നു, മറ്റു രണ്ടിലും ചുവപ്പിന്റെ ഒരു ടോണും ലഭ്യമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചുവപ്പിന്റെ വിവിധ ടോണുകള്‍ അടങ്ങുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ് രണ്ടില്‍ കാണുവാന്‍ സാധിക്കുന്നത്. ഇപ്രകാരം പച്ച, നീല എന്നീ ചാനലുകള്‍ മാത്രമായി കാണിക്കുന്ന 3, 4 ചിത്രങ്ങളും ശ്രദ്ധിക്കുക.


ഇവ കൂടാതെ പുതിയതായി ചാനലുകള്‍ ചേര്‍ക്കുവാനും ഫോട്ടോഷോപ്പില്‍ സാധ്യതയുണ്ട്. ഈ ചാനലുകള്‍ ചിത്രത്തിലേക്ക് എന്തെങ്കിലും ചേര്‍ക്കുന്നില്ല മറിച്ച് ഒരു മാസ്ക് ലെയ‌റിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പുതുതായി ചേര്‍ക്കുന്ന ചാനലുകളെ Alpha ചാനലുകള്‍ എന്നാണ് സൂചിപ്പിക്കുന്നത്. പ്രധാനമായും സെലക്ഷനുകള്‍ സേവ് ചെയ്യുവാനാണ് ആല്‍ഫാ ചാനലുകള്‍ ഉപകരിക്കുന്നത്. ഉദാഹരണത്തിന് മുകളില്‍ കാണുന്ന ചിത്രത്തിന്റെ റെഡ് ചാനല്‍ കോപ്പി ചെയ്യുക. (ലെയറുകള്‍ കോപ്പി ചെയ്യുന്ന രീതിയില്‍, റെഡ് ചാനല്‍ ഡ്രാഗ് ചെയ്ത് ചാനല്‍ പാലെറ്റിന്റെ താഴെ-വലത് ഭാഗത്ത് ലഭ്യമായിരിക്കുന്ന Create new channel ഐക്കണില്‍ ഡ്രോപ്പ് ചെയ്താല്‍ മതിയാവും.) Red copy എന്നൊരു പുതിയ ചാനല്‍ നമുക്ക് ലഭിക്കും. പ്രധാനമെനുവില്‍ Select > Load Selection... എന്ന ഇനം തിരഞ്ഞെടുക്കുക. തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ Channel: എന്ന കോംബോ ബോക്സിന്റെ വിലയായി Red copy സെലക്ട് ചെയ്യുക. OK ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവപ്പിന്റെ സാന്ദ്രതയ്ക്ക് അനുസൃതമായി ഒരു സെലക്ഷന്‍ ദൃശ്യമാവുന്നതാണ്. ചിത്രം ശ്രദ്ധിക്കുക.

 നിറം പകരല്‍


അഡോബി ഫ്ലാഷില്‍ വരച്ചുണ്ടാക്കിയ ഒരു സാന്റാ ക്ലോസിന്റെ ചിത്രത്തിനാണ് ഇവിടെ നിറം നല്‍കുവാന്‍ പോവുന്നത്. ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കുക. ഇമേജ് മോഡ് RGB ആണെന്ന് ഉറപ്പുവരുത്തുക. (പ്രധാനമെനുവില്‍ Image > Mode) ലെയേഴ്സ് പാലെറ്റില്‍ ലഭ്യമായ Background എന്ന ലെയ‌റില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അതിനെ ഒരു സാധാരണ ലെയ‌റാക്കി മാറ്റുക. ഈ ലെയ‌റിനെ നമുക്ക് Santa എന്നു വിളിക്കാം. ചാനത്സ് പാലെറ്റ് തുറക്കുക. കറുത്ത ഔട്ട്‌ലൈന്‍ ആയതിനാല്‍ എല്ലാ ചാനലുകളിലും ചിത്രം ലഭ്യമായിരിക്കും. എതെങ്കിലുമൊരു ചാനല്‍ കോപ്പി ചെയ്യുക. Blue copy എന്ന ഒരു പുതിയ ചാനലാണ് ഇവിടെ ഉണ്ടാക്കിയത്. തുടര്‍ന്ന് ഈ ചാനല്‍ ഇന്‍‌വേര്‍ട്ട് (Ctrl + I അമര്‍ത്തുക) ചെയ്യുക. Blue copy എന്ന ചാനല്‍ ഇപ്പോള്‍ ഒരു ഫിലിം നെഗറ്റീവിനു സമാനമായ രീതിയിലാവും കാണപ്പെടുക. ഇവിടെ ചാനല്‍ ഇന്‍‌വേര്‍ട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പകരം അടുത്ത ഘട്ടത്തില്‍ Load Selection... ഉപയോഗിച്ച്, ലഭ്യമാവുന്ന സെലക്ഷന്‍ ഇന്‍‌വേര്‍ട്ട് ചെയ്താലും മതിയാവും.


ലെയേഴ്സ് പാലെറ്റിലേക്ക് മടങ്ങിയെത്തുക. Santa എന്ന ലെയര്‍ നമുക്ക് പൂര്‍ണ്ണമായും ഗ്രേ (R: 153, G: 153, B: 153) നിറമാക്കാം (ഗ്രേ ഫോര്‍‌ഗ്രണ്ട് നിറമായി സെലക്ട് ചെയ്ത ശേഷം Alt + Del അമര്‍ത്തുക). പുതിയൊരു ലെയര്‍ ചേര്‍ക്കുക. ഇതിനെ നമുക്ക് Strokes എന്നു വിളിക്കാം. പ്രധാനമെനുവില്‍ Select > Load Selection... സെലക്ട് ചെയ്യുക. തുറന്നു വരുന്ന ഡയലോഗ് ബോക്സില്‍ Channel: എന്നതിന്റെ വിലയായി Blue copy സെലക്ട് ചെയ്യുക. ഫോര്‍‌ഗ്രൌണ്ട് നിറമായി കറുപ്പ് സെലക്ട് ചെയ്തതിനു ശേഷം, Alt + Del അമര്‍ത്തി സെലക്ഷനുള്ളില്‍ ഫില്‍ ചെയ്യുക. ഇപ്പോള്‍ സ്ട്രോക്ക് മാത്രമായി ഒരു ലെയര്‍ നമുക്ക് ലഭ്യമാവും.


മറ്റൊരു ലെയര്‍ കൂടി ലെയേഴ്സ് പാലെറ്റിലേക്ക് ചേര്‍ക്കുക. ഇതിനെ നമുക്ക് Fills എന്നു വിളിക്കാം. Strokes ലെയ‌റില്‍ മാജിക് വാന്‍ഡ് ടൂള്‍ ഉപയോഗിച്ച് ഓരോ ഭാഗവും പ്രത്യേകം സെലക്ട് ചെയ്തതിനു ശേഷം, Fills ലെയറില്‍ കളര്‍ ഫില്‍ ചെയ്യുക. സോളിഡ് കളറുകളാണ് ഇപ്രകാരം ചെയ്യുവാനായി ഉപയോഗിക്കേണ്ടത്. എല്ലാ ഭാഗത്തും നിറം നല്‍കിയതിനു ശേഷം Strokes എന്ന ലെയറിനെ ഏറ്റവും മുകളിലായി അടുക്കുക.


ഫില്‍ എന്ന ലെയര്‍ പൂര്‍ണ്ണമായും കോപ്പി ചെയ്ത് (Ctrl + A അമര്‍ത്തി ചിത്രം മുഴുവനായി സെലക്ട് ചെയ്യുക, Ctrl + C അമര്‍ത്തി കോപ്പി ചെയ്യുക); ചാനത്സ് പാലെറ്റിലെത്തി, അവിടെ പുതുതായി ഒരു ചാനല്‍ ചേര്‍ത്ത് (Create new channel ഐക്കണില്‍ ക്ലിക്ക് ചെയ്യുക, ചാനലിന്റെ പേര് Colors എന്നു നല്‍കുക.), കോപ്പി ചെയ്ത ചിത്രം പേസ്റ്റ് ചെയ്യുക.


തിരികെ ലെയേഴ്സ് പാലെറ്റിലെത്തുക. Shades എന്ന പേരില്‍ മറ്റൊരു ലെയര്‍ കൂടി ചേര്‍ക്കുക. (Colors, Strokes എന്നീ ലെയറുകളുടെ മധ്യത്തിലായി വേണം Shades ചേര്‍ക്കുവാന്‍.) ചാനത്സ് പാലെറ്റിലെത്തി ആവശ്യമുള്ള ഭാഗം മാജിക് വാന്‍ഡ് ടൂള്‍ ഉപയോഗിച്ച് സെലക്ട് ചെയ്യുക. തിരികെ Shades ലെയ‌റിലെത്തി ബ്രഷ് ടൂള്‍ ഉപയോഗിച്ച് നിറങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ ഷേഡുകള്‍ നല്‍കാവുന്നതാണ്. ഭാവനയ്ക്ക് അനുസൃതമായി ഇഷ്ടമുള്ള നിറങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമുപയോഗിച്ച് സോളിഡ് കളറുകളെ ചാനലായി സൂക്ഷിച്ചിരിക്കുന്നതിനാല്‍, എപ്പോള്‍ വേണമെങ്കിലും ആവശ്യമുള്ള സെലക്ഷന്‍ ചിത്രത്തില്‍ കൊണ്ടുവരുവാന്‍ സാധിക്കും. സങ്കീര്‍ണമായ ചിത്രങ്ങള്‍ക്ക് നിറം നല്‍കുമ്പോള്‍ ഈ രീതി ഏറെ പ്രയോജനപ്രദമാണ്. അല്പം കലാഭിരുചി കൂടിയുണ്ടെങ്കില്‍ മികച്ച രീതിയില്‍ ലൈന്‍‌ആര്‍ട്ടുകള്‍ക്ക് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിറം നല്‍കുവാന്‍ സാധിക്കും.

അനുബന്ധം

(2009 ജാനുവരി ലക്കം ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: Coloring images in Adobe Photoshop. Channels, Creating alpha channels, Loading selection from channels, Filling colors. Tutorial on Adobe Photoshop by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) Blog. Also published in InfoKairali January Issue.
--


Thursday, January 1, 2009

ഡിജിറ്റല്‍ ഫോട്ടോഗ്രഫി - ക്യാമറകളുടെ ലോകം

Digital Photography - An introduction to Digital Cameras.
ഫോട്ടോഗ്രഫിയുടേയും, ക്യാമറകളുടേയും ഉത്ഭവത്തെക്കുറിച്ചും; ഡിജിറ്റല്‍ ഫോട്ടോഗ്രഫിയെക്കുറിച്ചുമെല്ലാം നമ്മള്‍ കഴിഞ്ഞ പോസ്റ്റില്‍ മനസിലാക്കി. ഡിജിറ്റല്‍ ഫോട്ടോഗ്രഫിയെക്കുറിച്ചാണ് നാം കൂടുതലായി മനസിലാക്കുവാന്‍ ആരംഭിക്കുന്നത്. ക്യാമറയില്ലാതെ ഫോട്ടോഗ്രഫിയില്ലല്ലോ, അതിനാല്‍ തന്നെ നമ്മുടെ വിപണിയില്‍ ലഭ്യമായ ഡിജിറ്റല്‍ ക്യാമറകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ‍. വില കുറഞ്ഞ, വളരെ വ്യാപകമായ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ മുതല്‍; ലക്ഷങ്ങള്‍ രൂപ വിലമതിക്കുന്ന വിദഗ്ദ്ധോപയോഗ ക്യാമറകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

മൊബൈല്‍ ഫോണ്‍ ക്യാമറകള്‍
മൊബൈല്‍ ഫോണുകള്‍ സംസാരിക്കുവാനും, മെസേജുകള്‍ അയയ്ക്കുവാനും എന്ന സങ്കല്പം ഇന്ന് വളരെ മാറിയിരിക്കുന്നു. ക്യാമറ, എം.പി.3 പ്ലയര്‍, വീഡിയോ പ്ലെയര്‍, റിക്കാര്‍ഡര്‍, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിങ്ങനെ വളരെയധികം സൌകര്യങ്ങള്‍ ഇന്ന് മൊബൈല്‍ ഫോണുകളില്‍ ലഭ്യമാണ്. ക്യാമറ ലഭ്യമായ മൊബൈലുകളെ, ക്യാമറ ഫോണുകള്‍ എന്നും വിളിക്കാറുണ്ട്. CMOS സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് ലഭ്യമായ ഭൂരിഭാഗം ക്യാമറ ഫോണുകളും പ്രവര്‍ത്തിക്കുന്നത്.

വളരെ സൌകര്യമായി കൊണ്ടു നടക്കാം എന്നതും, എളുപ്പത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താം എന്നതുമാണ് ക്യാമറ ഫോണുകളുടെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവ കൂടാതെ എടുത്ത ചിത്രങ്ങള്‍ ബന്ധുക്കളുമായും, സുഹൃത്തുക്കളുമായും പങ്കുവെയ്ക്കുവാനും നിമിഷങ്ങള്‍ മതി. കൂടിയ ശേഷിയുള്ള മെമ്മറി കാര്‍ഡുകളുടെ വരവോടെ ചിത്രങ്ങളുടെ എണ്ണത്തിനും പരിധിയില്ലാതെയായി. ഡിജിറ്റല്‍ ക്യാമറകളിലെന്ന പോലെ; വ്യത്യസ്തമായ മോഡുകളും, ഓപ്ഷനുകളും, ഇഫക്ടുകളുമൊക്കെ അടങ്ങിയ മൊബൈല്‍ ഫോണ്‍ ക്യാമറകളും ഇന്ന് ലഭ്യമാണ്.

ക്യാമറ ഫോണുകളെ VGA ക്യാമറ എന്നും, മെഗാപിക്സല്‍ ക്യാമറ എന്നും രണ്ടായി തിരിക്കാം. 640 x 480 ആണ് VGA ക്യാമറകള്‍ പരമാവധി അനുവദിക്കുന്ന റെസലൂഷന്‍ (ഉദാ: നോക്കിയ 6230; 640 x 480). മെഗാപിക്സല്‍ കണക്കില്‍ പറഞ്ഞാല്‍ .3 മെഗാപിക്സലുകള്‍ (640 x 480 = 307200; 307200/1000000 = .3072; .3 Megapixels). ഒരു മെഗാപിക്സല്‍ എന്നാല്‍ ഒരു ദശലക്ഷം പിക്സലുകള്‍, അഥവാ അത്രയും ഇമേജ് സെന്‍സറുകള്‍ അടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥം. 3 ലക്ഷത്തിനു മേല്‍ സെന്‍സറുകള്‍ മാത്രമേ ഒരു VGA ക്യാമറയില്‍ അടങ്ങിയിട്ടുള്ളൂ, അതിനാല്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ നിലവാരവും കുറവായിരിക്കും.

എന്നാല്‍ ചില VGA ക്യാമറകള്‍ 640 x 480 പിക്സല്‍ റെസലൂഷനു മുകളിലുള്ള ചിത്രങ്ങളും ലഭ്യമാക്കാറുണ്ട്. ഇന്റര്‍പൊലേഷന്‍ എന്ന വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അതായത് 640 x 480 വലുപ്പത്തില്‍ പകര്‍ത്തപ്പെടുന്ന ചിത്രത്തില്‍, കൂടുതല്‍ പിക്സലുകല്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ത്ത്, കൂടിയ റെസലൂഷനിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നു. ഇങ്ങിനെ ചെയ്യുമ്പോഴും, ചിത്രങ്ങളുടെ ഗുണനിലവാരത്തിന് മെച്ചമൊന്നും ഉണ്ടാവുന്നില്ല എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!

മെഗാപിക്സല്‍ ക്യാമറ ഫോണുകളുടെ കാര്യം പറയുകയാണെങ്കില്‍, 8 മെഗാപിക്സല്‍ ക്യാമറ ഫോണുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. (ഉദാ: സോണി എറിക്സണ്‍ C905; 3264x2448; 7990272 Effective Pixels; 7.99 മെഗാപിക്സല്‍) എന്നാല്‍ മെഗാപിക്സലുകള്‍ വളരെക്കൂടുതലുണ്ട് എന്നതുകൊണ്ടുമാത്രം ചിത്രങ്ങള്‍ മികച്ചതാവണമെന്നില്ല. ലഭ്യമായ സെന്‍സറുകളില്‍ എത്രയെണ്ണം ചിത്രം പകര്‍ത്തുവാനായി ഉപയോഗിക്കപ്പെടുന്നു(Effective Pixels) എന്നതിനും ഇവിടെ പ്രാധാന്യമുണ്ട്. അതായത് ലഭ്യമായ മുഴുവന്‍ സെന്‍സറുകളും ചിത്രം പകര്‍ത്തുന്നതിനായി ഉപയോഗിക്കപ്പെടണമെന്നില്ല. അരികുകളിലും മറ്റുമുള്ള സെന്‍സറുകള്‍ പലപ്പോഴും ഉപയോഗിക്കപ്പെടാറില്ല. എന്നാല്‍ മിക്ക ക്യാമറ ഫോണ്‍/ഡിജിറ്റല്‍ ക്യാമറ നിര്‍മ്മാതാക്കളും Total Pixels-ന്‌ അനുസൃതമായ മെഗാപിക്സല്‍ വിലയാവും ക്യാമറയുടെ വിവരണത്തില്‍ നല്‍കിയിരിക്കുക. അതിനാല്‍ ക്യാമറയില്‍ ലഭ്യമായ ഏറ്റവും കൂടിയ റെസലൂഷന് അനുസൃതമായ ഇഫക്ടീവ് പിക്സലുകള്‍ മനസിലാക്കിയതിനു ശേഷം ക്യാമറ വാങ്ങുവാന്‍ തീരുമാനിക്കുക.

പോയിന്റ്-ആന്റ്-ഷൂട്ട് ക്യാമറകള്‍
പോയിന്റ്-ആന്റ്-ഷൂട്ട് ക്യാമറകള്‍ അഥവാ കോം‍പാക്ട് ക്യാമറകള്‍ വലുപ്പം കുറഞ്ഞ ഡിജിറ്റല്‍ ക്യാമറകളാണ്. സെന്‍സറില്‍ പതിയുന്ന, ലെന്‍സിലൂടെ കടന്നുവരുന്ന ചിത്രവും; വ്യൂഫൈന്‍ഡറില്‍ അല്ലെങ്കില്‍ എല്‍.സി.ഡി. സ്ക്രീനില്‍ കാണുന്ന ചിത്രവും തമ്മില്‍ ബന്ധമൊന്നുമില്ല എന്നതാണ് SLR ക്യാമറകളില്‍ നിന്നും ഇവയെ വ്യത്യാസപ്പെടുത്തുന്ന പ്രധാന ഘടകം. വ്യൂഫൈന്‍ഡറിലൂടെ കാണുന്ന ചിത്രം മറ്റൊരു ലെന്‍സിലൂടെ കടന്നുവരുന്നതാണെന്ന് സാരം. മിക്ക കോം‍പാക്ട് ക്യാമറകള്‍ക്കും ആട്ടോ-ഫോക്കസുള്ള ലെന്‍സുകളാവും ഉപയോഗിക്കുക. അകലെയുള്ള വസ്തുക്കളെ, നിലവാരം നഷ്ടപ്പെടാതെ പകര്‍ത്തുവാന്‍ സഹായിക്കുന്ന ഒപ്റ്റിക്കല്‍ സൂം എന്ന സാധ്യതയും ഇത്തരം ക്യാമറകളില്‍ ലഭ്യമായിരിക്കും. വിവിധ കളര്‍ മോഡുകള്‍, ഇഫക്ടുകള്‍, ക്യാമറയോട് ഘടിപ്പിച്ചിരിക്കുന്ന ഫ്ളാഷ്, റെഡ്-ഐ ഒഴിവാക്കുവാനുള്ള സം‍വിധാനം എന്നിവയൊക്കെയും സാധാരണയായി ഇത്തരം ക്യാമറകളില്‍ ഉണ്ടാകുവാറുണ്ട്. കാനന്‍ പവര്‍ഷോട്ട് IXUS 950 IS, സോണി സൈബര്‍-ഷോട്ട് W80 എന്നിവയൊക്കെ കോം‍പാക്ട് ക്യാമറകള്‍ക്ക് ഉദാഹരണങ്ങളാണ്. ഒരു ക്യാമറ ഫോണ്‍ എന്നതുപോലെ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമാണ് എന്നതു തന്നെയാണ് ഇതിന്റെയും ജനപ്രീതിക്ക് കാരണം. ആട്ടോ മോഡില്‍ ചിത്രങ്ങളെടുത്താല്‍, ആ സാഹചര്യത്തില്‍ ലഭിക്കാവുന്ന മികച്ച ചിത്രം ക്യാമറ തന്നെ സെറ്റിംഗുകള്‍ ക്രമീകരിച്ച് പകര്‍ത്തുന്നതാണ്. ഇതുകൂടാതെ ചെറിയ രീതിയില്‍ മാനുവല്‍ ക്രമീകരണങ്ങള്‍ നടത്തുവാനും സാധ്യതയുള്ള കോം‍പാക്ട് ക്യാമറകള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

അനുബന്ധം


(2008 സെപ്റ്റംബര്‍ ലക്കം ടെക്‌വിദ്യ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: An introduction to Digtal Cameras, Mobile Cameras (Camera Phones), Point-&-Shoot (Point-and-shoot) Cameras. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) blog. Published in TechVidya Computer Magazine, 2008 September Edition.
--


Monday, December 22, 2008

ഡിജിറ്റല്‍ ഫോട്ടോഗ്രഫി - ആമുഖം

Digital Photography - An Introduction.
മനോഹരമായ വസ്തുക്കളെ കാണുവാനും, ആസ്വദിക്കുവാനും മനുഷ്യന്‍ എന്നും താത്പര്യം കാട്ടിയിരുന്നു. അങ്ങനെയുള്ള ദൃശ്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക എന്നതിനുപരിയായി; പിന്നീടൊരിക്കല്‍ കാണുവാനും, മറ്റൊരാളെ കാട്ടിക്കൊടുക്കുവാനും സാധിക്കുന്ന തരത്തില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നുമവന്‍ ആശിച്ചു. സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന ദൃശ്യം, ക്യാന്‍‌വാസിലേക്ക് ഒരു ചിത്രകാരനെക്കൊണ്ട് പകര്‍ത്തിക്കുകയായിരുന്നു ആദ്യത്തെ പോംവഴി. അധ്വാനം വളരെയേറെ ഉണ്ടായിരുന്ന ഈ പ്രക്രിയയിലൂടെ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് സ്വാഭാവികത അവകാശപ്പെടുവാന്‍ സാധിക്കുമായിരുന്നില്ല. ദൃശ്യങ്ങളെ തന്മയത്വത്തോടെ പകര്‍ത്തി സൂക്ഷിക്കുവാനുള്ള മനുഷ്യന്റെ ആഗ്രഹം, പിന്നീട് അവനെക്കൊണ്ടെത്തിച്ചത് ക്യാമറയിലേക്കും, ഫോട്ടോഗ്രഫിയിലേക്കുമായിരുന്നു.

The first successful permanent photograph.ഗ്രീക്ക് വാക്കുകളായ ഫോസ്, ഗ്രാഫെ എന്നീവാക്കുകളില്‍ നിന്നുമാണ് ഫോട്ടോഗ്രഫി എന്ന വാക്കിന്റെ ഉത്ഭവം. ഫോസ് എന്നാല്‍ വെളിച്ചമെന്നും, ഗ്രാഫെ എന്നാല്‍ ചിത്രമെന്നും അര്‍ത്ഥം. വെളിച്ചത്താല്‍ ഉണ്ടാക്കപ്പെടുന്ന ചിത്രമെന്നാണ് ഇവ രണ്ടും ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ മനസിലാക്കേണ്ടത്. വെളിച്ചത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന വസ്തുക്കളിലേക്ക് പ്രകാശത്തെ കടത്തിവിട്ട്; ചിത്രം രേഖപ്പെടുത്തുന്ന പ്രക്രിയയെയാണ് ഫോട്ടോഗ്രഫി എന്നു പറയുന്നത്. വെളിച്ചത്തോട് പ്രതിപ്രവര്‍ത്തിക്കുനന്ന വസ്തുക്കള്‍ എന്നു പറയുമ്പോള്‍ അത് മുന്‍‌കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതുപോലെയുള്ള ഫിലിമുകളാവാം. അതല്ലെങ്കില്‍ ഇന്ന് സാധാരണമായി കഴിഞ്ഞിരിക്കുന്ന ഡിജിറ്റല്‍ ക്യാമറകളിലേതു പോലെ ഇലക്ട്രോണിക് സെന്‍സറുകളുമാവാം. ഒരു ഇലക്ട്രോണിക് സെന്‍സറിന്റെ സഹായത്തോടെയാണ് ചിത്രം പകര്‍ത്തുന്നതെങ്കില്‍ അതിനെ നമുക്ക് ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്നു വിളിക്കാം.

ഇമേജ് സെന്‍സറുകള്‍
CCD Sensor used inside a consumer-digicam.നമ്മുടെ റെറ്റിനയില്‍ പതിയുന്ന ദൃശ്യങ്ങളെ തലച്ചോര്‍ തിരിച്ചറിയുന്നത് ചുവപ്പ്, പച്ച, നീല എന്നീ പ്രാഥമിക നിറങ്ങളിലൂടെയാണ്. മറ്റുള്ള നിറങ്ങള്‍ ഇവയുടെ സങ്കരങ്ങളായാണ് തലച്ചോര്‍ മനസിലാക്കുക. മൂന്നു പ്രകാശങ്ങളോടും, മൂന്നു രീതിയില്‍ പ്രതികരിക്കുന്ന, മൂന്ന് കെമിക്കല്‍ പാളികള്‍ അടങ്ങുന്നതാണ് ഫോട്ടോയെടുക്കുവാന്‍ ഉപയോഗിക്കുന്ന ഫിലിമുകള്‍. ഇതേ രീതിയില്‍ തന്നെയാണ് ഡിജിറ്റല്‍ സെന്‍സറുകളുടേയും പ്രവര്‍ത്തനം. ഇപ്പോഴുള്ള ക്യാമറകളില്‍ CCD അല്ലെങ്കില്‍ CMOS ഇമേജ് സെന്‍സറുകളാണ് ഉപയോഗിക്കുന്നത്. രണ്ട് സെന്‍സറുകളുടേയും പ്രാഥമികമായ കര്‍ത്തവ്യം, അവയില്‍ പതിയുന്ന പ്രകാശകിരണങ്ങളെ ഡിജിറ്റല്‍ സിഗ്നലുകളാക്കി മാറ്റുക എന്നതാണ്.

എന്താണ് CCD, CMOS സെന്‍സറുകള്‍ തമ്മിലുള്ള വ്യത്യാസം? ഒരു CCD സെന്‍സറില്‍‍, ഓരോ പിക്സല്‍ സ്ഥാനങ്ങളിലും പതിയുന്ന പ്രകാശകിരണങ്ങളെ, ചെറു ചാര്‍ജ്ജുകളായി സൂക്ഷിക്കുന്നു. ഒരു സമയം ഒരു പിക്സല്‍ എന്ന തോതില്‍ ഈ ചാര്‍ജ്ജുകളെ ആനുപാതികമായ വോള്‍ട്ടേജുകളായി മാറ്റുകയാണ് അടുത്ത പടി. സെന്‍സറിനോട് ചേര്‍ന്നുള്ള ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ ഈ വോള്‍ട്ടേജുകളെ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച്, ക്യാമറയുടെ മെമ്മറിയിലേക്ക് സൂക്ഷിക്കുന്നു.

CMOS സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ആക്ടീവ് പിക്സല്‍ സെന്‍സറാണ് CMOS സെന്‍സറുകള്‍. പ്രകാശത്തെ തിരിച്ചറിയുവാന്‍ കഴിയുന്ന ഒരോ Photodetector ഈ സെന്‍സറുകളില്‍ ഓരോ പിക്സല്‍ സ്ഥാനത്തും ലഭ്യമായിരിക്കും. ഓരോ പിക്സലിലും പതിയുന്ന പ്രകാശകിരണങ്ങളെ, Photodetector മനസിലാക്കി അവയെ പ്രകാശോര്‍ജ്ജമാക്കി മാറ്റുന്നു. ഈ പ്രകാശോര്‍ജ്ജത്തെ ആമ്പ്ലിഫയറിന്റെ സഹായത്തോടെ ആനുപാതികമായ വോള്‍ട്ടേജാക്കിയ ശേഷം, മറ്റ് ഇലക്ട്രോണിക് സര്‍ക്യൂട്ടുകളുടെ സഹായത്തോടെ ഈ വോള്‍ട്ടേജുകളെ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നു. തുടര്‍ന്ന് ഇവ ക്യാമറയുടെ മെമ്മറിയില്‍ സൂക്ഷിക്കപ്പെടുന്നു.

CMOS സെന്‍സറുകള്‍ക്ക് അനുബന്ധ ഘടകങ്ങള്‍ കുറവാണ്. കൂടാതെ CCD-കളെ അപേക്ഷിച്ച് ഇവ കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രകാശത്തെ ഡിജിറ്റല്‍ വിവരങ്ങളാക്കി വേഗത്തില്‍ മാറ്റുവാനുള്ള കഴിവും ഈ സെന്‍സറുകള്‍ക്കുണ്ട്. ഈ കാരണങ്ങളാല്‍; ചെറു ക്യാമറകള്‍, വെബ് ക്യാമറകള്‍, മൊബൈല്‍ ക്യാമറകള്‍ എന്നിവയില്‍ CMOS വ്യാപകമായി ഉപയോഗിച്ചു വരുന്നു. കൂടുതല്‍ മികച്ച ഫലം ഉദ്ദേശിക്കുന്ന ഉപകരണങ്ങളില്‍ CCD അല്ലെങ്കില്‍, CCD-യുടെ വികസിത സാങ്കേതിക വിദ്യയായ Three-CCD (3CCD) ആണ് ഉപയോഗിക്കുന്നത്. ഒരു CCD സെന്‍‍സറിന്റെ സ്ഥാനത്ത് മൂന്ന് CCD സെന്‍സറുകള്‍; ചുവപ്പ്, പച്ച, നീല നിറങ്ങളോരോന്നിനും ഓരോ സെന്‍സര്‍; ഉപയോഗിക്കുന്നു എന്നതാണ് 3CCD യുടെ പ്രത്യേകത. മൂന്നു നിറങ്ങളേയും വേര്‍തിരിച്ച് അതാത് സെന്‍സറുകളിലെത്തിക്കുവാനായി ഒരു പ്രിസവും ഇതിനോടൊപ്പം ഉണ്ടാവും. 3CCD സെന്‍സറുകള്‍ ഉപയോഗിക്കുന്ന ക്യാമറകളില്‍ ലഭ്യമാവുന്ന ചിത്രങ്ങളാണ് ഏറ്റവും മികച്ചതായി ഇപ്പോള്‍ കണക്കാക്കുന്നത്. ഇത്തരം ക്യാമറകള്‍ക്ക് സ്വാഭാവികമായും വിലയും വളരെ കൂടുതലാണ്.

ഫോട്ടോഗ്രഫിയോ ക്യാമറയോ ആദ്യം?
Drawing of a en:Camera obscura box.ഫോട്ടോഗ്രഫി എന്ന സാങ്കേതികവിദ്യയിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ ക്യാമറ കണ്ടുപിടിക്കപ്പെട്ടിരുന്നു. ലാറ്റിനില്‍ ഇരുട്ടുമുറി എന്നര്‍ത്ഥം വരുന്ന ‘ക്യാമറ ഒബ്സ്ക്യൂറ’യായിരുന്നു ആദ്യകാല ക്യാമറ. ക്യാമറ ഒബ്സ്ക്യൂറയാണ് പിന്നീട് ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് പറയാം. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ തന്നെ സൂര്യഗ്രഹണം വീക്ഷിക്കുവാനായും മറ്റും ക്യാമറ ഒബ്സ്ക്യൂറ ഉപയൊഗപ്പെടുത്തിയിരുന്നു. പിന്നീട് ചിത്രം വരയ്ക്കുവാന്‍ സഹായകകരമായ ഒരു ഉപകരണമെന്ന രീതിയില്‍ ക്യാമറ ഒബ്സ്ക്യൂറ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഒരു ചെറുദ്വാരത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട്, അത് ഒരു കറുത്തപ്രതലം ഉപയോഗിച്ച് ഒരു പേപ്പറിലേക്കോ, ക്യാന്‍‍വാസിലേക്കോ പ്രതിഫലിപ്പിക്കുന്നു. പ്രതിഫലനത്തിന്റെ സഹായത്തോടെ ഒരു ചിത്രകാരന് ദൃശ്യം ക്യാന്‍‍വാസിലേക്ക് പകര്‍ത്തുവാന്‍ സാധിക്കും. വളരെ കൃത്യമായി, യഥാര്‍ത്ഥ ദൃശ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയില്‍ ചിത്രം പകര്‍ത്തുവാന്‍ സാധിക്കുന്നു എന്നതായിരുന്നു ഇതുപയോഗിക്കുന്നതുകൊണ്ടുള്ള നേട്ടം. ചെറുദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ലെന്‍സ് ഉപയോഗിക്കുന്ന പതിവും പിന്നീട് ഉണ്ടായി. ഇത് കുറച്ചു കൂടി വ്യക്തതയുള്ള, തെളിച്ചമുള്ള ചിത്രം ക്യാന്‍‍വാസില്‍ പ്രതിഫലിപ്പിക്കുവാന്‍ സഹായകരമായി.

A fire hydrant photographed by a pinhole camera.മറ്റൊരു ആദ്യകാല ക്യാമറയായിരുന്നു പിന്‍ഹോള്‍ ക്യാമറ. ഇവിടെയും ചെറുസുഷിരത്തിലൂടെ പ്രകാശത്തെ കടത്തിവിട്ട് അതൊരു പ്രതലത്തില്‍ പതിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ ക്യാമറകളില്‍ ലെന്‍സ് ഉപയോഗപ്പെടുത്തിയിരുന്നില്ല. സുഷിരം എത്ര ചെറുതാവുന്നുവോ, അത്രയും ചിത്രത്തിന് വ്യക്തത കൂടുതല്‍ ലഭിക്കും. പ്രതിഫലിപ്പിക്കുന്ന സ്ക്രീനുമായുള്ള അകലത്തിന്റെ നൂറിലൊരു വിലയിലും കുറവായിരിക്കണം സുഷിരത്തിന്റെ വലുപ്പം. പിന്‍‍ഹോള്‍ ക്യാമറയിലൂടെ ലഭിക്കുന്ന ചിത്രത്തെ ഫോട്ടോഗ്രഫി ഫിലിമിലേക്കോ, CCD സെന്‍സറിലേക്കോ പകര്‍ത്തുവാനും സാധിക്കുന്നതാണ്.

അനുബന്ധം


(2008 ആഗസ്റ്റ് ലക്കം ടെക്‌വിദ്യ കമ്പ്യൂട്ടര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത്.)
Description: An introduction to Diigtal Photography. An article by Hareesh N. Nampoothiri aka Haree | ഹരീ for Sankethikam (Sangkethikam) blog. The first photograph, CCD and CMOS Sensors used in Digital Cameras, Photography and Digital Photography, Camera, Camera Obscura, Pinholl Camera.
--


Saturday, November 1, 2008

വിനാംപില്‍ ആഡിയോ റിപ്പിംഗ്

Audio Ripping in Winamp: An easy way to rip sound files from an audio files, change the bit-rate of mp3 tracks, change the audio file format; all these using Nullsoft Winamp.
മീഡിയപ്ലെയറുകളില്‍ ഏറെ പ്രചാരം നേടിയ ഒരു സൌജന്യ സോഫ്റ്റ്‌വെയ‌റാണ് നള്‍സോഫ്റ്റ് വിനാംപ്. പ്ലഗ്-ഇന്നുകള്‍, സ്കിന്നുകള്‍ എന്നിവയുടെ സഹായത്തോടെ സാധ്യതകള്‍ വിപുലീകരിക്കുവാനുള്ള കഴിവും ഈ പ്ലെയറിനുണ്ട്. വിനാംപിന്റെ നിലവിലുള്ള വേര്‍ഷന്‍ 5.54-നെ അധിഷ്ഠിതമാക്കിയാണ് ഇവിടെ സി.ഡി. റിപ്പിംഗ് വിശദീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നും വിനാംപ് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ സാധിക്കും.

എന്താണ് സി.ഡി. റിപ്പിംഗ്?
ആഡിയോ സി.ഡി. / വി.സി.ഡി. ഫോര്‍മാറ്റിലുള്ള ഡേറ്റയെ കമ്പ്യൂട്ടര്‍ ഫയല്‍ സിസ്റ്റവുമായി ചേര്‍ന്നു പോവുന്ന രീതിയില്‍ കോപ്പി ചെയ്യുക എന്നാണ് സി.ഡി. റിപ്പിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീഡിയോ സി.ഡി.കള്‍ എക്സ്പ്ലോറര്‍ ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തും കാണുവാന്‍ സാധിക്കും. എന്നാല്‍ ആഡിയോ സി.ഡി.കള്‍ ഈ രീതിയില്‍ കോപ്പി ചെയ്ത് കേള്‍ക്കുവാന്‍ കഴിയുകയില്ല. കമ്പ്യൂട്ടറില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഫോര്‍മ്മാറ്റിലേക്ക് മാറ്റം വരുത്തി വേണം ആഡിയോ സി.ഡി. ഫയലുകള്‍ കോപ്പി ചെയ്യുവാന്‍. ഈ രീതിയില്‍ കോപ്പി ചെയ്യുവാനായി നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ മറ്റൊരു സോഫ്റ്റ്‌വെയറിന്റെയും സഹായമില്ലാതെ, വിനാംപ് ഉപയോഗിച്ചു തന്നെ ഇത് സാധ്യമാക്കാവുന്നതേയുള്ളൂ. അതെങ്ങിനെയെന്ന്‍ നമുക്ക് തുടര്‍ന്ന് കാണാം.

ആഡിയോ റിപ്പിംഗ് വിനാംപില്‍
Audio Ripping in Winamp: Winamp Main Menu.ഡെസ്ക്ടോപ്പിലോ, പ്രോഗ്രാം മെനുവിലോ ലഭ്യമായ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിനാംപ് തുറക്കുക. പ്രധാന വിന്‍ഡോയില്‍ ഇടത്-മുകളിലായി കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് വിനാംപിന്റെ പ്രധാനമെനു തുറക്കുക. ശേഷം Options > Preferences സെലക്ട് ചെയ്യുക. കീ-ബോര്‍ഡില്‍ Ctrl + P അമര്‍ത്തിയും ഈ ഡയലോഗ് വിന്‍ഡോ ലഭ്യമാക്കാം. ഇവിടെ ഇടത് ഭാഗത്ത് കാണുന്ന വിവിധ സാധ്യതകളില്‍ നിന്നും Plug-ins > Output എന്ന ഇനം തിരഞ്ഞെടുക്കുക.

Audio Ripping in Winamp: Winamp Preferences Dialogue.വലതുഭാഗത്തായി, ഇപ്പോള്‍ ലഭ്യമായ ഔട്ട്പുട്ട് പ്ലഗ്-ഇന്നുകള്‍ ദൃശ്യമാവുന്നതാണ്. Nullsoft DirectSound Output v2.47 (d) [out_ds.dll] എന്ന പ്ലഗ്-ഇന്നാവും ഡിഫോള്‍ട്ടായി സെലക്ട് ആയിരിക്കുന്നത്. ഈ പ്ലഗ്-ഇന്നിന്റെ സഹായത്തോടെയാണ് നാം പാട്ടുകള്‍ കേള്‍ക്കുന്നത്. ഇതിനു തൊട്ടു മുകളിലായി ലഭ്യമായിരിക്കുന്ന Nullsoft Disk Writer v2.14 [out_disk.dll] എന്ന പ്ലഗ്-ഇന്‍ സെലക്ട് ചെയ്യുകയാണ് അടുത്ത പടി. സെലക്ട് ചെയ്തതിനു ശേഷം താഴെക്കാണുന്ന Configure എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴെക്കാണുന്ന രീതിയില്‍ ഒരു കോണ്‍‌ഫിഗറേഷന്‍ ഡയലോഗ് വിന്‍ഡോ ഇപ്പോള്‍ നമുക്ക് ലഭ്യമാവും.
Audio Ripping in Winamp: Disk Writer Output Plug-in Configuration.

ലഭ്യമായ ഓപ്‌ഷനുകള്‍
Output FIle Location: ഏത് ഡയറക്ടറിയിലേക്കാണ് റിപ്പ് ചെയ്യപ്പെടുന്ന ഫയലുകള്‍ സേവ് ചെയ്യേണ്ടതെന്ന് Directory-യില്‍ നല്‍കുക. സോഴ്സ് ഫയലുകളുടെ സ്ഥാനത്ത് തന്നെ സേവ് ചെയ്യണമെങ്കില്‍ Output to directory containing source files എന്ന ചെക്ക്ബോക്സ് സെലക്ട് ചെയ്യുക. ഓരോ ഫയലും(ട്രാക്ക്) വ്യത്യസ്ത ലൊക്കേഷനില്‍ സേവ് ചെയ്യുവാന്‍ അടുത്ത ചെക്ക് ബോക്സായ, Display "save as" dialogue for every file എന്നത് ടിക്ക് ചെയ്യുക. സേവ് ചെയ്യപ്പെടുന്ന ഫയലുകള്‍ക്ക് എപ്രകാരമാണ് പേരു നല്‍കേണ്ടതെന്ന് തുടര്‍ന്നുള്ള കോംബോ ബോക്സുകള്‍ ഉപയോഗിച്ച് നിര്‍വ്വചിക്കാവുന്നതാണ്.

Single-File Mode: എല്ലാ ട്രാക്കുകളും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ സൌണ്ട് ഫയലായി സേവ് ചെയ്യുവാന്‍ ഈ ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. ഈ രീതിയില്‍ *.WAV ഫയലായി മാത്രമേ ഔട്ട്പുട്ട് സാധ്യമാവുകയുള്ളൂ. Format: എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, റിപ്പ് ചെയ്യപ്പെടുന്ന സൌണ്ട് ഫയലുകളുടെ മേന്മ നല്‍കാവുന്നതാണ്.

Conversion: Single-File Mode ആക്ടീവല്ലായെങ്കില്‍ മാത്രമേ ഈ ഓപ്‌ഷന്‍ ആക്ടീവായിരിക്കുകയുള്ളൂ. ഇവിടെ Convert to format ടിക്ക് ചെയ്യുക. ഈ ഓപ്ഷന്‍ സെലക്ട് ചെയ്യുന്നില്ലെങ്കില്‍ *.WAV ഫോര്‍മാറ്റിലാവും ആഡിയോ ഫയലുകള്‍ ചേര്‍ക്കപ്പെടുക. തൊട്ടു താഴെക്കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് റിപ്പ് ചെയ്യുന്ന സൌണ്ടുകളുടെ മേന്മ നിര്‍വ്വചിക്കാവുന്നതാണ്. സാധാരണ ഉപയോഗങ്ങള്‍ക്ക് Lame MP3 ഫോര്‍മ്മാറ്റില്‍ സേവ് ചെയ്താല്‍ മതിയാവും. പൂര്‍ണ്ണമായ സെറ്റിംഗുകള്‍ താഴെ.
Disk Writer Output Plug-in - Configuration - Sound Selection Dialogue.

ഉപയോഗക്രമം
ഡയലോഗ് ബോക്സുകളിലെ OK ബട്ടണുകള്‍ അമര്‍ത്തി തിരികെ Preferences വിന്‍ഡോയിലെത്തുക. Close ബട്ടണ്‍ അമര്‍ത്തി ഈ ഡയലോഗ് വിന്‍ഡോയും ഒഴിവാക്കുക. ശേഷം വിനാംപ് പ്ലേലിസ്റ്റ് എഡിറ്റര്‍ തുറക്കുക (Alt + E). പ്ലേലിസ്റ്റ് എഡിറ്ററിലേക്ക് ആഡിയോ സി.ഡി.യില്‍ നിന്നും റിപ്പ് ചെയ്യേണ്ട ട്രാക്കുകള്‍ ചേര്‍ക്കുക. തുടര്‍ന്ന് Play ബട്ടണ്‍ അമര്‍ത്തി റിപ്പിംഗ് തുടങ്ങാവുന്നതാണ്.

ശ്രദ്ധിക്കുക:
  • റിപ്പ് ചെയ്യുന്ന അവസരങ്ങളില്‍ Repeat, Shuffle, Crossfade തുടങ്ങിയ ഓപ്ഷനുകള്‍ ഡിസേബിള്‍ ചെയ്യുക.
  • റിപ്പിംഗിനു ശേഷം തിരികെ Preferences > Plug-ins > Outuput ഡയലോഗിലെത്തി ആഡിയോ പ്ലേ ചെയ്യുവാന്‍ ആവശ്യമായ Nullsoft DirectSound Output തിരികെ സെലക്ട് ചെയ്യുവാന്‍ മറക്കാതിരിക്കുക.
  • ഇപ്പോള്‍ സിസ്റ്റത്തില്‍ സൂക്ഷിച്ചിരിക്കുന്ന MP3 ഫയലുകളുടെ ബിറ്റ്-റേറ്റ് വ്യത്യാസപ്പെടുത്തുവാനും വിനാംപിന്റെ ഈ സാധ്യത പ്രയോജനപ്പെടുത്താവുന്നതാണ്. ഉദാ: മൊബൈലിലേക്ക് പാട്ടുകള്‍ ചേര്‍ക്കുവാന്‍‍, കുറഞ്ഞ ബിറ്റ്-റേറ്റിലുള്ളവ മതിയാവും. ഈ രീതിയില്‍ ബിറ്റ്-റേറ്റ് കുറച്ച് മൊബൈല്‍ ആവശ്യങ്ങള്‍ക്കായി ആഡിയോ ഫയലുകള്‍ തയ്യാറാക്കാവുന്നതാണ്.

Description: An easy way to rip sound files from an audio files, change the bit-rate of mp3 tracks, change the audio file format; all these using Nullsoft Winamp. Audio CD Ripping using Nullsoft Winamp; MP3 Bit Rate Conversion using Nullsoft Winamp; BitRate Conversion; Audio File Format Conversion; Winamp Output Plug-ins; An easy way to rip sound files from an audio file; An easy way to change the bit-rate, file format of your favorite music; Using Nullsoft Winamp; Winamp Preferences Dialogue; A tutorial by Hareesh N. Nampoothiri aka Haree | ഹരീ published in Sankethikam Blog.
--


 
Sankethikam - Technology Blog. Tutorials on Adobe Photoshop, Adobe Flash, Digital Photography and other general technical articles.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome